അമേരിക്കയിലെ തീവ്രവലതുപക്ഷ ആശയങ്ങളുടെ പ്രധാന പ്രചാരകനായ യുവ നേതാവ്. ഡൊണാള്‍ഡ് ട്രംപിനെ വീണ്ടും അധികാരത്തില്‍ എത്തിച്ചവരില്‍ പ്രമുഖന്‍; ചാര്‍ളി കിര്‍കിന് അമേരിക്കന്‍ രാഷ്ട്രീയത്തില്‍ വ്യക്തമായൊരു ഇടമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അയാളുടെ കൊലപാതകം വൈറ്റ് ഹൗസില്‍ ഉണ്ടാക്കിയ ആഘാതം വലുതാണ്. ‘രാഷ്ട്രീയ കൊലപാതകം’ എന്ന ആരോപണം ഉയര്‍ന്നു കഴിഞ്ഞിരിക്കുന്നു. വലതുപക്ഷ യാഥാസ്ഥിതികര്‍ കിര്‍കിന്റെ രക്തസാക്ഷിത്വം എങ്ങനെയെല്ലാം ഉപയോഗിക്കുമെന്ന് കണ്ടറിയണം. കൊലപാതകി(കള്‍) ആരെന്നതും അമേരിക്കയെ സംബന്ധിച്ച് നിര്‍ണായകമാകും.
31 കാരനായ കിര്‍ക് യൂട്ടാ വാലി സര്‍വകലാശാല കാമ്പസില്‍ വിദ്യാര്‍ത്ഥികളുമായുള്ള ചോദ്യോത്തര പരിപാടിയില്‍ പങ്കെടുത്തുകൊണ്ടിരിക്കെയാണ് സെപ്തംബര്‍ 10 ബുധനാഴ്ച്ച പ്രാദേശിക സമയം ഉച്ച കഴിഞ്ഞ് 12.20 ഓടെ വെടിയേല്‍ക്കുന്നത്. അടിയന്തര ചികിത്സ നല്‍കിയെങ്കിലും കിര്‍ക്കിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
ചാര്‍ളി കിര്‍ക്കിനെ കുറിച്ച് അറിയേണ്ടി ചില കാര്യങ്ങള്‍
1993 ഒക്ടോബര്‍ 14 ന് ചിക്കാഗോയിലെ ആര്‍ലിംഗ്ടണ്‍ ഹൈറ്റ്‌സില്‍ ആര്‍ക്കിടെക്റ്റായ റോബര്‍ട്ട്-കിംബര്‍ലി ദമ്പതിയുടെ മകനായാണ് ചാര്‍ളിയുടെ ജനനം. യാഥാസ്ഥിതികമൂല്യങ്ങളില്‍ അടിയുറച്ചവരായിരുന്നു മാതാപിതാക്കള്‍. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പിന്തുണക്കാരും പാര്‍ട്ടിക്ക് സാമ്പത്തിക സഹായം ചെയ്യുന്നവരുമായിരുന്നു അവര്‍. കിര്‍ക്ക് പിന്തുടര്‍ന്നതും അതേ പാതയാണ്.
മുന്‍ മിസ് അരിസോണ യുഎസ്എ (2012) ആയ എറിക്ക ഫ്രാന്റ്സ്വെയാണ് ചാര്‍ളി കിര്‍ക്കിന്റെ ഭാര്യ. 2012 ല്‍ ആയിരുന്നു വിവാഹം. ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ട്. ഇവാഞ്ചലിക്കല്‍ ക്രിസ്ത്യന്‍ മത വിശ്വാസികളാണ് കിര്‍കിന്റെ കുടുംബം. ട്രംപ് വീണ്ടും പ്രസിഡന്റായതിന് പിന്നാലെ ചാര്‍ളിയും കുടുംബവും മാര്‍-എ-ലാഗോയിലേക്ക് താമസം മാറ്റി.
‘ടേണിംഗ് പോയിന്റ് യുഎസ്എ’ എന്ന യാഥാസ്ഥിതിക ഗ്രൂപ്പിന്റെ സിഇഒയും സഹ സ്ഥാപകനുമാണ് ചാര്‍ളി കിര്‍ക്ക്. 2012 ല്‍ തന്റെ 18മത്തെ വയസിലാണ് കിര്‍ക് ഈ ഗ്രൂപ്പ് സ്ഥാപിക്കുന്നത്. ഇന്നിയാള്‍ക്ക് തീവ്ര യാഥാസ്ഥികരായ ദശലക്ഷക്കണക്കിന് ആരാധകരുണ്ട്. കടുത്ത ലിബറല്‍ വിമര്‍ശകരെ ഉപയോഗപ്പെടുത്തിയാണ് ഒരു വലതുപക്ഷ യുവജന പ്രസ്ഥാനം കിര്‍ക് സൃഷ്ടിച്ചത്. ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകാലത്തെ യുഎസിലെ ഏറ്റവും പ്രമുഖമായ ശബ്ദങ്ങളിലൊന്നായിരുന്നു ചാര്‍ളി കിര്‍ക്.
റേഡിയോ ഷോ, പുസ്തകങ്ങള്‍, പ്രസംഗങ്ങള്‍ എന്നിവയിലൂടെ ഒരു തീവ്ര വലതുപക്ഷ പ്രസ്ഥാനത്തെ രൂപപ്പെടുത്തി, അതിനെ പ്രസിഡന്റ് ട്രംപിന് ചുറ്റും അണി നിരത്തുന്നതില്‍ കിര്‍ക് വളരെയധികം പങ്കുവഹിച്ചിട്ടുണ്ട്.
പുതുതലമുറ അമേരിക്കക്കാരെയായിരുന്നു കിര്‍ക് ലക്ഷ്യമിട്ടിരുന്നത്. അയാളുടെ പ്രധാന വേദി കോളേജ് കാമ്പസുകളായിരുന്നു. വിദ്യാര്‍ത്ഥികളുമായി നടന്ന സംവാദങ്ങളില്‍ കിര്‍ക് ഒരു താരമായിരുന്നു. ലിബറല്‍ ആശയങ്ങള്‍ പിന്തുടരുന്ന വിദ്യാര്‍ത്ഥികളുമായി അദ്ദേഹം സംവാദം നടത്തുന്ന നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ ആവര്‍ത്തിച്ച് വൈറലായിട്ടുണ്ട്. സ്റ്റുഡന്റ്‌സ് ഫോര്‍ ട്രംപിന്റെ ചെയര്‍മാന്‍ കൂടിയായ കിര്‍ക് ഇത്തരം സംവാദങ്ങളുടെ വീഡിയോ തന്റെ യൂട്യൂബ് ചാനലില്‍ (@RealCharlieKirk) പങ്കുവെക്കാറുണ്ട്. ഏകദേശം 4 ദശലക്ഷം ഫോളോവേഴ്സ് കിര്‍കിന് ഉണ്ട്.
കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പ് കാലത്ത് ചാര്‍ളി കിര്‍ക്കിന്റെ നേതൃത്വത്തിലുള്ള ടേണിംഗ് പോയിന്റ് ട്രംപിനുവേണ്ടി പ്രചാരണ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഇത്തരത്തില്‍ ഒന്നായിരുന്നു ‘ അമേരിക്കയുടെ തിരിച്ചു വരവ്’ എന്നു പേരിട്ട പര്യടന പരിപാടി. യാഥാസ്ഥിതിക മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും യുവാക്കളെ അണിനിരത്തുന്നതിനും ലക്ഷ്യമിട്ടുള്ള റാലികളും പ്രസംഗങ്ങളും ഈ പര്യടനത്തിന്റെ ഭാഗമായിരുന്നു. ബുധനാഴ്ച്ച യൂട്ടോ വാലി കാമ്പസില്‍ നടന്നതും ഈ പര്യടനത്തിന്റെ ഭാഗമായ സംവാദമായിരുന്നു.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുമായി വളരെ അടുത്ത ബന്ധം ചാര്‍ളി കിര്‍ക്കിനുണ്ടായിരുന്നു. ഡൊണാള്‍ഡ് ട്രംപിന്റെ കടുത്ത ആരാധകനായ കിര്‍ക്ക് അമേരിക്കയില്‍ ഉടനീളം റിപ്പബ്ലിക്കന്‍ ആശയങ്ങള്‍ക്കായി പര്യടനം നടത്തിയിട്ടുണ്ട്. 2024 ല്‍, റിപ്പബ്ലിക്കന്‍ ദേശീയ കണ്‍വെന്‍ഷനില്‍ പോലും കിര്‍ക് വേദിയിലെത്തിയെന്നത് പാര്‍ട്ടിയുമായുള്ള ബന്ധം തെളിയിക്കുന്നതായിരുന്നു.
സോഷ്യല്‍ മീഡിയയില്‍ ദശലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള കിര്‍ക്ക് ‘ദി ചാര്‍ളി കിര്‍ക്ക് ഷോ’ എന്ന പേരില്‍ എല്ലാ ദിവസവും ഒരു റേഡിയോ ടോക്ക് ഷോ അവതരിപ്പിച്ചിരുന്നു. സലേം മീഡിയയുടെ ‘ദി ആന്‍സര്‍’ റേഡിയോ ചാനലിലായിരുന്നു പ്രക്ഷേപണം.
ന്യൂയോര്‍ക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലറായ ‘ദി മാഗ ഡോക്ട്രിന്‍: ദി ഒണ്‍ലി ഐഡിയാസ് ദാറ്റ് വില്‍ വിന്‍ ദി ഫ്യൂച്ചര്‍’, ‘റൈറ്റ് വിംഗ് റെവല്യൂഷന്‍: ഹൗ ടു ബീറ്റ് ദി വോക്ക് ആന്‍ഡ് സേവ് ദി വെസ്റ്റ്’, ‘ദി കോളേജ് സ്‌കാം: ഹൗ അമേരിക്കാസ് യൂണിവേഴ്‌സിറ്റിസ് ആര്‍ ബാങ്ക്രപ്റ്റിംഗ് ആന്‍ഡ് ബ്രെയിന്‍ വാഷിംഗ് എവേ ദി ഫ്യൂച്ചര്‍ ഓഫ് അമേരിക്കാസ് യൂത്ത്’, ‘ടൈം ഫോര്‍ എ ടേണിംഗ് പോയിന്റ്’ എന്നിവയുള്‍പ്പെടെ നിരവധി പുസ്തകങ്ങളുടെ രചയിതാവാണ് ചാര്‍ളി കിര്‍ക്. Who was Charlie Kirk, killed by gunshot in America?
Content Summary; Who was Charlie Kirk, killed by gunshot in America?
Leave a Comment