January 22, 2025 |

വനിതാ പോലീസുകാര്‍ ചോദിക്കുന്നു, പിഎസ്‌സി ജയിച്ച് വരുന്നത് ചായയുണ്ടാക്കി കൊടുക്കാനോ?-പരമ്പര-5

ഷിഫ്റ്റുകള്‍ പലപ്പോഴും 12 മണിക്കൂറ് കവിയുന്നു

2023 ജനുവരി 23നാണ് കോഴിക്കോട് പേരാമ്പ്ര പോലീസ് സ്‌റ്റേഷനിലെ വനിത സീനിയര്‍ സിവില്‍ പോലീസ് ഓഫിസറായ ബീന, മകനെ കൂട്ടാനുണ്ടെന്ന് പറഞ്ഞ് സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയതാണ്. പോവുന്ന വഴി യൂണിവേഴ്‌സിറ്റി ജീവനക്കാരനായ ഭര്‍ത്താവിനെ ഫോണില്‍ വിളിച്ചു. വീഡിയോ കോളിനൊടുവില്‍ ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്ന് പറഞ്ഞു. ഭര്‍ത്താവ് വിവരം അറിയിച്ചത് അനുസരിച്ച് ആളുകള്‍ എത്തുമ്പോഴേക്കും അവര്‍ തൂങ്ങി മരിച്ച് കഴിഞ്ഞിരുന്നു. കാരണം കണ്ടെത്താന്‍ അന്വേഷണം നടന്നെങ്കിലും പ്രത്യേകിച്ച് പുരോഗതി ഒന്നും ഉണ്ടായില്ല.

2021 ഡിസംബര്‍ 9നാണ് കൊല്ലം അഞ്ചാലമൂടില്‍ ലഹരി കഞ്ചാവ് ലഹരിയില്‍ നടുറോഡില്‍ അക്രമം നടത്തിയതിനെ തുടര്‍ന്ന് സ്റ്റേഷനിലെത്തിച്ച യുവാക്കള്‍ വനിത പോലീസുകാരെ മര്‍ദ്ദിച്ചത്.

ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത സിവില്‍ പോലീസ് ഉദ്യോഗസ്ഥയായ അജി മോളെ യുണിഫോമില്‍ പിടിച്ച് വലിച്ച് താഴെയിട്ട ഇവര്‍ അവരുടെ നെഞ്ചില്‍ ചവിട്ടുകയും സ്റ്റേഷന്‍ അടിച്ച് തകര്‍ക്കുകയും ചെയ്തു.

2018-ലെ ശബരിമല സീസണില്‍ ആദ്യമായി സ്ത്രീകള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം അനുവദിച്ചപ്പോള്‍, ക്രമസമാധാനവുമായി ബന്ധപ്പെട്ട ജോലികള്‍ക്കായി തന്റെ ടീമിനെ ഒരാഴ്ചയോളം നിയോഗിച്ചിരുന്നുവെന്ന് അനിത എന്ന പോലീസുകാരി പറയുന്നു. അന്ന് താമസിക്കാന്‍ അനുയോജ്യമായ സ്ഥലമോ ഉപയോഗിക്കാന്‍ ടോയ്ലറ്റോ പോലും കണ്ടെത്താന്‍ പ്രയാസമായിരുന്നു, ഞങ്ങള്‍ക്ക് താമസിക്കാന്‍ ഒരു പ്രൈമറി സ്‌കൂള്‍ നല്‍കി, അതില്‍ കുളിമുറിയില്‍ ലൈറ്റ് പോലും ഉണ്ടായിരുന്നില്ല. ഒടുവില്‍ സ്വയം അന്വേഷിച്ച് ഒരു വീട് കണ്ടെത്തി. അതില്‍ പോലും അടിസ്ഥാന സൗകര്യ കുറവുണ്ടായിരുന്നു

ഒരു മന്ത്രി കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്താനിരിക്കെ വിഐപി ഡ്യൂട്ടിക്കായി സ്ത്രീകളടക്കമുള്ള പോലീസിനെ വിന്യസിച്ചിരുന്നു. വിമാനം മൂന്ന് മണിക്കൂര്‍ വൈകി, വിഐപിക്ക് സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കാന്‍ റോഡില്‍ വിന്യസിച്ചിരിക്കുന്ന ഉദ്യോഗസ്ഥര്‍ ആശയക്കുഴപ്പത്തിലായി. പോലീസുകാര്‍ റോഡില്‍ നില്‍ക്കുമ്പോള്‍ വനിതാ പോലീസുകാര്‍ ബാത്ത് റൂം ഇല്ലാതെ വിഷമിക്കുകയാണ്. പിന്നീട് അവര്‍ സമീപത്തെ ഒരു പെട്രോള്‍ സ്റ്റേഷനിലെ ശുചിമുറി ഉപയോഗിച്ചു. അതിനായി അവരെ ഡ്യൂട്ടിക്കിട്ട സ്ഥലത്ത് നിന്ന് കുറച്ച് നേരത്തേക്ക് ആണെങ്കിലും മാറേണ്ടി വന്നു. പിന്നാലെ പരിശോധനയ്‌ക്കെത്തിയ സീനിയര്‍, കാരണം പറഞ്ഞിട്ടും വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി തുടങ്ങി. കേരളത്തിലെ വനിതാ പോലീസുകാരും ജോലിയില്‍ സമ്മര്‍ദ്ദവും ഭീഷണിയും നേരിടുന്നുണ്ടെന്നതിന്റെ ചില ഉദാഹരണം മാത്രമാണിത്.

കോഴിക്കോട് ഒരു ഉദ്യോഗസ്ഥന്‍ ഒരു പോലീസുകാരിയോട് കട്ടന്‍ ചായ ഉണ്ടാക്കാനാണ് പറഞ്ഞത്. ചായ അടുത്ത കടയില്‍ നിന്ന് വാങ്ങാനോ മറ്റാരോടെങ്കിലും പറയാനോ പോലീസുകാരി പറഞ്ഞത് ഉദ്യോഗസ്ഥനെ പ്രകോപിപ്പിച്ചു. അനുസരണക്കേട് ചൂണ്ടിക്കാട്ടി ഉന്നത ഉദ്യോഗസ്ഥന്‍ അവരെ ഡ്യൂട്ടിയില്‍ നിന്ന് മാറ്റിനിര്‍ത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സമാന അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് പല വനിത ഉദ്യോഗസ്ഥരും തുറന്ന് പറയുന്നുണ്ട്.

ജോലിയില്‍ കയറി എസ്‌ഐ പോസ്റ്റില്‍ ഇരുന്ന വനിത രണ്ട് വര്‍ഷം കൊണ്ട് സര്‍ക്കാര്‍ ജോലി ഒഴിവാക്കി, ഇപ്പോള്‍ ബന്ധുവിന്റെ ബ്യൂട്ടി പാര്‍ലറില്‍ സഹായിയാണ് നില്‍ക്കുന്നത്.

പഠനങ്ങള്‍ പറയുന്നത്

Post Thumbnail
നെയ്യാറ്റിന്‍കര സമാധി: മരണസര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അസ്വാഭാവിക മരണം, കല്ലറ തുറക്കാമെന്ന് കോടതിവായിക്കുക

വനിതാ പോലീസുകാര്‍ക്കിടയിലെ മാനസിക സമ്മര്‍ദ്ദത്തെ കുറിച്ച് എസ്ആര്‍എം യുണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് നടത്തിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത് കേരളത്തിലെ വനിത പോലീസ് ഉദ്യോഗസ്ഥര്‍ ജോലിയുടെ ഭാഗമായി വന്‍ തോതിലുള്ള മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നാണ്. അധിക ജോലി സമയം, ജോലി സ്ഥലത്തെ ലിംഗവിവേചനം, സ്ത്രീ ജീവനക്കാരുടെ കുറവ് എന്നിവയാണ് റിപ്പോര്‍ട്ടില്‍ എടുത്തുകാണിക്കുന്ന വിഷയങ്ങള്‍.

കാലങ്ങളായി പുരുഷന്മാര്‍ ആധിപത്യം പുലര്‍ത്തുന്ന തൊഴില്‍ മേഖലയാണ് പോലീസ്. ഇതുമൂലം ന്യൂനപക്ഷമായി പലപ്പോഴും ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ തരം താഴ്്ത്തിയാണ് വനിതാ പോലീസുകാരോട് ഇടപെടാറുള്ളത്.

ഏഴ് ഐപിഎസുകാരും 4 സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരും 12 സബ് ഇന്‍സ്‌പെക്ടര്‍മാരും കോണ്‍സ്റ്റബുലറിയില്‍ ബാക്കിയുള്ളവരും ഉള്‍പ്പെടുന്ന മൂവായിരത്തോളം വനിതാ പൊലീസുകാരാണ് പഠനം നടന്ന കാലയളവില്‍ സര്‍വിസിലുണ്ടായിരുന്നത്.

അധിക ഡ്യൂട്ടിയെന്ന ഭാരം

ഒട്ടുമിക്ക പൊലീസ് സ്റ്റേഷനുകളിലും രണ്ടോ മൂന്നോ പൊലീസുകാരാണുള്ളത്. പുരുഷ സഹപ്രവര്‍ത്തകര്‍ക്ക് നല്‍കിയിട്ടുള്ള ചുമതലകള്‍ക്ക് പുറമേ, പോക്സോ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകള്‍ കൂടി ഇവര്‍ കൈകാര്യം ചെയ്യണം. ഷിഫ്റ്റുകള്‍ പലപ്പോഴും 12 മണിക്കൂറ് കവിയുന്നു. ഒരു സ്ത്രീയെ കാണാതായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍, ഷിഫ്റ്റ് അവസാനിച്ചാലും അന്വേഷണ സംഘത്തില്‍ ചേരണം.ചിലപ്പോള്‍, ഒന്നോ രണ്ടോ ദിവസം വീട്ടില്‍ നിന്ന് മാറിനില്‍ക്കേണ്ടിവരുന്നു, ഇതെല്ലാം കുടുംബജീവിതത്തെ ബാധിക്കുന്നു.
പോക്സോ കേസുകള്‍, സ്ത്രീകളുടെ അസ്വാഭാവിക മരണങ്ങള്‍ തുടങ്ങിയവ കൈകാര്യം ചെയ്യേണ്ടത് വനിതാ പോലീസ് ഓഫീസര്‍മാരാണ്. കേസില്‍ ഉള്‍പ്പെട്ടയാള്‍ 18 വയസ്സിന് താഴെയുള്ള പ്രായപൂര്‍ത്തിയാകാത്ത ആളാണെങ്കില്‍, അവരുടെ മൊഴി രേഖപ്പെടുത്തേണ്ടതും ഇവരാണ്.

ആരോഗ്യം തകരുന്നു

സംസ്ഥാന പൊലീസ് സേനയിലെ സ്ത്രീകള്‍ക്കിടയില്‍ ജീവിതശൈലീ രോഗങ്ങള്‍ വര്‍ധിച്ചുവരികയാണ്. രക്താതിമര്‍ദ്ദം, ഗര്‍ഭാശയ ഫൈബ്രോയിഡുകള്‍, തൈറോയ്ഡ്, ഹൈപ്പര്‍തൈറോയിഡ് മുതലായവ സാധാരണമാണ്. സമ്മര്‍ദം താങ്ങാനാവുന്നില്ലെന്ന് തൈറോയ്ഡ് ശസ്ത്രക്രിയയ്ക്ക് വിധേയരായവര്‍ പറയുന്നു. ചെറിയ പ്രകോപനം മതി പൊട്ടിത്തെറിക്കാന്‍, ഇത് വീട്ടിലെ സമാധാനപരമായ അന്തരീക്ഷത്തെയും ബാധിക്കുന്നു. സ്പെഷ്യല്‍ ബ്രാഞ്ച്, ഡിസ്ട്രിക്ട് ആന്റി നാര്‍കോട്ടിക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സ് (ഡാന്‍സാഫ്) എന്നിവയില്‍ കുറച്ച് പോലീസുകാരെ മാത്രമേ നിയമിച്ചിട്ടുള്ളൂ. മൃതദേഹങ്ങള്‍ കൊണ്ടുപോകാന്‍ അസിസ്റ്റന്റ് സബ്-ഇന്‍സ്പെക്ടര്‍മാ(എഎസ്‌ഐ)രെ ചുമതലപ്പെടുത്താറില്ല. എന്നാല്‍, വനിതാ എഎസ്‌ഐമാര്‍ക്കാണ് ഇത്തരം ചുമതലകള്‍ നല്‍കിയിരിക്കുന്നത്.

വനിതാ പോലീസുകാരുടെ എണ്ണത്തില്‍ രാജ്യത്ത് മൂന്നാം സ്ഥാനത്താണ് കേരള പോലീസ് ഉള്ളത്. ജോലിയിലെ സമ്മര്‍ദ്ദം ഓഫീസിലെ ജോലി പ്രകടനത്തെ മാത്രമല്ല, അവരുടെ വ്യക്തിജീവിതത്തെയും ബന്ധങ്ങളെയും ബാധിക്കുന്നു. ഇവരുടെ മാനസിക സ്ഥിതിയിലുള്ള പ്രശ്‌നങ്ങള്‍ സമൂഹത്തിന്റെ മൊത്തത്തിലുള്ള സുരക്ഷയ്ക്കും നിര്‍ണായകമാണെന്നും അതിനാല്‍ 10-12 മണിക്കൂറിലധികം ജോലി ചെയ്യുന്ന സ്ഥിതിയില്‍ മാറ്റം വരണമെന്നും പഠനം ശുപാര്‍ശ ചെയ്യുന്നു.

കേരളത്തിലെ അഞ്ചില്‍ മൂന്ന് പോലീസുകാരും (59%) ഡ്യൂട്ടി സമയത്തിന് ശേഷം പല തവണ ജോലിയില്‍ തുടരേണ്ടി വന്നിട്ടുണ്ടെന്ന് 2019ലെ പോലീസിംഗ് സ്റ്റാറ്റസ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നുണ്ട്.

 

Post Thumbnail
നിയമക്കുഴിയില്‍ മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മാതാക്കള്‍; ഒരുക്കിയത് കൊടും 'ചതി' യുടെ തിരക്കഥ?വായിക്കുക

English Summary: Why Women Are Not Joining Kerala’s Police

 

×