March 27, 2025 |
Share on

എന്തുകൊണ്ട് ബിരേന്‍ സിംഗിന്റെ കസേര തെറിച്ചു?

ഇത്രയും നാള്‍ സംരക്ഷിച്ചിരുന്ന ബിജെപി ദേശീയ നേതൃത്വവും ഒടുവില്‍ കൈയൊഴിഞ്ഞതെന്തുകൊണ്ട്?

വിവിധ കോണുകളില്‍ നിന്നുള്ള കനത്ത സമ്മര്‍ദ്ദത്തിനൊടുവിലാണ് ഞായറാഴ്ച്ച എന്‍ ബിരേന്‍ സിംഗ് മണിപ്പൂര്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നു് രാജിവച്ചത്. മെയ്‌തേയ്, കുക്കി സമുദായങ്ങള്‍ തമ്മിലുള്ള വംശീയ സംഘര്‍ഷങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ട സിംഗിന്റെ രാജിക്കായി കഴിഞ്ഞ 21 മാസമായി കുക്കി-സോ നേതാക്കള്‍ നിരന്തരം ആവശ്യപ്പെട്ടുക്കൊണ്ടിരിക്കുകയായിരുന്നു. മെയ്‌തേയ് ഭൂരിപക്ഷമുള്ള ഇംഫാല്‍ താഴ്വരയിലും സിംഗിന്റെ ജനപ്രീതി കുത്തനെ ഇടിഞ്ഞിരുന്നു. ഇതും മുഖ്യമന്ത്രിയായി തുടരുന്നതിന് സിംഗിന് തിരിച്ചടിയായി. ഇതിനൊപ്പം തന്നെയായിരുന്നു, വംശീയ സംഘര്‍ഷം പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷവും സിംഗിന്റെ രാജിയ്ക്കായി മുറവിളി കൂട്ടിയിരുന്നത്. എന്‍ഡിഎയുടെ ഒരു പ്രധാന പങ്കാളിയായ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി സിംഗിന്റെ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതും, ബിരേന്‍ സിംഗിന്റെ മുഖ്യമന്ത്രിക്കസേരയുടെ ആയുസിന് ഭീഷണിയായി. ഒടുവില്‍, ഇംഫാല്‍ താഴ്വരയിലെ അസന്തുഷ്ടരായ സഹപ്രവര്‍ത്തകരുടെ സമ്മര്‍ദ്ദവും കൂടി ചേര്‍ന്നതോടെ ഇനിയും മുന്നോട്ട് പോകാനാകില്ലെന്ന് സിംഗ് മനസിലാക്കി.

2023 മെയ് 3-ന് ആരംഭിച്ച വംശീയ സംഘര്‍ഷത്തിന് മുഖ്യമന്ത്രിയായ എന്‍ ബിരേന്‍ സിങ്ങിനെയാണ് കുക്കി-സോ ഗ്രൂപ്പുകളും ആ സമുദായത്തില്‍ നിന്നുള്ള 10 എംഎല്‍എമാരും കുറ്റപ്പെടുത്തുന്നത്. ഈ എംഎല്‍എമാരില്‍ ബിജെപിയിലെ ഏഴ് പേരും ഉള്‍പ്പെടുന്നുണ്ട്. അതില്‍ രണ്ടുപേര്‍ മന്ത്രിസഭയിലുമുള്ളവരായിരുന്നു. കഴിഞ്ഞ വര്‍ഷം മുതല്‍ സ്വന്തം അണികളില്‍ നിന്നു തന്നെ സിംഗിനെതിരേ പ്രതിഷേധം ഉയര്‍ന്നിരുന്നു, ഇപ്പോഴത് തീവ്രമായി മാറി. 2024 ഒക്ടോബറില്‍ പ്രധാനമന്ത്രിയുടെ ഓഫീസിലും (പിഎംഒ), ബിജെപി ദേശീയ ആസ്ഥാനത്തും, മുഖ്യമന്ത്രിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് താഴ്വരയിലെ ബിജെപി എംഎല്‍എമാര്‍ എത്തിയിരുന്നു. എന്നാല്‍, അന്നെല്ലാം ബിജെപി നേതൃത്വം സിംഗിനെ പിന്തുണയ്ക്കുകയായിരുന്നു ചെയ്തത്.

എന്നാല്‍ ഇന്ന് (തിങ്കളാഴ്ച) മണിപ്പൂര്‍ നിയമസഭയുടെ ബജറ്റ് സമ്മേളനം ആരംഭിക്കാനിരിക്കെയാണ് വഴിത്തിരിവ് ഉണ്ടാകുന്നത്.. നേതൃമാറ്റത്തിനുള്ള തങ്ങളുടെ അഭ്യര്‍ത്ഥനകള്‍ കേള്‍ക്കാത്തില്‍ അതൃപ്തരായിരുന്ന, വിമത എംഎല്‍എമാര്‍ ബജറ്റ് സെഷനില്‍ കോണ്‍ഗ്രസ് കൊണ്ടുവരാന്‍ സാധ്യതയുണ്ടായിരുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുമെന്ന് മനസിലാക്കിയതോടെയാണ് സിംഗിന് മുന്നില്‍ വഴിയടഞ്ഞത്. പാര്‍ട്ടിയിലെ സിംഗിന്റെ വിശ്വസ്തരും എതിരാളികളും തമ്മിലുള്ള ഭിന്നത രൂക്ഷമായിരുന്നു, നിയമസഭാ സമ്മേളനം ആരംഭിക്കുന്നതിന്റെ തലേദിവസമായ ഞായറാഴ്ച രാവിലെ മുതല്‍ ഇരു ഗ്രൂപ്പുകളും വെവ്വേറെ ക്യാമ്പ് ചെയ്യാന്‍ തുടങ്ങിയിരുന്നു.

മുഖ്യമന്ത്രിയുടെ വിമര്‍ശകരില്‍ പ്രധാനിയായ സ്പീക്കര്‍ തോക്‌ചോം സത്യബ്രത സിംഗ് കഴിഞ്ഞയാഴ്ച ന്യൂഡല്‍ഹിയിലെത്തി ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയെ കണ്ടതോടെ തന്നെ കകാര്യങ്ങള്‍ മാറിമറിയുമെന്ന സൂചന ശക്തമായിരുന്നു. സത്യബ്രത സിംഗ് അവിശ്വാസ പ്രമേയത്തെ കുറിച്ച് നദ്ദയോട് പറഞ്ഞതായാണ് പാര്‍ട്ടിക്കുള്ളില്‍ തന്നെയുള്ളവര്‍ മാധ്യമങ്ങളെ അറിയിച്ചത്. അവിശ്വസ പ്രമേയം അവതരിപ്പിക്കാന്‍ തീരുമാനിച്ചാല്‍ അത് തടയാന്‍ കഴിയില്ലെന്നും സത്യബ്രത, പാര്‍ട്ടി അധ്യക്ഷന് മുന്നറിയിപ്പ് നല്‍കിയിരുന്നു. മുഖ്യമന്ത്രിയെ മാറ്റുന്നില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ തകരുമെന്ന മുന്നറിയിപ്പ് തന്നൊയിരുന്നു ഗ്രാമവികസന-പഞ്ചായത്ത് കാര്യ മന്ത്രി യുംനം കെംഛന്ദും ഡല്‍ഹിയില്‍ എത്തി ബിജെപി നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കിയത്. സ്വന്തം പാളയത്തില്‍ നിന്നു തന്നെ പ്രതിഷേധം ശക്തമായതോടെയാണ് രാജിവച്ചൊഴിയാന്‍ സിംഗിന് മേല്‍ ഒടുവില്‍ നേതൃത്വത്തിനും സമ്മര്‍ദ്ദം ചെലുത്തേണ്ടി വന്നത്. അങ്ങനെ നിയമസഭ സമ്മേളനം ആരംഭിക്കുന്നതിന് തലേന്ന് ബിരേന്‍ സിംഗ് മണിപ്പൂരിന്റെ അധികാരക്കസേരയൊഴിഞ്ഞു.  Why did N Biren Singh have to resign as Chief Minister of Manipur?

Content Summary; Why did N Biren Singh have to resign as Chief Minister of Manipur?

×