June 04, 2026 |
Share on

മുന്‍ പ്രധാനമന്ത്രിമാരുടെ മകന്‍, ജയില്‍, നാടുകടത്തല്‍; ആരാണ് താരിഖ് റഹ്‌മാന്‍

17 വര്‍ഷത്തിന് ശേഷമാണ് താരിഖ് ജന്മനാട്ടില്‍ തിരിച്ചെത്തിയത്‌

ബംഗ്ലാദേശില്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ മധ്യ വലതുപക്ഷ പാര്‍ട്ടിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി) ഭൂരിപക്ഷം നേടിയതോടെ താരിഖ് റഹ്‌മാന്‍ രാജ്യത്തിന്റെ പുതിയ പ്രധാനമന്ത്രിയാകാന്‍ ഒരുങ്ങുകയാണ്. പതിറ്റാണ്ടുകളായി ബംഗ്ലാദേശ് രാഷ്ട്രീയം നിയന്ത്രിക്കുന്ന സിയ കുടുംബത്തിന്റെ പുതിയ മുഖമാണ് 60-കാരനായ താരിഖ് റഹ്‌മാന്‍.

മാതാപിതാക്കളായ സിയാവുര്‍ റഹ്‌മാനും ഖാലിദ സിയയും ബംഗ്ലാദേശിന്റെ ഭരണാധികാരികളായിരുന്നുവെങ്കിലും താരിഖ് റഹ്‌മാന്റെ രാഷ്ട്രീയ യാത്ര ഒട്ടും സുഗമമായിരുന്നില്ല. കുടുംബവാഴ്ച, അഴിമതി ആരോപണങ്ങള്‍, വര്‍ഷങ്ങള്‍ നീണ്ട പ്രവാസം, പിതാവിന്റെ വധം തുടങ്ങി വലിയ പ്രതിസന്ധികളിലൂടെയാണ് അദ്ദേഹം കടന്നുപോയത്. ബംഗ്ലാദേശിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായിരുന്ന മാതാവ് ഖാലിദ സിയയുടെ വിയോഗത്തിന് പിന്നാലെ, തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ക്ക് മുന്‍പാണ് അദ്ദേഹം ബിഎന്‍പിയുടെ അധ്യക്ഷനായി ചുമതലയേറ്റത്.

തന്റെ മുപ്പതുകളിലായിരിക്കെ 2001-ലാണ് താരിഖ് റഹ്‌മാന്‍ ബിഎന്‍പിയില്‍ സജീവമാകുന്നത്. അദ്ദേഹത്തിന്റെ മാതാവ് രണ്ടാം തവണ പ്രധാനമന്ത്രിയായിരുന്ന കാലഘട്ടമായിരുന്നു അത്. ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യസമരത്തിലെ പ്രമുഖനും ബിഎന്‍പി സ്ഥാപകനുമായിരുന്ന പിതാവ് സിയാവുര്‍ റഹ്‌മാന്‍ 1981-ലെ സൈനിക അട്ടിമറിയില്‍ കൊല്ലപ്പെട്ടിരുന്നു.

2002-ല്‍ പാര്‍ട്ടിയില്‍ ഉന്നത പദവിയിലെത്തിയതോടെയാണ് താരിഖ് മാതാപിതാക്കളുടെ പാത പിന്തുടര്‍ന്ന് രാഷ്ട്രീയത്തില്‍ ചുവടുറപ്പിച്ചത്. എന്നാല്‍ അക്കാലത്ത് പ്രതിപക്ഷം ഇതിനെ കടുത്ത കുടുംബവാഴ്ചയായി വിമര്‍ശിച്ചിരുന്നു. പാര്‍ട്ടിയില്‍ കര്‍ക്കശമായ അച്ചടക്കം നടപ്പിലാക്കുന്ന വ്യക്തി എന്ന നിലയില്‍ ‘ഹാച്ചറ്റ് മാന്‍’ എന്ന വിളിപ്പേരും അദ്ദേഹം നേടിയെടുത്തു.

തന്റെ അധികാരം വ്യക്തിപരമായ നേട്ടങ്ങള്‍ക്കായി ഉപയോഗിച്ചു എന്നതടക്കമുള്ള അഴിമതി ആരോപണങ്ങള്‍ താരിഖ് റഹ്‌മാന്‍ എപ്പോഴും നേരിട്ടിട്ടുണ്ട്. എന്നാല്‍ രാഷ്ട്രീയ എതിരാളികള്‍ തന്നെ ബലിയാടാക്കുകയാണെന്നാണ് അദ്ദേഹം വാദിക്കുന്നത്. 2007-ല്‍ സൈനിക പിന്തുണയുള്ള കാവല്‍ സര്‍ക്കാര്‍ അഴിമതിക്കേസില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. വിചാരണ വേളയില്‍ താന്‍ പീഡനങ്ങള്‍ക്ക് ഇരയായെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. 18 മാസത്തെ ജയില്‍വാസത്തിന് ശേഷം ലണ്ടനിലേക്ക് പോയ അദ്ദേഹം പിന്നീട് 17 വര്‍ഷക്കാലം പ്രവാസിയായി അവിടെ കഴിഞ്ഞു. രാഷ്ട്രീയം വിടാമെന്ന വാഗ്ദാനത്തിന്മേലാണ് അന്ന് രാജ്യം വിടാന്‍ അനുവാദം ലഭിച്ചതെന്ന റിപ്പോര്‍ട്ടുകളും അന്ന് പുറത്തുവന്നിരുന്നു.

വിദേശത്താണെങ്കിലും ലണ്ടനില്‍ ഇരുന്നുകൊണ്ട് അദ്ദേഹം പാര്‍ട്ടിയുടെ നയരൂപീകരണത്തില്‍ സജീവമായിരുന്നു. 2018-ല്‍ ഖാലിദ സിയ ജയിലിലായതോടെ ബിഎന്‍പിയുടെ ആക്ടിംഗ് ചെയര്‍മാനായി അദ്ദേഹം ചുമതലയേറ്റു. മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ കാലത്ത് നിരവധി ക്രിമിനല്‍ കേസുകളില്‍ അദ്ദേഹം പ്രതിയായിരുന്നു. 2004-ലെ ഗ്രനേഡ് ആക്രമണക്കേസില്‍ ശിക്ഷിക്കപ്പെട്ടെങ്കിലും പിന്നീട് എല്ലാ കുറ്റങ്ങളില്‍ നിന്നും അദ്ദേഹം കുറ്റവിമുക്തനായി. 2025 ഡിസംബര്‍ 25-നാണ് അദ്ദേഹം ഒടുവില്‍ നാട്ടിലേക്ക് മടങ്ങിയെത്തിയത്. അഞ്ച് ദിവസത്തിന് ശേഷം മാതാവ് അന്തരിച്ചു. ജനുവരി 9-ന് അദ്ദേഹം ഔദ്യോഗികമായി പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുത്തു.

താരിഖ് റഹ്‌മാന്റെ നേതൃസ്ഥാനത്തേക്കുള്ള വരവ് അനിവാര്യമായിരുന്നു എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. കുടുംബവാഴ്ചാ ആരോപണങ്ങള്‍ ബിഎന്‍പി നേതാക്കള്‍ തള്ളിക്കളഞ്ഞു. ഹസീന ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലുകള്‍ കാരണം സിയ കുടുംബത്തിന് പുറത്തുള്ള ഒരു നേതാവിനെ കണ്ടെത്താന്‍ പാര്‍ട്ടിക്ക് സാഹചര്യം ലഭിച്ചില്ലെന്നാണ് പാര്‍ട്ടി മുന്‍ മന്ത്രി അമീര്‍ ഖസ്‌റു പറഞ്ഞത്. രാഷ്ട്രീയത്തിലെ പ്രതിസന്ധികളും പകപോക്കലുകളും നേരിട്ടു കണ്ട താരിഖ് റഹ്‌മാന്‍, ഒരു പാര്‍ട്ടി നേതാവ് എന്ന നിലയില്‍ നിന്ന് ഒരു രാജ്യത്തിന്റെ നേതാവ് എന്ന നിലയിലേക്ക് എങ്ങനെ ഉയരുമെന്നതാണ് ലോകം ഇപ്പോള്‍ ഉറ്റുനോക്കുന്നത്.

Content Summary; Who is Tarique Rahman he is set to become bangladesh’s next prime minister. His Bangladesh Nationalist Party won the parliament election

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×