8 മണിക്കൂർ ഉറങ്ങിയിട്ടും  ക്ഷീണം മാറുന്നില്ലേ ? യഥാർത്ഥ കാരണം അറിയാം

വിശപ്പും ക്ഷീണവും വണ്ണവും കൂടുന്നുവോ? കാരണം നിങ്ങളുടെ വൈകിയുള്ള ഉറക്കമാകാം

Young woman is waking up and looking at her smart phone.

രാത്രി വൈകി ഉറങ്ങാന്‍ പോകുന്ന പലരുടെയും പൊതുവായൊരു ധാരണ ‘പുലര്‍ച്ചെ 2 മണിക്ക് ഉറങ്ങി രാവിലെ 10 മണിക്ക് എഴുന്നേറ്റാലും എട്ടു മണിക്കൂര്‍ കൃത്യമായി ഉറക്കം ലഭിക്കുന്നുണ്ടല്ലോ, അതുകൊണ്ട് കുഴപ്പമില്ല എന്നാണ്.’ എന്നാല്‍ ഉറങ്ങുന്നതിന്റെ ദൈര്‍ഘ്യം പോലെ തന്നെ പ്രധാനമാണ് ഏതു സമയത്താണ് ഉറങ്ങുന്നത് എന്ന കാര്യമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

ശരീരത്തിന്റെ സ്വാഭാവിക ജൈവഘടികാരത്തിന് (Circadian Rhythm) അനുയോജ്യമായ സമയത്ത് ഉറങ്ങുന്നതിനോളം ഗുണം രാത്രി വൈകിയുള്ള ഉറക്കത്തിന് ലഭിക്കണമെന്നില്ല. മനുഷ്യശരീരം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നത് സ്വാഭാവികമായ ‘സര്‍ക്കാഡിയന്‍ റിഥം’ അടിസ്ഥാനമാക്കിയാണ്. ശരീരത്തിലെ ഉറക്കം, ഉണര്‍വ്, ഉപാപചയ പ്രവര്‍ത്തനങ്ങള്‍ (Metabolism) എന്നിവയെല്ലാം നിയന്ത്രിക്കുന്നത് ഈ ജൈവഘടികാരമാണ്. ‘എട്ട് മണിക്കൂര്‍ ഉറങ്ങുന്നു എന്നതിനൊപ്പം തന്നെ പ്രധാനമാണ് ആ ഉറക്കം ശരീരത്തിന്റെ സ്വാഭാവിക ജൈവഘടികാരവുമായി പൊരുത്തപ്പെടുന്നുണ്ടോ എന്നത്. രാത്രി വൈകി ഉറങ്ങുന്നത് വഴി ശരീരത്തിന് പൂര്‍ണ്ണമായ വിശ്രമവും ഉന്മേഷവും ലഭിക്കണമെന്നില്ല,’ മുംബൈ പരേലിലെ ഗ്ലെനെഗിള്‍സ് ആശുപത്രിയിലെ സീനിയര്‍ ചെസ്റ്റ് ഫിസിഷ്യനും സ്ലീപ്പ് ഡിസോര്‍ഡര്‍ സ്പെഷ്യലിസ്റ്റുമായ ഡോ. ഹരീഷ് ചാഫ്ലെ വ്യക്തമാക്കുന്നു.

കൃത്യസമയത്തല്ലാത്ത ഉറക്കം ശരീരത്തിലെ പ്രധാന ഹോര്‍മോണുകളുടെ സന്തുലിതാവസ്ഥയെ ബാധിക്കും ഉറക്കത്തെ നിയന്ത്രിക്കുന്ന മെലാടോണിന്റെയും പിരിമുറുക്കങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന കോര്‍ട്ടിസോളിന്റെയും സ്വാഭാവിക അളവില്‍ വ്യതിയാനം സംഭവിക്കുന്നു. വിശപ്പ് കൂട്ടുന്ന ‘ഗ്രെലിന്‍’ (Ghrelin) എന്ന ഹോര്‍മോണ്‍ കൂടുകയും വയര്‍ നിറഞ്ഞതായി തോന്നിക്കുന്ന ‘ലെപ്റ്റിന്‍’ ഹോര്‍മോണ്‍ കുറയുകയും ചെയ്യാം. ഇത് അമിതമായ വിശപ്പ്, മധുരപലഹാരങ്ങളോടുള്ള പ്രിയം, പകല്‍ സമയത്തെ ക്ഷീണം, മെറ്റബോളിസം മന്ദഗതിയിലാകല്‍ എന്നിവയിലേക്ക് നയിക്കും. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇത് ശരീരഭാരം വര്‍ധിക്കാന്‍ കാരണമാകുന്നു.

എല്ലാവരിലും ഇത് ഒരുപോലെ ദോഷകരമായി ബാധിക്കണമെന്നില്ല. ദിവസവും ഒരേ സമയത്ത് തടസ്സമില്ലാതെ 8 മണിക്കൂര്‍ ഉറങ്ങുകയും രാവിലെ ഉണരുമ്പോള്‍ ഉന്മേഷം അനുഭവപ്പെടുകയും ചെയ്യുന്നുണ്ടെങ്കില്‍ വലിയ പ്രശ്നമില്ല. എന്നാല്‍ ഈ സമയം നിങ്ങളുടെ ദിനചര്യയുമായോ ശരീരത്തിന്റെ അവസ്ഥയുമായോ ചേര്‍ന്നുപോകുന്നില്ലെങ്കില്‍ അത് ഉറക്കത്തിന്റെ ഗുണനിലവാരത്തെയും ദീര്‍ഘകാല ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കും. ഉറക്കത്തിന്റെ ദൈര്‍ഘ്യം പോലെ തന്നെ പ്രധാനമാണ് അത് ശരീരത്തിന്റെ സ്വാഭാവിക താളവുമായി ചേര്‍ന്നു പോകുന്നുണ്ടോ എന്നത്, കൃത്യസമയത്തുള്ള ഉറക്കം ആരോഗ്യം ഉറപ്പാക്കാന്‍ അത്യാവശ്യമാണ്.

നിങ്ങള്‍ രാത്രി 2 മണിക്ക് ഉറങ്ങി രാവിലെ 10 മണിക്ക് ഉണരുമ്പോള്‍ സാങ്കേതികമായി 8 മണിക്കൂര്‍ ഉറക്കം തികയ്ക്കുന്നുണ്ട്, എങ്കിലും ഈ സമയക്രമം ശരീരത്തിന്റെ സ്വാഭാവിക താളത്തിന് വിപരീതമായതിനാല്‍, ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇത് ശരീരത്തിന് ആവശ്യമായ റീസ്റ്റോറേഷന്‍ നല്‍കില്ല. കൂടാതെ, പകല്‍ സമയങ്ങളില്‍ ക്ഷീണം, ഏകാഗ്രതക്കുറവ്, ഉന്മേഷമില്ലായ്മ എന്നിവ അനുഭവപ്പെടാം. രാത്രിയിലെ സാധാരണ സമയത്ത് ലഭിക്കേണ്ട ആഴത്തിലുള്ള ഉറക്കത്തിന്റെ (Deep Sleep) അളവ് കുറയാന്‍ ഇത് കാരണമാകാം.

പുലര്‍ച്ചെ 2 മണിമുതല്‍ മുതല്‍ 10 മണിവരെയുള്ള ഉറക്കം എല്ലായ്പ്പോഴും ദോഷകരമാകണമെന്നില്ല എന്നാണ് ഡോ. ഹരീഷ് ചാഫ്ലെ വ്യക്തമാക്കുന്നത്.

ഒരാള്‍ ദിവസവും തടസ്സമില്ലാതെ എട്ട് മണിക്കൂര്‍ ഉറങ്ങുകയും രാവിലെ പൂര്‍ണ്ണ ഉന്മേഷത്തോടെ ഉണരുകയും ചെയ്യുന്നുണ്ടെങ്കില്‍, ആ സമയദൈര്‍ഘ്യം അവര്‍ക്ക് അനുയോജ്യമായിരിക്കാം. പക്ഷെ, നല്ല ആരോഗ്യത്തിന് ഉറങ്ങുന്ന സമയത്തിന്റെ ദൈര്‍ഘ്യം എത്രത്തോളം പ്രധാനമാണോ അത്രത്തോളം തന്നെ പ്രധാനമാണ് ഉറങ്ങുന്ന സമയവും. ശരീരത്തിന്റെ ജൈവഘടികാരത്തിനനുസരിച്ച് ക്രമീകരിക്കുന്നതാണ് ആരോഗ്യത്തിന് ഏറ്റവും ഉചിതം.

Why sleeping from 2 to 10 am may not be enough

This post was last modified on July 26, 2026 12:01 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment