കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ലെന്ന കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിൽ പ്രതിഷേധമറിയിച്ച് കേരള ഇന്‍ഡിപെന്‍ഡന്റ് ഫാര്‍മേഴ്‌സ് അസോസിയേഷന്‍(കിഫ). കാട്ടുപന്നികളും കുരങ്ങുകളും അപകടകാരികളാണെന്നും അവയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കേണ്ടത് അനിവാര്യമാണെന്നും കിഫ ചെയര്‍മാന്‍ അലക്‌സ് ഒഴുകയില്‍ അഴിമുഖത്തോട് പറഞ്ഞു. സംസ്ഥാന സർക്കാർ കൊല്ലാനുള്ള അനുവാദത്തിനായി മാത്രമാണ് മുന്നോട്ട് വന്നിട്ടുള്ളതെന്നും എന്നാൽ ആദ്യം തോക്കുകൾക്ക് ലൈസൻസ് കൊടുക്കുകയാണ് വേണ്ടതെന്നും അലക്‌സ് ഒഴുകയില്‍ കൂട്ടിച്ചേർത്തു.
‘കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്നാണ് കേരള ഇന്‍ഡിപെന്‍ഡന്റ് ഫാര്‍മേഴ്‌സ് അസോസിയേഷൻ്റെ(കിഫ) ആവശ്യം. അങ്ങനെ പ്രഖ്യാപിച്ച് കഴിഞ്ഞാലുള്ള ഗുണം എന്തെന്നാൽ, കാട്ടുപന്നികളെ കൊല്ലാനും ആക്രമിച്ച് കീഴ്പ്പെടുത്താനുമെല്ലാം സാധിക്കും. അത് നിയമപരമായി ലഭിക്കുകയാണ്. സെക്ഷൻ 11 ഒന്നിലെ എ പ്രകാരമാണ് ഇപ്പോൾ കൊല്ലുന്നത്. ഇത് പ്രകാരമാണെങ്കിൽ കൊല്ലുന്ന മൃഗത്തിനെ നമുക്ക് ഭക്ഷിക്കാൻ കഴിയില്ല. അതുപോലെ തന്നെ വൈദ്യുതി ഉപയോഗിച്ച് കൊല്ലാൻ പാടില്ല തുടങ്ങിയ നിയന്ത്രണങ്ങളുമുണ്ട്. ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുക എന്നത് ഒരു കാര്യമാണ്. മറ്റൊരു കാര്യം സംസ്ഥാന സർക്കാരിന് ഇത് കുറച്ച് കൂടി ഫലപ്രദമായി ചെയ്യാൻ കഴിയുമെന്നതാണ്.
അതിൽ ഒന്നാമത്തെ കാര്യം തോക്കുകൾക്ക് ലൈസൻസ് കൊടുക്കുക എന്നതാണ്. ജനങ്ങൾ നിയമവിരുദ്ധമായ കെണികൾ ഉപയോഗിക്കുന്നതിന്റെ കാരണം തോക്കുകളില്ലാത്തതാണ്. മാർച്ചിൽ വനംവകുപ്പ് മന്ത്രി എ. കെ ശശീന്ദ്രൻ നിയമസഭയിൽ പറഞ്ഞ ഒരു കാര്യമുണ്ട്. 420 ഷൂട്ടേഴ്സ് മാത്രമാണ് കേരളത്തിലുള്ളത്. 950 പഞ്ചായത്തുകളാണ് നമുക്കുള്ളത്. നിലമ്പൂർ മണ്ഡലത്തിൽ പത്ത് പഞ്ചായത്തുകൾ ഉണ്ട്.
കഴിഞ്ഞ 10 വർഷത്തിനിടയിൽ 213 പന്നികളെയാണ് കൊന്നിട്ടുള്ളത്. ഏറ്റവും സുരക്ഷിതത്വത്തോടെ പന്നികളെ കൊല്ലാനുള്ള മാർഗമെന്നത് വെടിവെയ്ക്കുക എന്നതാണ്. എന്നാൽ പന്നികളെ കൊല്ലാനുള്ള വേണ്ടത്ര തോക്കുകൾ ഇവിടെയില്ല എന്നതാണ്. നിലവിലുള്ള തോക്കുകൾ ഉപയോഗിച്ച് അവയെ കൊന്ന് തീർക്കാൻ കഴിയില്ല. അങ്ങനെ വരുമ്പോഴാണ് ജനങ്ങൾ കുടുക്ക് ഉണ്ടാക്കുക, വിഷം വെക്കുക തുടങ്ങിയ മാർഗങ്ങൾ പരീക്ഷിക്കുന്നത്. എന്നാൽ അതെല്ലാം വളരെ റിസ്ക് ആണ്. ആനകൾക്കും മറ്റും അതിൽ പരിക്ക് പറ്റാനുള്ള സാധ്യതയേറെയാണ്. തോക്ക് ലൈസൻസ് നൽകുക എന്നതാണ് ഇതിനുള്ള മാർഗം. കേരളത്തിൽ മുഴുവനും 8000 ലൈസൻസാണുള്ളത്. അതിൽ തന്നെ 4000 ത്തോളം എണ്ണം പല കാരണങ്ങൾ പറഞ്ഞ് പുതുക്കി നൽകാതിരിക്കുന്ന അവസ്ഥയാണ്. കഴിഞ്ഞ ഒരു വർഷമായി കേരളത്തിൽ വളരെ ചുരുക്കം മാത്രമാണ് ലൈസൻസുകളുള്ളത്. പല കാരണങ്ങൾ പറഞ്ഞ് ജനങ്ങലെ മടുപ്പിച്ചിട്ട് പിന്നീട് അവർ കോടതിയിൽ പോയാണ് ലൈസൻസ് നേടുന്നത്. ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചാൽ പോലും നിലവിലുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് ഇവയെ കൊല്ലാൻ കഴിയില്ല എന്നതാണ് യാഥാർത്ഥ്യം.
കാട്ടുപന്നികളുടെ ആക്രമണം മൂലം ഉണ്ടായിരിക്കുന്ന നാശനഷ്ടങ്ങൾ വളരെ വലുതാണ്. എത്ര കർഷകരുടെ വരുമാന മാർഗമായിരുന്ന കൃഷിയാണ് നശിച്ചത്. കഴിഞ്ഞ ആറ് മാസത്തിനിടെ എട്ട് പേരാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കൂടാതെ കാട്ടുപന്നി ആക്രമിക്കാനെത്തി എല്ലാ ആഴ്ചയും വണ്ടിയിൽ നിന്ന് വീണ് പരിക്കേൽക്കുന്നവരുടെ വാർത്തകളും വരുന്നുണ്ട്. ഇവയെ പേടിച്ച് ചേന, ചേമ്പ്, കപ്പ പോലുള്ള കൃഷികൾ എല്ലാവരും നിർത്തിവെച്ചിരിക്കുകയാണ്. കൃഷി നിർത്തുമ്പോൾ സ്വാഭാവികമായും ഈ വിഭവങ്ങളുടെ വിലയും കൂടുന്നു. ഇത് കർഷകരുടെ മാത്രം പ്രശ്നമല്ല, നമ്മുടെ രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയുടെ കൂടെ പ്രശ്നമാണ്.
പന്നിയെക്കാളും കൂടുതൽ ശല്യക്കാരായി നിലവിൽ മാറിയിരിക്കുകയാണ് കുരങ്ങുകൾ. തേങ്ങകളും മറ്റും കുരങ്ങുകൾ നശിപ്പിക്കുകയാണ്. പന്നിയെ കൊല്ലാൻ അനുവാദം നൽകിയത് പോലെ കുരങ്ങൻമാരെയും കൊല്ലാൻ അനുവാദം നൽകണമെന്നാണ് കിഫയുടെ ആവശ്യം’, കിഫ ചെയര്‍മാന്‍ അലക്‌സ് ഒഴുകയില്‍ അഴിമുഖത്തോട് പറഞ്ഞു.
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് ആര്‍ക്കും വെടിവെച്ചു കൊല്ലാന്‍ അനുവാദം കൊടുക്കുന്നത്, ഗുണത്തേക്കാളേറെ ദോഷകരമാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. നിലവിലെ നിയമ പ്രകാരം, ഷെഡ്യൂള്‍ഡ് രണ്ടിലെ മൃഗങ്ങളെ, ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്നപക്ഷം വെടിവെച്ചു കൊല്ലാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തീരുമാനമെടുക്കാം. ഇത്തരത്തില്‍ കേരളത്തില്‍ അടക്കം നടപടിയെടുത്തിട്ടുണ്ട്. നിയമത്തില്‍ ഇത്തരമൊരു ക്ലോസ് നിലവിലുള്ളപ്പോള്‍, ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് വെടിവെച്ചുകൊല്ലാന്‍ അനുമതി വേണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്ന് വനം പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി.wild boar killing in Kerala; KIFA says Wild boars are threat to country’s food security
Content Summary: wild boar killing in Kerala; KIFA says Wild boars are threat to country’s food security