ഇറാന്‍ യുദ്ധം; നാണക്കേടായി വൈറ്റ് ഹൗസിന്റെ ‘സ്ലോപ്പഗാണ്ട’ വീഡിയോ

റോബര്‍ട്ട് ഡൗണി ജൂനിയറും ബ്രേക്കിംഗ് ബാഡിലെ വാള്‍ട്ടര്‍ വൈറ്റിനെ അവതരിപ്പിച്ച ബ്രയാന്‍ ക്രാന്‍സ്റ്റണും ട്രംപിന്റെ കടുത്ത വിമര്‍ശകരാണ്‌

White House-Slopaganda video-Iran war

ഇറാനെതിരായ യുദ്ധം ന്യായീകരിക്കാന്‍ ഹോളിവുഡ് സിനിമാ രംഗങ്ങള്‍ കോര്‍ത്തിണക്കിയ പ്രചാരണ വീഡിയോകളുമായി വൈറ്റ് ഹൗസ്. പക്ഷേ ഈ പിആര്‍ പണിക്കെതിരേ അന്താരാഷ്ട്ര തലത്തില്‍ ഉയരുന്നത് പരിഹാസവും വിമര്‍ശനവുമാണ്. ‘അമേരിക്കന്‍ ശൈലിയിലുള്ള നീതി’ ഇറാന് ഉറപ്പാക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന വീഡിയോയില്‍ ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങള്‍ അഭിനയിച്ചിട്ടുള്ള ചലച്ചിത്ര രംഗങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍, ഈ വീഡിയോകളില്‍ വരുന്ന കഥാപാത്രങ്ങളില്‍, അഴിമതിക്കാരനായ അഭിഭാഷകന്‍, മയക്കുമരുന്ന് വ്യാപാരി, വിദേശ സൈന്യത്തോട് പൊരുതുന്ന വിമോചന നായകന്‍ തുടങ്ങിയ കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തിയിരിക്കുന്നത് വൈറ്റ് ഹൗസിന് തന്നെ തിരിച്ചടിയായിരിക്കുകയാണ്.

കഴിഞ്ഞ വ്യാഴാഴ്ച വൈറ്റ് ഹൗസിന്റെ ഔദ്യോഗിക ‘എക്‌സ്’ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത 42 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഈ വീഡിയോ, ട്രംപ് ഭരണകൂടത്തിന്റെ പക്വതയില്ലായ്മയാണ് വെളിപ്പെടുത്തുന്നതെന്ന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശകര്‍ പരിഹസിക്കുന്നു. കൗമാരക്കാരുടെ നിലവാരത്തിലുള്ള സോഷ്യല്‍ മീഡിയ തന്ത്രമാണ് വൈറ്റ് ഹൗസ് പയറ്റുന്നതെന്നാണ് ഭൂരിഭാഗം കമന്റുകളും സൂചിപ്പിക്കുന്നത്.

‘അയണ്‍ മാന്‍ 2’-ലെ റോബര്‍ട്ട് ഡൗണി ജൂനിയറിന്റെ ടോണി സ്റ്റാര്‍ക്ക് എന്ന കഥാപാത്രത്തിന്റെ ലോക പ്രശസ്തമായ ‘wake up, daddys home’ ഡയലോഗോടെയാണ് വീഡിയോ ആരംഭിക്കുന്നത്. ഇതിലെ തമാശ എന്തെന്നാല്‍ ട്രംപിന്റെ കടുത്ത വിമര്‍ശകനാണ് ഡൗണി ജൂനിയര്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കമലാ ഹാരിസിന് വേണ്ടിയാണ് ഡൗണ് ജൂനിയര്‍ പ്രചാരണം നടത്തിയിരുന്നത്. അങ്ങനെയൊരാളുടെ വീഡിയോ തങ്ങള്‍ക്ക് അനുകൂലമായി വൈറ്റ് ഹൗസ് ഉപയോഗിച്ചതിനെതിരേ കളിയാക്കലുകളും കുറ്റപ്പെടുത്തലുകളുമാണ് ഉണ്ടാകുന്നത്.

ന്യൂസിലന്‍ഡുകാരനായ മറ്റൊരു ഹോളിവുഡ് ലെജന്‍ഡ് റസല്‍ ക്രോയുടെ ഗ്ലാഡിയേറ്റര്‍, ഓസ്ട്രേലിയക്കാരനായ ഇതിഹാസ സംവിധായകനും നടനുമായ മെല്‍ ഗിബ്‌സന്റെ ബ്രേവ് ഹാര്‍ട്ട് എന്നീ ലോകോത്തര സിനിമകളിലെ രംഗങ്ങളും വീഡിയോയില്‍ ഉപയോഗിച്ചിട്ടുണ്ട്. ഈ രണ്ട് സിനിമകളുടെയും പ്രമേയം വന്‍ശക്തികളെ എതിരിടുന്ന ചെറു വിഭാഗങ്ങളുടെ പോരാട്ടമാണ്. അധിനിവേശ ഇംഗ്ലീഷ് സൈന്യത്തെ പ്രതിരോധിക്കുന്ന സ്‌കോട്ടിഷ് വിമോചന നായകന്‍ വില്യം വാലസിനെയാണ് മെല്‍ ഗിബ്‌സണ്‍ അവതരിപ്പിക്കുന്നത്. ഇവ കൂടാതെ ‘ടോപ് ഗണ്‍’ സിനിമയിലെ ടോം ക്രൂസിന്റെ പൈലറ്റ് വേഷവും വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

ഈ വീഡിയോയിലെ ഏറ്റവും വിചിത്രമായ ഭാഗം, ‘ബ്രേക്കിംഗ് ബാഡ്’ എന്ന പരമ്പരയിലെ അഴിമതിക്കാരനായ അഭിഭാഷകന്‍ ജിമ്മി മക്ഗില്ലിന്റെ (സോള്‍ ഗുഡ്മാന്‍) സാന്നിധ്യമാണ്. മയക്കുമരുന്ന് മാഫിയയെ സഹായിക്കുന്ന, ധാര്‍മ്മികതയില്ലാത്ത ഒരു വഞ്ചകനായാണ് ബോബ് ഓഡന്‍കിര്‍ക്ക് അവതരിപ്പിക്കുന്ന ഈ കഥാപാത്രം അറിയപ്പെടുന്നത്. ‘ഞാന്‍ എന്തൊക്കെ ചെയ്യാന്‍ പ്രാപ്തനാണെന്ന് നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല’ എന്ന് ഈ കഥാപാത്രം അലറുന്ന ഭാഗമാണ് വീഡിയോയിലുള്ളത്. തുടര്‍ന്ന് കാനഡക്കാരനായ കീനു റീവ്‌സ് ‘ജോണ്‍ വിക്ക്’ സിനിമയിലെ ഡയലോഗുമായി എത്തുന്നു. പിന്നാലെ വരുന്നത് ബ്രേക്കിംഗ് ബാഡിലെ മയക്കുമരുന്ന് രാജാവായ വാള്‍ട്ടര്‍ വൈറ്റ് (ബ്രയാന്‍ ക്രാന്‍സ്റ്റണ്‍) ആണ്. ‘ഞാനാണ് അപകടം!’ എന്ന അദ്ദേഹത്തിന്റെ വിഖ്യാതമായ ഡയലോഗും വീഡിയോയിലുണ്ട്. ഡൗണി ജൂനിയറെപ്പോലെ തന്നെ ട്രംപിനെ ‘ദുരന്ത കഥാപാത്രം’ എന്ന് വിളിച്ച് ആക്ഷേപിച്ചിട്ടുള്ള വ്യക്തിയാണ് ബ്രയാന്‍ ക്രാന്‍സ്റ്റണ്‍.

വീഡിയോയുടെ അവസാന ഭാഗങ്ങളില്‍ വിവിധ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ക്കൊപ്പം പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനെയും കാണാം. ‘മോര്‍ട്ടല്‍ കോംബാറ്റ്’ എന്ന വീഡിയോ ഗെയിമിലെ ‘ഫ്‌ളോലെസ് വിക്ടറി’ എന്ന ശബ്ദത്തോടുകൂടി വൈറ്റ് ഹൗസിന്റെ ലോഗോ തെളിയുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് നിര്‍മ്മിച്ച ഇത്തരം പ്രചാരണ വീഡിയോകളെ ‘സ്ലോപ്പഗാണ്ട’ (Slopaganda) എന്നാണ് വിമര്‍ശകര്‍ വിളിക്കുന്നത്. ചെറുതായി വിശദീകരിച്ചാല്‍; ഗുണനിലവാരമില്ലാത്ത അവശിഷ്ടം എന്നര്‍ത്ഥം വരുന്ന Slop എന്നവാക്കും Propagand എന്നവാക്കും ചേര്‍ന്നതാണ് Slopaganda( സ്ലോപ്പഗാണ്ട . ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ ഇത്തരം വീഡിയോകള്‍ ഉണ്ടാക്കാം, എന്നാല്‍ ഒട്ടും ആലോചനയില്ലാതെ, വിചിത്രമായ കാര്യങ്ങള്‍ നിറച്ച് ഉണ്ടാക്കിയെടുക്കുന്ന ഇത്തരം വീഡിയോകള്‍ ഉപയോഗിച്ച് നടത്തുന്ന രാഷ്ട്രീയ പ്രചാരണങ്ങളെയാണ് സ്ലോപ്പഗാണ്ട എന്നു വിളിക്കുന്നത്. ഇത്തരം വീഡിയോ പ്രചാരണങ്ങള്‍ യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്തവും കാണുന്നവര്‍ക്ക് അരോചകമായി തോന്നുന്നതുമായിരിക്കുമെന്ന് വിമര്‍ശകര്‍ പറയുന്നു.

മുന്‍പ്, പ്രതിഷേധക്കാര്‍ക്ക് മേല്‍ ട്രംപ് മാലിന്യം തള്ളുന്ന രീതിയിലുള്ള വീഡിയോയും ഇത്തരത്തില്‍ നിര്‍മ്മിച്ചിരുന്നു. സിനിമാ രംഗങ്ങള്‍ ഉപയോഗിക്കുന്നതിന് വൈറ്റ് ഹൗസ് അനുമതി വാങ്ങിയിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇതിനുമുമ്പ് അബ്ബ, ബിയോണ്‍സെ, റോളിംഗ് സ്റ്റോണ്‍സ് തുടങ്ങിയ പ്രശസ്തര്‍ തങ്ങളുടെ സൃഷ്ടികള്‍ അനുമതിയില്ലാതെ ഉപയോഗിച്ചതിന് വൈറ്റ് ഹൗസിനെതിരെ രംഗത്തെത്തിയിരുന്നു.

Content Summary; White House released ‘slopaganda’ videos featuring Hollywood characters to promote ‘justice the American way’ amid the Iran war

This post was last modified on March 7, 2026 3:39 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment