കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്റെ സമകാലീനനായ മറ്റൊരു കാര്‍ട്ടൂണിസ്റ്റ് കൂടി കൊല്ലത്തുനിന്ന് ഉണ്ടായിരുന്നു. വാസു എന്ന ശ്രീനിവാസ വാസു. കൊല്ലം സ്വദേശിയാണെങ്കിലും മദ്രാസിലായിരുന്നു കൂടുതല്‍ കാലം ജീവിച്ചത്. ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിന്റെ പത്രാധിപര്‍ ആയിരിക്കുമ്പോള്‍ പത്രത്തിലെ കാര്‍ട്ടൂണുകളുടെ വിലയറിയാമായിരുന്ന പോത്തന്‍ ജോസഫ് ആയിരുന്നു വാസുവിനെ കാര്‍ട്ടൂണിസ്റ്റ് എന്ന നിലയില്‍ കൈപിടിച്ചുയര്‍ത്തിയത്. ആ ബന്ധം പിന്നീട് സ്റ്റാര്‍ ഓഫ് ഇന്ത്യ എന്ന സായാഹ്ന പത്രത്തിലും, മുഹമ്മദ് അലി ജിന്നയുടെ ഡോണ്‍ ദിനപത്രത്തിലും, ദി പയനീറിലും വാസുവിനെ കാര്‍ട്ടൂണിസ്റ്റാക്കി മാറ്റി. കാര്‍ട്ടൂണിസ്റ്റ് ശങ്കറും, വാസുവും ഡേവിഡ് ലോയുടെ ശൈലിയാണ് പിന്തുടര്‍ന്നത് എന്ന് കാണാം.
കാര്‍ട്ടൂണിസ്റ്റ് എന്ന നിലയില്‍ രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലെ അധികായരായ ഗാന്ധിജി, നെഹ്‌റു, രാജാജി, ജെ.ആര്‍.ഡി ടാറ്റ തുടങ്ങിയവരുമായി വാസു നല്ല ബന്ധം പുലര്‍ത്തി. മൃഗീയമായി ആരെയും തന്നെ തന്റെ കാര്‍ട്ടൂണില്‍ ചിത്രീകരിക്കുവാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. വിമര്‍ശിക്കപ്പെടുന്നവരും ആസ്വദിക്കണം എന്ന പക്ഷക്കാരനായിരുന്നു വാസു. എങ്കിലും ബംഗാള്‍ പ്രധാനമന്ത്രിയായിരുന്ന (അക്കാലത്ത് മുഖ്യമന്ത്രിമാര്‍ പ്രധാനമന്ത്രി എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്) ഫസ് ലുള്‍ ഹഖീനെ പന്നിയുടെ രൂപഭാവങ്ങളോടെ ചിത്രീകരിച്ചത് വിവാദമാവുകയുണ്ടായി. ഇത് വാസുവിനെ ഏറെ ദുഃഖിതനാക്കി.
ബ്രഷ് ഉപയോഗിച്ച് കാര്‍ട്ടൂണ്‍ വരയ്ക്കുന്ന രീതിയാണ് വാസു പിന്തുടര്‍ന്നിരുന്നത്. അതു കൊണ്ടുതന്നെ ശങ്കറിന്റെ പോലെ കാര്‍ട്ടൂണുകളിലെ മനോഹാരിത വാസുവിന്റെ കാര്‍ട്ടൂണിലും നമുക്ക് കാണുവാന്‍ സാധിക്കും. ദേശീയ അന്തര്‍ദേശീയ വിഷയങ്ങള്‍ അദ്ദേഹം കൈകാര്യം ചെയ്തിരുന്നു എന്ന് അദ്ദേഹത്തിന്റെ പഴയകാല കാര്‍ട്ടൂണുകള്‍ വ്യക്തമാക്കുന്നു. ഒരു മലയാളി എന്നുള്ള നിലയിലാണ് അദ്ദേഹം കാര്‍ട്ടൂണ്‍ രംഗത്ത് ചൂടുവച്ചതെങ്കിലും, കേരള രാഷ്ട്രീയത്തെക്കുറിച്ച് അദ്ദേഹം വരച്ചതായി കാണുന്നില്ല. ഗാന്ധിയും നെഹ്‌റുവും അംബേദ്കറുമെല്ലാം വാസുവിന്റെ കാര്‍ട്ടൂണിലെ സ്ഥിരം കഥാപാത്രങ്ങളായിരുന്നു എന്ന് കാണാവുന്നതാണ്.
സ്വാതന്ത്ര്യത്തിന് മുമ്പായിരുന്നു വാസു എന്ന കാര്‍ട്ടൂണിസ്റ്റിന്റെ തൂലികയില്‍ ശക്തമായ കാര്‍ട്ടൂണുകള്‍ ഉണ്ടായിട്ടുള്ളത്. സ്വാതന്ത്ര്യ സമരത്തിന് ശക്തി പകരുന്ന കാര്‍ട്ടൂണുകള്‍ ആയിരുന്നു അവയില്‍ പലതും എന്ന് കാണാവുന്നതാണ്. ഗാന്ധിയും, നെഹ്‌റുവും, അംബേദ്കറും വാസുവിന്റെ കാര്‍ട്ടൂണുകളിലെ പ്രധാന കഥാപാത്രങ്ങളായിരുന്നു. ഇന്ത്യന്‍ ഭരണഘടന രൂപം നല്‍കുന്ന അവസരത്തില്‍ വാസു വരച്ച കാര്‍ട്ടൂണ്‍ പ്രാധാന്യമുള്ളതാണ്. അതൊക്കെ ചരിത്രമാണ്. ബ്രിട്ടീഷ് ഭരണാധികാരികള്‍ക്കെതിരെയുള്ള ഒട്ടേറെ കാര്‍ട്ടൂണുകള്‍ വാസുവും വരച്ചിട്ടുണ്ട്. കാര്‍ട്ടൂണിസ്റ്റ് ശങ്കറിനെ പോലെ ബ്രിട്ടീഷ് ഭരണാധികാരികള്‍ക്ക് പ്രിയങ്കരനായ വ്യക്തിയായിരുന്നു വാസുവും.
ശങ്കറിനെയും മറ്റും പ്രശസ്തിയുടെ നെറുകയില്‍ എത്തിച്ച പോത്തന്‍ ജോസഫ് തന്നെയാണ് പലപ്പോഴും വാസുവിന് വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി പ്രോത്സാഹിപ്പിച്ചിരുന്നത്. ഡോണിന് ശേഷം നാഷണല്‍ കോള്‍, നാഷണല്‍ ഹെറാള്‍ഡ്, പയനീര്‍, ശങ്കേഴ്‌സ് വീക്കിലി തുടങ്ങി ഒട്ടേറെ പ്രസിദ്ധീകരണങ്ങളില്‍ കാര്‍ട്ടൂണിസ്റ്റായി ജോലി ചെയ്ത ശേഷമാണ് ദി ഹിന്ദു ഉള്‍പ്പെടെയുള്ള വിവിധ പത്രങ്ങളില്‍ വാസു കാര്‍ട്ടൂണിസ്റ്റ് ആയത്. കാര്‍ട്ടൂണിസ്റ്റ് എന്ന നിലയിലെ പത്രപ്രവര്‍ത്തനം ഒരു ജീവിതോപാധിയാക്കി മാന്യമായ ശമ്പളം കൈപ്പറ്റി സ്വാതന്ത്ര്യസമരത്തിന്റെ വികാരം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ച വ്യക്തിയാണ് വാസു. 1972 ല്‍ കാര്‍ട്ടൂണിസ്റ്റ് വാസു കാര്‍ട്ടൂണ്‍ രചനയോട് വിട പറഞ്ഞു. 1992 സെപ്റ്റംബര്‍ മാസം ഇരുപതാം തീയതി ചെന്നൈയില്‍ വച്ച് കാര്‍ട്ടൂണിസ്റ്റ് വാസു അന്തരിച്ചു. who is cartoonist vasu
Content Summary: who is cartoonist vasu