ബോയിംഗ് 787 വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തലാക്കണം; എയര്‍ ഇന്ത്യ പൈലറ്റുമാരുടെ ആവശ്യത്തിന് പിന്നിലെന്ത് ?

സമഗ്രമായ പരിശോധന നടത്തണം

grounding of boeing 787 aircraft?

എയര്‍ ഇന്ത്യയുടെ മുഴുവന്‍ ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനങ്ങള്‍ സര്‍വീസ് നിറുത്തലാക്കി പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പൈലറ്റ്‌സ് (FIP) കേന്ദ്ര വ്യോമയാന മന്ത്രി കെ. രാം മോഹന്‍ നായിഡുവിന് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു. രാജ്യത്തെ എല്ലാ ബോയിംഗ് 787 ഡ്രീംലൈനറുകളിലും, പ്രത്യേകിച്ച് വൈദ്യുത സംവിധാനങ്ങളില്‍ തകരാറുകളുണ്ടോ എന്ന് കണ്ടെത്താനായി സമഗ്രമായ പരിശോധന നടത്തണമെന്നും പൈലറ്റുമാരുടെ സംഘടന ആവശ്യപ്പെട്ടു.

പൈലറ്റുമാരുടെ സംഘടന എയര്‍ ഇന്ത്യയില്‍ ഒരു ‘പ്രത്യേക ഓഡിറ്റ്’ നടത്തണമെന്നും അഭ്യര്‍ത്ഥിച്ചു. ഫ്‌ളൈറ്റ് സേഫ്റ്റി ഡയറക്ടറേറ്റ് (FSD), എയര്‍ സേഫ്റ്റി, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (DGCA) എയര്‍വര്‍ത്തിനെസ് വിഭാഗങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഓഡിറ്റിന് നേതൃത്വം നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

പൈലറ്റുമാരുടെ ആവശ്യത്തിന് പിന്നില്‍

ജൂണ്‍ 12-ന് അഹമ്മദാബാദില്‍ ടേക്ക്-ഓഫിന് തൊട്ടുപിന്നാലെ എയര്‍ ഇന്ത്യ 171 വിമാനം തകര്‍ന്നുവീണ സംഭവത്തിന് മാസങ്ങള്‍ക്ക് ശേഷമാണ് പൈലറ്റുമാര്‍ ആവശ്യവുമായി രംഗത്ത് വന്നിരിക്കുന്നത്. ദുരന്തത്തില്‍ വിമാനത്തിലുണ്ടായിരുന്ന 241 യാത്രക്കാരും സംഭവസ്ഥലത്തുണ്ടായിരുന്ന 19 പേരും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

‘AI-171 തകര്‍ന്നതിനുശേഷം എയര്‍ ഇന്ത്യ വിമാനങ്ങളില്‍ നിരവധി തകരാറുകള്‍ ഉണ്ടായിട്ടുണ്ട്.’ രാജ്യത്തെ B-787 വിമാനങ്ങളിലെ തകരാറുകളുടെ കാരണം അന്വേഷിക്കാതെയിരിക്കുന്നത് വ്യോമയാന സുരക്ഷയെ താറുമാറാക്കുന്നതിന് തുല്യമാണെന്നും കത്തില്‍ പൈലറ്റുമാര്‍ ചൂണ്ടിക്കാട്ടുന്നു.

‘എയര്‍ ഇന്ത്യയുടെ എല്ലാ B-787 വിമാനങ്ങളും ഉടന്‍ സര്‍വീസ് നിര്‍ത്തി ഇലക്ട്രിക്കല്‍ സംവിധാനങ്ങള്‍ സമഗ്രമായി പരിശോധിക്കണമെന്നും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പൈലറ്റ്‌സ് മന്ത്രിയോട് ശക്തമായി അഭ്യര്‍ത്ഥിച്ചു.

സമീപകാല സാങ്കേതിക തകരാറുകള്‍

ബോയിംഗ് 787 വിമാനങ്ങളില്‍ അടുത്തിടെയുണ്ടായ രണ്ട് പ്രധാന സാങ്കേതിക തകരാറുകളും കത്തില്‍ എടുത്തുപറയുന്നുണ്ട്:

ഒക്ടോബര്‍ 4 ന് എയര്‍ ഇന്ത്യ ഫ്‌ലൈറ്റ് 117 ബര്‍മിംഗ്ഹാമില്‍ ലാന്‍ഡിംഗിനായി സമീപിക്കുമ്പോള്‍ റാം എയര്‍ ടര്‍ബൈന്‍ (RAT) അപ്രതീക്ഷിതമായി വിന്യസിക്കപ്പെട്ടു.

ഒക്ടോബര്‍ 9 ന് വിയന്നയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോയ AI-154 വിമാനത്തില്‍ നിരവധി തകരാറുകള്‍ ഉണ്ടായതിനെത്തുടര്‍ന്ന് വിമാനം ദുബായിലേക്ക് തിരിച്ചുവിടേണ്ടി വന്നു.

ബോയിംഗ് 787 വിമാനങ്ങള്‍ സേവനം നിര്‍ത്തലാക്കി പരിശോധിക്കുകയും, പ്രത്യേക ഓഡിറ്റ് നടത്തുകയും ചെയ്യുന്നതിന് പുറമെ, അടുത്തിടെ സംഭവിച്ച തകരാറുകളെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും പൈലറ്റുമാരുടെ സംഘടന ആവശ്യപ്പെട്ടു.

Content Summary: Why are Air India pilots demanding the grounding of boeing 787 aircraft?

This post was last modified on October 11, 2025 6:46 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment