എഐ ഉച്ചകോടിയിലെ ബിൽ ഗേറ്റ്സിന്റെ പിന്മാറ്റത്തിന് പിന്നിലെ കാരണമെന്ത്?

ഗേറ്റ്‌സ് മുഖ്യപ്രഭാഷണം നടത്തില്ല

ഡല്‍ഹിയില്‍ നടക്കുന്ന ദേശീയ എഐ ഇംപാക്ട് ഉച്ചകോടിയില്‍ നിന്ന് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് അപ്രതീക്ഷിതമായി പിന്മാറിയത് ആഗോളതലത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ഉച്ചകോടിയിലെ പ്രധാന പ്രഭാഷകരില്‍ ഒരാളായി നിശ്ചയിച്ചിരുന്ന ബില്‍ ഗേറ്റ്‌സ്, ഇന്ന് നടക്കാനിരുന്ന മുഖ്യപ്രഭാഷണത്തില്‍ നിന്നാണ് വിട്ടുനില്‍ക്കുന്നത്. യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട എപ്സ്റ്റീന്‍ ഫയലുകളില്‍ അദ്ദേഹത്തിന്റെ പേര് ഉള്‍പ്പെട്ടതിനെത്തുടര്‍ന്നുണ്ടായ വിവാദങ്ങളാണ് ഈ തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ബില്‍ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ ഔദ്യോഗികമായി അറിയിച്ചതനുസരിച്ച്, ഉച്ചകോടിയുടെ പ്രധാന ലക്ഷ്യങ്ങളില്‍ നിന്ന് ശ്രദ്ധ തിരിയാതിരിക്കാനാണ് അദ്ദേഹം ഈ തീരുമാനമെടുത്തത്. ‘ശ്രദ്ധാപൂര്‍വ്വമായ പരിഗണനയ്ക്ക് ശേഷം, ഉച്ചകോടിയുടെ മുന്‍ഗണനകള്‍ കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ മിസ്റ്റര്‍ ഗേറ്റ്‌സ് മുഖ്യപ്രഭാഷണം നടത്തില്ല,’ എന്ന് ഫൗണ്ടേഷന്‍ വ്യക്തമാക്കി. ബില്‍ ഗേറ്റ്‌സിന് പകരം ഫൗണ്ടേഷന്റെ ആഫ്രിക്ക, ഇന്ത്യ ഓഫീസുകളുടെ പ്രസിഡന്റായ അങ്കുര്‍ വോറ ഉച്ചകോടിയില്‍ പങ്കെടുക്കും.

എപ്സ്റ്റീന്‍ ഫയലുകളും ഉയരുന്ന വിവാദങ്ങളും

2019-ല്‍ ജയിലില്‍ വച്ച് അന്തരിച്ച ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട പുതിയ രേഖകളാണ് ബില്‍ ഗേറ്റ്‌സിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുന്നത്. യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട മൂന്ന് ദശലക്ഷത്തിലധികം വരുന്ന രേഖകളില്‍ ബില്‍ ഗേറ്റ്‌സിനെക്കുറിച്ച് ഞെട്ടിക്കുന്ന പരാമര്‍ശങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ട്.

റഷ്യന്‍ യുവതികളുമായുള്ള ബന്ധത്തെക്കുറിച്ചും, ഇതുവഴി ഉണ്ടായേക്കാവുന്ന ലൈംഗികരോഗങ്ങള്‍ക്കുള്ള ചികിത്സയ്ക്കായി എപ്സ്റ്റീന്റെ സഹായം തേടിയതായും ഇമെയില്‍ രേഖകളില്‍ ആരോപിക്കുന്നു. ബില്‍ ഗേറ്റ്‌സിനൊപ്പം ഒരിക്കല്‍ താന്‍ എപ്സ്റ്റീനെ നേരിട്ട് കണ്ടിട്ടുണ്ടെന്നും ആ കൂടിക്കാഴ്ച തന്നെ വളരെയധികം അസ്വസ്ഥയാക്കിയെന്നും മെലിന്‍ഡ നേരത്തെ പറഞ്ഞു. ബില്‍ ഗേറ്റ്‌സും ജെഫ്രി എപ്സ്റ്റീനും തമ്മിലുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് മെലിന്‍ഡ ഫ്രഞ്ച് ഗേറ്റ്‌സ് നടത്തിയ വെളിപ്പെടുത്തലുകള്‍ അവരുടെ വിവാഹമോചനത്തിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. 2022-ല്‍ സിബിഎസ് മോണിംഗ്‌സിന് നല്‍കിയ ഒരു പ്രത്യേക അഭിമുഖത്തിലാണ് മെലിന്‍ഡ ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. തന്റെ മുന്‍ ഭര്‍ത്താവ് എപ്സ്റ്റീനുമായി നടത്തിയ കൂടിക്കാഴ്ചകള്‍ അവരുടെ 27 വര്‍ഷത്തെ ദാമ്പത്യം തകരാന്‍ ഒരു കാരണമായെന്ന് മെലിന്‍ഡ ഫ്രഞ്ച് ഗേറ്റ്‌സ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളെ ബില്‍ ഗേറ്റ്‌സ് ശക്തമായി നിഷേധിച്ചു. ഇവ തികച്ചും അസംബന്ധവും പൂര്‍ണ്ണമായും തെറ്റുമാണ്’ എന്നാണ് അദ്ദേഹം നയന്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. എപ്സ്റ്റീനുമായി തനിക്ക് തുടര്‍ച്ചയായ ബന്ധമില്ലാത്തതിലുള്ള നിരാശ മൂലം തന്നെ കുടുക്കാന്‍ കെട്ടിച്ചമച്ച രേഖകളാണിതെന്ന് അദ്ദേഹത്തിന്റെ വക്താവ് പ്രതികരിച്ചു.

ഇന്ത്യയിലെ സന്ദര്‍ശനം

വിവാദങ്ങള്‍ക്കിടയിലും ഇന്ത്യയിലെ മറ്റ് വികസന പ്രവര്‍ത്തനങ്ങളില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഗേറ്റ്‌സ് ഫൗണ്ടേഷന്‍ അറിയിച്ചു. ഈ ആഴ്ച ആദ്യം ആന്ധ്രാപ്രദേശ് സന്ദര്‍ശിച്ച ഗേറ്റ്‌സ്, മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു, ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയും വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയും ചെയ്തിരുന്നു.

സാങ്കേതിക ലോകത്തെ പ്രമുഖര്‍ ഒത്തുചേരുന്ന വേദിയില്‍ ബില്‍ ഗേറ്റ്‌സിന്റെ അഭാവം നിഴലിച്ചു നില്‍ക്കുന്നുണ്ടെങ്കിലും, വിവാദങ്ങള്‍ ഉച്ചകോടിയുടെ നിറം കെടുത്താതിരിക്കാനുള്ള മുന്‍കരുതലായാണ് ഈ പിന്മാറ്റത്തെ നിരീക്ഷകര്‍ കാണുന്നത്. എപ്സ്റ്റീന്‍ കേസിലെ പുതിയ വെളിപ്പെടുത്തലുകള്‍ വരും ദിവസങ്ങളില്‍ ഗേറ്റ്‌സിന്റെ പൊതുജീവിതത്തെയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെയും എങ്ങനെ ബാധിക്കുന്നതാണ് ലോകം ഉറ്റുനോക്കുന്നത്.

Content Summary: What is the reason behind Bill Gates’ withdrawal from the AI summit?

This post was last modified on February 19, 2026 11:46 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment