സസ്‌പെന്‍സുകളും പ്രതീക്ഷകളും അട്ടിമറികളും അങ്ങനെ ഉദ്വേഗം നിറഞ്ഞതായിരുന്നു ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പ്. എക്‌സിറ്റ് പോളുവരെ തകിടം മറിഞ്ഞു. ഒടുവില്‍ പുതിയ സര്‍ക്കാര്‍ ഇന്ന് അധികാരത്തിലേറുകയാണ്. മോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരം ഏല്‍ക്കുമ്പോള്‍ സവിശേഷതകള്‍ അനവധിയാണ്. അതിലൊന്നാണ് ലോക്‌സഭയിലെത്തിയ ഏഴ് സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍. മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെയെല്ലാം പരാജയപ്പെടുത്തി ജനപക്ഷത്ത് നിന്ന് ജയിച്ച് കയറിയവര്‍. സാധാരണക്കാരന്‍ മുതല്‍ തടവറയില്‍ നിന്ന് വരെ സഭയിലെത്തിയ ആ എഴു പേര്‍ ആരാണ്?7 independent candidates 2024 LokSabha
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജയിലില്‍ നിന്ന് മത്സരിച്ച് വിജയിച്ച രണ്ട് സ്ഥാനാര്‍ത്ഥികളില്‍ ഒരാളാണ് അമൃതപാല്‍ സിങ്. ഖാലിസ്ഥാന്‍ വിഘടനവാദി നേതാവായി അറിയപ്പെടുന്ന സിങ് ദേശീയ സുരക്ഷാ നിയമം (എന്‍എസ്എ) പ്രകാരം ഇപ്പോള്‍ അസമിലെ ദിബ്രുഗഢില്‍ ജയിലിലാണ്. സിങ് 2022ല്‍ കര്‍ഷക സമരകാലത്താണ് ദേശീയ ശ്രദ്ധയില്‍ വരുന്നത്. വാരിസ് പഞ്ചാബ് ദേ സ്ഥാപകനായ ദീപു സിദ്ധു കൊല്ലപ്പെട്ടതിന് പിന്നാലെ സംഘടനയുടെ ചുമതല ഏറ്റെടുത്തുകൊണ്ടായിരുന്നു പൊതുരംഗത്തെ പ്രവേശനം. അതുവരെ ദുബൈയില്‍ വ്യവസായിയായിരുന്നു.
വോട്ട്: 4,04,430
മാര്‍ജിന്‍: 1,97,120
പരാജയപ്പെടുത്തിയത്- കുല്‍ബീര്‍ സിങ് സിറ (കോണ്‍ഗ്രസ്)
പഞ്ചാബികളുടെ, പ്രത്യേകിച്ച് സിഖുകാരുടെ അവകാശങ്ങള്‍ക്കായി പോരാടുകയാണ് അമൃതപാലിന്റെ ലക്ഷ്യം. 80കളില്‍ സിഖുകാര്‍ക്കായി പ്രത്യേക അവകാശം ഉന്നയിച്ച് പ്രക്ഷോഭം നടത്തിയ ജര്‍ണയില്‍ സിംഗ് ഭിന്ദര്‍വാലെയുടെ പിന്‍ഗാമിയായാണ് അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നത് പോലും. ജര്‍ണയില്‍ സിങിന്റെ വേഷവിധാനങ്ങളെ അനുകരിച്ചാണ് അമൃത്പാലിന്റെ നടത്തവും. തൊഴിലില്ലായ്മ, ലഹരിവസ്തുക്കളുടെ ദുരുപയോഗം തുടങ്ങിയ പ്രാദേശിക വിഷയങ്ങളില്‍ ഇടപെടല്‍ നടത്തിയ ഇദ്ദേഹത്തിന് പഞ്ചാബില്‍ നിരവധി അനുയായികളുണ്ട്. സിങിന്റെ സഹായിയെ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ സ്റ്റേഷന്‍ ആക്രമിക്കുകയും അടിച്ച് തകര്‍ക്കുകയും ചെയ്ത കേസിലാണ് ഇപ്പോള്‍ ജയിലില്‍ കഴിയുന്നത്.
സാധാരണക്കാരനില്‍ സാധാരണക്കാരന്‍, സാമൂഹിക പ്രവര്‍ത്തകന്‍ ഒറ്റവാചകത്തില്‍ ഇതാണ് ദാമന്‍ ദിയുവില്‍ നിന്ന് ലോക്‌സഭയിലെത്തുന്ന ഉമേഷ്ഭായ് ബാബുഭായ് പട്ടേല്‍. നാട്ടുകാരുമായുള്ള ശക്തമായ ബന്ധമാണ് അദ്ദേഹത്തിന് വോട്ടായി മാറിയതും. മൂന്ന് തവണ എംപിയായി ലോക്‌സഭയില്‍ എത്തിയ ബിജെപിയുടെ
ലാലു പട്ടേലിനെ പരാജയപ്പെടുത്തിയാണ് ഉമേഷിന്റെ ജയമെന്ന പ്രത്യേകതയുമുണ്ട്. ഒറ്റയ്ക്ക് വീടുകള്‍ കയറി ഇറങ്ങി, ആളുകളുമായി വ്യക്തിപരമായി സംസാരിച്ചുകൊണ്ടായിരുന്നു ഉമേഷിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം. ഇത് ആളുകളുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കി. ഒപ്പം പ്രാദേശിക പ്രശ്‌നങ്ങളെ കുറിച്ച് ധാരണ നേടാനും സഹായിച്ചു. ഇതിനുള്ള പരിഹാരങ്ങളും മാര്‍ഗനിര്‍ദേശങ്ങളും നാട്ടുകാരുമായി സംസാരിച്ചു. ഇതൊക്കെയാണ് അദ്ദേഹത്തിന്റെ ജയത്തിന് പിന്നിലെ കാരണമായി മാറിയത്.
വോട്ട്: 42,523
മാര്‍ജിന്‍: 6,225
പരാജയപ്പെടുത്തിയത് ലാലുഭായ് ബാബുഭായ് പട്ടേല്‍ (ബിജെപി)
തെരഞ്ഞെടുപ്പ് കാലത്തും ദാമന്‍ മുനിസിപ്പാലിറ്റിയിലെയും ജില്ലാ പഞ്ചായത്തുകളിലെയും വസ്തുനികുതി, വൈദ്യുതി നിരക്ക് വര്‍ധന, വൈദ്യുതി സ്വകാര്യവല്‍ക്കരണം തുടങ്ങിയ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് തെരുവിലിറങ്ങി. ഭാര്യയും മകളും രണ്ട് സുഹൃത്തുക്കളുമാണ് അദ്ദേഹത്തിനൊപ്പം പ്രചാരണത്തിന് ഉണ്ടായിരുന്നതെന്ന് ഒരു സുഹൃത്ത് വെളിപ്പെടുത്തുന്നു. മുംബൈ യൂണിവേഴ്സിറ്റിയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സ് ബിരുദധാരിയായ ഉമേഷ് വര്‍ഷങ്ങളോളം പ്രദേശത്ത് സാമൂഹിക പ്രവര്‍ത്തകനായി സേവനം അനുഷ്ഠിച്ച വ്യക്തിയാണ്. ദാമന്‍ യൂത്ത് ആക്ഷന്‍ ഫോഴ്സ് (ഡിവൈഎഎഫ്) എന്ന എന്‍ജിഒ നടത്തുന്ന ഉമേഷ്, 2017ല്‍ ദാമന്‍ ദിയുവിനെ ഗുജറാത്തുമായി ലയിപ്പിക്കാനുള്ള ശ്രമത്തിനെതിരേ പോരാട്ടം നയിച്ചിട്ടുണ്ട്. അതേസമയം ബിജെപിയുടെ വ്യാവസായിക കേന്ദ്രീകൃത കാഴ്ചപ്പാടുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഉമേഷിന്റെ പ്രാദേശിക വികസനം ലക്ഷ്യമിടുന്ന പ്രകടനപത്രിക വോട്ടായി മാറുകയായിരുന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
ലഡാക്കില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സെറിംഗ് നംഗ്യാലിനെ പിന്തുണയ്ക്കാന്‍ നാഷണല്‍ കോണ്‍ഫറന്‍സ്
തീരുമാനിച്ചതോടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച വ്യക്തിയാണ് മുഹമ്മദ് ഹനീഫ. ലേയില്‍ നിന്ന് വരുന്ന നംഗ്യാല്‍ കാര്‍ഗിലിലെ ഷിയ സമുദായത്തിന്റെ താല്‍പ്പര്യങ്ങളെ വിലക്കെടുക്കുന്ന വ്യക്തിയല്ലെന്നതായിരുന്നു ഹനീഫയുടെ എതിര്‍പ്പിന് പിന്നില്‍. പിന്നാലെ നാഷണല്‍ കോണ്‍ഫറന്‍സില്‍ നിന്ന് രാജി വച്ച് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി.
വോട്ട്: 65,259
മാര്‍ജിന്‍: 37,397
പരാജയപ്പെടുത്തിയത്-സെറിംഗ് നംഗ്യാല്‍ (കോണ്‍ഗ്രസ്)
പ്രാദേശിക സ്വയംഭരണം,സുസ്ഥിര വികസനം, ലഡാക്കിന്റെ സാംസ്‌കാരികവും പാരിസ്ഥിതികവുമായ പൈതൃക സംരക്ഷണം എന്നിങ്ങനെ പ്രാദേശിക ജനകീയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തികാട്ടിയായിരുന്നു അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം. തൊഴിലില്ലായ്മ, അടിസ്ഥാന സൗകര്യം തുടങ്ങിയവയും പ്രചാരണത്തിന്റെ ഭാഗമായിരുന്നു. ഹനീഫയുടെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് പ്രധാനമായും രണ്ട് ഘടകങ്ങളാണ്. ഒന്ന് ജില്ലയിലെ ബുദ്ധമത വോട്ടുകള്‍ ബിജെപി, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കിടയില്‍ ഭിന്നിച്ചു എന്നതാണ്. രണ്ടാമത്തേത് കാര്‍ഗിലിലെ കോണ്‍ഗ്രസ്, എന്‍സി യൂണിറ്റുകള്‍ നംഗ്യാലിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ അംഗീകരിച്ചിരുന്നില്ല എന്നതും.
ഇന്‍ഡ്യാ മുന്നണി സീറ്റ് നിഷേധിച്ചപ്പോള്‍ എന്താണ് എനിക്കുള്ള കുറവെന്ന് ചോദിച്ച് പൊട്ടികരഞ്ഞ പപ്പുയാദവാണ് സ്വതന്ത്ര നിരയിലെ പ്രമുഖന്‍. ബീഹാറിലെ പൂര്‍ണ്ണിയയില്‍ ആര്‍ജെഡി സ്ഥാനാര്‍ത്ഥി ബിമാ ഭാരതിയ്ക്കും എന്‍ഡിഎയുടെ സന്തോഷ് കുമാര്‍ കുശ്വാഹയെയും പരാജയപ്പെടുത്തിയായിരുന്നു യാദവിന്റെ തേരോട്ടം. സിപിഐഎം നേതാവ് അജിത് സര്‍ക്കാരിനെ കൊലപ്പെടുത്തിയ കേസില്‍ 1998ല്‍ പിടിയിലായി. പിന്നീട് തടവറയിലായ അദ്ദേഹം 2013ലാണ് മോചിതനായത്.
നേടിയ വോട്ടുകള്‍: 5,67,556
മാര്‍ജിന്‍: 23,847
പരാജയപ്പെടുത്തിയത് -സന്തോഷ് കുമാര്‍ കുശ്വാഹ (ജെഡി-യു)
2014ല്‍ ശരദ് യാദവിനെ പരാജയപ്പെടുത്തി ആര്‍ജെഡി സീറ്റില്‍ ലോക്‌സഭയിലെത്തി. തൊട്ടടുത്ത വര്‍ഷം നിതീഷ് കുമാറുമായുള്ള അടുപ്പത്തിന്റെ പേരില്‍ ആര്‍ജെഡിയുമായി കലഹിച്ച് പുറത്ത് പോയി. സ്വന്തമായി ജന്‍ അധികാര്‍ പാര്‍ട്ടി രൂപീകരിച്ചെങ്കിലും കോണ്‍ഗ്രസില്‍ ചേക്കേറി. എന്നാല്‍ പൂര്‍ണിയ സീറ്റ് നല്‍കുമെന്ന ധാരണ കോണ്‍ഗ്രസ് പാലിച്ചില്ല. ഇതോടെയാണ് സ്വതന്ത്രനായി മത്സരത്തിനിറങ്ങിയത്.1991, 1996, 1999, 2004, 2014 വര്‍ഷങ്ങളില്‍ പൂര്‍ണിയ പ്രതിനിധീകരിച്ച അദ്ദേഹത്തിന് ലോക്‌സഭയില്‍ ആറാം ഊഴമാണ് ഇത്തവണ.
മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി വസന്ത് ദാദ പാട്ടീലിന്റെ കൊച്ചുമകനാണ് സംസ്ഥാനത്തെ സാംഗ്ലി മണ്ഡലത്തില്‍ നിന്ന് ജയിച്ച് കയറിയ വിശാല്‍ പാട്ടീല്‍. സംസ്ഥാനത്തെ ജനകീയ മുഖ്യമന്ത്രി എന്ന് പേരുള്ള വ്യക്തിയാണ് വസന്ത് ദാദ. പരമ്പരാഗതമായി സാംഗ്ലി മണ്ഡലത്തില്‍ സ്വാധീനം ഉള്ളവരാണ് വിശാലിന്റെ കുടുംബം. ലോക്സഭാ ഉപതിരഞ്ഞെടുപ്പ് ഉള്‍പ്പെടെ 19 തെരഞ്ഞെടുപ്പുകളാണ് സാംഗ്ലി മണ്ഡലത്തില്‍ ഇതുവരെ നടന്നത്. ഇതില്‍ രണ്ടെണ്ണം ബിജെപിയും (2014, 2019) ഒരെണ്ണം പെസന്റ് ആന്‍ഡ് വര്‍ക്കേഴ്‌സ് പാര്‍ട്ടിയും (1957) വിജയിച്ചു. ബാക്കി 16 എണ്ണത്തില്‍ കോണ്‍ഗ്രസിനായിരുന്നു ജയം. കുടുംബത്തിലെ ആറ് അംഗങ്ങള്‍ സാംഗ്ലിയില്‍ നിന്ന് വിജയിച്ചിട്ടുണ്ട്.വിശാലിന്റെ അച്ഛന്‍ പ്രകാശ് ബാപ്പു പാട്ടീലും സാംഗ്ലി മണ്ഡലത്തെ ലോക്‌സഭയില്‍ പ്രതിനിധീകരിച്ചിട്ടുണ്ട്.
വോട്ട്: 5,71,666
മാര്‍ജിന്‍: 1,00,053 വോട്ടുകള്‍
പരാജയപ്പെടുത്തിയത്‌സഞ്ജയ് കാക്കാ പാട്ടീല്‍ (ബിജെപി)
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഈ മണ്ഡലം ഉദ്ധവ് താക്കറെ ശിവസേനയുടെ പക്കലായിരുന്നു. ഈ സീറ്റ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടെങ്കിലും കൊടുക്കാന്‍ താക്കറെ തയ്യാറായില്ല. ഇതോടെയാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായത്. ഉറച്ച കോണ്‍ഗ്രസ്സുകാരനായ വിശാല്‍ ജോഡോ യാത്രയില്‍ സജീവമായി പങ്കെടുത്തിരുന്നു.
വിശാലിന്റെ അച്ഛനും മുത്തച്ഛനും കോണ്‍ഗ്രസ്സുകാരായിരുന്നു. പ്രാദേശീക പ്രശ്‌നങ്ങള്‍ തന്നെയായിരുന്നു വിശാലും പ്രചരണായുധമാക്കിയത്. പ്രാദേശിക കൃഷിയെ പുനരുജ്ജീവിപ്പിക്കാനും കര്‍ഷകര്‍ക്ക് ശക്തമായ പിന്തുണ നല്‍കാനും സാമ്പത്തിക വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് ബിസിനസ് അവസരങ്ങള്‍ പ്രോത്സാഹിപ്പിക്കാനും അവസരം ഒരുക്കുമെന്നാണ് വിശാലിന്റെ വാഗ്ദാനം.
ഇന്ദിരാഗാന്ധിയുടെ ഘാതകനായ അംഗരക്ഷകന്‍ ബിയാന്ത് സിങ്ങിന്റെ മൂത്തമകനാണ് സരബ്ജീത് സിങ്. ഖല്‍സ ഫരീദ്‌കോട്ടിലെ എഎപി സ്ഥാനാര്‍ത്ഥിയും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്നിന്റെ സുഹൃത്തുമായ കര്‍ംജിത് അന്‍മോളിനെ പരാജയപ്പെടുത്തി കൊണ്ടാണ് ലോക്‌സഭാ പ്രവേശനം. മുന്‍ എംപി ബാബ സുചാ സിങിന്റെ കൊച്ചുമകനാണ്. മുന്‍ എംപി ബിമല്‍ കൗര്‍ ഖല്‍സയുടെ മകനുമാണ്. സരബ്ജീത് രാഷ്ട്രീയ രംഗത്ത് പുതിയ ആളാണ്. പോരാത്തതിന് അദ്ദേഹത്തിന്റെ പശ്ചാത്തലവും കണക്കിലെടുക്കുമ്പോള്‍ ജയസാധ്യത വിരളമായിരുന്നുവെന്ന വിലയിരുത്തലാണ് നിരീക്ഷകര്‍ക്കുള്ളത്.
വോട്ട്: 2,98,602
മാര്‍ജിന്‍: 49,000
പരാജയപ്പെടുത്തിയത് കരംജിത് സിങ്(എഎപി)
മുഖ്യധാര പാര്‍ട്ടികളില്‍ പഞ്ചാബ് വോട്ടര്‍മാരുടെ നിരാശയാണ് സിങിന്റെ വിജയത്തില്‍ കലാശിച്ചതെന്നും അവര്‍ വിലിയിരുത്തുന്നു.അദ്ദേഹത്തിന്റെയും പ്രചാരണം പ്രാദേശിക പ്രശ്നങ്ങളില്‍ കേന്ദ്രീകരിച്ചായിരുന്നു. പിതാവിനെയും വധശിക്ഷയെത്തുടര്‍ന്ന് ‘നഷ്ടപ്പെട്ട യൗവനത്തെ’ കുറിച്ച് പറഞ്ഞതും വോട്ടായി മാറിയിട്ടുണ്ട്.
തീഹാര്‍ ജയിലില്‍ നിന്ന് അതും തീവ്രവാദ ഫണ്ടിംഗ് കേസില്‍ പെട്ടിരിക്കെ ഇന്ത്യന്‍ പാര്‍ലമെന്റിലെത്തിയ വ്യക്തിയാണ് അബ്ദുല്‍ റാഷിദ് ഷെയ്ഖ്. എഞ്ചിനിയര്‍ റാഷിദ് എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. 2008-ലെയും 2014-ലെയും നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ സ്വതന്ത്രനായി ലംഗേറ്റ് നിയമസഭാ മണ്ഡലത്തില്‍ നിന്ന് വിജയിച്ച അദ്ദേഹം ജമ്മു കശ്മീര്‍ അവാമി ഇത്തേഹാദ് പാര്‍ട്ടിയുടെ സ്ഥാപകനുമാണ്. എന്നാല്‍ ഇത്തവണ ബാരാമുള്ള മണ്ഡലത്തെ പ്രതിനിധീകരിച്ച അദ്ദേഹം ഒരു തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പോലും പങ്കെടുത്തിട്ടില്ല.
വോട്ട്: 4,42,481
മാര്‍ജിന്‍: 2,04,142
പരാജയപ്പെടുത്തിയത്-ഒമര്‍ അബ്ദുള്ള (നാഷണല്‍ കോണ്‍ഫറന്‍സ്)
വോട്ടെടുപ്പിന് 14 ദിവസം ശേഷിക്കെയാണ് അദ്ദേഹത്തിന്റെ മക്കള്‍ പോലും പ്രചാരണത്തിനായി ഇറങ്ങിയത്.’ജയില്‍ കാ ബദ്ല വോട്ട് സേ'(വോട്ടുകൊണ്ട് തടവിലാക്കപ്പെട്ടതിന് മറുപടി നല്‍കു) എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു മക്കളുടെ പ്രചാരണ റാലി. ആ റാലിയില്‍ വന്‍ ആള്‍കൂട്ടമാണെത്തിയത്. അത് വോട്ടായി മാറുക തന്നെ ചെയ്തു. പ്രചാരണത്തിന് നേതൃത്വം കൊടുക്കാനെത്തിയ മറ്റൊരാള്‍ മുന്‍ കോണ്‍ഗ്രസ് എംഎല്‍എ ഷോയിബ് ലോണ്‍ ആണ്.
‘അനിവാര്യമായത് സ്വീകരിക്കേണ്ട സമയം. വടക്കന്‍ കശ്മീരില്‍ വിജയിച്ച എന്‍ജിനീയര്‍ റഷീദിന് അഭിനന്ദനങ്ങള്‍. വിജയത്തിലൂടെ അദ്ദേഹത്തെ ജയില്‍ മോചിതനാക്കുമെന്നോ വടക്കന്‍ കാശ്മീരിലെ ജനങ്ങള്‍ക്ക് അവകാശപ്പെട്ട പ്രാതിനിധ്യം ലഭിക്കുമെന്നോ ഞാന്‍ വിശ്വസിക്കുന്നില്ല, പക്ഷേ വോട്ടര്‍മാര്‍ വിധിയെഴുതി, ജനാധിപത്യത്തില്‍ അതാണ് പ്രധാനം’- എന്നായിരുന്നു അന്ന് അന്തിമ ഫലം പുറത്തുവരുന്നതിന് മുമ്പ് തന്നെ ഒമര്‍ അബ്ദുള്ള സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട കുറിപ്പ്.
English summary: Who are the 7 independent candidates who won in 2024 Lok Sabha elections?