നേപ്പാളിന്റെ ഇടക്കാല സര്‍ക്കാരിനെ നയിക്കാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന പേരുകളിലൊന്നാണ് മുന്‍ ചീഫ് ജസ്റ്റിസ് സുശീല കാര്‍ക്കിയുടേത്. സ്ഥാനഭ്രഷ്ടനാക്കപ്പെട്ട പ്രധാനമന്ത്രി കെ.പി. ശര്‍മ്മ ഒലി തന്നെ ഒരിക്കല്‍ ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് ശുപാര്‍ശ ചെയ്ത വ്യക്തി കൂടിയാണ് അവര്‍ എന്നുള്ളത് ഒരു വിരോധാഭാസമായി കണക്കാക്കാം. 2016 ജൂലൈ 11-ന് നേപ്പാളിന്റെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് പദവിയിലെത്തിയതും കാര്‍ക്കിയാണ്.
നേപ്പാളിലെ നീതിന്യായ വ്യവസ്ഥയിലെ നിര്‍ഭയയായ വ്യക്തിത്വമായി അറിയപ്പെടുന്ന കാര്‍ക്കി, തന്റെ ഒരു വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തില്‍ രാജ്യത്തെ ചില പ്രമുഖ മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ ശക്തമായ വിധികള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍, ഇതിനോടൊപ്പം കൗതുകകരമായ മറ്റൊരു വസ്തുത കൂടിയുണ്ട്. നേപ്പാളിലെ ആദ്യത്തെയും അവസാനത്തെതുമായ വിമാന റാഞ്ചലില്‍ പങ്കെടുത്തയാളാണ് അവരുടെ ഭര്‍ത്താവ്. ഈ പശ്ചാത്തലം അവരുടെ ജീവിതത്തിലെ ഒരു പ്രധാന ഏടായി കണക്കാക്കപ്പെടുന്നു.
അഴിമതിക്കെതിരെയുള്ള പോരാളി
കാര്‍ക്കി തന്റെ നിയമ ജീവിതം അടയാളപ്പെടുത്തിയത് അഴിമതിക്കെതിരെയും നീതിന്യായ പരിഷ്‌കാരങ്ങള്‍ക്കുവേണ്ടിയും എടുത്ത ശക്തമായ നിലപാടുകളിലൂടെയാണ്. വാരാണസിയിലെ ബനാറസ് ഹിന്ദു സര്‍വകലാശാല (BHU) പൂര്‍വ്വ വിദ്യാര്‍ത്ഥിയായ അവര്‍, ജനരോഷം കാരണം രാജ്യം പ്രതിസന്ധിയിലായി നില്‍ക്കുമ്പോള്‍ ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുകയാണെങ്കില്‍ തന്റെ ധൈര്യവും ആര്‍ജ്ജവവും വീണ്ടും തെളിയിക്കേണ്ടിവരും. അഴിമതിക്കും സ്വേച്ഛാധിപത്യത്തിനുമെതിരായ ‘ജെന്‍ സി’ പ്രക്ഷോഭങ്ങള്‍ക്ക് ശേഷം നേപ്പാള്‍ ഒരു നിര്‍ണ്ണായക ഘട്ടത്തില്‍ എത്തിനില്‍ക്കുകയാണ്.
ഒരു ജഡ്ജി എന്ന നിലയില്‍, കാര്‍ക്കിയുടെ ഏറ്റവും ശ്രദ്ധേയമായ വിധി ജയപ്രകാശ് ഗുപ്ത എന്ന അന്നത്തെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ മന്ത്രിയെ ജയിലിലടച്ചതാണ്. ഇത് നേപ്പാളിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു മന്ത്രിയെ അധികാരത്തിലിരിക്കെ ജയിലിലടയ്ക്കുന്ന സംഭവമായിരുന്നു. കൂടാതെ, അഴിമതി വിരുദ്ധ ബ്യൂറോയുടെ തലവനായിരുന്ന ലോക്മാന്‍ സിംഗ്, കാര്‍ക്കിയെ സ്ഥാനത്തുനിന്ന് നീക്കം ചെയ്തതും അവരുടെ മറ്റൊരു സുപ്രധാന വിധിയാണ്. ഈ നടപടി അദ്ദേഹത്തെ കാനഡയിലേക്ക് നാടുകടത്തപ്പെടാന്‍ നിര്‍ബന്ധിതനാക്കി.
ഇംപീച്ച്‌മെന്റ് നടപടികള്‍ നേരിട്ടു
ചീഫ് ജസ്റ്റിസ് പദവിയില്‍ സുശീല കാര്‍ക്കിയുടെ ഔദ്യോഗിക ജീവിതം വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. അവരുടെ ധീരമായ നടപടികള്‍ രാഷ്ട്രീയ തിരിച്ചടികള്‍ക്ക് കാരണമായി. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടു എന്നാരോപിച്ച് നേപ്പാള്‍ പാര്‍ലമെന്റ് അവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവന്നു. ഇതേത്തുടര്‍ന്ന് അവര്‍ താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്യപ്പെട്ടെങ്കിലും, പിന്നീട് സുപ്രീം കോടതി തന്നെ അവരെ ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് തിരിച്ചെടുത്തു. ഈ സംഭവം ഭാവിയില്‍ ഒരു ഇംപീച്ച്‌മെന്റ് പ്രമേയം വരുമ്പോള്‍ ചീഫ് ജസ്റ്റിസിനെ സസ്‌പെന്‍ഡ് ചെയ്യുന്ന രീതിയില്‍ മാറ്റം വരുത്താന്‍ സുപ്രീം കോടതിയെ പ്രേരിപ്പിച്ചു.
ബിരാട്‌നഗറില്‍ ജനിച്ച കാര്‍ക്കിയുടെ കുടുംബത്തിന് നേപ്പാളി കോണ്‍ഗ്രസ് സ്ഥാപകനായ ബി.പി. കൊയ്രാളയുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഡോക്ടറാക്കാനായിരുന്നു അച്ഛന്‍ ആഗ്രഹിച്ചതെങ്കിലും, കാര്‍ക്കി നിയമം പഠിക്കാന്‍ തിരഞ്ഞെടുക്കുകയായിരുന്നു. ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ (ആഒഡ) നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടിയ സമയത്താണ് ജീവിത പങ്കാളിയായ ദുര്‍ഗാ പ്രസാദ് സുബേദിയെ കണ്ടുമുട്ടുന്നത്. സുബേദിയും കൊയ്രാളയുടെ സഹായിയും നേപ്പാളി കോണ്‍ഗ്രസിന്റെ യുവനേതാവുമായിരുന്നു. പിന്നീട് അവര്‍ കാഠ്മണ്ഡുവിലെ ത്രിഭുവന്‍ സര്‍വകലാശാലയില്‍നിന്ന് നിയമപഠനം പൂര്‍ത്തിയാക്കി.
വിമാന റാഞ്ചലില്‍ പങ്കാളിയായ ഭര്‍ത്താവ്
സുശീല കാര്‍ക്കിയുടെ ജീവിതത്തിലെ ശ്രദ്ധേയമായ മറ്റൊരു വശം അവരുടെ ഭര്‍ത്താവ് ദുര്‍ഗാ പ്രസാദ് സുബേദിയുടെ വിവാദപരമായ ഭൂതകാലമാണ്. 1973-ല്‍ രാജാവ് മഹേന്ദ്രയുടെ ഭരണകാലത്ത് നടന്ന നേപ്പാളിലെ ആദ്യത്തെ വിമാന റാഞ്ചലില്‍ സുബേദിക്ക് പങ്കുണ്ടായിരുന്നു. 1973 ജൂണ്‍ 10-ന് ബിരാട്‌നഗറില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് പോവുകയായിരുന്ന റോയല്‍ നേപ്പാള്‍ എയര്‍ലൈന്‍സ് വിമാനമാണ് റാഞ്ചിയത്. ഈ വിമാനത്തിലെ 19 യാത്രക്കാരില്‍ പ്രശസ്ത ബോളിവുഡ് നടി മാല സിന്‍ഹയും ഉണ്ടായിരുന്നു.
വിമാനറാഞ്ചലിന്റെ പ്രധാന ലക്ഷ്യം പണമായിരുന്നു. ബിരാട്‌നഗറിലെ ബാങ്കുകളില്‍നിന്ന് കൊണ്ടുപോവുകയായിരുന്ന 30 ലക്ഷം രൂപ കൈക്കലാക്കുക എന്നതായിരുന്നു സംഘത്തിന്റെ ലക്ഷ്യം. മുന്‍ പ്രധാനമന്ത്രി ഗിരിജ പ്രസാദ് കൊയ്രാളയുടെ നേതൃത്വത്തില്‍, രാജഭരണത്തിനെതിരായ സായുധ പോരാട്ടത്തിന് പണം കണ്ടെത്താനാണ് ഈ റാഞ്ചല്‍ ആസൂത്രണം ചെയ്തത്. അന്ന് ജയിലില്‍നിന്ന് പുറത്തിറങ്ങിയ സുബേദി, കൊയ്രാളയുടെ വിശ്വസ്തരില്‍ ഒരാളായിരുന്നു.
വിമാനം ബിഹാറിലെ ഫോബ്‌സ്ഗഞ്ചില്‍ ഇറക്കാന്‍ നിര്‍ബന്ധിതരാകുകയും, പണം പിന്നീട് കാറില്‍ ഡാര്‍ജിലിംഗിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് സുബേദിയും മറ്റുള്ളവരും മുംബൈയില്‍ വെച്ച് അറസ്റ്റിലാവുകയും രണ്ടു വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തു. 1975-ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അവര്‍ മോചിതരായത്.
ഇത്തരത്തിലുള്ള വിവാദപരമായ പശ്ചാത്തലമുണ്ടായിട്ടും, സുശീല കാര്‍ക്കി നേപ്പാളിന്റെ നീതിന്യായ വ്യവസ്ഥയില്‍ തന്റേതായ ഒരു സ്വതന്ത്ര വ്യക്തിത്വം രൂപപ്പെടുത്തി. അഴിമതിക്കെതിരെ ശക്തമായ നിലപാടെടുത്ത അവര്‍, ഇതേ കാരണത്താല്‍ ‘ജെന്‍ സി’ പ്രക്ഷോഭകരുടെ ഇടക്കാല സര്‍ക്കാര്‍ സ്ഥാനാര്‍ത്ഥിയാകാന്‍ പ്രധാന കാരണമായി. Who is Sushila Karki, the fearless woman of Nepal’s judiciary?
Content Summary: Who is Sushila Karki, the fearless woman of Nepal’s judiciary?
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.