വ്യാപാരികളുടെയും വ്യവസായികളുടെയും ‘ ആവശ്യം’ പരിഗണിച്ച് കര്‍ഷക സമരവേദി ഒഴിപ്പിച്ച് പഞ്ചാബിലെ ആം ആദ്മി സര്‍ക്കാര്‍. പഞ്ചാബ്-ഹരിയാന അതിര്‍ത്തിയില്‍ കഴിഞ്ഞ 369 ദിവസങ്ങളായി കര്‍ഷകര്‍ നടത്തിവന്ന സമരമാണ് എഎപി അവസാനിപ്പിച്ചത്. മാര്‍ച്ച് 19ന് നടത്തിയ സര്‍ക്കാര്‍ ഓപ്പറേഷന്‍ സംസ്ഥാനത്ത് വലിയ പ്രതിഷേധത്തിനാണ് വിത്തു പാകിയിരിക്കുന്നത്.
മുതിര്‍ന്ന നേതാക്കളടക്കം 300 ല്‍ അധികം കര്‍ഷകരെ തടങ്കലിലാക്കിയും നൂറുകണക്കിന് പേരെ വിരട്ടിയോടിച്ചുമാണ് പൊലീസ് ആക്ഷന്‍ നടപ്പാക്കിയത്. ബലപ്രയോഗത്തിലൂടെ കര്‍ഷകരെ ഒഴിപ്പിച്ചശേഷം ശംഭുവിലെയും ഖനൗരിയിലെയും ദേശീയ പാതകള്‍ തുറന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇതുവഴിയുള്ള ഗതാഗതം സാധ്യമാക്കുമെന്നാണ് പൊലീസ് പറയുന്നത്. വിളകള്‍ക്ക് മിനിമം താങ്ങുവില ഉറപ്പാക്കുന്നതിനുള്ള നിയമനിര്‍മാണം നടത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരേ കര്‍ഷകര്‍ സമരം ആരംഭിച്ചതിന് പിന്നാലെ 2024 ഫെബ്രുവരി 13 മുതല്‍ രണ്ട് ദേശീയ പാതകളും അടച്ചിരിക്കുകയായിരുന്നു.
പഞ്ചാബില്‍ നിന്നുള്ള വ്യാപാരികളും വ്യവസായികളും കര്‍ഷക സമരം കൊണ്ട് അവര്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടുന്ന കാര്യം ആം ആദ്മി പാര്‍ട്ടിയുടെ ഉന്നതന്മാരുമായി ചര്‍ച്ച ചെയ്തിരുന്നു. ഇതിനുശേഷമാണ് കര്‍ഷകരെ നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കര്‍ഷകര്‍ ദേശീയ പാതകള്‍ ഉപരോധിക്കുന്നതു മൂലം തങ്ങള്‍ക്ക് കാര്യമായ സാമ്പത്തിക നഷ്ടമാണ് സഹിക്കേണ്ടി വരുന്നതെന്നായിരുന്നു വ്യാപാരി-വ്യവസായികളുടെ പരാതി.
സംസ്ഥാന സര്‍ക്കാര്‍ ഇത്ര തുടക്കം കാണിക്കുമെന്ന് കര്‍ഷകര്‍ പ്രതീക്ഷിച്ചില്ല. മാര്‍ച്ച് 19 ന് ഛണ്ഡിഗഢില്‍ കേന്ദ്രമന്ത്രിമാരും കര്‍ഷക നേതാക്കളും തമ്മില്‍ ചര്‍ച്ച നടന്നിരുന്നു. ചര്‍ച്ച കഴിഞ്ഞതിനു പിന്നാലെ തന്നെ ഭഗവന്ത് മന്‍ സര്‍ക്കാര്‍ തങ്ങളെ ആട്ടിയോടിക്കുമെന്ന് കര്‍ഷകര്‍ കരുതിയിരുന്നില്ല. യോഗത്തിനിടെ, കേന്ദ്ര കൃഷി മന്ത്രി ശിവരാജ് ചൗഹാന്‍ അടുത്ത തീയതിയായ മെയ് 4 ന് മുമ്പ് എംഎസ്പി നിയമവിധേയമാക്കുന്നതിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ പഠിക്കാന്‍ ഒരു കമ്മിറ്റി രൂപീകരിക്കാമെന്ന് കര്‍ഷകരോട് നിര്‍ദേശിക്കുകയുണ്ടായി. എന്നാല്‍ ഇത്തരമൊരു നിര്‍ദേശമല്ല തങ്ങള്‍ക്കാവശ്യമെന്ന് ചൂണ്ടിക്കാട്ടി സര്‍വാന്‍ സിംഗ് പാന്ഥര്‍, ജഗ്ജീത് സിംഗ് ദല്ലേവാലും(അദ്ദേഹം ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്) ഉള്‍പ്പെടെയുള്ള 28 അംഗ കര്‍ഷക പ്രതിനിധി സംഘം യോഗസ്ഥലത്ത് നിന്നും പോന്നു. യോഗ സ്ഥലത്ത് നിന്നും മടങ്ങിയ കര്‍ഷക നേതാക്കളെ പോലീസ് വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പിന്നാലെ വലിയൊരു പൊലീസ് സംഘം ശംഭുവിലെയും ഖനൗരിയിലെയും കര്‍ഷക സമരവേദിയിലേക്ക് ഇരച്ചെത്തുകയായിരുന്നു. അവര്‍ കര്‍ഷകരെ അവിടെ നിന്നും ബലം പ്രയോഗിച്ചു നീക്കി. റോഡുകള്‍ ഉപരോധിക്കാന്‍ ഉപയോഗിച്ച ട്രാക്ടറുകളും ബാരിക്കേഡുകളും ബുള്‍ഡോസറുകള്‍ ഉപയോഗിച്ചു മാറ്റി. അതേസമയം പൊലീസ് പറയുന്നത്, സമാധാനപരമായാണ് തങ്ങള്‍ സാഹചര്യം കൈകാര്യം ചെയ്തതെന്നാണ്. സമരക്കാര്‍ക്ക് മുന്‍കൂര്‍ അറിയിപ്പ് നല്‍കിയിരുന്നതാണ്. പലരും സമാധാനപരമായി ബസില്‍ കയറി അവരവരുടെ വീടുകളിലേക്ക് പോവുകയായിരുന്നു ചെയ്തത് എന്നാണ് പട്യാല എസ്എസ്പി മാധ്യമങ്ങളോട് പറഞ്ഞത്.
ബിജെപിയെക്കാള്‍ മോശമായാണ് ആം ആദ്മി പാര്‍ട്ടി കര്‍ഷകരോട് പ്രവര്‍ത്തിച്ചതെന്നാണ് കര്‍ഷക സമര നേതാക്കള്‍ കുറ്റപ്പെടുത്തുന്നത്. ബിജെപി സര്‍ക്കാര്‍ ഞങ്ങളോട് എന്താണ് ചെയ്തതെന്ന് ലോകം മുഴുവന്‍ കണ്ടതാണ്. അവര്‍ ഞങ്ങളെ ഹരിയാന അതിര്‍ത്തി കടക്കാന്‍ അനുവദിച്ചില്ല. അതുകൊണ്ട് പഞ്ചാബ്-ഹരിയാന അതിര്‍ത്തികളില്‍ ഞങ്ങള്‍ക്ക് സമരം ഇരിക്കേണ്ടി വന്നു. പക്ഷേ ആം ആദ്മി ഞങ്ങളെ പിന്നില്‍ നിന്നും ആക്രമിക്കുകയാണ് ചെയ്തത്. ഈ ഭീരുത്വപരമായ പ്രവര്‍ത്തിക്ക് പഞ്ചാബിലെ ജനങ്ങള്‍ അവരോട് ഒരിക്കലും ക്ഷമിക്കാന്‍ പോകുന്നില്ല’ കര്‍ഷക നേതാവായ ലക്‌വീന്ദര്‍ സിംഗ് ഔലഖ് ദി വയറ്-നോടു പറയുന്നു. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതാവാണ് ഔലഖ്. കിസാന്‍ മസ്ദൂര്‍ മോര്‍ച്ച(കെഎംഎം)യ്‌ക്കൊപ്പം സമരത്തിന് നേതൃത്വം നല്‍കുന്നവരാണ് സംയുക്ത കിസാന്‍ മോര്‍ച്ച. മാറ്റത്തിന്റെ സര്‍ക്കാര്‍ എന്ന വാഗ്ദാനം നല്‍കിയതുകൊണ്ടാണ് ആം ആദ്മി സര്‍ക്കാരിനെ ജനം തിരഞ്ഞെടുത്തത്. എന്നാല്‍ മന്‍ സര്‍ക്കാരിന്റെ പൊലീസ് ഞങ്ങളോട് പ്രതികാരം ചെയ്യുകയാണുണ്ടായയത്, കെഎംഎം ഘടകക്ഷിയായ കിസാന്‍ മസ്ദൂര്‍ സംഗ്രാഷ് കമ്മിറ്റി പ്രസിഡന്റ് സത്‌നാം സിംഗ് പന്നുവിന്റെ വാക്കുകളാണിത്.
സംഗ്രൂര്‍, പാട്യാല, മൊഹാലി എന്നീ സ്റ്റേഷനുകളില്‍ തടങ്കലില്‍ വച്ചിരിക്കുന്ന കര്‍ഷക നേതാക്കള്‍ നിരാഹര സമരം ആരംഭിച്ചിട്ടുണ്ട്. പഞ്ചാബിലെയും ഹരിയാനയിലെയും പൊലീസ് കമ്മീഷണര്‍ ഓഫിസുകള്‍ക്കു മുന്നിലും പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.
ആം ആദ്മി പാര്‍ട്ടിയുടെ കോര്‍പ്പറേറ്റ് മുഖം വെളിയിലായിരിക്കുന്നുവെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാണ് ഞങ്ങളുടെ പോരാട്ടം, അതിനായി ജീവന്‍ വെടിയാനും തയ്യാറാണെന്നാണ് കര്‍ഷക നേതാവായ സവീന്ദര്‍ സിംഗ് വയ്ര്‍-നോട് പറയുന്നത്.
പഞ്ചാബിന് പിന്നാലെയ ബിജെപി ഭരിക്കുന്ന ഹരിയാന സര്‍ക്കാരും കര്‍ഷകര്‍ക്കെതിരായ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഹരിയാന പോലീസ് സംസ്ഥാനത്തെ നിരവധി കര്‍ഷക യൂണിയന്‍ നേതാക്കളുടെ വീടുകള്‍ക്ക് പുറത്ത് നോട്ടീസുകള്‍ പതിച്ചിരിക്കുകയാണ്. അവര്‍ക്കെതിരെയുള്ള പരാതികളില്‍ അന്വേഷണം നടത്തുകയാണ്, കര്‍ഷകര്‍ അന്വേഷണത്തോട് സഹകരിക്കണമെന്നാണ് ആവശ്യം. 12 ഓളം കര്‍ഷക നേതാക്കളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
കര്‍ഷകരെ നീക്കിയ പൊലീസ് നടപടിയെ ന്യായീകരിക്കുകയാണ് ആം ആദ്മി പാര്‍ട്ടി. ദീര്‍ഘകാലമായി തുടരുന്ന റോഡ് ഉപരോധം പഞ്ചാബിലെ സമ്പദ്വ്യവസ്ഥ, വ്യവസായം, യുവാക്കള്‍ക്കുള്ള തൊഴിലവസരങ്ങള്‍ എന്നിവയെ സാരമായി ബാധിച്ചിട്ടുണ്ടെന്നാണ് മുതിര്‍ന്ന എഎപി നേതാവും പഞ്ചാബ് നിയമസഭാ സ്പീക്കറുമായ കുല്‍ത്താര്‍ സിംഗ് സന്ധ്വാന്‍ പറയുന്നത്. കര്‍ഷക വിരുദ്ധമായ മൂന്ന് കരിനിയമങ്ങള്‍ക്കെതിരായ പോരാട്ടത്തിനിടയിലായാലും, സ്റ്റേഡിയങ്ങള്‍ കര്‍ഷകര്‍ക്കുള്ള ജയിലുകളാക്കി മാറ്റാനുള്ള മോദി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരായാലും പഞ്ചാബിലെ ജനങ്ങളും സംസ്ഥാന സര്‍ക്കാരും എപ്പോഴും കര്‍ഷകര്‍ക്കൊപ്പം നിന്നിട്ടുണ്ട്. എന്നിരുന്നാലും, ഹൈവേകള്‍ തുടര്‍ച്ചയായി അടച്ചിടുന്നത് പഞ്ചാബിന് കാര്യമായ ദോഷം വരുത്തിയിട്ടുണ്ട്. നമ്മുടെ വ്യവസായങ്ങളും ബിസിനസുകളും യുവാക്കളും ദുരിതത്തിലാണ്’; സന്ധ്വാന്‍ ന്യായീകരിക്കുന്നു. Widespread protests against Punjab government for evicting farmers from protest site
Content Summary; Widespread protests against Punjab government for evicting farmers from protest site
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.