ആരാകും ഇത്തവണ ലോക ചെസ് കിരീടം ചൂടുക? എല്ലാവരും ആകാംഷയിലാണ്. നവംബര്‍ 25 മുതല്‍ ഡിസംബര്‍ 13 വരെ സിംഗപ്പൂരിലാണ് മത്സരം. മുന്‍ ലോക ചാമ്പ്യന്മാരായ വിശ്വനാഥന്‍ ആനന്ദും മാഗ്‌നസ് കാള്‍സനും ഉള്‍പ്പെടെയുള്ളവര്‍ പ്രവചിക്കുന്നത് 18 കാരനായ ഗുകേഷ് ദൊമ്മരാജു വിശ്വകിരീടം നേടുമെന്നാണ്. അതേസമയം, ഗുകേഷിന്റെ എതിരാളി ഒട്ടും നിസാരക്കാരനല്ല. 32കാരനായ ചൈനീസ് താരം ഡിങ് ലിറനാണ് കിരീടപോരാട്ടത്തില്‍ ഗുകേഷിന്റെ മുന്നിലെ വെല്ലുവിളി. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ഗുകേഷ് മികച്ച ഫോമിലാണെങ്കിലും ഡിങ് ലിറനെ അത്ര നിസാരക്കാരനായി കാണേണ്ടതില്ല. ഉള്ളില്‍ ഒരു കൊടുങ്കാറ്റ് കൊണ്ട് നടക്കുന്ന ശാന്തനായ വ്യക്തി എന്നാണ് ഡിങ് ലിറനെ വിശേഷിപ്പിക്കുന്നത്. ഡിങ് ലിറന്റെ മികച്ച ഫോമിലുള്ള മത്സരങ്ങള്‍ കണക്കിലെടുക്കുകയാണെങ്കില്‍ ഗുകേഷിന് ശക്തനായ എതിരാളി തന്നെയാണ് ഡിങ് ലിറന്‍. world chess championship 2024
അടുത്ത കുറച്ചു കാലങ്ങളിലായി ഡിങ് ലിറന്‍ അത്ര മികച്ച ഫോമിലല്ല. 2023 ഏപ്രിലില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ ഇയാന്‍ നെപോമ്നിഷിയെ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കിയ ശേഷം മത്സരവേദികളില്‍ നിന്നു തന്നെ ഡിങ് ലിറന്‍ അപ്രത്യക്ഷനായിരുന്നു. ഒരു ചാമ്പ്യനെ സംബന്ധിച്ചടുത്തോളം തികച്ചും അസാധാരണമായ ഒരു നീക്കമായിരുന്നു ഡിങ് ലിറന്‍ കൈക്കൊണ്ടത്. തിരിച്ചെത്തിയ ഡിങ് ലിറനില്‍ ആവേശക്കുറവും ആത്മവിശ്വാസമില്ലായ്മയും പ്രകടമായിരുന്നു. ജനുവരിയില്‍ നെതര്‍ലാന്‍ഡില്‍ നടന്ന മത്സരത്തില്‍ 14 മത്സരാര്‍ത്ഥികളില്‍ ഒമ്പതാം സ്ഥാനത്തായിരുന്നു ഡിങ് ലിറന്‍. പിന്നീട് ജര്‍മനിയില്‍ നടന്ന ഒരു ടൂര്‍ണമെന്റില്‍ പതിമൂന്ന് മത്സരത്തില്‍ 10 എണ്ണത്തിലും ഡിങ് ലിറന്‍ പരാജയപ്പെട്ടിരുന്നു. ജൂലൈയില്‍ നോര്‍വേയില്‍ നടന്ന മത്സരത്തില്‍ അവസാന സ്ഥാനത്താണ് എത്തിയത്. സെപ്റ്റംബറില്‍ ബുഡാപെസ്റ്റില്‍ നടന്ന ചെസ് ഒളിമ്പ്യാഡിലും പരാജയപ്പെട്ടിരുന്നു. തുടര്‍ച്ചയായ മോശം പ്രകടനം കാരണം ലോക റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്ത് നിന്നു 23ലേക്ക് കൂപ്പുകുത്തി.
സമീപകാല പ്രകടനങ്ങള്‍ വെച്ച് നോക്കിയാല്‍ ചെന്നൈ സ്വദേശിയായ ഗുകേഷ് മികച്ച ഫോമിലാണ്. പന്ത്രണ്ടാം വയസില്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി സ്വന്തമാക്കിയ ഗുകേഷ് 2800 എലോ റേറ്റിങ്ങും അടുത്തിടെ പിന്നിട്ടിരുന്നു. ബുഡാപെസ്റ്റില്‍ നടന്ന ഒളിമ്പ്യാഡില്‍ എട്ട് വിജയങ്ങളും രണ്ട് സമനിലകളുമായി ഗുകേഷ് സ്വര്‍ണ മെഡല്‍ നേടുകയും ഇന്ത്യയെ ചാമ്പ്യന്‍ പദവിയിലേക്ക് എത്തിക്കുകയും ചെയ്തിരുന്നു. ഏപ്രിലില്‍ ടൊറന്റോയില്‍ നടന്ന കാന്‍ഡിഡേറ്റ്സ് ടൂര്‍ണമെന്റിലെ മികച്ച പ്രകടനമാണ് ഗുകേഷിനെ ലോക കിരീടപോരാട്ടത്തിന് ഡിങ് ലിറന്റെ എതിരാളിയാക്കിയത്. നിലവില്‍ ലോക റാങ്കിങ്ങില്‍ അഞ്ചാം റാങ്കുകാരനാണ് ഗുകേഷ്.
റാങ്കിങ്ങില്‍ ഡിങ് ലിറനെക്കാളും മുന്നിലുള്ള ഗുകേഷിന്റെ മികച്ച പ്രകടനമാണ് കിരീടസാധ്യത ഗുകേഷിനായിരിക്കുമെന്ന് പ്രവചിക്കാനുള്ള പ്രധാന കാരണം. എന്നാല്‍ മത്സരങ്ങളില്‍ ഗുകേഷിനെക്കാളും അനുഭവപരിചയം കൂടുതലുള്ള ലിറന്‍ തന്റെ ഫോം വീണ്ടെടുത്താല്‍ പോരാട്ടം കടുക്കും. ഞാന്‍ പ്രവചനങ്ങളില്‍ വിശ്വസിക്കുന്നില്ല. ആളുകളുടെ അഭിപ്രായങ്ങളെയും കാര്യമായി എടുക്കുന്നില്ല. ഡിങ് ലിറനെ നേരിടാനുള്ള തയ്യാറെടുപ്പില്‍ മാത്രമാണെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ഗുകേഷ് പറയുന്നത്. world chess championship 2024
Content summary: Who will be the chess champion in 2014