ഛത്തീസ്ഗഡിലെ നാരായൺപൂർ ജില്ലയിലെ അബുജ്മദ് പ്രദേശത്ത് വച്ചാണ് സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ നടക്കുന്നത്. 27 മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ ഇന്ത്യയിലെ മാവോയിസ്റ്റ് നേതാക്കളിൽ പ്രധാനിയായ ബവസ രാജുവും ഉൾപ്പെടുന്നുണ്ട്. നാരായൺപൂർ, ദന്തേവാഡ, ബിജാപൂർ, കൊണ്ടഗാവ് എന്നീ നാല് ജില്ലകളിൽ നിന്നുള്ള ജില്ലാ റിസർവ് ഗാർഡ് (ഡിആർജി) നടത്തിയ ഓപ്പറേഷനിലാണ് പ്രധാന മാവോയിസ്റ്റ് നേതാവ് ബസവ രാജു ഉൾപ്പടെയുള്ളവർ കൊല്ലപ്പെട്ടതെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായ് പറഞ്ഞു. അബുജ്മദ് പ്രദേശത്ത് ഒരു മുതിർന്ന മാവോയിസ്റ്റ് നേതാവ് ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നാരായൺപൂർ, ദന്തേവാഡ, ബിജാപൂർ, കൊണ്ടഗാവ് എന്നീ നാല് ജില്ലകളിൽ നിന്നുള്ള ജില്ലാ റിസർവ് ഗാർഡ് (ഡിആർജി) ഓപ്പറേഷൻ നടത്തിയത്.
ഒരു കോടി രൂപയോളം തലയ്ക്ക് എൻഐഎ വിലയിട്ടിരുന്ന മാവോയിസ്റ്റ് നേതാവാണ് ബസവ രാജു. ആരാണ് ഇന്ത്യയിലെ മാവോയിസ്റ്റ് നേതാക്കളിൽ പ്രധാനിയായ ബസവ രാജു. നമ്പാല കേശവ് റാവു എന്നാണ് ബസവ റാവുവിന്റെ യഥാർത്ഥ നാമം. വാറങ്കലിലെ റീജിയണൽ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥിയായിരിക്കെ വിദ്യാർത്ഥി യൂണിയന്റെ പ്രസിഡന്റായായിരുന്നു ബസവ രാജുവിന്റെ തുടക്കം. അക്കാലത്ത് റാഡിക്കൽ സ്റ്റുഡന്റ്സ് യൂണിയന്റെ സാരഥിയായാണ് പ്രവർത്തിച്ചിരുന്നത്. വാറങ്കലിൽ റാഡിക്കൽ പ്രസ്ഥാനം സ്വാധീനം ചെലുത്തിയിരുന്ന കാലത്ത് അതിന്റെ പ്രധാന വക്താക്കളിൽ ഒരാളായിരുന്നു ബസവ രാജു. സംഘടനയുടെ തെക്കു കിഴക്കൻ കമാൻഡോകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു പ്രഝധാന കണ്ണിയായത് കൊണ്ട് തന്നെ ബസവ രാജുവിന്റെ മരണം കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) ക്ക് വലിയൊരു തിരിച്ചടിയായാണ് വിലയിരുത്തൽ.
2018ൽ ഗണപതിയുടെ പിൻഗാമിയായി ബസവരാജു സി.പി.ഐ (മാവോയിസ്റ്റ്)യുടെ ജനറൽ സെക്രട്ടറിയായി. പീപ്പിൾസ് വാർ, എംസിസി ലയിച്ച് 2004 ൽ സിപിഐ (മാവോയിസ്റ്റ്) രൂപീകരിച്ചതിനുശേഷം ആദ്യത്തെ ജനറൽ സെക്രട്ടറിയായിരുന്നു ഗണപതി അഥവാ മുപ്പല ലക്ഷ്മൺ റാവു. ഗണപതിയുടെ പിൻഗാമിയായാണ് ബസവരാജു ആ പദവിയിലെത്തുന്നത്. ഗണപതി ഫിലിപ്പീൻസിലേക്ക് പലായനം ചെയ്തതായാണ് കരുതപ്പെടുന്നത്. ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലാണ് ബസവരാജുവിൻറെ ജനനം. മാവോയിസ്റ്റ് സായുധ പോരാട്ടങ്ങളിൽ ആകൃഷ്ടനായ ബസവരാജു 1980-കളോടെയാണ് സിപിഐ (എം.എൽ)യിൽ ചേരുന്നത്.വാറങ്കൽ ആർ.ഇ.സി.യിൽ നിന്ന് ബിരുദം നേടിയ ബസവരാജുവിന് ഏകദേശം 70 വയസ്സുണ്ട്. ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ്, എന്നീ സംസ്ഥാനങ്ങളായിരുന്നു പ്രധാന പ്രവർത്തന മേഖല. എൽടിടിഇ പോലെയുള്ള സംഘടനകളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ബസവ രാജു ഐ.ഇ.ഡി. സ്‌ഫോടക വസ്തുക്കൾ തയ്യാറാക്കുന്നതിൽ വിദഗ്ധനായിരുന്നു. ചിന്തൽനാറിൽ 76 സിആർപിഎഫ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ ആക്രമണം, ജിറാം ഘട്ടിയിൽ കോൺഗ്രസ് വാഹനവ്യൂഹത്തിന് നേരെയുള്ള ആക്രമണം എന്നിവയ്ക്ക് നേതൃത്വം നൽകിയത് ബസവരാജുവായിരുന്നു. 2018 സെപ്റ്റംബർ 23 ന് തെലുങ്കുദേശം പാർട്ടി എം.എൽ.എ കിദാരി സർവേശ്വര റാവു, മുൻ എം.എൽ.എ സിവേരി സോമ എന്നിവരെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തിയത് ബസവരാജ് തയ്യാറാക്കിയ പദ്ധതി പ്രകാരമാണ്.
content summary: Who was Maoist leader Basava Raju, who was killed in an encounter in Chhattisgarh