UPDATES

എന്തുകൊണ്ട് കേരളം ലോകത്തിലെ കാലാവസ്ഥാ പ്രവചനം ബുദ്ധിമുട്ടുള്ള സംസ്ഥാനമായി ?

മുന്നറിയിപ്പുകളുടെ യഥാർത്ഥ അർത്ഥമെന്ത് !

                       

ഓരോ വർഷവും ഉണ്ടാകുന്ന ദുരന്തങ്ങളുടെ കാഠിന്യം കുറയുന്നത് അവയെ നേരിടുന്നതിന് വേണ്ടി നാം എത്ര കണ്ട് തയ്യാറെടുക്കുന്നു എന്നതിനെ ആശ്രയിച്ചാണ്. അപ്രതീക്ഷിതമായുണ്ടാകുന്ന അസാധാരണ മഴ പലപ്പോഴും വലിയ നാശനഷ്ടങ്ങൾ സൃഷ്ടിക്കാറുണ്ട്. അത്തരത്തിൽ ഏറ്റവും അടുത്തായി സാക്ഷ്യം വഹിച്ച ഒരു ദുരന്തമാണ് വയനാട്ടിലെ ഉരുൾപൊട്ടൽ. ഒരോ സാഹചര്യത്തിനും മുന്നറിയിപ്പുകൾക്കും അനുസരിച്ച് ദുരന്തങ്ങളെ നേരിടാൻ നാം സജ്ജമായിരിക്കേണ്ടത് അനിവാര്യമാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും കൂടുതൽ ദുരന്തങ്ങൾ നേരിടുന്നത് കാലവർഷ-തുലാവർഷ സമയത്താണ്. കേരളത്തിൽ നാല് ഋതുക്കളിലും മഴ ലഭിക്കുമെങ്കിലും മഴക്കാലം ആയി കണക്കാക്കുന്നത് ജൂൺ മുതൽ സെപ്റ്റംബർ വരെയാണ്.  Kerala the most difficult state in the world to predict weather

തെക്കു പടിഞ്ഞാറൻ കാലവർഷം ഇന്ത്യയിൽ ആദ്യമെത്തുന്ന പ്രദേശമാണ് കേരളം.1971 മുതൽ 2020 വളര രേഖപ്പെടുത്തിയ മഴയുടെ വിവരങ്ങൾ പ്രകാരം കേരളത്തിലെ വാർഷിക മഴയുടെ ശരാശരി 2890.8 മില്ലി മീറ്റർ ആണ്. ഇതിൽ 2018.6 മില്ലി മീറ്റർ മഴയും തെക്ക് പടിഞ്ഞാറൻ മൺസൂണിലാണ് ലഭിക്കുന്നത്. 492 മില്ലി മീറ്ററാണ് പിന്നാലെയെത്തുന്ന വടക്ക് കിഴക്കൻ മൺസൂണിൽ സാധരണ ലഭിക്കാറുള്ളത്.

കൂടാതെ കേരളത്തിലെ പ്രീ-മൺസൂൺ സമയങ്ങളിൽ (മാർച്ച്-മെയ്) 361.5 മില്ലി ലിറ്ററും, ശീത കാലത്ത് (ജനുവരി- ഫെബ്രുവരി) 21.1 മില്ലി മീറ്റർ മഴയും സാധാരണ ലഭിക്കാറുണ്ട്. കേരളത്തിൽ സാധാരണ ഗതിയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത് ജൂലൈ മാസത്തിലാണ്. പ്രധാനപ്പെട്ട മഴക്കാലം ആയ തെക്കു-പടിഞ്ഞാറൻ കാലവർഷത്തിൽ കൂടുതൽ മഴ ലഭിക്കുന്നത് വടക്കൻ കേരളത്തിലും, കുറവ് മഴ ലഭിക്കുന്നത് തെക്കൻ കേരളത്തിലുമാണ്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശ്ശൂർ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിൽ 2000 മില്ലി മീറ്ററിൽ അധികം മഴ സാധാരണ ലഭിക്കാറുണ്ട്. ഇതിൽ ഏറ്റവും അധികം മഴ (2846.2 mm) ലഭിക്കുന്നത് കാസർഗോഡ് ജില്ലയിൽ ആണ്. കുറവ് ലഭിക്കുന്നത് (844.6mm) തിരുവനന്തപുരം ജില്ലയിൽ ആണ്.

2005-2022 വളരയുള്ള  വർഷങ്ങളിൽ കാലവർഷത്തിൽ ദീർഘകാല ശരാശരി മഴയിൽ നിന്നും, 12 തവണ കൂടുതൽ മഴയും, 6 തവണ കുറവ് മഴയും ആണ് കേരളത്തിൽ ലഭിച്ചിട്ടുള്ളത്.

മുന്നറിയിപ്പ് രീതികൾ

ലോകത്തിൽ തന്നെ കാലാവസ്ഥാ പ്രവചനത്തിന് ഏറ്റവും ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിൽ ഒന്നാണ് കേരളം. സാങ്കേതികമായി ഒട്ടനവധി പരിമിതികൾ ഇത്തരം പ്രവചനങ്ങൾക്കുണ്ട്. മഴ പെയ്യാനുള്ള സാധ്യതയും, പ്രവചനത്തിലെ മഴയുടെ അളവ്, തീക്ഷ്‌ണത,  മഴ സാധ്യതാ സ്ഥലങ്ങളെ സംബന്ധിച്ച വിവരം എന്നിവ പരിശോധിക്കണം. ഇവയുടെ അടിസ്ഥാനത്തിലാണ് ജില്ലാ തലത്തിൽ പ്രതീക്ഷിക്കാവുന്ന മഴയുടെ കാഠിന്യം സംബന്ധിച്ച് പച്ച, മഞ്ഞ, ഓറഞ്ച്, ചുവപ്പ് നിറങ്ങളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് സൂചന നൽകുക.

24 മണിക്കൂറിനുള്ളിൽ രേഖപ്പെടുത്തുന്ന മഴയുടെ അളവിനനുസരിച്ച് പ്രവചനത്തിലെ മഴയുടെ അളവും, തീക്ഷ്‌ണതയും കണക്കിലെടുത്താണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മഴയുടെ ലഭ്യതയെ 6 വിഭാഗങ്ങളായി തിരിച്ചിട്ടുള്ളത്.

നൂൽ മഴ (Very light rainfall) മഴ മാപിനിയിൽ 0.1 മിമി മുതൽ 2.4 മിമി വരെ. ചാറ്റൽ മഴ (Light rainfall): 2.5 mm മുതൽ 15.5 mm വരെ. മിതമായ മഴ (Moderate) 15.6 മിമി മുതൽ 64.4 മിമി വരെ, ശക്തമായ മഴ (Heavy rainfall) 64.5 മിമി 115.5 മിമി, അതിശക്തമായ മഴ (Very heavy rainfall) 115.6 മിമി മുതൽ 204.4 മിമി വരെ. അതിതീവ്ര മഴ (Extremely heavy rainfall) 204.4 മില്ലി മീറ്ററിൽ കൂടുതൽ മഴ മണിക്കൂറിൽ എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് മഴയുടെ തീക്ഷ്‌ണത (Rainfall Intensity) നിർണയിക്കുന്നത്.

മിതമായ മഴ പ്രവചിക്കപ്പെടുന്ന സ്ഥലത്ത് 50 മിമി മഴ ഒരു മണിക്കൂർ സമയം കൊണ്ടാണ് പെയ്യുന്നതെങ്കിൽ അത് തീക്ഷ്‌ണത കൂടിയ മഴ ആയിരിക്കും. എന്നാൽ 50 മിമി മഴ 24 മണിക്കൂർ സമയം കൊണ്ടാണ് പെയ്യുന്നതെങ്കിൽ അത് തീക്ഷ്‌ണത (low intensity rainfall) കുറഞ്ഞ മഴ ആയിരിക്കും. ഈ വിവരം പ്രാദേശികമായി ലഭിക്കുന്നതിന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സ്ഥലം കണ്ടെത്തി കാലാവസ്ഥ വകുപ്പ് 100 ഓട്ടോമാറ്റിക്ക് കാലാവസ്ഥാ ഉപകരണങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.

മിന്നൽ പ്രളയം സ്ഥിരീകരിക്കുന്നതെങ്ങനെ

മിന്നൽ പ്രളയം ഉറപ്പിക്കാവുന്ന തരത്തിലുള്ള മഴയാണ് അതിതീവ്ര മഴയും, തീക്ഷ്‌ണത കൂടിയ മഴയും. 2018ൽ കേരളത്തിൽ പ്രളയത്തിന് കാരണമായ ദിവസങ്ങളിൽ പലയിടങ്ങളിലും 300 മിമി മുതൽ 400 മിമി വരെ മഴയായിരുന്നു 24 മണിക്കൂറിൽ പെയ്തത്. അന്ന് തീക്ഷ്‌ണത നിർണയിക്കാൻ ഉപകരണങ്ങൾ ഇല്ലാത്തതിനാൽ, എത്ര സമയം കൊണ്ടാണ് ഇത്ര അധികം മഴ പെയ്തത് എന്ന് കൃത്യമായ വിവരം ലഭ്യമല്ല. ഓട്ടോമേറ്റഡ് വെതർ സ്റ്റേഷൻസ്, എന്നിവയിൽ നിന്നും മാത്രമേ ഇത്തരം വിവരം ലഭ്യമാകൂ.

നിറങ്ങളുടെ അടിസ്ഥാനത്തിലെ മഴ മുന്നറിയിപ്പ്

നാല് നിറത്തിലുള്ള മഴ അലെർട്ടുകളാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിക്കാറുള്ളത്. മഴ പെയ്യാനുള്ള സാധ്യത, പ്രവചനത്തിലെ മഴയുടെ അളവ്, തീക്ഷ്‌ണത,  മഴ സാധ്യതാ സ്ഥലങ്ങളെ സംബന്ധിച്ച വിവരം എന്നിവയുടെ അടിസ്ഥാനത്തിൽ ജില്ലാ തലത്തിൽ പ്രതീക്ഷിക്കാവുന്ന മഴയുടെ കാഠിന്യം അനുസരിച്ച് പച്ച, മഞ്ഞ, ഓറഞ്ച്, ചുവപ്പ് നിറങ്ങളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. പ്രവചിക്കപ്പെടുന്ന മഴയുടെ തീവ്രതയ്ക്ക് അനുസരിച്ചുള്ള ‘ദുരന്ത തയ്യാറെടുപ്പ് നടപടികൾ’ തീരുമാനിക്കാനുള്ളതാണ് ഈ മുന്നറിയിപ്പുകൾ.

പച്ച : ജാഗ്രത പാലിക്കേണ്ട സാഹചര്യം നിലവിലില്ല
മഞ്ഞ: കാലാവസ്ഥയെ കരുതലോടെ നിരീക്ഷിക്കണം. ഭയപ്പെടേണ്ട സാഹചര്യമില്ല, അപകട സാധ്യത അപ്ഡേറ്റ് ചെയ്യപ്പെടുന്നതനുസരിച്ച് മുന്നൊരുക്കങ്ങൾ നടത്താം.
ഓറഞ്ച് : അതീവ ജാഗ്രത മുന്നറിയിപ്പ്, സുരക്ഷാ തയ്യാറെടുപ്പുകൾ തുടങ്ങണം. മാറ്റി താമസിപ്പിക്കൽ ഉൾപ്പെടെ അധികൃതർ ആരംഭിക്കേണ്ടതോ അതിന് വേണ്ട മുന്നൊരുക്കങ്ങൾ പൂർത്തിയാക്കേണ്ടതോ ആയ ഘട്ടം. അപകട സാധ്യതാ പ്രദേശങ്ങളിൽ താമസിക്കുന്നവർ എമർജൻസി കിറ്റ് ഉൾപ്പെടെ തയ്യാറാക്കി അവസാനഘട്ട തയ്യാറെടുപ്പും പൂർത്തീകരിച്ച്  നിൽക്കണം.

ചുവപ്പ് : കർശന സുരക്ഷ നടപടി സ്വീകരിക്കേണ്ട ഘട്ടം. ദുരന്ത സാധ്യതാ മേഖലയിൽ നിന്നും എല്ലാവരെയും സുരക്ഷിത സ്ഥാനത്തേക്കോ ക്യാമ്പുകളിലേക്കോ മാറ്റി താമസിപ്പിക്കുക ഈ ഘട്ടത്തിലാണ്. മാറി താമസിക്കാൻ തയ്യാറാവാത്തവരെ ആവശ്യമെങ്കിൽ നിർബന്ധിതമായി ബലപ്രയോഗത്തിലൂടെ മാറ്റി താമസിപ്പിക്കേണ്ടതാണ്. രക്ഷാ സേനയെ വിന്യസിപ്പിക്കുക, ക്യാമ്പുകൾ ആരംഭിക്കുക തുടങ്ങിയ എല്ലാവിധ നടപടിക്രമങ്ങൾക്കുമുള്ള സന്ദേശമാണിത്.

മുന്നറിയിപ്പുകളിൽ ചുവപ്പ് അലെർട്ട് ഒഴികെയുള്ള അലെർട്ടുകളെ പൊതുവിൽ ഭീതിയോടെ കാണേണ്ട ആവശ്യമില്ല. എന്നിരുന്നാലും മഞ്ഞ, ഓറഞ്ച് അലർട്ട്കൾ പ്രഖ്യാപിച്ചു കഴിഞ്ഞാൽ കരുതലോടേയും ജാഗ്രതയോടെയും ഇരിക്കേണ്ടത് പ്രധാനമാണ്.

മഴയെങ്ങനെ ദുരന്തത്തിന് വഴിവയ്ക്കുന്നു

സാധാരണയിൽനിന്ന് വ്യത്യസ്‍തമായി ലഭിക്കും എന്ന് പ്രതീക്ഷിക്കുന്ന മഴ ചുരുങ്ങിയ സമയത്തിലും, ദിവസങ്ങളിലും ലഭിക്കുന്ന അവസ്ഥയാണ് പൊതുവിൽ കാണുന്നത് എന്നാണ് കാലാവസ്ഥാ വിദഗ്ദ്ധർ വിലയിരുത്തുന്നത്. തീക്ഷ്‌ണത കൂടിയ മഴ പെയ്താൽ മണ്ണിലേക്ക് ആഴ്ന്നിറങ്ങുവാനുള്ള സമയം ജലത്തിന് ലഭിക്കില്ല എന്നതിനാൽ അത് പെട്ടന്ന് നീർച്ചാലുകളിലും, പുഴകളിലും ചെന്നെത്തുകയും വെള്ളപ്പൊക്കത്തിനും, മിന്നൽ പ്രളയത്തിനും കാരണമാകും. ഇത്തരം സാഹചര്യങ്ങളിൽ മഴ അധികമായി ലഭിക്കുവാനുള്ള സാധ്യത പരിഗണിച്ച്, ജില്ലാ ദുരന്ത നിവാരണ അതോറിറ്റികൾ വെള്ളപൊക്കം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, ശക്തമായ കാറ്റ്, തീരശോഷണം എന്നിവ നേരിടുവാൻ തയ്യാറാകേണ്ടതുണ്ട്.

2018ലെ പ്രളയത്തിൽ ഗണ്യമായ അളവിൽ മേൽമണ്ണ് നഷ്ടപ്പെട്ടതിനാൽ, ലഭിക്കുന്ന മഴയുടെ നല്ലൊരുപങ്കും ഒഴുകി പോകുവാൻ സാധ്യതയുണ്ട്. ഇത് നദികളിലേയും, ചാലുകളിലേയും ജലനിരപ്പ് പെട്ടന്ന് ഉയരുവാൻ കാരണമാകും. ഉരുൾപൊട്ടൽ/മണ്ണിടിച്ചിൽ പ്രവചന സാങ്കേതിക വിദ്യ നിലവിൽ വിജയകരമായി പരീക്ഷിക്കപെട്ടിട്ടില്ല അതിനുള്ള ശ്രമങ്ങൾ നടന്ന് വരികയാണ്.

ആലപ്പുഴ, തൃശൂർ, കോട്ടയം, എറണാകുളം എന്നീ ജില്ലകൾ വെള്ളപ്പൊക്ക പ്രതിരോധത്തിന് പ്രത്യേകമായി തയ്യാറെടുക്കേണ്ടത് അത്യാവശ്യമാണ്. വയനാട്, കോഴിക്കോട്, പാലക്കാട്, തൃശ്ശൂർ, ഇടുക്കി, കോട്ടയം, പത്തനംതിട്ട, മലപ്പുറം, കൊല്ലം എന്നീ ജില്ലകൾ ഉരുൾപൊട്ടൽ/മണ്ണിടിച്ചിൽ പ്രതിരോധത്തിന് പ്രത്യേകമായി തയ്യാറെടുക്കേണ്ടതാണ്. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, മലപ്പുറം ജില്ലകൾ കടലാക്രമണം നേരിടുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. കുഴലികൃത മണ്ണൊലിപ്പ് കാണപ്പെട്ടിട്ടുള്ള പ്രദേശങ്ങളിൽ കുട്ടികൾ ഇവ മൂലം ഉണ്ടായിട്ടുള്ള തുരങ്കങ്ങളിൽ അകപ്പെടാതെ ശ്രദ്ധിക്കേണ്ടതുണ്ട്. ഇവ ഇടിഞ്ഞ് ഇറങ്ങുന്നത് ഉരുൾപൊട്ടൽ സാധ്യത വർദ്ധിപ്പിക്കുന്നു.

content summary; Why is Kerala the most difficult state in the world to predict weather,  What is the real meaning of warnings

Share on

മറ്റുവാര്‍ത്തകള്‍