April 20, 2025 |

‘ആര് ഞങ്ങൾക്ക് നീതി നൽകും’ ? വഖഫിൽ പുകഞ്ഞ് ബംഗാൾ

സംസ്ഥാന സർക്കാരിന്റെ കണക്കുപ്രകാരം നിലവിൽ 150 പേരാണ് അറസ്റ്റിലായത്

പശ്ചിമ ബംഗാളിൽ വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തെ തുടർന്നുണ്ടായ സംഘർഷം രൂക്ഷമായി തുടരുകയാണ്. സംഘർഷത്തിൽ ഇതിനോടകം നിരവധി ആളുകൾക്കാണ് ജീവൻ നഷ്ടമായത്. സംഘർഷം ആരംഭിച്ചയുടൻ തന്നെ ഞങ്ങൾ പൊലീസിനെ ബന്ധപ്പെട്ടിരുന്നു എന്നാൽ പ്രതികരണമൊന്നും ഉണ്ടായിരുന്നില്ല വഖഫ് ഭേദഗതി നിയമത്തിനെതിരായി ബംഗാളിലെ മൂർഷിദാബാദിലുണ്ടായ സംഘർഷത്തിൽ ഭർത്താവിനെയും ഭർതൃപിതാവിനെയും നഷ്ടമായ പിങ്കി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. ഭർത്താവ് നഷ്ടമായതോടെ ആശ്രയമറ്റ പിങ്കി തന്റെ ഏകമകളെ ചേർത്തു പിടിച്ച് വിതുമ്പി. ഇരുവരുടെയും മൃതദേഹം മൂന്ന് മണിക്കൂറോളം വീടിന് സമീപം കിടന്നിട്ടും നിസഹായരായി നോക്കിനിൽക്കേണ്ടി വന്നു പിങ്കിയ്ക്കും കുടുംബത്തിനും.

വെള്ളിയാഴ്ചയുണ്ടായ സംഘർഷത്തിൽ പിങ്കിയുടെ ഭർത്താവും ഭർതൃപിതാവുമടക്കം മൂന്നു പേർ കൊല്ലപ്പെടുകയും പതിനഞ്ചോളം പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ പ്രദേശത്ത് കേന്ദ്ര സായുധ സേനയെ വിന്യസിപ്പിക്കാൻ കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടു. സംസ്ഥാന സർക്കാരിന്റെ കണക്കുപ്രകാരം നിലവിൽ 150 പേരാണ് അറസ്റ്റിലായത്. ”ഞങ്ങൾ ഇനി എങ്ങനെ ജീവിക്കും ആരാണ് ഞങ്ങൾക്ക് നീതി നൽകുക” സംസർഗഞ്ച് പോലീസ് സ്റ്റേഷന് കീഴിലുള്ള ജാഫ്രാബാദ് ഗ്രാമത്തിലുള്ള തന്റെ വീടിനു നേരെയുണ്ടായ ആക്രമണത്തിന്റെ ഭയാനകമായ നിമിഷങ്ങൾ ഓർമ്മിച്ചുകൊണ്ട് പിങ്കി ചോദിച്ചു.

സുതി പോലീസ് സ്റ്റേഷന് കീഴിലുള്ള കാശിംനഗർ ഗ്രാമത്തിലെ സെലിമയ്ക്കും ഭർത്താവിനെ നഷ്ടമായത് അതേ ദിവസമായിരുന്നു. 21 വയസുകാരനായ ഇജാസ് അഹമ്മദ് വീട്ടിൽ നിന്ന് 10 മിനിറ്റ് അകലെയുള്ള സജുർമോർ ക്രോസിംഗിൽ വച്ചുണ്ടായ പോലീസ് വെടിവയ്പ്പിലാണ് കൊല്ലപ്പെടുന്നത്. സംഘർഷത്തിൽ നിരവധി വീടുകൾക്കാണ് വാസയോഗ്യമല്ലാത്ത രീതിയിൽ കേടുപാടുകൾ സംഭവിച്ചിരിക്കുന്നത്. പ്രതിഷേധക്കാർ വീടുകൾക്ക് നേരെ കല്ലെറിയുകയും അഗ്നിയ്ക്കിരയാക്കാൻ ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ട്. സംസർഗഞ്ച് ടിഎംസി എംഎൽഎ അമിറുൾ ഇസ്ലാമും ബിജെപിയുടെ ബ്ലോക്ക് കൺവീനർ ഉത്തം കുമാർ ദാസും പിങ്കിയ്ക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഹിന്ദുക്കളുടെ വീടുകളെ ലക്ഷ്യം വച്ചായിരുന്നു അക്രമമെന്നാണ് ഇരു നേതാക്കളും വ്യക്തമാക്കുന്നത്. സംസ്ഥാനത്തിലുടനീളം ഹിന്ദുക്കളുടെ ഉടമസ്ഥതയിലുള്ള വീടുകളും കടകളും നശിപ്പിക്കപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.

സംഭവം നടന്ന ദിവസം രാവിലെ 10 മണി മുതൽ യുവാക്കളുടെ ഒരുു സംഘം ഗ്രാമം ചുറ്റാൻ ആരംഭിച്ചതായും വീടുകൾക്ക് നേരെ ബോംബുകൾ ഉപയോഗിച്ച് എറിഞ്ഞതായും പിങ്കി പറയുന്നു. വീടിന് നേരെ നാല് തവണ അക്രമി സംഘം അക്രമണം നടത്തിയതായി പിങ്കി പറയുന്നു. വീടിനുള്ളിൽ നിന്ന് പിങ്കിയുടെ ഭർത്താവിനെയും ഭർതൃപിതാവിനെയും പിടിച്ചു കൊണ്ട് പോയാണ് കൊലപ്പെടുത്തിയത്. അതേസമയം ഭർത്താവിനെ മരണം സംഭവിച്ച് രണ്ടു ദിവസം കഴിഞ്ഞിട്ടും പൊലീസ് ഉദ്യോഗസ്ഥരോ അധികാരികളോ തങ്ങളെ സന്ദർശിക്കാൻ കൂട്ടാക്കിയിട്ടില്ലെന്ന് സെലിമ പറയുന്നത്. ചെന്നൈയിൽ ഹോട്ടൽ ജോലി ചെയ്തിരുന്ന ഇജാസ് അവധിയ്ക്ക് വീട്ടിൽ എത്തിയതായിരുന്നു. വെള്ളിയാഴ്ച ഇസ്ലാമാബാദിലെ ബന്ധുവിനെ സന്ദർശിച്ച് മടങ്ങുമ്പോഴായിരുന്നു അപകടം. തുടർന്ന് പ്രദേശവാസികളാണ് ഇജാസിനെ ആശുപത്രിയിൽ എത്തിക്കുന്നത്. മുർഷിദാബാദ് ജില്ലയിലുണ്ടായ സംഘർഷത്തിൽ മൂന്നുപേർ മരിച്ചതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റിടങ്ങളിലേക്ക് സംഘർഷം പടരാതിരിക്കാനുള്ള നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടുണ്ട്.
content summary: Protests Over Waqf Law In Bengal, Grief and Fear Unite Communities and they ask ‘Who Will Deliver Justice?’

Leave a Reply

Your email address will not be published. Required fields are marked *

×