January 21, 2025 |

ആരാണ് ചിന്മോയി കൃഷ്ണ ദാസ് ബ്രഹ്‌മചാരി?

ഇന്ത്യയിലും ബംഗ്ലാദേശിലും ഒരുപോലെ ഉയര്‍ന്നു കേള്‍ക്കുന്ന പേര്

ബംഗ്ലാദേശിലും ഇന്ത്യയിലും ഇപ്പോള്‍ ചര്‍ച്ച വിഷയമായ പേരാണ് ചിന്മോയി കൃഷ്ണദാസ് ബ്രഹ്‌മചാരി അഥവ ചിന്‍മയ് കൃഷ്ണ പ്രഭു. ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്നെസ് (ഇസ്‌കോണ്‍)-ലെ അംഗമായ ചിന്മോയ്, ബംഗ്ലാദേശിലെ ഒരു പ്രമുഖ മത നേതാവും രാഷ്ട്രീയ നേതാവുമാണ്. 1985 മെയ് മാസത്തില്‍ ചാട്ടോഗ്രാമിലെ സത്കാനിയ ഉപസിലയിലെ കരിയാനഗര്‍ ഗ്രാമത്തില്‍ ജനിച്ച ദാസ് ഒരു ആത്മീയ നേതാവെന്ന നിലയിലും ബംഗ്ലാദേശിലെ ഹിന്ദു സമൂഹത്തിന്റെ അവകാശങ്ങള്‍ക്കും സുരക്ഷയ്ക്കും വേണ്ടി വാദിക്കുന്നയാളെന്ന നിലയിലുമാണ് പ്രശസ്തി നേടിയത്.

ആദ്യകാല ജീവിതവും ആത്മീയ യാത്രയും
ബാലപ്രഭാഷകനെന്ന നിലയില്‍ മതപ്രഭാഷണങ്ങളോടുള്ള അസാധാരണമായ അഭിരുചി പ്രകടമാക്കി, ചെറുപ്പത്തില്‍ തന്നെ ചിന്‍മോയ് കൃഷ്ണ ദാസ് തന്റെ ആത്മീയ യാത്ര ആരംഭിച്ചിരുന്നു. ഇസ്‌കോണുമായുള്ള അദ്ദേഹത്തിന്റെ ഔപചാരികമായ ബന്ധം 1997-ല്‍ 12-മത്തെ വയസ്സിലാണ് ആരംഭിക്കുന്നത്. ആ കാലത്താണ് അദ്ദേഹം ദീക്ഷ (ദീക്ഷ) സ്വീകരിച്ച് ഒരു ബ്രഹ്‌മചാരി (ബ്രഹ്‌മചാരി സന്യാസി) ആയി മാറുന്നത്. പില്‍ക്കാലത്ത് ഇസ്‌കോണില്‍, പ്രത്യേകിച്ച് ചിറ്റഗോം(ചാറ്റോഗ്രാം) മേഖലയില്‍ അദ്ദേഹത്തിന്റെ പ്രശസ്തി വ്യാപിച്ചു. 20കളുടെ തുടക്കത്തില്‍ എത്തിയതോടെ തന്നെ അദ്ദേഹം സംഘടനയ്ക്കുള്ളില്‍ സ്വാധീനമുള്ള വ്യക്തിയായി മാറിയിരുന്നു. ചിറ്റഗോംഗിലെ ഇസ്‌കോണിന്റെ ഡിവിഷണല്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറിയായും പിന്നീട്, ഒരു മതകേന്ദ്രമായ പുണ്ഡരിക് ധാമിന്റെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചു.

രാഷ്ട്രീയ ഇടപെടല്‍
തുടക്കത്തില്‍ ആത്മീയ കാര്യങ്ങളില്‍ മാത്രമായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതെങ്കിലും, ബംഗ്ലാദേശിലെ മതന്യൂനപക്ഷങ്ങളുടെ സ്ഥിതി കൂടുതല്‍ വഷളായതോടെ ചിന്‍മോയ് കൃഷ്ണ ദാസ് രാഷ്ട്രീയത്തിലും ഇടപെടാന്‍ തുടങ്ങി. സമീപ മാസങ്ങളില്‍, ബംഗ്ലാദേശിലെ ഹിന്ദു സമുദായങ്ങള്‍ക്കും ക്ഷേത്രങ്ങള്‍ക്കും നേരെയുണ്ടായ അക്രമാസക്തമായ ആക്രമണങ്ങളെത്തുടര്‍ന്ന്, അദ്ദേഹം ഹിന്ദുക്കളുടെ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്താന്‍ തുടങ്ങി. 2024 ഓഗസ്റ്റില്‍ ഷെയ്ഖ് ഹസീന ഭരണകൂടം താഴെ വീണതിനു പിന്നാലെ രാജ്യത്ത് സംഘര്‍ഷങ്ങള്‍ പൊട്ടിപ്പുറപ്പെട്ടതോടെയാണ് ചിന്മോയി കൂടുതല്‍ ശക്തമായി ഹിന്ദുക്കളുടെ ശബ്ദം ഉയര്‍ത്തിയത്. മതന്യൂനപക്ഷങ്ങള്‍ക്കുവേണ്ടിയുള്ള അദ്ദേഹത്തിന്റെ ആക്ടിവിസം അദ്ദേഹത്തെ ഹിന്ദു സമൂഹത്തിലെ പ്രധാനിയാക്കി. ഹിന്ദു സ്വത്തുക്കള്‍, ക്ഷേത്രങ്ങള്‍, വ്യക്തികള്‍ എന്നിവ ലക്ഷ്യമിട്ടുള്ള വര്‍ദ്ധിച്ചുവരുന്ന അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ചിന്മോയിയെ ഹിന്ദു സമുദായം അവരുടെ പ്രധാന പോരാളിയായി കണ്ടു.

Chinmoyi Krishnadas

രാജ്യത്തെ ഹിന്ദു അവകാശങ്ങളും മതസ്വാതന്ത്ര്യവും സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള ബംഗ്ലാദേശ് സമ്മിലിത സനാതനി ജാഗ്രന്‍ ജോട്ടെ എന്ന സംഘടനയുടെ വക്താവായതോടെ ദാസിന്റെ രാഷ്ട്രീയ ഇടപെടല്‍ കൂടുതല്‍ വിപുലമായി. ഹിന്ദുക്കള്‍ക്കും മറ്റ് ന്യൂനപക്ഷങ്ങള്‍ക്കുമെതിരായ ആക്രമണങ്ങളെ അപലപിച്ചതിലൂടെ അദ്ദേഹം കൂടുതല്‍ ശ്രദ്ധനേടി. മതപരമായ അക്രമങ്ങളില്‍ നിന്ന് സംരക്ഷണം തേടുന്നവരെ അദ്ദേഹം തന്റെ കീഴില്‍ അണിനിര്‍ത്തി.

അറസ്റ്റും നിയമപരമായ വെല്ലുവിളികളും
രാജ്യദ്രോഹക്കുറ്റം ചുമത്തി 2024 നവംബര്‍ 25 ന് ധാക്ക മെട്രോപൊളിറ്റന്‍ പോലീസ് ചിന്‍മോയ് കൃഷ്ണ ദാസിനെ അറസ്റ്റ് ചെയ്തതോടെ ദാസ് ബംഗ്ലാദേശിനും ഇന്ത്യക്കും പുറത്തും ചര്‍ച്ചയായി. 2024 ഒക്ടോബര്‍ 25-ന് ചിറ്റഗോങ്ങില്‍ നടന്ന റാലിയില്‍ ബംഗ്ലാദേശ് പതാകയെ അനാദരിച്ചുവെന്നാരോപിച്ചാണ് അദ്ദേഹത്തിനെതിരേ രാജ്യത്തെ 1860-ലെ ശിക്ഷാ നിയമപ്രകാരം കുറ്റം ചുമത്തിയത്. ചിന്മോയി ദാസിന്റെ അറസ്റ്റിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നു. അറസ്റ്റിനു പിന്നിലെ ലക്ഷ്യം ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിനെതിരേയുള്ള ചോദ്യമായി. രാജ്യത്തെ ന്യൂനപക്ഷത്തിന്റെ പ്രധാന വക്താവ് ആയ ചിന്മോയിയുടെ ശബ്ദം സര്‍ക്കാര്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് വിമര്‍ശകര്‍ കുറ്റപ്പെടുത്തി. നവംബര്‍ 22 ന്, അറസ്റ്റിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ്, ദാസ് രംഗ്പൂരില്‍ നടന്ന റാലിയില്‍ ഹിന്ദുക്കള്‍ക്കെതിരായ അതിക്രമങ്ങളെ ശകതമായി അപലപിച്ച് ചിന്മോയി സംസാരിച്ചിരുന്നു.

Post Thumbnail
ഉരുകി ഒലിച്ച് ഏഷ്യവായിക്കുക

ചിന്മോയിയുടെ അറസ്റ്റ് ബംഗ്ലാദേശില്‍ മാത്രം ഒതുങ്ങുന്ന വിഷയമായില്ല. അത് പുറത്തും ചര്‍ച്ചയായി, പ്രത്യേകിച്ച് ഇന്ത്യയില്‍. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം (MEA)ഹിന്ദു സന്ന്യാസിയുടെ അറസ്റ്റിലും തുടര്‍ന്നുള്ള തടങ്കലിലും ‘അഗാധമായ ആശങ്ക’ പ്രകടിപ്പിച്ചു. ബംഗ്ലാദേശിലെ ഹിന്ദു സമൂഹത്തിനും മറ്റ് ന്യൂനപക്ഷങ്ങള്‍ക്കുമെതിരായ വര്‍ദ്ധിച്ചുവരുന്ന അക്രമങ്ങള്‍ക്കിടയിലാണ് അറസ്റ്റ് നടന്നതെന്ന് ഇന്ത്യ പരാതിയുയര്‍ത്തി. ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണം ബംഗ്ലാദേശ് അധികാരികളാല്‍ പരിഹരിക്കപ്പെട്ടിട്ടില്ലെന്നും ഇന്ത്യ വ്യക്തമാക്കി.

തുടര്‍ച്ചയായ അക്രമങ്ങള്‍ക്കിടയിലും, സമാധാനത്തിനും മതസ്വാതന്ത്ര്യ സംരക്ഷണത്തിനും വേണ്ടി വാദിക്കുന്ന ദാസിനെപ്പോലുള്ള മതനേതാക്കള്‍ നിയമനടപടി നേരിടുകയാണെന്നും, അതേസമയം അക്രമികള്‍ ശിക്ഷിക്കപ്പെടുന്നില്ലെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ചുണ്ടിക്കാട്ടി.

പാരമ്പര്യവും സ്വാധീനവും
താരതമ്യേന അപ്രശസ്തനായ ഒരു മതനേതാവില്‍ നിന്ന് ബംഗ്ലാദേശിലെ ഹിന്ദു അവകാശങ്ങള്‍ക്കായുള്ള ഏറ്റവും പ്രധാനപ്പെട്ട ശബ്ദങ്ങളിലൊന്നായി ചിന്‍മോയ് കൃഷ്ണ ദാസ് ബ്രഹ്‌മചാരിയുടെ വളര്‍ച്ച അതിവേഗമായിരുന്നു. രാജ്യത്തെ ഹിന്ദുക്കളുടെയും മറ്റ് ന്യൂനപക്ഷങ്ങളുടെയും സംരക്ഷണത്തിനായുള്ള അദ്ദേഹത്തിന്റെ വാദങ്ങള്‍ പലരും ഏറ്റെടുത്തു. അദ്ദേഹത്തിന്റെ പിന്തുണ വര്‍ദ്ധിച്ചു. പ്രതിസന്ധി ഘട്ടങ്ങളില്‍ സ്വസമുദായത്തിന്റെ അവകാശങ്ങള്‍ക്കായി പരസ്യമായി രംഗത്തു നിന്ന നേതാവെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ബംഗ്ലാദേശിന്റെ വിശാലമായ രാഷ്ട്രീയ-മത ഭൂപ്രകൃതിയിലെ ഒരു പ്രധാന വ്യക്തിയാക്കി ചിന്മോയിയെ മാറ്റി. മാസങ്ങള്‍ക്ക് മുമ്പ് ഇസ്‌കോണ്‍ ബംഗ്ലാദേശിലെ അവരുടെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കം ചെയ്തെങ്കിലും, ബംഗ്ലാദേശിലെ മതന്യൂനപക്ഷങ്ങള്‍ അഭിമുഖീകരിക്കുന്ന രാഷ്ട്രീയവും സാമൂഹികവുമായ പോരാട്ടങ്ങളില്‍ മുന്നില്‍ നിന്നതിലൂടെ ചിന്മോയി ദാസ് തന്റെ സ്വാധീനം വര്‍ദ്ധിപ്പിച്ചുകൊണ്ടിരുന്നു. അദ്ദേഹത്തിന്റെ അറസ്റ്റും തുടരുന്ന തടങ്കലും നിയമയുദ്ധങ്ങളും ദേശീയ പ്രാധാന്യമുള്ള വ്യക്തിയെന്ന നിലയിലും രാജ്യത്തെ ഹിന്ദുക്കളുടെ പാര്‍ശ്വവല്‍ക്കരണത്തിനെതിരായ ചെറുത്തുനില്‍പ്പിന്റെ പ്രതീകമെന്ന നിലയിലും ചിന്മോയി കൃഷ്ണദാസ് ബ്രഹ്‌മചാരിയുടെ സ്ഥാനം കൂടുതല്‍ ഉറപ്പിക്കുന്നു.  Who is Chinmoy Krishna Das Brahmachari?

Content Summary; Who is Chinmoy Krishna Das Brahmachari?

×