June 04, 2026 |
Share on

റാപ്പറില്‍ നിന്ന് പ്രധാനമന്ത്രി; നേപ്പാളില്‍ ഇനി ബാലെന്‍ ഷാ യുഗം

പഴയ തലമുറ രാഷ്ടീയം തൂത്തെറിഞ്ഞ് ജനറേഷന്‍ ഇസഡ്

ദശകങ്ങളായി നേപ്പാള്‍ രാഷ്ട്രീയം അടക്കിവാണിരുന്ന മുതിര്‍ന്ന നേതാക്കളെ നിഷ്പ്രഭരാക്കി, യുവത്വത്തിന്റെ കരുത്തില്‍ രാഷ്ട്രീയ സ്വതന്ത്ര പാര്‍ട്ടി (ആര്‍എസ്പി) അധികാരത്തിലേക്ക്. 2025 സെപ്റ്റംബറില്‍ കെ.പി. ശര്‍മ്മ ഒലിയുടെ സര്‍ക്കാരിനെ പുറത്താക്കിയ ‘ജനറേഷന്‍ ഇസഡ്’ പ്രക്ഷോഭത്തിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പില്‍ നേപ്പാള്‍ മാറ്റത്തിന് വോട്ട് ചെയ്തിരിക്കുകയാണ്. റാപ്പറും മുന്‍ കാഠ്മണ്ഡു മേയറുമായ മുപ്പത്തഞ്ചുകാരന്‍ ബാലേന്ദ്ര ഷാ (ബാലെന്‍ ഷാ) രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പായി.

ആകെയുള്ള 165 മണ്ഡലങ്ങളില്‍ 161 എണ്ണത്തില്‍ നിന്നുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പ്രകാരം, ആര്‍എസ്പി ആറ് സീറ്റുകള്‍ നേടുകയും, 110 സീറ്റുകളില്‍ മുന്നിലാണെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പരമ്പരാഗത പാര്‍ട്ടികളായ നേപ്പാളി കോണ്‍ഗ്രസും സി.പി.എന്‍ (യു.എം.എല്‍) ഉം വളരെ പിന്നിലാണ്. നേപ്പാളി കോണ്‍ഗ്രസ് ഒരിടത്ത് വിജയിക്കുകയും 11 ഇടത്ത് ലീഡ് ചെയ്യുകയും ചെയ്യുന്നു. 19 കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകളുടെ കൂട്ടായ്മയായ നേപ്പാളി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി 9 സീറ്റുകളിലാണ് മുന്നിട്ടുനില്‍ക്കുന്നത്.

പഴയ കോട്ടകള്‍ തകര്‍ന്നു

മുന്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ്മ ഒലിക്കെതിരെ ജാപ്പ-5 മണ്ഡലത്തില്‍ ബാലെന്‍ ഷാ വന്‍ മുന്നേറ്റമാണ് നടത്തുന്നത്. ഒലിക്ക് പുറമെ വിഷ്ണു പൗഡല്‍, രാജേന്ദ്ര ലിംഗ്ഡന്‍, കമല്‍ ഥാപ്പ, ബിനോദ് ചൗധരി തുടങ്ങിയ പ്രമുഖരെല്ലാം പരാജയഭീതിയിലാണ്. അതേസമയം, റുക്കും ഈസ്റ്റില്‍ നിന്ന് മുന്‍ പ്രധാനമന്ത്രി പ്രചണ്ഡ വിജയിച്ചു. 275 അംഗ പ്രതിനിധി സഭയില്‍ 165 സീറ്റുകള്‍ നേരിട്ടുള്ള തിരഞ്ഞെടുപ്പിലൂടെയും 110 സീറ്റുകള്‍ ആനുപാതിക പ്രാതിനിധ്യത്തിലൂടെയുമാണ് നിശ്ചയിക്കുന്നത്.

ആരാണ് ബാലെന്‍ ഷാ?

അഴിമതിക്കെതിരെ പാടുകയും ജനങ്ങള്‍ക്കിടയില്‍ സെല്‍ഫിയെടുത്തും വിവാഹവേദികളില്‍ അപ്രതീക്ഷിത അതിഥിയായെത്തിയും ആവേശം വിതറുന്ന ബാലന്‍ ഷാ നേപ്പാളിലെ യുവാക്കളുടെ പ്രിയങ്കരനാണ്. തന്റെ പാട്ടുകളിലൂടെയായിരുന്നു ഭരണകൂടത്തെ തുറന്നു കാണിച്ചിരുന്നത്. ഭരിക്കുന്നവര്‍ കവര്‍ച്ചക്കാരാണെന്ന് അയാള്‍ പാടിയപ്പോള്‍ ജനം അതേറ്റു പാടി. 2022-ല്‍ സ്വതന്ത്രനായി മത്സരിച്ച് കാഠ്മണ്ഡു മേയറായതോടെയാണ് ബാലേന്‍ രാഷ്ട്രീയ ശ്രദ്ധ നേടിയത്. കഴിഞ്ഞ വര്‍ഷം 77 പേരുടെ മരണത്തിനിടയാക്കിയ ജനകീയ പ്രക്ഷോഭത്തെത്തുടര്‍ന്ന് രാഷ്ട്രീയ സ്വതന്ത്ര പാര്‍ട്ടിയില്‍ ചേര്‍ന്ന അദ്ദേഹം, യുവാക്കളുടെ സ്വപ്നങ്ങള്‍ക്ക് നേതൃത്വം നല്‍കി.

മാധ്യമങ്ങളെ പൊതുവെ ഒഴിവാക്കുകയും കറുത്ത കണ്ണടയും വലിയ വൈറ്റ് ട്രെയിനര്‍ ഷൂസും ധരിക്കാന്‍ ഇഷ്ടപ്പെടുകയും ചെയ്യുന്ന ഈ എഞ്ചിനീയര്‍. താന്‍ നേപ്പാളിലെ മുഴുവന്‍ ജനങ്ങളുടെയും സ്ഥാനാര്‍ത്ഥിയാണെന്നാിരുന്നു അയാള്‍ പറഞ്ഞിരുന്നത്. കഴിഞ്ഞ വര്‍ഷം തെരുവിലിറങ്ങി ജീവന്‍ ബലിനല്‍കിയ യുവാക്കളുടെ പ്രതിനിധിയായാണ് നേപ്പാളിലെ യുവതലമുറ ബാലനെ കാണുന്നത്. ദശകങ്ങളായി ഭരണം കൈപ്പിടിയിലൊതുക്കിയ പഴയ തലമുറയെയും അവര്‍ വളര്‍ത്തിയെടുത്ത വികലമായ രാഷ്ട്രീയ വ്യവസ്ഥയെയും മാറ്റാനുള്ള മാറ്റത്തിന്റെ തുടക്കമായാണ് ഈ തെരഞ്ഞെടുപ്പിനെ അവര്‍ വിശേഷിപ്പിക്കുന്നത്. ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയില്‍ കിടക്കുന്ന ഈ ഹിമാലയന്‍ രാഷ്ട്രത്തിന്റെ രാഷ്ട്രീയ സമവാക്യങ്ങളെ പാടെ മാറ്റിമറിക്കാന്‍ ബാലന്റെ വിജയം കാരണമാകും.

സാമ്പത്തിക-നയതന്ത്ര വെല്ലുവിളികള്‍

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ നേപ്പാളിന്റെ ആഭ്യന്തര ഉല്‍പ്പാദനം 100 ബില്യണ്‍ ഡോളറായി വര്‍ദ്ധിപ്പിക്കുമെന്നും 12 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നുമാണ് ആര്‍എസ്പിയുടെ വാഗ്ദാനം. ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിലുള്ള ഒരു ‘ബഫര്‍ സ്റ്റേറ്റ്’ എന്നതില്‍ നിന്ന് മാറി, ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന ഒരു ‘സാമ്പത്തിക പാലമായി’ നേപ്പാളിനെ മാറ്റാനാണ് ബാലേന്‍ ലക്ഷ്യമിടുന്നത്. ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കങ്ങളും ചൈനയുടെ വളരുന്ന സ്വാധീനവും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബാലേന്‍ ഷായുടെ വരവിനെ ഡല്‍ഹിയും ബീജിംഗും അതീവ ജാഗ്രതയോടെയാണ് നോക്കിക്കാണുന്നത്.

രാജ്യത്തെ 1.9 കോടി വോട്ടര്‍മാരില്‍ പകുതിയോളം പേര്‍ 45 വയസ്സില്‍ താഴെയുള്ളവരാണ്. രാജ്യത്തെ 1.9 കോടി വോട്ടര്‍മാരില്‍ പകുതിയോളം പേര്‍ 45 വയസ്സില്‍ താഴെയുള്ളവരാണ്. പ്രക്ഷോഭത്തിന് ശേഷം പത്തു ലക്ഷത്തോളം പുതിയ വോട്ടര്‍മാരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പഴയ രാഷ്ട്രീയ മുഖങ്ങളില്‍ വിശ്വാസം നഷ്ടപ്പെട്ട ഇവര്‍ക്ക് ബാലേന്‍ ഷാ ഒരു പുതിയ പ്രതീക്ഷയാണ്.

നേപ്പാളിനെ മാറ്റിമറിച്ച ജെന്‍സി വിപ്ലവം

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ നിരോധിക്കാനുള്ള ഒലിയുടെ നീക്കമാണ് കഴിഞ്ഞ സെപ്റ്റംബറില്‍ നേപ്പാളിനെ പ്രക്ഷോഭത്തിലേക്ക് നയിച്ചത്. ഇത് പിന്നീട് ഒരു രാഷ്ട്രീയ വിപ്ലവമായി മാറുകയായിരുന്നു. ‘പ്രിയപ്പെട്ട ജനറേഷന്‍ ഇസഡ്, നിങ്ങളുടെ കൊലയാളിയുടെ രാജി വന്നെത്തിയിരിക്കുന്നു. ഇനി നിങ്ങളുടെ തലമുറ രാജ്യം നയിക്കണം,’ എന്നായിരുന്നു ഒലിയുടെ പതനത്തിന് പിന്നാലെ ബാലെന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. സിവില്‍ എന്‍ജിനീയറായ ബാലന്‍ ഷാ, ‘നേതാക്കളെല്ലാം കള്ളന്മാരാണ്, അവര്‍ രാജ്യം കൊള്ളയടിക്കുന്നു’ എന്ന വരികളുള്ള തന്റെ റാപ്പ് സംഗീതത്തിലൂടെയാണ് ആദ്യം ശ്രദ്ധേയനായത്. 2022-ല്‍ ‘മാറ്റത്തിന് സമയമായി’ എന്ന മുദ്രാവാക്യവുമായി കാഠ്മണ്ഡു മേയറായി വിജയിച്ച അദ്ദേഹം, ഈ ജനുവരിയിലാണ് രാഷ്ട്രീയ സ്വതന്ത്ര പാര്‍ട്ടിയില്‍ (ആര്‍എസ്പി) ചേര്‍ന്നത്.

യുവാക്കള്‍ക്കിടയിലെ 21 ശതമാനം തൊഴിലില്ലായ്മയും ലക്ഷക്കണക്കിന് ആളുകള്‍ തൊഴില്‍ തേടി ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകുന്നതുമാണ് നേപ്പാള്‍ നേരിടുന്ന പ്രധാന വെല്ലുവിളി. അഞ്ച് വര്‍ഷത്തിനുള്ളില്‍ 12 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും പ്രതിശീര്‍ഷ വരുമാനം ഇരട്ടിയാക്കുമെന്നും ബാലെന്റെ പാര്‍ട്ടി വാഗ്ദാനം ചെയ്യുന്നു.

കാഠ്മണ്ഡു മേയറായിരുന്ന കാലത്ത് മാലിന്യ സംസ്‌കരണത്തിലും വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിലും വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ബാലന് സാധിച്ചിരുന്നു. എങ്കിലും, ചേരിനിവാസികളെയും തെരുവ് കച്ചവടക്കാരെയും ഒഴിപ്പിക്കാന്‍ പോലീസ് സേനയെ ഉപയോഗിച്ചതിന്റെ പേരില്‍ മനുഷ്യാവകാശ സംഘടനകളില്‍ നിന്ന് അദ്ദേഹം വിമര്‍ശനവും നേരിട്ടിട്ടുണ്ട്. ഭരണം കയ്യിലെത്തുമ്പോള്‍ ബാലെന്‍ ഷാ ഈ വെല്ലുവിളികളെ എങ്ങനെ നേരിടുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്. എങ്കിലും നിലവിലെ സാഹചര്യത്തില്‍ പഴയ നേതാക്കള്‍ക്ക് പകരം വെയ്ക്കാന്‍ മറ്റൊരു ശക്തമായ മുഖം ഇല്ലാത്തത് ബാലന് അനുകൂല ഘടകമാണ്. രാജ്യം കരിക്കുന്നവരും രാജ്യം കെട്ടിപ്പടുക്കുന്നവരും തമ്മിലുള്ള പോരാട്ടമാണിതെന്ന് കെ.പി. ഒലി വിശേഷിപ്പിക്കുമ്പോള്‍, ബാലന്‍ ഷായുടെ പിന്നിലുള്ളത് രാജ്യത്തെ യുവാക്കളുടെ വലിയൊരു മുന്നേറ്റമാണ്.

Content Summary: Who is Balendra Shah? The 35-year-old rapper and his party, RSP, are set to win the Nepal Election, balen will be the next Prime Minister

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×