യമനിലെ ഹൂതികള്‍ക്കെതിരേ കഴിഞ്ഞ ദിവസം അമേരിക്ക നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നിലെ രഹസ്യ സൈനിക പദ്ധതികള്‍ ‘ പരസ്യമായി’ ചര്‍ച്ച ചെയ്തതായി ഡൊണാള്‍ഡ് ട്രംപിന്റെ മന്ത്രിസഭയിലെ മുതിര്‍ന്ന അംഗങ്ങള്‍ക്കെതിരേ പരാതി. വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്, ഇന്ത്യന്‍ വംശജയായ ദേശീയ ഇന്റലിജന്‍സ് ഡയറക്ടര്‍ തുളസി ഗബ്ബാര്‍ഡ് ഉള്‍പ്പെടെയുള്ളവരുടെ മണ്ടത്തരമാണ് ഗുരുതരമായ സുരക്ഷാ വീഴ്ചയായി മാറിയത്.
ഹൂതികള്‍ക്കെതിരായ സൈനിക പദ്ധതികള്‍ ചര്‍ച്ച ചെയ്യാനായി കൊമേഴ്‌സ്യല്‍ മെസേജിംഗ് ആപ്പ് ആയ സിഗ്നല്‍ ആണ് സര്‍ക്കാര്‍ ഉന്നതര്‍ തിരഞ്ഞെടുത്തത്. ഇത്ര നിര്‍ണായകമായ വിവരങ്ങള്‍ പങ്കുവയ്ക്കാനും ചര്‍ച്ച ചെയ്യാനും സിഗ്നല്‍ പോലൊരു ചാറ്റ് ഗ്രൂപ്പ് ഉണ്ടാക്കിയത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത അബദ്ധമായാണ് ചൂണ്ടിക്കാണിക്കുന്നത്. ട്രംപ് ഭരണകൂടത്തിലെ പ്രധാന വ്യക്തികളായ – വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്, സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, ദേശീയ ഇന്റലിജന്‍സ് ഡയറക്ടര്‍ തുളസി ഗബ്ബാര്‍ഡ് എന്നിവര്‍ ഉള്‍പ്പെടെ ചാറ്റിന് ഉണ്ടായിരുന്നു. എന്നാല്‍ ഈ പ്രമുഖര്‍ക്ക് പിണഞ്ഞ അബദ്ധം എന്തെന്നാല്‍, ഇതേ ഗ്രൂപ്പില്‍ ജെഫ്രി ഗോള്‍ഡ്ബര്‍ഗ് എന്ന പ്രമുഖ മാധ്യമപ്രവര്‍ത്തകനും ഉണ്ടായിരുന്നുവെന്നതാണ്.
ദി അറ്റ്‌ലാന്റിക് പത്രത്തിന്റെ എഡിറ്റര്‍-ഇന്‍-ചീഫ് ആയ ഗോള്‍ഡ്‌ബെര്‍ഗിന്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ആയ(മൈക്കല്‍ വാള്‍ട്ട്‌സ് എന്ന് വിശ്വസിക്കുന്നു) ഒരു ഉപയോക്താവില്‍ നിന്ന് സിഗ്‌നലിലില്‍ പങ്കുചേരാവനായി അഭ്യര്‍ത്ഥന ലഭിക്കുകയാണുണ്ടായത്. അങ്ങനെയാണ്, രണ്ടു ദിവസത്തിനുശേഷം യെമനില്‍ ഹൂതികള്‍ക്കെതിരേ നടത്താനിരിക്കുന്ന രഹസ്യ സൈനിക പദ്ധതിയുടെ വിവരങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ആ ഗ്രൂപ്പില്‍ ഗോള്‍ഡ്‌ബെര്‍ഗും ജോയ്ന്‍ ചെയ്യുന്നത്.
ഗ്രൂപ്പ് ചര്‍ച്ചയില്‍ സൈനിക നടപടിയുടെ ആവശ്യകതയെയും സമയക്രമത്തെയും കുറിച്ചുള്ള ആഭ്യന്തര ചര്‍ച്ചകള്‍ നടന്നു, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് അടിയന്തരമായി യെമനില്‍ നടപടി എടുക്കാനാണ് പ്രേരിപ്പിച്ചത്. അതേസമയം വൈസ് പ്രസിഡന്റ് വാന്‍സ് അതുമൂലമുണ്ടാകുന്ന സാമ്പത്തിക പ്രശ്‌നത്തെക്കുറിച്ചുള്ള ആശങ്കയാണ് ഗ്രൂപ്പില്‍ പ്രകടിപ്പിച്ചത്.
ഇത്ര വലിയൊരു മണ്ടത്തരം കാണിച്ചത്, ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഭരണകൂടം കൈകാര്യം ചെയ്യുന്ന രീതിയെക്കുറിച്ച് ഗുരുതരമായ ആശങ്കകളാണ് ഉണ്ടാക്കിയിരിക്കുന്നത്.
മെസേജിംഗ് ആപ്പ് ആയ സിഗ്നലില്‍ വഴി, ദേശീയ സുരക്ഷയെ സംബന്ധിച്ച രഹസ്യമായതും സങ്കീര്‍ണമായതുമായ വിവരങ്ങള്‍ പങ്കുവയ്ക്കുന്നതിന് അമേരിക്കന്‍ ഭരണകൂടം അനുമതി നല്‍കിയിട്ടില്ല. എന്നിരിക്കെയാണ് ഇതുപോലൊരു ആപ്പ് ഇത്ര നിര്‍ണായകമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഉന്നതര്‍ ഉപയോഗിച്ചതെന്നാണ് ഗുരുതരമായ സുരക്ഷ വീഴ്ച്ചയായി കാണുന്നത്.
പ്രസിഡന്റ് ട്രംപിന്റെ ഉപദേഷ്ടാവ് സ്റ്റീഫന്‍ മില്ലര്‍, ട്രംപിന്റെ ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈല്‍സ്, ട്രംപിന്റെ പ്രധാന ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ് എന്നിവരും ചാറ്റില്‍ പങ്കെടുത്തിരുന്നു.
അറ്റ്‌ലാന്റിക് മാസികയുടെ എഡിറ്ററായ ജെഫ്രി ഗോള്‍ഡ്‌ബെര്‍ഗ് തിങ്കളാഴ്ച പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിലാണ് നടന്ന സുരക്ഷ ലംഘനത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ‘ഹുതി പിസി സ്‌മോള്‍ ഗ്രൂപ്പ്’ എന്ന സിഗ്‌നല്‍ ചാറ്റില്‍ താനും ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഗ്രൂപ്പിലെ മറ്റ് 18 അംഗങ്ങളില്‍ ട്രംപ് കാബിനറ്റിലെ അംഗങ്ങളും ഉള്‍പ്പെടുന്നുവെന്നും തനിക്കു മനസ്സിലായതായും അറ്റ്‌ലാന്റിക് എഡിറ്റര്‍ പറയുന്നു. ഒരു മുതിര്‍ന്ന സിഐഎ ഉദ്യോഗസ്ഥന്റെ ഐഡന്റിറ്റി, നിലവിലെ പ്രവര്‍ത്തന വിശദാംശങ്ങള്‍ എന്നിവയുള്‍പ്പെടെ തന്റെ സിഗ്നല്‍ അകൗണ്ടില്‍ കിട്ടിയ നിര്‍ണായക വിവരങ്ങള്‍ ഡിലീറ്റ് ചെയ്തു കളഞ്ഞതായും ഗോള്‍ഡ്ബര്‍ഗ് പറയുന്നു.
ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് ബ്രയാന്‍ ഹ്യൂസ് ഈ വെളിപ്പെടുത്തല്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സിഗ്നല്‍ ചര്‍ച്ച നടന്നുവെന്നത് ശരിയാണെന്നാണ് അദ്ദേഹം സമ്മതിക്കുന്നത്. ഗോള്‍ഡ്‌ബെര്‍ഗിന്റെ നമ്പര്‍ എങ്ങനെ ഗ്രൂപ്പില്‍ ചേര്‍ത്തു എന്നതിനെക്കുറിച്ച് അന്വേഷിക്കുകയാണെന്നും ഹ്യൂസ് അറിയിച്ചു. അതേസമയം, സംഭവിച്ച പിഴവില്‍ ബ്രയാന്‍ ഹ്യൂസ് വലിയ ആശങ്കയൊന്നും പ്രകടിപ്പിക്കുന്നില്ല, അദ്ദേഹം പറയുന്നത്, നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചുവെന്നാണ് ചാറ്റുകള്‍ തെളിയിക്കുന്നതെന്നാണ്. കൂടാതെ ഹൂതികള്‍ക്കെതിരായ ആക്രമണത്തിന്റെ വിജയം കാണിക്കുന്നത്, സൈന്യത്തിനോ ദേശീയ സുരക്ഷയ്‌ക്കോ ഭീഷണിയില്ലെന്നുമാണെന്ന് ദേശീയ സുരക്ഷ കൗണ്‍സില്‍ വക്താവ് വാദിക്കുന്നു.
ഇക്കാര്യത്തില്‍ പ്രസിഡന്റ് ട്രംപിന്റെ മറുപടി രസകരമായിരുന്നു. തനിക്കെതിനെക്കുറിച്ചൊന്നും അറിയില്ലെന്നാണ് ട്രംപ് പറയുന്നത്. ‘ എനിക്ക് ഇതിനെക്കുറിച്ച് ഒന്നും അറിയില്ല. ഞാന്‍ അറ്റ്‌ലാന്റിക്കിന്റെ അത്രവലിയൊരു ആരാധകനുമല്ല” പ്രസിഡന്റ് പറയുന്നു.
‘ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാള്‍ട്ട്‌സ് ഉള്‍പ്പെടെയുള്ള തന്റെ ദേശീയ സുരക്ഷാ സംഘത്തില്‍ പ്രസിഡന്റ് ട്രംപിന് തികഞ്ഞ വിശ്വാസമുണ്ട്.’ എന്നാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പിന്നീട് ഇറക്കിയൊരു പ്രസ്താവനയില്‍ പറയുന്നത്. White House Accidentally Leaks Yemen War Plans on Signal App to journalist
Content Summary; White House Accidentally Leaks Yemen War Plans on Signal App to journalist
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.