February 17, 2025 |

ഇന്ത്യന്‍ മനുഷ്യാവകാശ കമ്മീഷന് യുഎന്‍ അംഗീകാരം നഷ്ടമായത് എങ്ങനെ?

ഒമ്പത് മനുഷ്യാവകാശ സംഘടനകള്‍ ഇന്ത്യന്‍ കമ്മീഷന്റെ പ്രവര്‍ത്തനങ്ങളില്‍ ആശങ്ക ചൂണ്ടികാണിച്ച് ജിഎഎന്‍എച്ച്ആര്‍ഐയ്ക്ക് കത്തയച്ചിരുന്നു

തുടര്‍ച്ചയായ രണ്ടാം തവണയും ഐക്യരാഷ്ട്ര സംഘടനയില്‍ നിന്ന് തിരിച്ചടി നേരിട്ടിരിക്കുകയാണ് ഇന്ത്യയുടെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. ഐക്യരാഷ്ട്ര സംഘടനയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ കമ്മീഷനുകളുടെ ആഗോളസഖ്യം(ജിഎഎന്‍എച്ച്ആര്‍ഐ) ഇത്തവണയും ദേശീയ മനുഷ്യാവകാശ കമ്മീഷന് അക്രഡിറ്റേഷന്‍ അനുവദിച്ചില്ല. യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിലെ ഇന്ത്യയുടെ പ്രാതിനിധ്യത്തെയും വോട്ടവകാശത്തെയും പ്രതികൂലമായി ബാധിക്കുന്ന തീരുമാനമാണിത്. കഴിഞ്ഞ് മെയ് 15ന് ചേര്‍ന്ന ജിഎഎന്‍എച്ച്ആര്‍ഐയുടെ അക്രഡിറ്റേഷന്‍ കമ്മിറ്റിയാണ് ഈ തീരുമാനം എടുത്തത്. കമ്മീഷനിലെ സ്ത്രി-ന്യൂനപക്ഷ പ്രാതിനിധ്യമില്ലായ്മ, പ്രവര്‍ത്തനത്തിലെ സുതാര്യതക്കുറവ്, അന്വേഷണം പോലീസിന് വിടുന്നതിലുള്ള വിയോജിപ്പുകള്‍ എന്നിവ ചൂണ്ടികാണിച്ചായിരുന്നു കഴിഞ്ഞ തവണ അംഗീകാരം നിഷേധിക്കപ്പെട്ടത്. ഒപ്പം സര്‍ക്കാര്‍ ഇടപെടലുകളില്ലാതെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ലെന്ന വിലയിരുത്തലുമുണ്ട്. നിലവില്‍ പ്രധാനമന്ത്രി, ലോക്‌സഭാ സ്പീക്കര്‍, കേന്ദ്ര ആഭ്യന്തര മന്ത്രി, രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍, പാര്‍ലിമെന്റിന്റെ ഇരുസഭകളിലെയും പ്രതിപക്ഷ നേതാക്കള്‍ എന്നിവരടങ്ങുന്ന നിയമന സമിതിയാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗങ്ങളെ തീരുമാനിക്കുന്നത്. ഈ സമിതിയില്‍ തന്നെ ഭരണപക്ഷത്തിന്റെ മേല്‍ക്കൈ പ്രത്യക്ഷമാണ്.

ജിഎഎന്‍എച്ച്ആര്‍ഐ-യും പാരിസ് ഉടമ്പടിയും

ഗ്ലോബല്‍ അലൈന്‍സ് ഓഫ് നാഷണല്‍ ഹ്യൂമണ്‍ റൈറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് എന്നതിന്റെ ചുരുക്ക പേരാണ് ജിഎഎന്‍എച്ച്ആര്‍ഐ. ഹോണ്ടുറാസ്,ന്യൂസിലാന്‍ഡ്, ഗ്രീസ്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ പ്രതിനിധികളുടെ നേതൃത്വത്തില്‍ ജനീവ ആസ്ഥാനമാക്കിയാണ് സംഘടനയുടെ പ്രവര്‍ത്തനം. 120 രാഷ്ട്രങ്ങളിലെ ദേശീയ മനുഷ്യാവകാശ സ്ഥാപനങ്ങളുടെ ഈ കൂട്ടായ്മയുടെ പ്രധാന ലക്ഷ്യം അഞ്ച് വര്‍ഷ ഇടവേളകളില്‍ മനുഷ്യാവകാശവുമായി ബന്ധപ്പെട്ട പാരിസ് ഉടമ്പടി അംഗരാജ്യങ്ങളിലെ സ്ഥാപനങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുകയാണ്. ഇതിനായി അതത് സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും വീഴ്ചകള്‍ ചൂണ്ടികാണിക്കുകയും ചെയ്യും. ഒപ്പം പ്രവര്‍ത്തനങ്ങള്‍ അടിസ്ഥാനമാക്കി ഗ്രേഡിങും നല്‍കും. 2023 നവംബര്‍ 29 വരെയുള്ള കണക്ക് അനുസരിച്ച് 88 സ്ഥാപനങ്ങള്‍ക്ക് എ ഗ്രേഡ് നല്‍കിയിട്ടുണ്ട്. ഇവരാണ് പാരിസ് ഉടമ്പടി പൂര്‍ണമായും പാലിക്കുന്നത്. ശേഷിക്കുന്ന 32 എണ്ണം ബി കാറ്റഗറിയിലാണ്. നിലവില്‍ ഇന്ത്യയും ബി റാങ്കിങാണ് നേടിയിരിക്കുന്നത്.
1993 ഡിസംബര്‍ 20ന് യുഎന്‍ ജനറല്‍ അസംബ്ലി അംഗീകരിച്ച തത്വങ്ങളാണ് പാരിസ് ഉടമ്പടി തത്വങ്ങള്‍ എന്നറിയപ്പെടുന്നത്. ദേശീയ മനുഷ്യാവകാശ സ്ഥാപനങ്ങള്‍ ഫലപ്രദമായും നീതിപൂര്‍വ്വവും പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച മാനദണ്ഡങ്ങളാണ് ഇതില്‍ നിര്‍വചിക്കുന്നത്. സ്ഥാപനങ്ങള്‍ സാര്‍വത്രിക മനുഷ്യാവകാശം ഉറപ്പാക്കണം, കമ്മീഷനുകള്‍ സര്‍ക്കാര്‍ ഇടപെടലുകളില്ലാത്ത സ്വയംഭരണവകാശമുള്ളവയായിരിക്കണം,
നിയമമോ ഭരണഘടനയോ ഉറപ്പുനല്‍കുന്ന സ്വാതന്ത്ര്യവും അതനുസരിച്ച് പ്രവര്‍ത്തിക്കാനും കമ്മീഷന് കഴിയണം. കമ്മീഷന്റെ നിയമനങ്ങളിലെ സുതാര്യതയും ബഹുസ്വരത ഉറപ്പുവരുത്തുന്ന രീതിയില്‍ അംഗങ്ങളെ തിരഞ്ഞെടുക്കുകയും വേണം, ഒപ്പം അന്വേഷണാധികാരവും ഉണ്ടാവണം. വ്യക്തികള്‍, മൂന്നാം കക്ഷികള്‍, എന്‍ജിഒകള്‍, ട്രേഡ് യൂണിയനുകള്‍ അല്ലെങ്കില്‍ അഭിഭാഷകര്‍, പത്രപ്രവര്‍ത്തകര്‍ തുടങ്ങിയ പ്രൊഫഷണലുകളുടെ പ്രതിനിധികള്‍ നല്‍കുന്ന പരാതികളും കേസുകളും സ്വീകരിക്കാന്‍ എന്‍എച്ച്ആര്‍ഐകള്‍ സജ്ജരായിരിക്കണമെന്നും ഈ തത്വങ്ങള്‍ പറയുന്നു.

ഇന്ത്യയുടെ നഷ്ടം

മുന്‍പ് ഇന്ത്യന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ജിഎഎന്‍എച്ച്ആര്‍ഐ-യുടെ എ റാങ്ക് കരസ്ഥമാക്കിയ രാജ്യങ്ങളുടെ പട്ടികയിലായിരുന്നു. പാരീസ് ചട്ടങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ 2017ലാണ് കമ്മീഷന്റെ റാങ്ക്
ജിഎഎന്‍എച്ച്ആര്‍ഐ മരവിപ്പിച്ചത്. ഇതില്‍ സുപ്രധാനമായി ചൂണ്ടികാണിച്ച വസ്തുത സ്ത്രീ-ന്യൂനപക്ഷ പ്രാതിനിധ്യമില്ലായ്മ ആയിരുന്നു. കമ്മീഷന്റെ ചരിത്രത്തില്‍ ബഹുസ്വരത വെളിവാക്കുന്ന തരത്തില്‍ ഈ വിഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഉണ്ടായിട്ടില്ലെന്നാണ് യുഎന്‍ സംഘടന ചൂണ്ടികാണിച്ചത്. അതിനാല്‍ തന്നെ ഉടച്ച് വാര്‍ക്കണം കമ്മീഷനെ എന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് ഇതുവരെ ഉണ്ടായിട്ടില്ല.
എ പദവിയുണ്ടെങ്കില്‍ മാത്രമേ ഇന്ത്യന്‍ കമ്മീഷന് യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിലും അതിന്റെ അനുബന്ധ സ്ഥാപനങ്ങളിലും പൂര്‍ണമായ പ്രവര്‍ത്തന അവകാശം ഉണ്ടാവു.വോട്ടവകാശവും ഭരണപരമായ സ്ഥാനങ്ങളും ഉള്‍പ്പെടെയുള്ള കിട്ടുന്നതിനും അംഗീകാരം നിര്‍ണായകമാണ്. നിലവിലെ ബി പദവി കൊണ്ട് സാധിക്കുന്നത് ജിഎഎന്‍എച്ച്ആര്‍ഐ-യുടെ യോഗങ്ങളില്‍ പങ്കെടുക്കാം എന്നത് മാത്രമാണ്. വോട്ടുചെയ്യാനോ ഭരണപരമായ സ്ഥാനങ്ങള്‍ വഹിക്കാനോ കഴിയില്ല. ഇത്തവണ ഇന്ത്യന്‍ കമ്മീഷനെ പുറത്ത് നിര്‍ത്താനുള്ള കാരണങ്ങള്‍ ജിഎഎന്‍എച്ച്ആര്‍ഐ-യുടെ റിപ്പോര്‍ട്ട് പുറത്ത് വന്നാല്‍ മാത്രമേ വ്യക്തമാവു. കഴിഞ്ഞ തവണ ചൂണ്ടികാണിച്ച വിഷയങ്ങള്‍ക്കൊപ്പം ആംനസ്റ്റി ഇന്റര്‍നാഷണലും ഹ്യൂമന്‍ റൈറ്റ്സ് വാച്ചും ഉള്‍പ്പെടെ ഒമ്പത് മനുഷ്യാവകാശ സംഘടനകള്‍ ഇന്ത്യന്‍ കമ്മീഷന്റെ പ്രവര്‍ത്തനങ്ങളില്‍ ആശങ്ക ചൂണ്ടികാണിച്ച് ജിഎഎന്‍എച്ച്ആര്‍ഐയ്ക്ക് കത്തയച്ചിരുന്നു. പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി, ഇന്ത്യന്‍ പൗരമാര്‍ നേരിട്ട നിയന്ത്രണം, ന്യൂനപക്ഷ വിവേചനം എന്നിവയില്‍ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ വോള്‍ക്കര്‍ ടര്‍ക്കും ആശങ്ക ഉന്നയിച്ചിരുന്നു.ന്യൂനപക്ഷങ്ങളും മാധ്യമങ്ങള്‍ക്കും വേട്ടയാടപ്പെടുന്നുവെന്നും കത്തില്‍ പറഞ്ഞിരുന്നു.

 

English Summary; Why has a UN body withheld accreditation to India’s NHRC?

×