റൈറ്റ് റവ മരിയന്‍ എഡ്ഗര്‍ ബുഡ്‌ഡേ; ഈ ആഴ്ച്ചത്തെ പ്രധാന വാര്‍ത്തകളില്‍ ഇടം പിടിച്ച പേരാണിത്. അമേരിക്കയുടെ ഭരണാധികാരിയായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റെടുത്ത ദിവസം തന്നെയാണ് ബിഷപ്പ് ബുഡ്‌ഡേയും വാര്‍ത്താ താരമായത്. അതിനു കാരണവും ട്രംപ് തന്നെ. പ്രിസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങിനോടിന് അനുബന്ധിച്ച് ചൊവ്വാഴ്ച്ച നാഷണല്‍ കത്തീഡ്രലില്‍ നടന്ന പ്രാര്‍ത്ഥന ശുശ്രൂഷയ്ക്കിടയില്‍ നടത്തിയ തന്റെ പ്രഭാഷണത്തില്‍ ബിഷപ്പ് ബുഡ്‌ഡേ, ട്രംപിനെ മുന്നിലിരുത്തി പറഞ്ഞ കാര്യങ്ങളാണ് ലോകത്തിന്റെ ശ്രദ്ധയില്‍ എത്തിയത്. കുടിയേറ്റക്കാരോടും എല്‍ജിബിടിക്യു+ സമൂഹത്തോടും ‘കരുണ കാണിക്കാന്‍’ ഡൊണാള്‍ഡ് ട്രംപിനോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു ബിഷപ്പ്.
വാഷിംഗ്ടണ്‍ എപ്പിസ്‌കോപ്പല്‍ രൂപതയുടെ ആത്മീയ നേതാവായി സേവനമനുഷ്ഠിക്കുന്ന ആദ്യ വനിതയാണ് 65 കാരിയായ മരിയന്‍ എഡ്ഗര്‍ ബുഡ്‌ഡേ. 2011 മുതല്‍ ബുഡ്‌ഡേ രൂപതയെ നയിക്കുന്നുണ്ട്. അതിനുമുമ്പ്, മിനിയാപൊളിസിലെ സെന്റ് ജോണ്‍സ് എപ്പിസ്‌കോപ്പല്‍ പള്ളിയുടെ റെക്ടറായി 18 വര്‍ഷക്കാലം അവര്‍ സേവനമനുഷ്ഠിച്ചിരുന്നു.
അമേരിക്കയില്‍ ഇനി മുതല്‍ ആണും പെണ്ണും എന്ന രണ്ടു വിഭാഗമേ ഉണ്ടാകൂ എന്നായിരുന്നു പുതിയ പ്രസിഡന്റിന്റെ പ്രഖ്യാപനം. എല്‍ജിബിടി സമൂഹത്തെ പാടെ ആശങ്കയിലാഴ്ത്തുന്ന നീക്കമാണ് ട്രംപില്‍ നിന്നുണ്ടായത്. ഈ ആശങ്ക തന്നെയാണ് ബിഷപ്പ് ഉയര്‍ത്തിക്കാണിച്ചതും. എല്ലാ രാഷ്ട്രീയ പശ്ചാത്തലങ്ങളില്‍ നിന്നുമുള്ള ”സ്വവര്‍ഗാനുരാഗികളോടും ലെസ്ബിയന്‍, ട്രാന്‍സ്ജെന്‍ഡര്‍ കുട്ടികളോടും” കരുണ കാണിക്കണമെന്നാണ് ട്രംപിനോട് ബിഷപ്പ് അഭ്യര്‍ത്ഥിച്ചത്. ആ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ ”അവരുടെ ജീവിതത്തെക്കുറിച്ചോര്‍ത്ത് ഭയപ്പെടുന്നു” എന്ന് അവര്‍ പറഞ്ഞു. അതുപോലെ, നാടുകടത്തപ്പെടുമെന്ന് ഭയപ്പെടുന്ന കുടിയേറ്റ കുടുംബങ്ങളോടും പ്രസിഡന്റ് കരുണ കാണിക്കണമെന്നും ട്രംപിനോട് അഭ്യര്‍ത്ഥിച്ചു. യുദ്ധത്തില്‍ നിന്നും പീഡനങ്ങളില്‍ നിന്നും പലായനം ചെയ്തു വരുന്നവരെ സഹായിക്കണമെന്ന സന്ദേശം പകരുവാനാണ് ബിഷപ്പ് തന്റെ പ്രസംഗം ഉപയോഗിച്ചത്. കുടിയേറ്റക്കാരുടെ സംഭാവനകളെക്കുറിച്ച് അവര്‍ പ്രസിഡന്റിനെ ഓര്‍മിപ്പിച്ചു: ‘ഭൂരിപക്ഷം കുടിയേറ്റക്കാരും കുറ്റവാളികളല്ല,’ അവര്‍ ‘നല്ല അയല്‍ക്കാരും’ ‘നമ്മുടെ പള്ളികളിലെയും മോസ്‌കുകളിലെയും സിനഗോഗുകളിലെയും ഗുരുദ്വാരകളിലെയും ക്ഷേത്രങ്ങളിലെയും വിശ്വസ്തരായ അംഗങ്ങളായിരുന്നു’ എന്നും കൂട്ടിച്ചേര്‍ത്തു.
‘അപരിചിതരോട് കരുണ കാണിക്കണമെന്ന് നമ്മുടെ ദൈവം നമ്മെ പഠിപ്പിക്കുന്നു, കാരണം ഞങ്ങള്‍ ഈ നാട്ടില്‍ ഒരിക്കല്‍ അപരിചിതരായിരുന്നു,” ബിഷപ്പ് ട്രംപിനോട് ഓര്‍മിപ്പിക്കുന്നു.
ഇതാദ്യമായല്ല ബിഷപ്പ് ബുഡ്‌ഡേ ട്രംപുമായി ഏറ്റുമുട്ടുന്നത്. ട്രംപിന്റെ ആദ്യ ടേമില്‍, ന്യൂയോര്‍ക്ക് ടൈംസില്‍ ബുഡ്‌ഡേ ട്രംപിനെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. 2020 ജൂണിലെ ലേഖനത്തില്‍, ജോര്‍ജ് ഫ്‌ളോയിഡിന്റെ വംശീയ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സമാധാനപരമായി പ്രകടനം നടത്തിയവരെ ഫെഡറല്‍ ഉദ്യോഗസ്ഥര്‍ ബലം പ്രയോഗിച്ച് നീക്കം ചെയ്തിരുന്നു. ഇതിനു പിന്നാലെ ഫോട്ടോയ് പോസ് ചെയ്യാനായി ഒരു കൈയില്‍ ബൈബിള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ട്രംപ് വാഷിംഗ്ടണ്‍ ഡിസിയിലെ സെന്റ് ജോണ്‍സ് എപ്പിസ്‌കോപ്പല്‍ പള്ളിക്ക് മുന്നില്‍ നിന്നതിനെതിരേയായിരുന്നു ബിഷപ്പ് ബുഡ്‌ഡേ തന്റെ രോഷം പ്രകടിപ്പിച്ചത്. ‘ആത്മീയ അധികാരത്തിന്റെ മേലങ്കി ധരിക്കാന്‍ ട്രംപ് വിശുദ്ധ ചിഹ്നങ്ങള്‍ ഉപയോഗിച്ചു, അതേസമയം തന്റെ കൈകളില്‍ പിടിച്ചിരുന്ന ബൈബിളിന് വിരുദ്ധമായ നിലപാടുകളും ഉയര്‍ത്തി’ എന്നായിരുന്നു ബുഡ്‌ഡേ എഴുതിയത്. ട്രംപിനോടുള്ള തന്റെ എതിര്‍പ്പ് പിന്നെയും മാധ്യമങ്ങളിലൂടെ പരസ്യമായി ബിഷപ്പ് ബുഡ്‌ഡേ പ്രകടിപ്പിച്ചിട്ടുണ്ട്. എബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ബിഷപ്പ് പറഞ്ഞത്, ‘പ്രസിഡന്റ് ട്രംപിനോട് സംസാരിക്കുന്നത് ഉപേക്ഷിച്ചു’ എന്നായിരുന്നു. ‘ഞങ്ങള്‍ക്ക് പ്രസിഡന്റ് ട്രംപിനെ മാറ്റേണ്ടതുണ്ട്.’ ‘ഈ രാജ്യം അര്‍ഹിക്കുന്ന വഴികളില്‍ ഞങ്ങളെ നയിക്കുന്ന നേതൃത്വമാണ് ഞങ്ങള്‍ക്ക് വേണ്ടത്,’ എന്നായിരുന്നു ബുഡ്‌ഡേ ആഹ്വാനം ചെയ്തത്.
ജോര്‍ജ് ഫ്‌ളോയ്ഡ് വെള്ളക്കാരന്‍ പൊലീസിന്റെ വംശീയ വെറിയുടെ ഇരയായി ജീവന്‍ വെടിഞ്ഞ സംഭവത്തില്‍, ബിഷപ്പ് ബുഡ്‌ഡേ ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ടായിരുന്നു. ആ കാലത്ത് സോഷ്യല്‍ മീഡിയയില്‍, ‘സമാധാനപരമായ പ്രതിഷേധത്തിന്റെ പവിത്രമായ പ്രവൃത്തി’ എന്നായിരുന്നു, ഫ്‌ളോയിഡിന്റെ മരണത്തിന് നീതി തേടുന്നവരെ പിന്തുണച്ചു കൊണ്ട് ബിഷപ്പ് എഴുതിയത്. ‘വംശീയ തുല്യത, തോക്ക് അക്രമം തടയല്‍, കുടിയേറ്റ പരിഷ്‌കരണം, എല്‍ജിബിടിക്യു+ വ്യക്തികളുടെ പൂര്‍ണമായ ഉള്‍പ്പെടുത്തല്‍, സൃഷ്ടിയുടെ പരിപാലനം എന്നിവയുള്‍പ്പെടെയുള്ള നീതിന്യായ ആശങ്കകളെ പിന്തുണയ്ക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വ്യക്തി എന്നാണ് വാഷിംഗ്ടണ്‍ എപ്പിസ്‌കോപ്പല്‍ രൂപതയുടെ വെബ്സൈറ്റില്‍ ബുഡ്‌ഡേയെ വിശേഷിപ്പിച്ചിരിക്കുന്നത്. റോച്ചസ്റ്റര്‍ സര്‍വകലാശാലയില്‍ നിന്ന് അവര്‍ ചരിത്രത്തില്‍ ഉന്നത വിജയത്തോടെ ബിരുദം(മാഗ്‌ന കം ലോഡ് ബിരുദം) നേടിയിട്ടുണ്ട്. വിര്‍ജീനിയ തിയോളജിക്കല്‍ സെമിനാരിയില്‍ നിന്ന് അവര്‍ ഡോക്ടര്‍ ഓഫ് മിനിസ്ട്രി, മാസ്റ്റര്‍ ഓഫ് ഡിവൈനിറ്റി എന്നിവയിലും ബിരുദം നേടിയിട്ടുണ്ട്. ബിഷപ്പ് ബുഡ്‌ഡേയ്ക്കും ഭര്‍ത്താവ് പോളിനും രണ്ട് ആണ്‍മക്കളാണുള്ളത്. ഇവരുടെ കുഞ്ഞുങ്ങളുടെ മുത്തശ്ശനും മുത്തശ്ശിയും കൂടിയാണ് ബുഡ്‌ഡേയും പോളും. തന്റെ ശുശ്രൂഷാ ചുമതലകള്‍ കൂടാതെ, ബുഡ്ഡെ മൂന്ന് പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട് – How We Learn to Be Brave: Decisive Moments in Life and Faith, Receiving Jesus: The Way of Love, and Gathering Up the Fragments: Preaching as Spiritual Practice. എന്നിവയാണ് ബിഷപ്പിന്റെ പുസ്തകങ്ങള്‍.
ട്രംപിന് മുന്നില്‍ നടത്തിയ ആഹ്വാനത്തിന്റെ പിറ്റേന്ന്, ബുധനാഴ്ച രാവിലെ ദി വ്യൂവില്‍ ബുഡ്‌ഡേ തന്റെ പ്രവര്‍ത്തിയെ ന്യായീകരിച്ചു പറഞ്ഞത്, ചൊവ്വാഴ്ചത്തെ തന്റെ ഉത്തരവാദിത്തം ”രാജ്യത്തോടൊപ്പം ഐക്യത്തിനായി പ്രാര്‍ത്ഥിക്കുക” എന്നതായിരുന്നുവെന്നാണ്.
‘ഐക്യത്തിന്റെ അടിസ്ഥാനം എന്താണെന്ന് ഞാന്‍ ആലോചിക്കുമ്പോള്‍, ഓരോ മനുഷ്യന്റെയും ബഹുമാനവും അന്തസ്സും, അടിസ്ഥാന സത്യസന്ധതയും വിനയവും മാനിക്കുന്നതിന് ഊന്നല്‍ നല്‍കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്,’ എന്നായിരുന്നു ബിഷപ്പ് പറഞ്ഞത്. ‘ഐക്യത്തിന് ഒരു പരിധിവരെ കരുണയും അനുകമ്പയും വിവേകവും ആവശ്യമാണെന്ന് ഞാന്‍ മനസ്സിലാക്കി’യെന്നും ബുഡ്‌ഡേ പറഞ്ഞു. ”നമ്മുടെ രാജ്യത്ത് ഇപ്പോള്‍ ധാരാളം ആളുകള്‍ ശരിക്കും ഭയപ്പെട്ടിരിക്കുന്നുവെന്ന് അറിഞ്ഞുകൊണ്ട്, ഐക്യത്തിനായി, ആ ശുശ്രൂഷ പ്രാര്‍ത്ഥനയുടെ പശ്ചാത്തലത്തില്‍ അവസരം പ്രയോജനപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിച്ചു, എല്ലാവരോടും മാന്യമായി പെരുമാറണമെന്നും ഞങ്ങള്‍ കരുണയുള്ളവരായിരിക്കണമെന്നും പറയാന്‍ ഞാന്‍ ആഗ്രഹിച്ചു. , വളരെ വിഭജനവും ധ്രുവീകരണവും ഉള്ളതും യഥാര്‍ത്ഥ ആളുകള്‍ക്ക് ദോഷം വരുത്തുന്നതുമായ ആഖ്യാനത്തെ ചെറുക്കാന്‍ ഞാന്‍ ശ്രമിക്കുകയായിരുന്നു.”- ബിഷപ്പ് വ്യക്തമാക്കി. Who is bishop Mariann Edgar Budde who angered Donald Trump
Content Summary; Who is bishop Mariann Edgar Budde who angered Donald Trump