June 04, 2026 |
Share on

റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാരുടെ മുന്നറിയിപ്പ്; ബിന്ദുവിനെ തേടി പ്രവീണ്‍ ഇറങ്ങുന്നു

ഒരു നിഗൂഢ വൃദ്ധനും ചാരം മൂടാത്ത രഹസ്യങ്ങളും; പരമ്പര-4

കേരളത്തിലെ പ്രമാദമായ കേസുകളില്‍ ഒന്നാണ് ബിന്ദു പത്മനാഭന്‍ തിരോധനം. 2017 ഡിസംബറില്‍ രജിസ്റ്റര്‍ ചെയ്ത കേസ് എട്ടുവര്‍ഷങ്ങള്‍ക്കിപ്പുറം കൊലപാതക കേസായി മാറി. ബിന്ദു തിരോധാനത്തില്‍ മുഖ്യമായും സംശയിക്കപ്പെട്ട സിഎം സെബാസ്റ്റ്യന്‍ തന്നെയാണ് കൊലപാതക കുറ്റം സമ്മതിച്ചിരിക്കുന്നത്. (ഒന്നര ലക്ഷത്തിനായി ഒരു അരുംകൊല!, ബിന്ദുവിനെ ചാരമാക്കിയ ‘അമ്മാവന്‍’) ഏകദേശം 19 വര്‍ഷം മുമ്പ് ബിന്ദു കൊല്ലപ്പെട്ടിരുന്നു. ഇക്കാലമത്രയും സെബാസ്റ്റ്യന്‍ മൂടിവച്ചിരുന്ന സത്യം പുറത്തു വരുമ്പോള്‍, ഇതിനു പിന്നില്‍ നടന്നിരുന്ന പല കാര്യങ്ങളും ഒരു ക്രൈം ത്രില്ലര്‍ സിനിമയെ ഓര്‍മിപ്പിക്കുന്നതാണ്. പൊലീസ് റിപ്പോര്‍ട്ടുകളെയും നേരിട്ട് സംസാരിച്ചവര്‍ നല്‍കിയ വിവരങ്ങളുടെയെല്ലാം അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന ഈ പരമ്പരയില്‍ ആ കാര്യങ്ങളാണ് പറയുന്നത്. ആദ്യ മൂന്നു ഭാഗങ്ങള്‍ ഇവിടെ വായിക്കാം; ഒരു ലൈസന്‍സും ഒരു മുക്ത്യാറും; ക്രിമനല്‍ ബുദ്ധിയിലെഴുതിയ തിരക്കഥആധാരമെഴുത്ത് ഓഫിസിലെ ഗൂഢാലോചനയും സബ് രജിസ്ട്രാര്‍ ഓഫിസിലെ ആള്‍മാറാട്ടവും. ജയയെ ബിന്ദു പത്മനാഭനാക്കിയ ‘അമ്മാവന്‍’; ആ കുടിലതയുടെ പിന്നിലെ കഥ

ആരായിരുന്നു ബിന്ദു പത്മനാഭന്‍?
ചേര്‍ത്തല, ആലുങ്കല്‍ ജംഗ്ഷനിലുള്ള ‘പത്മ നിവാസില്‍ പത്മനാഭ പിള്ളയ്ക്കും അംബികാ ദേവിക്കും രണ്ട് മക്കളായിരുന്നു. മൂത്തയാള്‍ പ്രവീണ്‍, രണ്ടാമതൊരു പെണ്‍കുട്ടി; ബിന്ദു. എക്‌സൈസ് ഇന്‍സ്‌പെക്ടറായി വിരമിച്ച പത്മനാഭ പിള്ള പാരമ്പര്യമായി ഭൂസ്വത്തുക്കള്‍ ഉള്ളയാളായിരുന്നു. അതു കൂടാതെ വേറെയും ഭൂമി അദ്ദേഹം സ്വന്തമാക്കിയിരുന്നു. ഒരേക്കര്‍ 48 സെന്റ് പുരയിടത്തിലായിരുന്നു ആ വീടിരുന്നത്. ആ വസ്തുവിനോട് ചേര്‍ന്ന് 90 സെന്റ് സ്ഥലം വേറെയുമുണ്ടായിരുന്നു. വീടിരിക്കുന്നതില്‍ 35 സെന്റ് ഭാര്യ അംബികാദേവിയുടെ പേര്‍ക്ക് പത്മനാഭ പിള്ള നേരത്തെ എഴുതി വച്ചിരുന്നു.

പ്രവീണിന് അബ്കാരി ബിസിനസ് ആയിരുന്നു. പക്ഷേ കച്ചവടം നഷ്ടമായി. ചാരായം നിരോധിച്ചതോടെ അബ്കാരി ബിസിനസ് നിര്‍ത്തി. അപ്പോഴേക്കും ഭാരിച്ച ബാധ്യതകള്‍ വരുത്തിവച്ചിരുന്നു. അമ്മയുടെ പേരിലുണ്ടായിരുന്ന 35 സെന്റ് സ്ഥലവും, അമ്മയുടെയും തന്റെയും പേരിലുണ്ടായിരുന്ന 90 സെന്റും കടപ്പെടുത്തി. ഇതില്‍ 35 സെന്റ് പത്മനാഭ പിള്ള തന്നെ ലേലത്തില്‍ പിടിച്ചു.

ചാരായക്കച്ചവടം പൊളിഞ്ഞു കടക്കാരനായതോടെ പ്രവീണ്‍ ഇറ്റലിക്ക് പോയി. 1999 ല്‍ ആണത്. ആ സമയം പ്രവീണിന്റെ അനിയത്തി ബിന്ദുവിന് പ്രായം 24. ഒന്നു മുതല്‍ നാല് വരെ കടക്കരപ്പള്ളി സ്‌കൂളില്‍ പഠിച്ച ബിന്ദു, തുടര്‍ന്ന് പത്താം ക്ലാസ് വരെ ചേര്‍ത്തല സെന്റ്. മേരീസ് സ്‌കൂളിലായിരുന്നു. ചേര്‍ത്തല സെന്റ്. മൈക്കിള്‍സ് കോളേജില്‍ നിന്നും പ്രീ ഡിഗ്രി പാസ് ആയതിനുശേഷം എറണാകുളത്ത് പ്രൈവറ്റ് ആയി പഠിച്ച് ഡിഗ്രി നേടി. പിന്നീട് മദ്രാസിലെ താംബരത്തുള്ള കോളേജില്‍ നിന്നും എംബിഎ സ്വന്തമാക്കി.

പഠനം പൂര്‍ത്തിയായശേഷം ജോലിക്കായി ബാംഗ്ലൂരിലേക്ക്. പ്രവീണ്‍ ഇറ്റലിക്ക് പോകുമ്പോള്‍ ബിന്ദു ബാംഗ്ലൂരില്‍ ജോലി ചെയ്യുകയാണ്. കപ്പലില്‍ ജോലിയുള്ളൊരാളുടെ വിവാഹാലോചന ആ സമയത്ത് ബിന്ദുവിന് വന്നിരുന്നുവെങ്കിലും ബിന്ദു തന്നെ അതൊഴിവാക്കി. അയല്‍ക്കാരോ നാട്ടിലുള്ളവരോ ആയി ബിന്ദു അധികം അടുത്തിരുന്നില്ല. അമ്മയോടായിരുന്നു ഏറെ അടുപ്പം കാണിച്ചിരുന്നത്. ബിന്ദുവിന് ബാംഗ്ലൂര്‍ കിര്‍ലോസ്‌കര്‍ കമ്പനിയിലാണ് ജോലിയെന്ന് അമ്മ പറഞ്ഞ അറിവ് മാത്രമെ പ്രവീണിനുണ്ടായിരുന്നുള്ളൂ. അയാള്‍ ഒരിക്കലും ബാംഗ്ലൂരില്‍ സഹോദരിയെ കാണാന്‍ പോയിരുന്നില്ല. അബ്കാരി ബിസിനസുമായി ബന്ധപ്പെട്ട് പാലക്കാടായിരുന്നു കൂടുതല്‍ സമയവുമെന്നതിനാല്‍ വീട്ടില്‍ നിന്നും അകന്നായിരുന്നു പ്രവീണ്‍ കഴിഞ്ഞിരുന്നത്.

ആദ്യമൊക്കെ മാസത്തില്‍ ഒരു തവണ ജോലി സ്ഥലത്തു നിന്നും ബിന്ദു വീട്ടില്‍ എത്തുമായിരുന്നു. പിന്നെ പിന്നെ അത് അഞ്ചും ആറും മാസം കൂടുമ്പോഴായി. ഇക്കാര്യം പ്രവീണ്‍ ചോദിച്ചപ്പോള്‍ ബിന്ദുവിനെ സപ്പോര്‍ട്ട് ചെയ്ത് സംസാരിക്കുകയായിരുന്നു അമ്മ ചെയ്തത്. അതോടെ പ്രവീണ്‍ ആ വക കാര്യങ്ങള്‍ തിരക്കാതെയായി.

സഹോദരങ്ങള്‍ അകലുന്നു
1992 ല്‍ പ്രവീണ്‍ വിവാഹതിനായി. തൊടുപുഴ സ്വദേശിയായിരുന്നു ഭാര്യ. പ്രവീണ്‍ ഇറ്റലിക്കു പോയശേഷം പത്മ നിവാസില്‍ പത്മനാഭ പിള്ളയും അംബികാദേവിയും പ്രവീണിന്റെ ഭാര്യയുമായിരുന്നു താമസം. ഇറ്റലിയില്‍ നിന്നും വീട്ടിലേക്ക് വിളിക്കുമ്പോള്‍ പ്രവീണ്‍ സഹോദരിയെ തിരക്കാറുണ്ടായിരുന്നു. ഇപ്പോള്‍ ഏഴോ എട്ടോ മാസം കൂടുമ്പോഴാണ് വീട്ടില്‍ വന്നു പോകുന്നതെന്ന് അമ്മ പറഞ്ഞു. ആ സമയമായപ്പോഴേക്കും അംബികദേവി മകളുടെ കാര്യത്തില്‍ ദുഖിതയായി മാറിയിരുന്നു. വിവാഹം വേണ്ടെന്ന നിലപാടിലായിരുന്നു ബിന്ദു. മകളുടെ കാര്യത്തില്‍ മനസ് തകര്‍ന്നു തുടങ്ങിയ അംബികാദേവിയെ ഒരു മഹാരോഗവും പിടികൂടി.

2002 ല്‍ അംബികാ ദേവി മരിച്ചു. മരിക്കുന്നതിന് മുമ്പ് തന്റെ രണ്ടു മക്കളെയും കാണാനുള്ള ഭാഗ്യം ആ അമ്മയ്ക്ക് കിട്ടിയില്ല. ചിതയിലെരിയും മുമ്പ് അവസാനമായി അമ്മയെ കാണാനും മക്കളെത്തിയില്ല. വര്‍ക്കിംഗ് പെര്‍മിറ്റ് കിട്ടാതിരുന്നതാണ് നാട്ടില്‍ വരാന്‍ കഴിയാത്തതിന് പ്രവീണ്‍ കാരണം പറഞ്ഞതെങ്കില്‍, അമ്മയുടെ മരണ വിവരം അറിയിക്കാന്‍ ബിന്ദു എവിടെയുണ്ടെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. ബിന്ദുവിന്റെ ഫോണ്‍ നമ്പരോ വിലാസമോ പത്മനാഭ പിള്ളയുടെയോ, പ്രവീണിന്റെ ഭാര്യയുടെയോ കൈവശം ഇല്ലായിരുന്നു.

അംബികദേവി മരിച്ച് രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ബിന്ദു നാട്ടില്‍ എത്തി. അതുവരെ വീടുമായി അധികം ബന്ധം പുലര്‍ത്താതിരുന്ന ബിന്ദു, അമ്മ പോയതിന് ശേഷം വീട്ടില്‍ തന്നെ നില്‍ക്കാനുള്ള തീരുമാനത്തിലെത്തി. അതോടെ പ്രവീണിന്റെ ഭാര്യ അവരുടെ സ്വന്തം വീട്ടിലേക്കും പോയി. അമ്മ മരിച്ചശേഷം ബിന്ദു ജോലിക്കു പോയിട്ടില്ല.

ഭാര്യയുടെ വിയോഗം പത്മനാഭ പിള്ളയെ തളര്‍ത്തി. അതിനൊപ്പം മറ്റെന്തൊക്കെയോ ആകുലതകളും അദ്ദേഹത്തിന്റെ ഹൃദയഭാരം കൂട്ടിയിരുന്നു. ഒരു കാലത്ത് പ്രതാപിയായി വാണിരുന്ന ആ മനുഷ്യന്‍ പാടെ തളര്‍ന്നു. ഒടുവില്‍ 2005 ല്‍ പത്മനാഭ പിള്ള ഹൃദയം പൊട്ടി മരിച്ചു.

രണ്ട് വില്‍പത്രങ്ങള്‍
പത്മനാഭ പിള്ളയുടെയും അംബികാദേവിയുടെയും മരണശേഷം സ്വത്തിന്റെ പേരില്‍ സഹോദരങ്ങള്‍ തെറ്റി. രണ്ടു മക്കളുടെയും പേരിലായിട്ടാണ് എല്ലാ സ്വത്തുക്കളും എഴുതി വച്ചിരിക്കുന്നതെന്നാണ് അമ്മ പറഞ്ഞിട്ടുള്ളതെന്ന് ഭാര്യ പ്രവീണിനോട് പറഞ്ഞിരുന്നു. എന്നാല്‍ പത്മനാഭ പിള്ളയുടെ മരണശേഷം ബിന്ദു പ്രവീണിന്റെ ഭാര്യയോട് പറഞ്ഞത്, മുഴുവന്‍ സ്വത്തുക്കളും അച്ഛന് തനിക്കാണ് എഴുതി വച്ചിരിക്കുന്നതെന്നായിരുന്നു.

അക്കാര്യം പറഞ്ഞ് ഒന്നര മാസം കഴിഞ്ഞപ്പോള്‍ ബിന്ദു ഹൈക്കോടതിയില്‍ ഒരു പെറ്റീഷന്‍ ഫയല്‍ ചെയ്തു. സഹോദരനായ പ്രവീണില്‍ നിന്നും തനിക്ക് പ്രൊട്ടക്ഷന്‍ വേണമെന്നായിരുന്നു ആവശ്യം. തുടര്‍ന്ന് ഹൈക്കോടതിയില്‍ നിന്നും മെസഞ്ചര്‍ മുഖാന്തരം പ്രവീണിന് നോട്ടീസ് നല്‍കി. ആ കൂട്ടത്തില്‍ പത്മനാഭ പിള്ളയുടെ രണ്ട് വില്‍പത്രങ്ങള്‍ കൂടിയുണ്ടായിരുന്നു.

ആ വില്‍പത്രങ്ങളില്‍ ആദ്യത്തേതില്‍ വീടും 70 സെന്റ് സ്ഥലവും എന്റെ ഭാര്യയുടെ പേരിലും, ബാക്കി സ്ഥലം ബിന്ദുവിന്റെ പേരിലുമായി അച്ഛന്‍ എഴുതി വച്ചതായി കണ്ടു എന്നാണ് പ്രവീണ്‍ പറയുന്നത്(ബിന്ദുവിനെ കാണാനില്ലെന്ന് കാണിച്ചു പൊലീസിന് നല്‍കിയ പരാതിയിലാണ് ഇക്കാര്യം പറയുന്നത്). എന്നാല്‍ രണ്ടാമത്തെ വില്‍പത്രത്തില്‍ വീട് ഉള്‍പ്പെടെ മുഴുവന്‍ സ്വത്തും ബിന്ദുവിന്റെ പേരിലായിരുന്നു.

ഈ വില്‍പത്രം അച്ഛന്‍ മരിക്കുന്നതിന് അഞ്ചു ദിവസം മുമ്പ് തയ്യാറാക്കിയതായിരുന്നുവെന്നാണ് പ്രവീണിന്റെ ആരോപണം. ‘അച്ഛന്‍ മരിക്കുന്നതിന് ഒരാഴ്ച്ചയ്ക്ക് മുമ്പ് ഞാന്‍ ഫോണ്‍ ചെയ്യുമ്പോള്‍ അച്ഛന്‍ വളരെ സന്തോഷവാനായിരുന്നു. വീണ്ടും വില്‍പത്രം തയ്യാറാക്കുന്നതിനെ കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല’, എന്നാണ് പ്രവീണ്‍ പറയുന്നത്.

പത്മനാഭ പിള്ള മരിച്ച് രണ്ടോ മൂന്നോ മാസം കഴിഞ്ഞപ്പോള്‍ നാട്ടിലെ വീട് ഉള്‍പ്പെടെയുള്ള വസ്തുവകകളെല്ലാം ബിന്ദു വിറ്റുവെന്നാണ് പ്രവീണ്‍ പറയുന്നത്. ഇക്കാര്യം ബന്ധുക്കള്‍ പറഞ്ഞാണ് അയാള്‍ അറിയുന്നത്. നാട്ടിലെ വസ്തുക്കളിലൊന്നും താത്പര്യമില്ലെന്നും എറണാകുളത്ത് റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് ചെയ്യാന്‍ പോവുകയാണെന്നും ബിന്ദു പറഞ്ഞതായി, അടുത്തൊരു ബന്ധു പ്രവീണിനെ അറിയിച്ചിരുന്നു. നാട്ടിലെ സ്വത്തെല്ലാം വിറ്റശേഷം അമ്പലപ്പുഴയില്‍ 10 സെന്റ് സ്ഥലം ബിന്ദു വാങ്ങിയതായും പ്രവീണ്‍ ബന്ധു മുഖാന്തരം അറിഞ്ഞിരുന്നു(ഈ സ്ഥലം വില്‍ക്കുന്നതിന്റെ ഭാഗമായി കിട്ടിയ അഡ്വാന്‍സ് ഒന്നരലക്ഷ രൂപ കൈക്കലാക്കാന്‍ വേണ്ടിയാണ് ബിന്ദുവിനെ താന്‍ കൊന്നതെന്നാണ് സെബാസ്റ്റ്യന്‍ കുറ്റസമ്മതം നടത്തിയത്).

നാട്ടിലെ വസ്തുക്കള്‍ വില്‍ക്കാന്‍ സെബാസ്റ്റ്യന്‍ എന്നൊരു ബ്രോക്കറെയാണ് ബിന്ദു ഏര്‍പ്പാടാക്കിയിരിക്കുന്നതെന്നും ഈ ബന്ധുവില്‍ നിന്നും താന്‍ കേട്ടിരുന്നതായി പ്രവീണ്‍ പറയുന്നു. പത്മനാഭ പിള്ള മരിച്ചശേഷം ഒരു തവണയാണ് പ്രവീണ്‍ ബിന്ദുവിനെ ഫോണില്‍ വിളിച്ചത്. പ്രവീണ്‍ പറയുന്നത് കുറച്ചു നേരം കേട്ടിരുന്നശേഷം ഒന്നും പറയാതെ ബിന്ദു ഫോണ്‍ കട്ട് ചെയ്തു. അതിനുശേഷമാണ് പ്രവീണില്‍ നിന്നും സംരക്ഷണം വേണമെന്ന ആവശ്യവുമായി ബിന്ദു ഹൈക്കോടതിയെ സമീപിക്കുന്നത്. പിന്നീട് സഹോദരിയെ പ്രവീണ്‍ ബന്ധപ്പെട്ടിട്ടില്ല.

അന്വേഷണത്തിന് തുടക്കമിട്ട ചോദ്യങ്ങള്‍
വിദേശത്ത് പോയതിന് ശേഷം പ്രവീണ്‍ ആദ്യമായി നാട്ടില്‍ എത്തുന്നത് 2012 ലാണ്. ആ വരവില്‍ ചേര്‍ത്തലയിലേക്ക് പോകാന്‍ പ്രവീണ്‍ തയ്യാറായില്ല. സ്വന്തമായി ഉണ്ടായിരുന്നതെല്ലാം വിറ്റുപോയതിന്റെ വിഷമം കൊണ്ടാണെന്ന് അയാള്‍ പറയുന്നു. 2013 ല്‍ പ്രവീണ്‍ വീണ്ടും നാട്ടില്‍ വന്നു. ആ വരവില്‍ ഞെട്ടിപ്പിക്കുന്ന ചില വിവരങ്ങള്‍ കിട്ടി അയാള്‍ക്ക്.

എറണാകുളത്തുള്ള ഏതാനും റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാര്‍ ആലുങ്കലുള്ള പ്രവീണിന്റെ സുഹൃത്തുക്കളെ ബന്ധപ്പെട്ടു. അവര്‍ക്ക് അറിയേണ്ടിയിരുന്നത് ബിന്ദു പത്മനാഭന്‍ എന്ന സ്ത്രീക്ക് രക്തബന്ധുക്കളായി ആരെങ്കിലും ഉണ്ടോ എന്നായിരുന്നു.

ഈ വിവരം അറിഞ്ഞ പ്രവീണ്‍, സുഹൃത്തുക്കളുമായി പിറവത്ത് എത്തി. അവിടെ വച്ച് കാണാമെന്നായിരുന്നു എറണാകുളത്തുള്ളവര്‍ പറഞ്ഞത്. അവര്‍ മൂന്നുനാലു പേര്‍ ഉണ്ടായിരുന്നു. അതിലൊരാളായിരുന്നു സുബൈര്‍. നിര്‍ണായകമായ ചില വിവരങ്ങള്‍ സുബൈറിന് പ്രവീണിനോട് പറയാനുണ്ടായിരുന്നു. അയാള്‍ക്ക് ആദ്യം അറിയേണ്ടിയിരുന്നത് ബിന്ദുവിനെ കാണാറുണ്ടോ എന്നായിരുന്നു. ഇല്ലെന്ന് പ്രവീണ്‍ പറഞ്ഞതോടെ സുബൈര്‍ കാര്യങ്ങള്‍ വിശദമാക്കി.

ബിന്ദുവിന് എറണാകുളത്ത് പലയിടങ്ങളിലും സ്ഥലമുണ്ട്. അതില്‍ ഇടപ്പള്ളിയിലുള്ള സ്ഥലം അമ്മാവന്‍ എന്ന സെബാസ്റ്റിയന്‍ കുറുപ്പന്‍കുളങ്ങരയിലുള്ള ജയ എന്ന സ്ത്രീയെ ബിന്ദുവിന് പകരക്കാരിയാക്കി വില്‍പ്പന നടത്തിയിട്ടുണ്ട്. ഈ വസ്തു കച്ചവടത്തിവനെതിരേ പരാതി നല്‍കണമെന്നായിരുന്നു അവരുടെ ഉപദേശം. ഒപ്പം സുബൈര്‍ പ്രവീണിന് ഒരു മുന്നറിയിപ്പും കൊടുത്തു; സഹോദരിയെ കാണുന്നില്ലെങ്കില്‍ സൂക്ഷിക്കണം.

അവരാരെങ്കിലും തന്റെ സഹോദരിയെ കണ്ടിരുന്നോ എന്ന് പ്രവീണ്‍ ചോദിച്ചപ്പോള്‍, അവരും ബിന്ദുവിനെ കണ്ടിട്ടില്ലെന്നായിരുന്നു മറുപടി.

എന്നാല്‍ ലീവ് കഴിയാറായതിനാല്‍ പരാതി കൊടുക്കാന്‍ നില്‍ക്കാതെ പ്രവീണ്‍ ഇറ്റലിക്ക് തിരിച്ചു പറന്നു. അവിടെ എത്തിയശേഷവും ബിന്ദുവിനെ കുറിച്ച് തിരിക്കയപ്പോഴെല്ലാം ആരും ബിന്ദുവിനെ കണ്ടിട്ടില്ല എന്ന മറുപടിയാണ് പ്രവീണിന് കിട്ടിക്കൊണ്ടിരുന്നത്. അതിനിടയില്‍ സെബാസ്റ്റിയനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പ്രവീണിന് കിട്ടി.

വീടും പുരയിടവും വില്‍ക്കാന്‍ വേണ്ടിയാണ് സെബാസ്റ്റ്യനെ ബിന്ദു പരിചയപ്പെടുന്നതെന്നാണ് പ്രവീണിന് അറിയാന്‍ കഴിഞ്ഞത്. ബിന്ദുവിനെ കാണാന്‍ സെബാസ്റ്റ്യന്‍ സ്ഥിരമായി എത്താറുണ്ടായിരുന്നു. അമ്പലപ്പുഴയിലുള്ള ഒരു ബന്ധു വീട്ടിലും ഇരുവരും ഒരുമിച്ച് പോയിരുന്നു. അവിടെ ഒരു ബന്ധു മരിച്ച സമയത്ത് ഒരുമിച്ച് ചെന്നിരുന്നതായി പറഞ്ഞു. പക്ഷേ അന്ന് വന്നത് ബിന്ദു തന്നെയാണോ എന്ന് മറ്റൊരു ബന്ധു സംശയം പറഞ്ഞതോടെയാണ് പ്രവീണിന്റെ ആശങ്ക കൂടിയത്. 2013 ല്‍ ആയിരുന്നു ആ സംഭവം.

സെബാസ്റ്റ്യന്‍ തയ്യാറാക്കിയ തിരക്കഥ
മൂന്നു വര്‍ഷത്തിനുശേഷം പ്രവീണ്‍ നാട്ടിലെത്തി. 2017 സെപ്തംബര്‍ പത്തിന് പ്രവീണ്‍ ചില സുഹൃത്തുക്കളുമായി പള്ളിപ്പുറത്തുള്ള സെബാസ്റ്റ്യന്റെ വീട്ടില്‍ ചെന്നു. അന്ന് സെബാസ്റ്റ്യന്‍ തന്നോട് പറഞ്ഞത് രണ്ടു ദിവസം മുമ്പ് (എട്ടാം തീയതി) ബിന്ദു ഇവിടെ വന്നിരുന്നുവെന്നും ഇനി 25 ആം തീയതി വരാമെന്ന് പറഞ്ഞാണ് പോയതെന്നുമാണ്. ബിന്ദു അവിടെ വന്നിരുന്നുവെന്ന് തെളിയിക്കാന്‍ ഒരു ഓട്ടോറിക്ഷ ഡ്രൈവറെയും സെബാസ്റ്റ്യന്‍ ഹാജരാക്കി(മനോജ്- ഇയാള്‍ പിന്നീട് ആത്മഹത്യ ചെയ്തു). മനോജ് പറഞ്ഞത്, എട്ടാം തീയതി താനാണ് ചേര്‍ത്തല കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ബിന്ദുവിനെ കൊണ്ടുപോയി വിട്ടതെന്നാണ്. വണ്ടിക്കൂലി കൂടാതെ 500 രൂപ വേറെയും തന്നുവെന്നും അയാള്‍ പറഞ്ഞു. പത്മനിവാസിലും താന്‍ വന്നിട്ടുണ്ടെന്നും പല തവണ ബിന്ദുവിനെ സെബാസ്റ്റ്യന്റെ വീട്ടില്‍ കൊണ്ടുവന്നു വിട്ടിട്ടുണ്ടെന്നും മനോജ് പ്രവീണിനോട് പറഞ്ഞു.

വസ്തു വില്‍പ്പനയുമായി ബന്ധപ്പെട്ട് ഞങ്ങള്‍ തമ്മില്‍ ഇപ്പോള്‍ നല്ല പരിചയത്തിലാണെന്ന് സെബാസ്റ്റ്യന്‍ പറഞ്ഞുവെങ്കിലും ബിന്ദുവിന്റെ ഫോണ്‍ നമ്പരോ അഡ്രസോ പ്രവീണ്‍ ചോദിച്ചപ്പോള്‍ അറിയില്ലെന്നായിരുന്നു മറുപടി. ഇതിനിടയില്‍ ഏതോ സ്ത്രീ സെബാസ്റ്റിയന്റെ ഫോണിലേക്ക് വിളിച്ചു, സെബാസ്റ്റിയന്‍ അത് പ്രവീണിനെ കേള്‍പ്പിച്ചു. ബിന്ദു എന്തിനാണ് എപ്പോഴും സെബാസ്റ്റിയന്റെ വീട്ടില്‍ വരുന്നതെന്ന് ചോദിച്ച് ആ സ്ത്രീ ദേഷ്യപ്പെടുകയായിരുന്നു. ഇറങ്ങാന്‍ നേരം സെബാസ്റ്റ്യന്‍ ഒരു കാര്യം കൂടി പ്രവീണിനോട് പറഞ്ഞു; ചേര്‍ത്തല പാരഡൈസ് തിയേറ്ററിന് സമീപമുള്ള എച്ച്ഡിഎഫ്‌സി ബാങ്കില്‍ നിന്നും ഒരു മാസം മുമ്പ് ബിന്ദു 50 ലക്ഷം പിന്‍വലിച്ചെന്നും, വേറൊരു 50 ലക്ഷം പ്രവീണിന്റെ പേരില്‍ ബാങ്കില്‍ ഇട്ടിട്ടുണ്ടെന്നുമായിരുന്നു ആ വിവരം. ബാങ്ക് മാനേജര്‍ സുഹൃത്താണെന്നും സെബാസ്റ്റ്യന്‍ പറഞ്ഞു. നാളെ പോയി ആ പണം പിന്‍വലിക്കാമെന്നും അയാള്‍ പ്രവീണിന് വാഗ്ദനം കൊടുത്തു.

എന്നാല്‍ പ്രവീണ്‍ ബാങ്കില്‍ തിരക്കിയപ്പോള്‍ രണ്ടു കാര്യങ്ങള്‍ മനസിലായി; മാനേജര്‍ക്ക് സെബാസ്റ്റിയനെ അറിയില്ല, ബിന്ദുവിന് ആ ബാങ്കില്‍ അകൗണ്ടില്ല.

സെബാസ്റ്റ്യന്‍ പക്ഷേ പ്രവീണിന് പിടികൊടുത്തില്ല. പ്രവീണിന്റെ ചോദ്യങ്ങള്‍ക്കെല്ലാം അയാള്‍ ഉത്തരം കരുതിയിരുന്നു. മാത്രമല്ല, ബിന്ദുവിനെ ലഹരിക്കടിമയായൊരു സ്ത്രീയാക്കിയാണ് പ്രവീണിനു മുന്നില്‍ അവതരിപ്പിച്ചത്. സ്ഥിരം മദ്യപാനിയായിരുന്നു, തന്റെ വീട്ടില്‍ ഇരുന്നും മദ്യപിക്കാറുണ്ട്. മദ്യം മാത്രമല്ല, നാക്കിനിടയില്‍ എന്തോ സാധാനം വയ്ക്കുന്നതും കണ്ടിട്ടുണ്ടെന്ന് പറഞ്ഞ് ബിന്ദു മയക്കുമരുന്നിന് അടിമയാണെന്നും അയാള്‍ വരുത്തി തീര്‍ത്തു.

ഇടപ്പള്ളിയില്‍ ബിന്ദുവിന്റെ പേരിലുണ്ടായിരുന്ന സ്ഥലം വില്‍പ്പന നടത്തിയതിനെ കുറിച്ചായിരുന്നു പ്രവീണിന് പ്രധാനമായും സെബാസ്റ്റ്യനില്‍ നിന്നും അറിയേണ്ടിയിരുന്നത്. ബിന്ദു അത് തനിക്ക് തന്നതാണെന്നായിരുന്നു സെബാസ്റ്റ്യന്റെ ലളിതമായ മറുപടി. ഒരു ക്ലോക്കും ഫര്‍ണീച്ചറും കാണിച്ചിട്ട്, അവയും ബിന്ദു തനിക്ക് തന്നതാണെന്ന് സെബാസ്റ്റ്യന്‍ പറഞ്ഞു. പ്രവീണിന് ആ സാധാനങ്ങള്‍ പെട്ടെന്ന് തന്നെ മനസിലായി, അവ പത്മ നിവാസിലേതായിരുന്നു.

ആരെയും സംസാരത്തിലൂടെ കീഴ്‌പ്പെടുത്താനുള്ള കഴിവ് സെബാസ്റ്റ്യന്‍ ഉണ്ടായിരുന്നുവെങ്കിലും, പ്രവീണ്‍ അയാള്‍ക്ക് കീഴ്‌പ്പെട്ടില്ല. തന്റെ സഹോദരിയെ കാണാനില്ല, അവള്‍ക്ക് എന്തോ സംഭവിച്ചിരിക്കുന്നു എന്ന് പ്രവീണിന് മനസിലായി.

കൂടെ നില്‍ക്കാന്‍ ആരുമില്ലാതിരുന്നിട്ടും പ്രവീണ്‍ നിയമത്തിന്റെ വഴിയിലേക്ക് ഇറങ്ങാന്‍ തീരുമാനിച്ചു. തന്റെ സംശയങ്ങളെ ബലപ്പെടുത്തുന്ന മറ്റു ചില കാര്യങ്ങള്‍ കൂടി അതിനകം അയാള്‍ അറിഞ്ഞിരുന്നു.

അവയെന്തായിരുന്നുവെന്ന് അടുത്ത ഭാഗത്തില്‍ പറയാം

Content Summary; Who is Bindu Padmanabhan? What were the reasons that motivated Bindu’s brother, Praveen, to search for her?

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Me:Add me on Facebook

Leave a Reply

Your email address will not be published. Required fields are marked *

×