ഇനിയും കെട്ടടങ്ങാത്ത മണിപ്പൂർ സംഘര്‍ഷത്തിൽ സമാധന ചർച്ചകൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് മെയ്തെയ് സായുധ സേനയായ അരംബായ് തെംഗോൽ വിവിധ രാഷ്ട്രീയ നേതാക്കളുടെ യോഗം വിളിച്ചു ചേർത്തതോടെ സ്ഥിഗതികൾ രൂക്ഷമായി. കലാപത്തിൽ കുക്കി ഗോത്രവിഭാഗക്കാരെ കൊന്നൊടുക്കുന്നതിൽ മുൻനിരയിൽ നിന്നുവെന്ന ആക്ഷേപം നേരിടുന്ന സംഘടനയുടെ യോഗത്തിൽ കുക്കി വിഭാഗത്തിൽ നിന്നും എതിർപ്പ് ശക്തമായികൊണ്ടിരിക്കുന്നു. എംഎൽഎമാർ അരംബായ് തെംഗോലിനു മുൻപിൽ പ്രതിജ്ഞയെടുത്തതായും ജനാധിപത്യം അപകടത്തിലാണെന്നും കുക്കി സംഘടനകൾ ആരോപിക്കുന്നുണ്ട്.
സമൻസ് പ്രകാരം ജനുവരി 24 നാണ് മണിപ്പൂർ ഇംഫാലിലെ കാംഗ്ല കോട്ടയിൽ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള 30-ലധികം നിയമസഭാ എംഎൽഎമാരും, ഒരു കേന്ദ്രമന്ത്രിയും, രാജ്യസഭയിൽ നിന്നുള്ള ഒരു എംപിയും കൂടിക്കാഴ്ച നടത്തി. റാഡിക്കൽ മെയ്തി സംഘടനയായ അരംബായ് തെംഗോൽ നേതാക്കൾക്കയച്ച സമൻസ് പ്രകാരമാണ് കൂടിക്കാഴ്ച നടന്നത്. മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങ്ങും സംഘത്തിൻ്റെ ആവശ്യങ്ങളടങ്ങിയ രേഖയിൽ ഒപ്പുവക്കുകയും, പിന്തുണ അറിയിക്കുകയും ചെയ്തിട്ടുണ്ട്. വിദേശകാര്യ സഹമന്ത്രിയും മണിപ്പൂർ ലോക്‌സഭാ എംപിയുമായ രാജ്കുമാർ രഞ്ജൻ സിംഗ്, മണിപ്പൂർ രാജ്യസഭാ എംപി ലെഷെംബ സനാജയോബ എന്നിവരാണ് പ്രധാനമായും യോഗത്തിൽ പങ്കെടുത്തത്. മുഖ്യമന്ത്രി നേരിട്ട് പങ്കെടുത്തില്ലങ്കിലും രേഖയിൽ ഒപ്പിട്ടിട്ടുണ്ട്, കൂടാതെ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഒക്രം ഇബോബി സിംഗും രേഖയിൽ ഒപ്പുവച്ചു.
അതെ സമയം യോഗത്തിൽ എംഎൽഎമാർ ആക്രമിക്കപ്പെട്ടതായി മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് അവകാശപ്പെട്ടു. ഇംഫാലിൽ വിവിധ പാർട്ടികളിൽ നിന്നുള്ള എംഎൽഎമാരും എംപിമാരും മന്ത്രിമാരും ഉൾപ്പെടെ പങ്കെടുത്ത യോഗത്തിനിടെ ആക്രമണമുണ്ടായെന്ന് ജയറാം രമേശ് എക്‌സിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നുണ്ട്. ” മണിപ്പൂർ പ്രദേശ് കോൺഗ്രസ് കമ്മിറ്റി (പിസിസി) പ്രസിഡൻ്റ് കെ.മേഘചന്ദ്രയ്‌ക്കെതിരെ ഉണ്ടായ ശാരീരിക ആക്രമണത്തെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ശക്തമായി അപലപിക്കുന്നു. സമ്മേളനത്തിന് കേന്ദ്ര-സംസ്ഥാന സേനകളുടെ പൂർണ്ണ സുരക്ഷ ഉണ്ടായിരിന്നിട്ടും എംഎൽഎമാർ എംപിമാർ മന്ത്രിമാർ തുടങ്ങിയവർ പങ്കെടുത്ത സർവകക്ഷി യോഗത്തിൽ ഇത്തരമൊരു അക്രമണമുണ്ടായത് ഖേദകരമാണ്. സ്ഥിതിഗതികൾ രൂക്ഷമായിട്ടും മണിപ്പൂരിൽ സംഭവിച്ച ഇക്കാര്യത്തിൽ പ്രധാനമന്ത്രി മൗനം തുടരുകയാണ്”. എന്ന് നേതാവ് എക്‌സിലൂടെ വിമർശിച്ചു.
ആരാണ് അരംബായ് തെംഗോൽ?
സാംസ്കാരിക സംഘടനയായി ആരംഭിക്കുകയും, എന്നാൽ താമസിയാതെ ഒരു സമൂല സംഘടനയായി രൂപാന്തരപ്പെടുകയും ചെയ്ത അരംബായ് തെംഗോൽ 2020 ലാണ് പ്രവർത്തനം ആരംഭിക്കുന്നത്. 2023 മെയ് മാസത്തിൽ മെയ്തെയ്-കുക്കി സംഘർഷങ്ങൾ പൊട്ടിപ്പുറപ്പെട്ടതോടെയാണ് സംഘടന ദേശീയ ശ്രദ്ധയിലേക്ക് എത്തുന്നത്. മെയ്തെയുടെ പ്രധാന സായുധ സംഘടനകളിൽ ഒന്നാണ് അരംബായ് തെംഗോൽ. മറ്റൊരു സംഘടന മെയ്തെയ് ലീപുൺ ആണ്. ഏകദേശം 2,000 പേരുടെ സായുധ കേഡർ ശക്തി ഗ്രൂപ്പിന് ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു, താഴ്‌വരയിലുടനീളമുള്ള ആയിരക്കണക്കിന് സന്നദ്ധപ്രവർത്തകരുടെ പിന്തുണയുണ്ട്. സംസ്ഥാനത്ത് അക്രമം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം, കുക്കികളുമായുള്ള ഏറ്റുമുട്ടലുകളിലും, സംസ്ഥാന ആയുധപ്പുരകളിൽ നിന്ന് ആയുധങ്ങൾ കൊള്ളയടിക്കുകയും, കുക്കി ആക്രമണങ്ങൾക്കെതിരെ മെയ്തി ഗ്രാമങ്ങളെ പ്രതിരോധിക്കുകയും ചെയ്ത് ഈ സംഘത്തിലെ അംഗങ്ങളായിരുന്നു മുൻനിരയിൽ. സംസ്ഥാനത്ത് നടന്ന അക്രമത്തിൻ്റെ ആദ്യ ദിവസങ്ങളിൽ മണിപ്പൂർ പോലീസ് രജിസ്‌റ്റർ ചെയ്‌ത ഒന്നിലധികം എഫ്ഐആറുകൾ അരംബായ് തെംഗോൽ എന്ന പേരിലാണ്.തെംഗോൽ പോരാളികൾ തങ്ങളുടെ ഗ്രാമങ്ങൾ കത്തിക്കുകയും ആളുകളെ കൊല്ലുകയും ചെയ്ത ജനക്കൂട്ടത്തെ നയിച്ചതായി കുക്കി ഗ്രൂപ്പുകൾ അവകാശപ്പെടുന്നുണ്ട്, അതേസമയം മണിപ്പൂർ പോലീസ് നിശബ്ദ കാഴ്ചക്കാരായി തുടർന്നു എന്ന ആക്ഷേപവും ശക്തമാണ്. അടുത്തിടെ മോറെയിൽ കുക്കികളുമായി നടന്ന ഏറ്റുമുട്ടലിലും സംഘത്തിൻ്റെ കേഡർ ഉൾപ്പെട്ടതായി സംശയിക്കുന്നുണ്ട്.
എന്താണ് സംഘത്തിന്റെ ആവശ്യങ്ങൾ ?
പഴയ മണിപ്പൂരിന്റെ ആസ്ഥനമായ കാംഗ്ലഫോർട്ടിൽ വച്ചാണ് യോഗം ചേർന്നത്. സ്ഥലത്തത്തെിയ പ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്ത ശേഷമാണ് യോഗം അവസാനിപ്പിച്ചതെന്നാണ് റിപ്പോർട്ട്. തുടർന്ന്, ഖവൈരംബാന്ദ് ഇമാ മാർക്കറ്റിൽ നടന്ന ഒരു വലിയ സമ്മേളനത്തെ അഭിസംബോധന ചെയ്ത് അറംബായ് തെംഗോൽ നേതാവ് കൊറൗംഗൻബ ഖുമാൻ പറഞ്ഞതനുസരിച്ചു, യോഗത്തിൽ ഹാജരാകാത്ത മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് ഉൾപ്പെടെയുള്ള പ്രതിനിധികൾ സംഘം മുന്നോട്ടുവച്ച ആവശ്യങ്ങളിൽ ഒപ്പിടുകയും കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്താൻ പറയുകയും ചെയ്തതായി പറയുന്നു. മണിപ്പൂർ ലെജിസ്ലേറ്റീവ് അസംബ്ലിയിലെ ആകെ 37 നിയമസഭാംഗങ്ങളും രണ്ട് പാർലമെന്റ് അംഗങ്ങളും മണിപ്പൂർ സംസ്ഥാനത്തിന്റെ അഖണ്ഡതയോടും ഐക്യത്തോടും കൂറ് പ്രഖ്യാപിച്ച് എപുത്തൗ പഖാങ്ബ ബലിപീഠത്തിനു മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു. യോഗം വിളിച്ചു ചേർത്ത അരംബായ് തെംഗോൽ ഗൂഢാലോചന നടത്തിയതായും വിമർശനം ഉയരുന്നുണ്ട്. സംഘടനയുടെ ആവശ്യങ്ങൾ പാലിക്കുന്നതിനുള്ള സമയപരിധി 2024 ഫെബ്രുവരി 8 നാണ് നൽകിയിരിക്കുന്നത്. സംഘടന പ്രധാനമായും ആറ് ആവിശ്യങ്ങളാണ് മുന്നോട്ടുവച്ചിരിക്കുന്നത്. ഒന്നാമതായി, മണിപ്പൂരിൽ 1951 അടിസ്ഥാനമായി ദേശീയ പൗരത്വ രജിസ്റ്റർ (എൻആർസി) നടപ്പാക്കണമെന്നതാണ്. കുക്കി-സോ അണ്ടർഗ്രൗണ്ട് ഗ്രൂപ്പുകളുമായുള്ള സസ്പെൻഷൻ ഓഫ് ഓപ്പറേഷൻ കരാർ റദ്ദാക്കണമെന്ന് ഗ്രൂപ്പ് ആവശ്യപ്പെടുന്നുണ്ട്. മണിപ്പൂരിൽ അഭയം തേടുന്ന മ്യാൻമർ അഭയാർത്ഥികളെയോ നുഴഞ്ഞുകയറ്റക്കാരെയോ മിസോറാം അഭയാർത്ഥി തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റണമെന്നതാണ് മറ്റൊരു ആവശ്യം. ഇന്തോ-മ്യാൻമർ അതിർത്തിയിൽ വേലി കെട്ടാൻ തുടങ്ങണമെന്ന് അരംബൈതെംഗോൽ നിർബന്ധിക്കുന്നുണ്ട് കൂടാതെ മണിപ്പൂരിൽ നിന്ന് അസം റൈഫിൾസിനെ പിൻവലിക്കാനും പകരം കേന്ദ്ര സേനയെ നിയമിക്കാനും ആവശ്യപ്പെട്ടു. അനധികൃത കുക്കി-സോ കുടിയേറ്റക്കാർക്കുള്ള പട്ടികവർഗ പദവി റദ്ദാക്കാനും സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.