July 09, 2026 |
Share on

നിരാഹാര സമരത്തിനിടെ മുരളീധരന്‍ കാറില്‍ക്കയറി പോയതെങ്ങോട്ട്? വീഡിയോ വൈറലാകുന്നു

കയ്യിലൊരു ഫയലും പിടിച്ച് വേദിയില്‍ നിന്നും പ്രവര്‍ത്തകര്‍ക്കിടയിലൂടെ നടന്ന് കാറില്‍ കയറുന്നതാണ് വീഡിയോയിലുള്ളത്

ലോ അക്കാദമി ലോ കോളേജിന് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്നതിനിടെ ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം വി മുരളീധരന്‍ കാറില്‍ കയറി പോകുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. കയ്യിലൊരു ഫയലും പിടിച്ച് വേദിയില്‍ നിന്നും പ്രവര്‍ത്തകര്‍ക്കിടയിലൂടെ നടന്ന് കാറില്‍ കയറുന്നതാണ് വീഡിയോയിലുള്ളത്.

ഇതിന് പിന്നാലെ മുരളീധരന്‍ ഇല്ലാത്ത സമരപ്പന്തലും വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്. ലോ അക്കാദമി വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചാണ് മുരളീധരന്‍ നിരാഹാര സമരം ആരംഭിച്ചത്. ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വി മുരളീധരനെ ഇന്നലെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇതിന്റെ ലൈവ് ദൃശ്യങ്ങള്‍ മുരളീധരന്‍ തന്നെ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവയ്ക്കുകയും ചെയ്തു.

ഇതേത്തുടര്‍ന്ന് വിവി രാജേഷാണ് പകരം നിരാഹാരം തുടരുന്നത്. കുട്ടികളുടെ സമരം തുടരുന്നതുവരെ തങ്ങളും സമരം തുടരുമെന്നാണ് ബിജെപിയുടെ നിലപാട്. മുരളീധരന്‍ നിരാഹാരം അവസാനിപ്പിക്കുന്നതിന് മുമ്പുള്ള വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ലക്ഷ്മി നായര്‍ അഞ്ചുവര്‍ഷത്തേക്ക് മാറിനില്‍ക്കാമെന്ന് സമ്മതിച്ചതോടെ എസ്എഫ്‌ഐ സമരത്തില്‍ നിന്നും പിന്‍വാങ്ങിയിരുന്നു. എഐഎസ്എഫ്, എബിവിപി, കെഎസ്‌യു എന്നിവര്‍ നടത്തുന്ന സമരം 23 ദിവസം പിന്നിട്ടിരിക്കുകയാണ്.

വിദ്യാര്‍ത്ഥികള്‍ക്ക് അനുഭാവം പ്രകടിപ്പിച്ച് എഐവൈഎഫ് പ്രവര്‍ത്തകരും സത്യാഗ്രഹം ആരംഭിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ ഇന്ന് മുതല്‍ അനിശ്ചിത നിരാഹാര സമരം ആരംഭിക്കുകയാണ്.

മുരളീധരന്‍ കാറില്‍ കയറുന്നതിന്റെ വീഡിയോ ദൃശ്യം

Leave a Reply

Your email address will not be published. Required fields are marked *

×