കേരളത്തിൽ കഴിഞ്ഞ കുറച്ച് കാലങ്ങളിലായി വന്യജീവി ആക്രമണം തുടർക്കഥയായി മാറിക്കൊണ്ടിരിക്കുകയാണ്. ഒരോ ആക്രമണം നടക്കുമ്പോഴും താൽക്കാലിക പരിഹാരം മാത്രം കണ്ടെത്തി മടങ്ങുകയാണ് ബന്ധപ്പെട്ടവർ. 2024ൽ മാത്രം കേരളത്തിൽ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത് 94 ആളുകളാണ്. ഇതിൽ 22 പേർ ആനയുടെ ആക്രമണത്തിലും 71 പേർ മറ്റു വന്യ ജീവികളുടെ ആക്രമണത്തിലുമാണ് മരണപ്പെട്ടിട്ടുള്ളത്.
ഇന്നലെ രാവിലെ പത്ത് മണിയോടെ വയനാട് പഞ്ചാരക്കൊല്ലിയിൽ കടുവ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. പഞ്ചാരക്കൊല്ലി സ്വദേശി രാധയാണ് മരിച്ചത്. കാപ്പി പറിക്കുന്നതിനായി സ്വകാര്യ തോട്ടത്തിലേക്ക് പോകുന്നതിനിടെയാണ് രാധയ്ക്ക് നേരെ കടുവ ആക്രമണമുണ്ടായത്. നൂറു മീറ്ററോളം ദൂരം രാധയുടെ മൃതദേഹം കടുവ വലിച്ചുകൊണ്ട് പോയി. പാതി ഭക്ഷിച്ച നിലയിലായിരുന്നു രാധയുടെ മൃതദേഹം കണ്ടെടുത്തത്. രാധയുടെ മൃതദേഹം കണ്ടെടുത്തതിനടുത്ത് കടുവയെ പിടിക്കുന്നതിനുള്ള കൂട് സ്ഥാപിച്ചിട്ടുണ്ട്.
നരഭോജിയായ കടുവയെ വെടിവെച്ച് കൊല്ലണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വലിയ പ്രതിഷേധമാണ് സംഭവ സ്ഥലത്ത് നടക്കുന്നത്. വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട് വാഗ്ദാനങ്ങൾ നൽകുന്നതല്ലാതെ ഒരെണ്ണം പോലും പാലിക്കപ്പെടുന്നില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം.
കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ വയനാട്ടില്‍ കടുവ ആക്രമണത്തില്‍ മാത്രം കൊല്ലപ്പെട്ടത് എട്ട് പേരാണ്.
പ്രതിഷേധങ്ങൾ നടക്കുന്നതിനിടെയാണ് വയനാട് അതിർത്തി ഗ്രാമമായ തമിഴ്‌നാട്ടിലെ ഗൂഡല്ലൂരിൽ യുവാവിനെ കാട്ടാന കുത്തിക്കൊന്നത്. മലപ്പുറത്ത് നിന്ന് ഗൂഡല്ലൂരിലേക്ക് കുടിയേറിയ ദേവർഷോല ഗൂഡല്ലൂർ മൂന്നാം ഡിവിഷൻ സ്വദേശിയായ ജംഷീദ്(37) ആണ് കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച്ച അർധരാത്രിയോടെയായിരുന്നു സംഭവം. കാട്ടാന എത്തി കൃഷി നശിപ്പിക്കുന്നതിനാൽ ആനയെ തുരത്താൻ പോയതായിരുന്നു. ഇതിനിടെ ആന പെട്ടെന്ന് തിരിഞ്ഞ് ജംഷാദിനെ ആക്രമിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ ഇയാൾ മരണപ്പെട്ടിരുന്നു.
മുൻപ് കാട് കയറിയിരുന്ന മനുഷ്യരെ മാത്രം ഉപദ്രവിച്ചിരുന്ന മൃഗങ്ങൾ ഇപ്പോൾ ജനവാസ കേന്ദ്രങ്ങളിലേക്കിറങ്ങി മനുഷ്യ ജീവന് ഭീഷണിയായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 5 വർഷത്തിനിടെ കേരളത്തിൽ വന്യമൃഗ ആക്രമണം മൂലം മരണപ്പെട്ടത് 692 ആളുകളാണ്. അതിൽത്തന്നെ 115 പേർ കാട്ടാനയുടെ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്.
content summary; wild animal attack in kerala