February 14, 2025 |
Share on

ആരാണ് ട്യൂലിപ് സിദ്ദിഖ്

ആന്റി കാരണം നഷ്ടമായത് ബ്രിട്ടീഷ് മന്ത്രി സ്ഥാനം

ഷേഖ് ഹസീനയുമായുള്ള കുടുംബ ബന്ധം തിരിച്ചടിയായ യു കെ ട്രഷറി മന്ത്രി ട്യൂലിപ് സിദ്ദിഖ് രാജിവച്ചു. പ്രധാനമന്ത്രി കിയര്‍ സ്റ്റാര്‍മറുമായി ഏറെ അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്ന ട്യൂലിപിനെ, ഒടുവില്‍ സ്റ്റാര്‍മര്‍ക്കും കൈവിടേണ്ടി വരികയായിരുന്നു. നാടു വിടേണ്ടി വന്ന ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷേഖ് ഹസീനയുമായുള്ള ബന്ധമാണ് തുലിപിന് ‘ ബാധ്യത’യായത്. ‘ബംഗബന്ധു’ ഷേഖ് മുജിബുര്‍ റഹ്‌മാന്റെ കൊച്ചു മകളാണ് ട്യൂലിപ്. അവരുടെ അമ്മയുടെ മൂത്ത സഹോദരിയാണ് ഹസീന. ഈ കുടുംബ ബന്ധത്തിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങളും ആരോപണങ്ങളും കഴിഞ്ഞ ഒരാഴ്ച്ചയോളമായി ട്യൂലിപ് നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു. ധാര്‍മികതയുടെ പേരിലാണ് ഒടുവില്‍ സ്ഥാനം രാജിവയ്ക്കാന്‍ അവര്‍ തയ്യാറായത്. ആരോപണങ്ങളുടെ തുടക്കത്തില്‍ തന്റെ സുഹൃത്തിനെ സംരക്ഷിച്ചിരുന്ന സ്റ്റാര്‍മര്‍ക്ക്, സാഹചര്യങ്ങളെ വെല്ലുവിളിക്കാന്‍ കഴിയാതെ വന്നതോടെ രാജി സ്വീകരിക്കേണ്ടതായും വന്നു.

മന്ത്രി സ്ഥാനത്ത് നിന്നുള്ള രാജി, വളരെ ദുഖത്തോടെയാണ് ഞാന്‍ സ്വീകരിക്കുന്നത് എന്നായിരുന്നു, ട്യൂലിപിന്റെ നേട്ടങ്ങള്‍ പ്രകീര്‍ത്തിച്ചുകൊണ്ട് സ്റ്റാര്‍മര്‍ എഴുതിയത്. ലേബര്‍ പാര്‍ട്ടിയിലെ തന്റെ സഹപ്രവര്‍ത്തകയും നോര്‍ത്ത് ലണ്ടിനില്‍ തന്റെ അയല്‍ക്കാരിയുമായ ട്യൂലിപിനെ നിവൃത്തിയില്ലാതെയാണ് സ്റ്റാര്‍മര്‍ കൈയൊഴിഞ്ഞതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാഷ്ട്രീയത്തിനതീതമായ സൗഹൃദം ഇരുവര്‍ക്കുമിടയില്‍ നിലനിന്നിരുന്നു. 2020 ല്‍ സ്റ്റാര്‍മര്‍ ലേബര്‍ നേതൃത്വത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍, തന്റെ പ്രാദേശിക പത്രത്തില്‍ ട്യൂലിപ് വിശേഷിപ്പിത്, എന്റെ നല്ല സുഹൃത്ത് എന്നായിരുന്നു. നല്ല കാലത്തും ചീത്തകാലത്തും ഒരുപോല കൂടെ നില്‍ക്കുന്ന സുഹൃത്ത്. ഇരുവരുടെയും കുടുംബങ്ങളും തമ്മിലും ഏറെ അടുപ്പമുണ്ട്. അവധിക്കാലം ആഘോഷിക്കുന്നതുപോലും ഇരു കുടുംബങ്ങളും ഒരുമിച്ചായിരുന്നു. എന്നാല്‍, ചൊവ്വാഴ്ച്ച തന്റെ രാജിക്കത്ത് പ്രധാനമന്ത്രി സ്വീകരിച്ചതോടെ, ആ അടുപ്പത്തിന്റെ ആഴം ഇല്ലാതായോ എന്ന സംശയം ട്യൂലിപില്‍ ഉണ്ടായിട്ടുണ്ടോയെന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ ചോദിക്കുന്നത്.

Tulip siddiq with keir starmer

ബ്രിട്ടീഷ് പ്രധാനമന്ത്രി കിയര്‍ സ്റ്റാര്‍മറും ട്യൂലിപ് സിദ്ദിഖും

ട്യൂലിപിന്റെ കുടുംബ പശ്ചാത്തലം, പ്രത്യേകിച്ച് ബംഗ്ലാദേശിലെ മുന്‍ ഭരണകക്ഷിയായിരുന്ന അവാമി ലീഗുമായുള്ള ബന്ധം യു കെ സര്‍ക്കാരിലെ അവളുടെ പങ്കാളിത്തത്തിന് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് നേരത്തെ തന്നെ വിദഗ്ധര്‍ വിലയിരുത്തിയിരുന്നു. അഴിമതി വിരുദ്ധ നയങ്ങള്‍ നടപ്പാക്കുന്നതിന്റെ ചുമതലയുള്ള മന്ത്രിക്കെതിരേ തന്നെ ഇത്തരം ആരോപണങ്ങള്‍ വരുന്നത് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുമെന്നായിരുന്നു വിദഗ്ധരുടെ അഭിപ്രായം.

യു കെ സര്‍ക്കാരില്‍ ട്രഷറി, സിറ്റി ആന്‍ഡ് ആന്റി-കറപ്ഷന്‍ മന്ത്രിയായിരുന്നു ട്യൂലിപ്(ട്രഷറി മന്ത്രിക്ക് ധന-സാമ്പത്തിക കാര്യങ്ങളുടെ ചുമതലയുണ്ടെങ്കിലും ധനകാര്യ വകുപ്പിന്റെ പ്രധാന ചുമതലക്കാരിയല്ല ട്രഷറി മന്ത്രി. ആ സ്ഥാനം ചാന്‍സലര്‍ ഓഫ് എക്‌സ്‌ചെക്കര്‍ക്കാണ്. ചാന്‍സലറെ സഹായിക്കുകയാണ് ട്രഷറി മന്ത്രിയുടെ ഉത്തരവാദിത്തം. ജൂനിയര്‍ ധനകാര്യ മന്ത്രി, ഡെപ്യൂട്ടി ധനകാര്യ മമന്ത്രി എന്നിങ്ങനെ വിശേഷിപ്പിക്കാം. എങ്കിലും സാമ്പത്തിക കാര്യങ്ങളില്‍ സുപ്രധാന ചുമതലകള്‍ ട്രഷറി മന്ത്രിക്കുണ്ട്). ട്രഷറി വകുപ്പ് മന്ത്രി എന്ന നിലയില്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയേണ്ടതിന്റെയും സിറ്റി ആന്‍ഡ് ആന്റി കറപ്ഷന്‍ മന്ത്രി എന്ന നിലയില്‍ അഴിമതി തടയേണ്ടതിന്റെയും ഉത്തരവാദിത്തം ട്യൂലിപിന് ഉണ്ടായിരുന്നു. അങ്ങനെയൊരാള്‍, അഴിമതിയാരോപണത്തിന്റെ പേരില്‍ പ്രധാനമന്ത്രി കസേരയില്‍ നിന്നും പുറത്താക്കപ്പെടുകയും രാജ്യം തന്നെ വിടേണ്ടിയും വന്ന ഷേഖ് ഹസീനയുമായി ബന്ധം പുലര്‍ത്തിയിരുന്നതാണ് ആരോപണങ്ങള്‍ക്ക് കാരണമായത്.

യുകെ ഗവണ്‍മെന്റിലെ മന്ത്രിമാര്‍ ധാര്‍മ്മിക മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്നും അവരില്‍ നിന്ന് പ്രതീക്ഷിക്കുന്ന രീതിയില്‍ പെരുമാറുന്നുവെന്നും ഉറപ്പാക്കുന്നതിന് നിയോഗിക്കപ്പെട്ട സ്വതന്ത്ര ഉപദേശകയായ ലൗറി മാഗ്‌നസ്, തുലിപിനെതിരായ ആരോപണങ്ങളുടെ പശ്ചത്താലത്തില്‍ അന്വേഷണം നടത്തിയിരുന്നു. ആന്റിയായ ഷേഖ് ഹസീനയുടെ ഉടമസ്ഥതയില്‍ ലണ്ടനിലുള്ള വസതികളില്‍ താമസിച്ചതുമായി ബന്ധപ്പെട്ട് ട്യൂലിപിനെതിരേ ആരോപണങ്ങള്‍ ഉണ്ടായിരുന്നു. ഇത്തരം പ്രവര്‍ത്തികള്‍, അഴിമതി വിരുദ്ധ നടപടികള്‍ സ്വീകരിക്കേണ്ടൊരാളുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ‘വിരുദ്ധ താത്പര്യ’ത്തിന്റെ പരിധിയില്‍ വരുന്ന കുറ്റമാണെന്നായിരുന്നു വിമര്‍ശനം.

tulip siddiq-sheikh Hasina

ഷേഖ് ഹസീനയ്‌ക്കൊപ്പം ട്യൂലിപ് സിദ്ദിഖ്

ലൗറി മാഗ്നസിന്റെ അന്വേഷണത്തില്‍ ട്യൂലിപിനെതിരേ കുറ്റങ്ങളൊന്നും കണ്ടെത്തിയില്ല. മുന്‍ മന്ത്രിയുടെ താമസം നിയമവിരുദ്ധമായിരുന്നില്ല. അതുപോലെ, ട്യൂലിപിന്റെ ആസ്തി പരിശോധനയില്‍ അനധികൃതമായ സാമ്പത്തിക നേട്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും കണ്ടെത്തി. 2013 ല്‍ ഷേഖ് ഹസീനയും വ്‌ളാദിമിര്‍ പുടിനും തമ്മില്‍ മോസ്‌കോയില്‍ വച്ച് ആണവ കരാര്‍ ഒപ്പിടുമ്പോള്‍ തുലിപിന്റെ സാന്നിധ്യത്തെക്കുറിച്ചും മാഗ്നസ് ചോദിച്ചിരുന്നു. എന്നാല്‍, താന്‍ അവിടെയുണ്ടായിരുന്നത് ഒരു വിനോദ സഞ്ചാരിയായി മാത്രമാണെന്നും, യാതരുവിധ ഇടപെടലും തന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നുമുള്ള ട്യൂലിപിന്റെ വിശദീകരണം, മാഗ്നസ് അംഗീകരിക്കുകയായിരുന്നു. എന്നിരുന്നാലും, രേഖകളുടെ അഭാവവും സമയക്കുറവും ‘മാധ്യമങ്ങളില്‍ പരാമര്‍ശിച്ചിരിക്കുന്ന യുകെയിലെ സ്വത്തുക്കളുടെ കാര്യങ്ങളുമായി ബന്ധപ്പെട്ട സമഗ്രമായ അന്വേഷണം പൂര്‍ത്തിയാക്കാനും തനിക്ക് കഴിഞ്ഞില്ല’ എന്നാണ് റിപ്പോര്‍ട്ടില്‍ മാഗ്‌നസ് പറയുന്നത്.

ബംഗ്ലാദേശിനെ ഏകാധിപത്യത്തിലേക്ക നയിച്ച അവാമി ലീഗും, ഷേക് ഹസീനയുമായുള്ള ബന്ധം വേര്‍പ്പെടുത്തുന്നതില്‍ സംഭവിച്ച ധാര്‍മിക വീഴ്ച്ചയാണ്, ട്യൂലിപിന്റെ പതനത്തിന് കാരണമായതെന്നാണ് ധാക്കയില്‍ പ്രവര്‍ത്തിക്കുന്ന അന്വേഷണാത്മക പത്രപ്രവര്‍ത്തകന്‍ ഡേവിഡ് ബര്‍ഗ്മാന്‍, ദി ഗാര്‍ഡിയനോട് പ്രതികരിച്ചത്.

ലണ്ടനിലാണ് ജനിച്ചത് എങ്കിലും, ട്യൂലിപിന്റെ ചരിത്രം മുഴുവന്‍ ബംഗ്ലാദേശുമായി ബന്ധപ്പെട്ടാണ്. ബ്ംഗ്ലാദേശിന്റെ രാഷ്ട്രപിതാവായി വിശേഷിപ്പിക്കപ്പെടുന്ന ഷേഖ് മുജിബുര്‍ റഹ്‌മാന്റെ കൊച്ചുമകളാണ് അവര്‍. 1975 ല്‍ മുജിബുര്‍ റഹ്‌മാനെയും കുടുംബത്തെയും കൂട്ടക്കൊല നടത്തിയപ്പോള്‍, രക്ഷപ്പെട്ടത് രണ്ട് പേരാണ്; ഹസീനയും രഹാനയും. റഹ്‌മാന്റെ മൂന്നു ആണ്‍മക്കള്‍ കൊലയാളികളുടെ ഇരയായപ്പോള്‍, പെണ്‍മക്കള്‍ രണ്ടു പേരും ബംഗ്ലാദേശില്‍ ഇല്ലായിരുന്നു. ഹസീനയും സഹോദരി രഹാാനയും ജര്‍മനിയില്‍ ഒഴിവുകാലം ആസ്വദിക്കാന്‍ പോയതുകൊണ്ട് അവര്‍ രക്ഷപ്പെട്ടു. ഹസീന പിന്നീട് ബംഗ്ലാദേശിലേക്ക് തിരികെ എത്തുകയും, 2009 ല്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയാവുകയും ചെയ്തു. എന്നാല്‍ ഇളയ സഹോദരി രഹാന ലണ്ടനില്‍ അഭയം തേടുകയായിരുന്നു. രഹാനയുടെ മകളാണ് ട്യൂലിപ് സിദ്ദിഖ്.

ലണ്ടനിലും ധാക്കയിലുമായിട്ടായിരുന്നു ട്യൂലിപിന്റെ വളര്‍ച്ച. അമ്മയുടെ ചേച്ചിയായ ഹസീനയുമായി വളരെ അടുപ്പമായിരുന്നു. 16മത്തെ വയസില്‍ ട്യൂലിപ് ലേബര്‍ പാര്‍ട്ടിയില്‍ അംഗത്വമെടുത്തു. ആംനസ്റ്റി ഇന്റര്‍നാഷണല്‍, സേവ് ദ ചില്‍ഡ്രന്‍ തുടങ്ങിയ സംഘടനകള്‍ക്കൊപ്പം അവര്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. ഇതേസമയത്ത് തന്നെ തന്റെ ആന്റിയുടെ പാര്‍ട്ടിയിലും(അവാമി ലീഗ്) തുലിപ് പ്രവര്‍ത്തിച്ചിരുന്നു. അവാമി ലീഗിന്റെ യുകെയിലെ ‘ വക്താവ്’ ആയിരുന്നു ട്യൂലിപ്. പിന്നീട് നീക്കം ചെയ്തുവെങ്കിലും, ഒരുകാലം വരെ തുലിപ് തന്റെ വെബ്‌സൈറ്റില്‍ ചെയ്ത ജോലികളുടെ കൂട്ടത്തില്‍ അവാമി ലീഗിന്റെ യുകെ, യൂറോപ്യന്‍ യൂണിയന്‍ ലോബിയിംഗ് യൂണിറ്റിലും, ഇലക്ഷന്‍ സ്ട്രാറ്റജി ടീമിലും അംഗമായിരുന്നുവെന്നും രേഖപ്പെടുത്തിയിരുന്നു. 2013-ല്‍ ഷേഖ് ഹസീനയ്ക്കും, റഷ്യന്‍ പ്രസിഡന്റ് പുടിനും ഒപ്പം നില്‍ക്കുന്ന ട്യൂലിപിന്റെ ചിത്രവും ഏറെ പ്രചാരം നേടിയിരുന്നു. തന്റെ ആന്റിയെ കാണാന്‍ വേണ്ടി മാത്രമാണ് റഷ്യന്‍ തലസ്ഥാനത്തേക്ക് പോയതെന്നാണ് ട്യൂലിപ് തറപ്പിച്ചുപറയുന്നത്. എന്നാല്‍ ആണവ നിലയം സംബന്ധിച്ച് രണ്ട് രാജ്യങ്ങള്‍ കരാറില്‍ ഏര്‍പ്പെട്ടതിന്റെ ഇടനിലക്കാരിയായി ട്യൂലിപ് ഉണ്ടായിരുന്നോ എന്ന കാര്യത്തില്‍ ബംഗ്ലാദേശ് ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തുന്നുണ്ട്. മുന്‍ പ്രധാനമന്ത്രിയുടെ കുടുംബാംഗങ്ങള്‍ക്ക് കോടിക്കണക്കിന് പൗണ്ട് മൂല്യമുള്ള പൊതു പണം അപഹരിക്കാന്‍ ഈ കരാര്‍ പ്രയോജനപ്പെട്ടെന്നാണ് ആരോപണം.

tulip-haseena-putin

ഷേഖ് ഹസീന, പുടിന്‍ എന്നിവര്‍ക്കൊപ്പം ട്യൂലിപ്‌

ഈ സംഭവത്തിന് രണ്ട് വര്‍ഷത്തിന് ശേഷമാണ് ലേബര്‍ പാര്‍ട്ടി പ്രതിനിധിയായി യു കെ പാര്‍ലമെന്റിലേക്ക് ട്യൂലിപ് തിരഞ്ഞെടുക്കപ്പെടുന്നത്. ഈ വിജയത്തിന് അവര്‍ പ്രാദേശിക അവാമി ലീഗ് പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിക്കുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം ലണ്ടനില്‍ ഒരു റാലി സംഘടിപ്പിച്ചിരുന്നു. അതില്‍ ആന്റി ഷേഖ് ഹസീനയും പങ്കെടുത്തിരുന്നു. നിങ്ങളുടെ പിന്തുണ ഇല്ലായിരുന്നുവെങ്കില്‍ ഒരു ബ്രിട്ടീഷ് എംപിയായി ഞാനിങ്ങനെ നില്‍ക്കില്ലായിരുന്നുവെന്നാണ് ട്യൂലിപ് അന്നു പറഞ്ഞത്.

കണ്‍സര്‍വേറ്റീവ് സര്‍ക്കാരിന്റെ കാലത്ത് പ്രവര്‍ത്തിച്ചിരുന്ന, ലേബര്‍ പാര്‍ട്ടിയുടെ നിഴല്‍ മന്ത്രിസഭയില്‍ വിദ്യാഭ്യാസ സംഘത്തില്‍ ട്യൂലിപ് അംഗമായിരുന്നു. 2020 ല്‍ സ്റ്റാര്‍മറെ ലേബര്‍ നേതൃത്വത്തിലേക്ക് പിന്തുണച്ചതിനുള്ള പ്രത്യുപകാരമായി അതിനെ കാണുന്നവരുണ്ട്. വൈകാതെ തന്നെ നിഴല്‍ മന്ത്രിസഭയില്‍ അവര്‍ ട്രഷറി സംഘത്തിലും ഉള്‍പ്പെട്ടു. അതേ സ്ഥാനമാണ് ലേബറുകള്‍ അധികാരത്തില്‍ വന്നപ്പോള്‍ ട്യൂലിപിന് ലഭിച്ചതും.

പക്ഷേ, ട്യൂലിപിനെ വിടാതെ പിന്തുടര്‍ന്നിരുന്ന ചോദ്യങ്ങളായിരുന്നു, ആന്റിയുമായുള്ള ബന്ധം. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ അവാമി ലീഗ് സര്‍ക്കാരും ഹസീനയും പ്രതിഷേധങ്ങളുടെ കയത്തില്‍ അകപ്പെട്ടതോടെ ഈ ചോദ്യങ്ങളുടെ ശക്തി കൂടി. ബംഗ്ലാദേശിലെ പുതിയ ഭരണകൂടം ഹസീന കാലത്തെ അഴിമതികളെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അവാമി ലീഗുമായി ബന്ധപ്പെട്ട ആളുകളുടെ സ്വത്ത് സമ്പാദനത്തെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.

Tulip Siddiq

ട്യൂലിപ് സിദ്ദിഖ്‌

ഷേഖ് ഹസീനയുമായുള്ള തന്റെ ബന്ധത്തെ ട്യൂലിപ് സിദ്ദിഖ് എന്നും നിഷ്‌കളങ്കമായാണ് അവതരിപ്പിച്ചിരുന്നത്. രാഷ്ട്രീയമല്ല, രക്തബന്ധമാണ് തങ്ങള്‍ക്കിടയില്‍ ഉള്ളതെന്നായിരുന്നു അവര്‍ എന്നും പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍, ആക്ഷേപങ്ങള്‍ ശക്തമായ സാഹചര്യത്തില്‍ ഡൗണിംഗ് സ്ട്രീറ്റില്‍ നിന്നും അവര്‍ക്ക് ഒരു നിര്‍ദേശം കിട്ടി. പ്രധാനമന്ത്രിയുടെ പ്രത്യേക ഉപദേശകയായ ലൗറി മാഗ്നസിനു മുന്നില്‍ വിശദീകരണം നല്‍കുക. മാഗ്നസിന്റെ അന്വേഷണത്തില്‍, എന്തെങ്കിലും കണ്ടെത്തിയാലും ഇല്ലെങ്കിലും, ധാര്‍മികത ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തില്‍ ട്യൂലിപ് രാജി വയ്‌ക്കേണ്ടി വരുമെന്ന് തന്നെ പലരും മുന്‍കൂട്ടി ഉറപ്പിച്ചിരുന്നു.

മാഗ്നസിന്റെ അന്വേഷണത്തിലും ചോദ്യം ചെയ്യലിലും, ട്യൂലിപ്, മന്ത്രിസ്ഥാനത്തിന്റെ ധാര്‍മിക മൂല്യങ്ങള്‍ ലംഘിച്ചതായി കണ്ടെത്താന്‍ കഴിഞ്ഞില്ല. മന്ത്രി സ്ഥാനത്ത് തുടരാന്‍ ട്യൂലിപിന് സാങ്കേതിക തടസങ്ങളൊന്നും ഉണ്ടായിരുന്നുമില്ല. പക്ഷേ, ഇനിയും തനിക്കെതിരേ ചോദ്യങ്ങള്‍ ഉണ്ടാകുമെന്ന് മനസിലാക്കി, സ്വയം ഒഴിയുകയായിരുന്നു ട്യൂലിപ് സിദ്ദിഖ്.

വളരെ ബുദ്ധിമുട്ടേറിയൊരു തീരുമാനം, എങ്കിലും നിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് വാതിലുകള്‍ തുറന്നു കിടക്കുകയാണ്’ എന്നാണ്, ട്യൂലിപിന്റെ അടുത്ത കൂട്ടുകാരനായ കിയര്‍ സ്റ്റാര്‍മര്‍ എഴുതിയിരിക്കുന്നത്.  Who is Tulip Siddiq  who has resigned as a UK Treasury minister after allegation over her close ties to aunt Sheikh Hasina

Content Summary; Who is Tulip Siddiq  who has resigned as a UK Treasury minister

×