വഖഫ് നിയമത്തില്‍ കേന്ദ്രസര്‍ക്കാരിനോട് നിര്‍ണായക ചോദ്യങ്ങള്‍ ഉയര്‍ത്തി സുപ്രിം കോടതി. പാര്‍ലമെന്റ് പാസാക്കിയ വഖഫ് (ഭേദഗതി) നിയമം 2025 ന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ വാദം നടക്കുമ്പോഴാണ് സുപ്രധാനമായ ചില കാര്യങ്ങളില്‍ കോടതി വ്യക്തത തേടിയത്. ബില്‍ പാസാക്കിയതിന് ശേഷം നടക്കുന്ന അക്രമ സംഭവങ്ങളെ ചീഫ് ജസ്റ്റീസ് അപലപിച്ചു. അത്യന്തം അസ്വസ്ഥതപ്പെടുത്തുന്ന കാര്യങ്ങളാണിതെന്നാണ് ചീഫ് ജസ്റ്റീസ് പറഞ്ഞത്. നാളെയും(വ്യാഴം) ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത് തുടരുമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.
നിയമത്തിലെ ഒന്നിലധികം വ്യവസ്ഥകളെക്കുറിച്ച് കോടതി സംശയമുയര്‍ത്തി. ഔപചാരിക രേഖകള്‍ ഉള്ളവയ്ക്ക് പകരം, മതപരമോ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കോ വേണ്ടിയുള്ള ഉപയോഗത്തിന്റെ അടിസ്ഥാനത്തില്‍ വഖഫ് ആയി അവകാശപ്പെടുന്ന സ്വത്തുക്കളെ കൈകാര്യം ചെയ്യുന്ന വഖഫ് ഭേദഗതി നിയമത്തിലെ വ്യവസ്ഥകളെ പ്രത്യേകമായി കോടതി ചോദ്യം ചെയ്യുന്നുണ്ട്. സെന്‍ട്രല്‍ വഖഫ് കൗണ്‍സിലില്‍ അമുസ്ലിംകളെ ഉള്‍പ്പെടുത്താനുള്ള വ്യവസ്ഥയില്‍ കേന്ദ്രസര്‍ക്കാരിനോട് വളരെ മര്‍മപ്രധാനമായൊരു ചോദ്യം കോടതി ഉയര്‍ത്തിയിട്ടുണ്ട്. ഹിന്ദു എന്‍ഡോവ്മെന്റ് ബോര്‍ഡുകളുടെ ഭാഗമാകാന്‍ മുസ്ലീങ്ങളെ അനുവദിക്കുമോ എന്നായിരുന്നു സര്‍ക്കാരിനോടുള്ള കോടതിയുടെ ചോദ്യം.
ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ, ജസ്റ്റീസ് സഞ്ജയ് കുമാര്‍, ജസ്റ്റീസ് കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ മൂന്നംഗ ബഞ്ചാണ് നിയമത്തിനെതിരായ സമര്‍പ്പിച്ച 64 ഓളം ഹര്‍ജികള്‍ പരിഗണിക്കുന്നത്. വാദം കേള്‍ക്കല്‍ തുടങ്ങുമ്പോള്‍ തന്നെ രണ്ട് ചോദ്യങ്ങള്‍ക്ക് ഹര്‍ജിക്കാരില്‍ നിന്നും കോടതി ഉത്തരം തേടിയിരുന്നു. സുപ്രിം കോടതിയില്‍ നല്‍കിയിരിക്കുന്ന ഹര്‍ജികള്‍ ഹൈക്കോടതിയിലേക്ക് അയക്കണോ എന്നായിരുന്നു ആദ്യത്തെ ചോദ്യം. ഹര്‍ജിക്കാര്‍ വാദിക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ എന്തെല്ലാമാണെന്നതായിരുന്നു കോടതിക്ക് അടുത്തതായി അറിയേണ്ടിയിരുന്നത്.
മതപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 26-ന്റെ ലംഘനമാണ് പുതിയ നിയമത്തിലെ പല വ്യവസ്ഥകളും എന്നായിരുന്നു ഹര്‍ജിക്കാരുടെ ഭാഗത്ത് നിന്നും ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയില്‍ ഉയര്‍ത്തിയ വാദം. നിയമ ഭേദഗതിയില്‍ കളക്ടര്‍ക്ക് നല്‍കുന്ന അധികാരങ്ങളെക്കുറിച്ചും സിബല്‍ ചൂണ്ടിക്കാട്ടി. കളക്ടര്‍ സര്‍ക്കാരിന്റെ ഭാഗമാണെന്നും അങ്ങനെയൊരാള്‍ ഒരു ജഡ്ജിയുടെ പങ്ക് വഹിക്കുന്നുണ്ടെങ്കില്‍ അത് ഭരണഘടനാ വിരുദ്ധമാണെന്നുമായിരുന്നു സിബലിന്റെ വാദം.
വഖഫ് ഇസ്ലാമിലെ ഒരു സ്ഥിരപ്പെട്ട ആചാരമാണെന്നും അതൊഴിവാക്കാന്‍ കഴിയില്ലെന്നുമായിരുന്നു മറ്റൊരു വാദിഭാഗം അഭിഭാഷകനായ ഹുസേഫ അഹ്‌മദി കോടതിയെ അറിയിച്ചത്. വഖഫ് നിയമം രാജ്യവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും ഹര്‍ജികള്‍ ഹൈക്കോടതിയിലേക്ക് റഫര്‍ ചെയ്യരുതെന്നുമായിരുന്നു വാദിഭാഗത്തിന്റെ ഭാഗമായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് സിംഗ്വി കോടതിയോട് ആവശ്യപ്പെട്ടത്. During the hearing challenging the Waqf Act, the Supreme Court asked the Centre whether it would allow Muslims to be part of Hindu religious trusts.
Content Summary; During the hearing challenging the Waqf Act, the Supreme Court asked the Centre whether it would allow Muslims to be part of Hindu religious trusts.
Leave a Comment