ആഗോള കത്തോലിക്കാ സഭയുടെ പുതിയ അധ്യക്ഷനായി കർദിനാൾ റോബർട്ട് പ്രെവോസ്റ്റിനെ തിരഞ്ഞെടുത്തു. സഭയുടെ അധ്യക്ഷനായി സ്ഥാനമേറ്റ ശേഷം മാർപാപ്പ ബസിലിക്കയുടെ മട്ടുപ്പാവിൽ വിശ്വാസികളെ അഭിവാദ്യം ചെയ്തു. മാർപാപ്പ ആയതിന് ശേഷം കർദിനാൾ റോബർട്ട് പ്രെവോസ്റ്റ്, ലിയോ പതിനാലാമൻ എന്ന പേര് സ്വീകരിക്കുകയുണ്ടായി. ലോകത്തിലെ 1.4 ബില്യൺ റോമൻ കത്തോലിക്കരുടെ നേതാവും, പോപ്പായി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ അമേരിക്കക്കാരനുമായ, കർദിനാൾ റോബർട്ട് പ്രെവോസ്റ്റ് എന്തുകൊണ്ടാണ് ലിയോ എന്ന നാമം തിരഞ്ഞെടുത്തത്.
കർദിനാൾ റോബർട്ട് പ്രെവോസ്റ്റിന് മുമ്പ് പതിമൂന്നോളം പോപ്പുമാരാണ് ഈ നാമം ഉപയോഗിച്ചിട്ടുള്ളത്. മാർപാപ്പമാരുടെ ചരിത്രത്തിൽ ലിയോ എന്ന പേരിന്റെ പ്രാധാന്യമെന്താണ് ? പെറുവിൽ തന്റെ കരിയറിന്റെ ഭൂരിഭാഗവും ചെലവഴിച്ച ഒരു ചിക്കാഗോ സ്വദേശി ലാറ്റിനിൽ നിന്ന് ഉരുത്തിരിഞ്ഞ ഒരു പേര് സ്വീകരിച്ചത് എന്തുകൊണ്ട്? ഇങ്ങനെ പല ചോദ്യങ്ങളാണ് കർദിനാൾ റോബർട്ട് പ്രെവോസ്റ്റ്, ലിയോ എന്ന പേര് സ്വീകരിച്ചതുമായി ബന്ധപ്പെട്ടുയരുന്നത്. 267ാംമത് മാർപാപ്പയായാണ് ലിയോ പതിന്നാലാമൻ തിരഞ്ഞെടുക്കപ്പെടുന്നത്. ആദ്യത്തെ അഗസ്റ്റീനിയൻ പോപ്പ് ആണ് ലിയോ പതിനാലാമൻ.
ആദ്യത്തെ ലിയോ മാർപാപ്പയുടെ ഭരണകാലം 440-461 വരെയായിരുന്നു. ഏറ്റവും കുറവു കാലം അധ്യക്ഷസ്ഥാനം വഹിച്ചതും ഒരു ലിയോ മാർപാപ്പയായിരുന്നു. നൂറ് വർഷത്തിന് മുമ്പാണ് ഒരു മാർപാപ്പ ഇതിനു മുമ്പ് ലിയോ എന്ന പേര് തിരഞ്ഞെടുക്കുന്നത്. 1878ൽ അധികാരമേറ്റ ലിയോ പതിമൂന്നാമൻ മാർപാപ്പ 1930 വരെ തുടർന്നു അതായത് ഏകദേശം 52 വർഷക്കാലം. സാമൂഹിക നീതി ഉയർത്തിപിടിച്ച ലിയോ പതിമൂന്നാമനെ അനുസ്മരിപ്പിച്ച് കൊണ്ടാണ് കർദിനാൾ റോബർട്ട് പ്രെവോസ്റ്റ് ലിയോ എന്ന നാമം സ്വീകരിച്ചിരിക്കുന്നത്. 1878ൽ തിരഞ്ഞെടുക്കപ്പെട്ട ലിയോ പതിമൂന്നാമൻ സാമൂഹിക പരിഷ്കർത്താവും, നയതന്ത്രത്തിന് പ്രാധാന്യം നൽകിയ, ശാസ്ത്രീയ പുരോഗതിക്കായി വാദിച്ച, മനുഷ്യാവകാശങ്ങളുടെ സംരക്ഷകനായ ഒരു സഭാ അധ്യക്ഷനായിരുന്നു.
സഭ ദരിദ്രർക്കും പോരാടുന്നവർക്കും വേണ്ടി നിലനിൽക്കുമെന്ന സൂചനയാണ് റോബർട്ട് പ്രെവോസ്റ്റ് സാമൂഹിക നീതിയ്ക്ക് വേണ്ടി പോരാടിയ ലിയോ പതിമൂന്നാമന്റെ പേര് സ്വീകരിച്ചതിന് പിന്നിലെ കാരണമായി മാധ്യമങ്ങൾ വിലയിരുത്തുന്നത്.
1891-ൽ അദ്ദേഹം കത്തോലിക്കാ സാമൂഹിക നീതിയെക്കുറിച്ചും അധ്വാനിക്കുന്ന ജനങ്ങളെ സംരക്ഷിക്കേണ്ടതിന്റെയും തൊഴിലാളികളുടെ അവകാശങ്ങൾ സ്ഥിരീകരിക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ചും ബിഷപ്പുമാർക്ക് അയച്ച ഒരു കത്തിൽ എഴുതിയിട്ടുണ്ട്.
വാൻഡർബിൽറ്റ് സർവകലാശാലയിലെ ദൈവശാസ്ത്രത്തിന്റെയും റോമൻ കത്തോലിക്കാ പഠനങ്ങളുടെയും വിശിഷ്ട പ്രൊഫസറായ ബ്രൂസ് മോറിൽ, പ്രെവോസ്റ്റ് ഈ പേര് തിരഞ്ഞെടുത്തത് വളരെ പ്രാധാന്യമർഹിക്കുന്നതാണെന്നും സാമൂഹിക നീതിക്കായുള്ള അദ്ദേഹത്തിന്റെ പിന്തുണയുടെ സൂചനയെന്നും വിശേഷിപ്പിച്ചു. തൊഴിലാളികൾക്കും സാമൂഹിക നീതിക്കും വേണ്ടി വാദിച്ച ജോൺ പോൾ രണ്ടാമനും ലിയോ പതിമൂന്നാമന്റെ ആശയങ്ങൾ സ്വീകരിച്ചിരുന്നതും ബ്രൂസ് മോറിൽ ഓർമ്മിപ്പിച്ചു.
ലിയോ എന്ന പേര് സ്വീകരിച്ചിരുന്ന 15 മുൻ മാർപ്പാപ്പമാരിൽ, അഞ്ച് പേരെ ഒടുവിൽ വിശുദ്ധരായി പ്രഖ്യാപിച്ചിട്ടുണ്ട്. ലിയോ I, ലിയോ II, ലിയോ III, ലിയോ IV, ലിയോ IX. എന്നിവരാണ് വിശുദ്ധമാരായി തിരഞ്ഞെടുത്ത മാർപാപ്പമാർ.
content summary: What’s in a name, Why the new pope chose to call himself Leo XIV