65 വയസ് കടന്നവരില്‍ 14-ല്‍ ഒരാള്‍ക്ക് ഡിമെന്‍ഷ്യ എന്ന മറവിരോഗം ഉണ്ടത്രേ! രോഗം പിടിപെട്ടാല്‍ പിന്നെ മറ്റുമാര്‍ഗങ്ങള്‍ ഇല്ലാതിരിക്കെ, 7 വഴികളിലൂടെ ഇതിനെ അകറ്റിനിര്‍ത്താമെന്ന് വൈദ്യശാസ്ത്രം പറയുന്നു.
ഭാരം ശ്രദ്ധിക്കുക
പ്രമേഹവും അമിതശരീരഭാരവുമാണ് ഈ രോഗത്തിന്റെ പ്രധാന വെല്ലുവിളികള്‍. ഈ രണ്ട് പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് വാര്‍ദ്ധക്യകാലത്ത് ഡിമെന്‍ഷ്യ പിടിപെടാന്‍ ഇരട്ടി സാധ്യതയാണ് ഉള്ളത്. രക്തസമ്മര്‍ദ്ദം,ഉയര്‍ന്ന കൊളെസ്‌ട്രോള്‍ തുടങ്ങിയവയും ശ്രദ്ധിക്കണം. മധ്യവയസ്സില്‍ തന്നെ ശരീരഭാരവും ഹൃദയാരോഗ്യവും ശ്രദ്ധിക്കുന്നത് ഈ രോഗത്തിന് എതിരെയുള്ള മുന്‍കരുതലാകും.
പുകവലിക്കരുത്
പുകവലി എല്ലാ അര്‍ഥത്തിലും ദോഷകരമാണ്. നീണ്ടകാലത്തെ പുകവലി ശീലം തലച്ചോറിനെ ഉള്‍പ്പടെ ബാധിക്കും. ദിവസവും രണ്ട് പാക്കറ്റ് സിഗരറ്റ് വലിക്കുന്നവര്‍ക്ക് ഡിമെന്‍ഷ്യ പിടിപെടാനുള്ള സാധ്യത ഇരട്ടിയിലധികം!
ഊര്‍ജ്ജസ്വലത കൈവിടരുത്
കഴിവതും ശാരീരികമായി ആക്റ്റീവ് ആയിരിക്കണീ. പ്രത്യേകിച്ചും വ്യായാമ കാര്യങ്ങളില്‍. കായിക താരങ്ങള്‍, എപ്പോഴെങ്കിലും തലയ്ക്കു ക്ഷതം/പരിക്കേറ്റവര്‍ ആണെങ്കില്‍ നിര്‍ബന്ധമായും സ്‌പോര്‍ട്‌സ് ഒഴിവാക്കണം അത്രേ!
രോഗത്തെ മുന്‍കൂട്ടി കാണണം
കൂടുതല്‍ കാലം പഠനവും പരീക്ഷയുമായി ചിലവിടുന്നവര്‍ക്ക് ഈ രോഗം വരാനുള്ള സാധ്യത കുറവാണ്. പക്ഷെ അവര്‍ക്കുമാത്രമല്ല, ഏത് പ്രായക്കാര്‍ക്കും ഈ രോഗത്തെ അകറ്റിനിര്‍ത്താനുള്ള പരിശീലനം സ്വയം നടത്താവുന്നതാണ്. പുതിയ ശീലങ്ങള്‍ ഉണ്ടാക്കുക, പുതിയ കാര്യങ്ങള്‍ അറിയാന്‍ ശ്രമിക്കുക, കൂടുതല്‍ അറിവ് ആര്‍ജിക്കുക എന്നിങ്ങനെ എപ്പോഴും തലച്ചോറിനെ സജീവമാക്കി നിര്‍ത്തുന്നതാണ് മികച്ച മാര്‍ഗം. ക്രോസ്സ്വേര്‍ഡ് പസില്‍ ഉള്‍പ്പടെ ബുദ്ധിയുപയോഗിക്കേണ്ട കളികള്‍ ധാരാളമായി ശീലിക്കുന്നതും മികച്ച മാര്‍ഗമാണ്.
ഇടപെടല്‍ നല്ല മരുന്നാണ്
സമൂഹത്തോട് എപ്പോഴും ബന്ധപ്പെട്ടുള്ള ജീവിതമാണ് മറ്റൊരു മരുന്ന്. ക്ലബ്ബുകള്‍, മറ്റ് കൂട്ടായ്മകള്‍ എന്നിങ്ങനെ മറ്റുള്ളവരുമായി ഇടപെടാനുള്ള ഒരു അവസരവും നഷ്ടപ്പെടുത്തരുത്. വാര്‍ദ്ധക്യകാലത്ത് ഉള്‍പ്പടെ വലിയ സാമൂഹിക ബന്ധം കാത്തുസൂക്ഷിക്കുന്നവര്‍ക്ക് ഈ രോഗം വരില്ലെന്നാണ് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്.
മെഡിറ്ററേനിയന്‍ ഡയറ്റ്
ഭക്ഷണവും പ്രധാന ഘടകമാണ്. അത് ഒരു വ്യക്തിയുടെ ആരോഗ്യം, കാലാവസ്ഥ, ലഭ്യത എന്നിങ്ങനെ പല കാര്യങ്ങളെ ആശ്രയിച്ചിരിക്കും. ഏത് ഭക്ഷണരീതിയാണ് ഡിമെന്‍ഷ്യയെ തുരത്തുകയെന്നു ഇനിയും വ്യക്തമായിട്ടില്ല ശാസ്ത്രജ്ഞര്‍ക്ക്. എങ്കിലും മെഡിറ്ററേനിയന്‍ ഡയറ്റ് ഗുണം ചെയ്യുമെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. ഈ ക്രമത്തില്‍ മാംസം കുറവും പച്ചക്കറിയും പഴങ്ങളും മത്സ്യവും ധാന്യങ്ങളും വളരെ കൂടുതലുമാണ്. ഡെമെന്ഷിയക്കൊപ്പം രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഈ ഡയറ്റ് ചാര്‍ട്ട് സഹായിക്കുമത്രേ.
സാധാരണ ഗതിയിലുള്ള ഉറക്കം
ഉറക്കക്കുറവ്, ഉറങ്ങാനുള്ള സമയം ജോലി ചെയ്യുക എന്നിങ്ങനെ ഒരു പ്രായത്തില്‍ ഉറക്കത്തെ വെല്ലുവിളിച്ച പല കാര്യങ്ങളും ഡിമെന്‍ഷ്യക്ക് കാരണമായേക്കാം. ആരോഗ്യമുള്ള മനുഷ്യന് സാധാരണവേണ്ട ഉറക്കത്തിന്റെ അളവ് ഒരിക്കലും നഷ്ടപ്പെടുത്തരുത്. എങ്കിലും ഉറക്കക്കുറവ് എത്രത്തോളം ഡിമെന്‍ഷ്യക്ക് കാരണമാകുന്നുവെന്ന് കൃത്യമായി നിര്‍ണയിക്കപ്പെട്ടിട്ടില്ല.