സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണങ്ങളും മരണങ്ങളും തുടര്‍ക്കഥയാവുകയാണ്. അതിരപ്പിള്ളി വാഴച്ചാല്‍ സ്വദേശികളായ ആദിവാസി വിഭാഗത്തില്‍പ്പെട്ട അംബിക, സതീഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. വനവിഭവങ്ങള്‍ ശേഖരിക്കുന്നതിനായി അതിരപ്പള്ളി വഞ്ചിക്കടവില്‍ കുടില്‍കെട്ടി താമസിച്ചവരായിരുന്നു ഇവര്‍. ഈ വര്‍ഷം ഇതുവരെ 15 പേരാണ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
തിങ്കളാഴ്ച വനവിഭവങ്ങള്‍ ശേഖരിക്കുന്നതിനായി നാല് പേരടങ്ങുന്ന സംഘമാണ് കാട്ടിലേക്ക് പോയത്. ഇവര്‍ക്കുനേരെ കാട്ടാനക്കൂട്ടം പാഞ്ഞടുത്തതോടെ ചിതറിയോടുകയായിരുന്നു. അംബികയുടെ മൃതദേഹം പുഴയില്‍ നിന്നും സതീഷിന്റെത് പാറപ്പുറത്ത് നിന്നുമാണ് കണ്ടെത്തിയത്. ഇരുവരുടെയും മൃതദേഹങ്ങള്‍ തമ്മില്‍ 100 മീറ്റര്‍ വ്യത്യാസമാണ് ഉണ്ടായിരുന്നത്. പ്രദേശവാസികള്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ സ്ഥലത്തെത്തി. ഒപ്പമുണ്ടായിരുന്നവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
കൊല്ലപ്പെട്ട സതീഷ്
അതേസമയം, സതീഷിന്റെയും അംബികയുടെയും മരണത്തെ അസാധാരണ മരണമായാണ് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്. മരണങ്ങള്‍ സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് മന്ത്രി നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
അതിരപ്പിള്ളിയില്‍ രണ്ട് ദിവസത്തിനിടെ മൂന്ന് പേരാണ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മൂന്ന് പേരും ആദിവാസികളാണ്. ഞായറാഴ്ച രാത്രി അതിരപ്പിള്ളി അടിച്ചില്‍തൊട്ടി മേഖലയില്‍ തമ്പാന്റെ മകന്‍ സെബാസ്റ്റിയന്‍ ആണ് കൊല്ലപ്പെട്ടത്. രാത്രി പത്ത് മണിയോടെ സെബാസ്റ്റിയനും കൂട്ടുകാരും തേന്‍ ശേഖരിച്ച് തിരിച്ച് വരുന്നതിനിടെയാണ് കാട്ടാന ആക്രമിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വിജയന്‍ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു.
ഏപ്രില്‍ ആറിന് പാലക്കാട് മുണ്ടൂരില്‍ വീട്ടിലേക്ക് നടന്ന് പോകുകയായിരുന്ന അമ്മയ്ക്കും മകനും നേരെ കാട്ടാന ആക്രമണം നടന്നിരുന്നു. വീടിന് 50 മീറ്റര്‍ മുമ്പാണ് ആനയുടെ ആക്രമണം ഉണ്ടാകുന്നത്. ബന്ധുവീട്ടില്‍ പോയി മടങ്ങിവരികയായിരുന്ന ഇരുവര്‍ക്കും നേരെ ആന ചിന്നംവിളിച്ച് പാഞ്ഞുവരികയായിരുന്നു. സംഭവത്തില്‍ മുണ്ടൂര്‍ സ്വദേശി ജോസഫ് മാത്യുവിന്റെ മകന്‍ അലന്‍ ജോസഫ് കൊല്ലപ്പെട്ടിരുന്നു. അലന്റെ അമ്മ ഗുരുതര പരുക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.
വയനാട്ടില്‍ ഇതുവരെ മൂന്ന് പേരാണ് കാട്ടാനക്കലിയില്‍ മരിച്ചത്. ജനുവരി എട്ടിനായിരുന്നു വയനാട് പുല്‍പ്പള്ളിയില്‍ വെച്ച് കര്‍ണാടക സ്വദേശിയായ വിഷ്ണു കൊല്ലപ്പെട്ടത്. പുല്‍പ്പള്ളി കൊല്ലിവയല്‍ കോളനിയില്‍ എത്തിയ വിഷ്ണുവിനെ പാതിരി റിസര്‍വ് വനത്തില്‍ പൊളന്ന കൊല്ലിവയല്‍ ഭാഗത്തുവച്ചാണ് കാട്ടാന ആക്രമിച്ചത്. ഫെബ്രുവരി 10 ന് വയനാട് നൂല്‍പ്പുഴയില്‍ രാത്രിയില്‍ കടയില്‍ പോയി സാധനങ്ങള്‍ വാങ്ങി മടങ്ങിവരുമ്പോഴാണ് കാപ്പാട് ഉതിയിലെ മാനു കാട്ടാനയാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഫെബ്രുവരി 12 ന് മേപ്പാടിക്കടുത്ത് അട്ടമലയില്‍ ബാലകൃഷ്ണന്‍ എന്ന 27 കാരനും മരണപ്പെട്ടു. സാധാരണ പോകുന്ന വഴിയില്‍ നിന്ന് മാറി മറ്റൊരു വഴിയേ പോയപ്പോഴാണ് ബാലകൃഷ്ണന് നേരെ കാട്ടാന ആക്രമണം ഉണ്ടായത്.
ഇടുക്കിയില്‍ രണ്ടുപേരാണ് ഇതുവരെ കാട്ടാന ആക്രമണത്തില്‍ മരണപ്പെട്ടത്. ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ വനം വകുപ്പിന്റെ പാമ്പാര്‍ ലോഗ് ഹൗസിലേക്കുള്ള വഴി വെട്ടിത്തെളിക്കുന്നതിനിടെയായിരുന്നു ചെമ്പക്കാട് സ്വദേശി ബിമല്‍ കാട്ടാന ആക്രമണത്തില്‍ മരിച്ചത്. വയനാട് സ്വദേശി മാനു കൊല്ലപ്പെട്ട അതേദിവസം തന്നെയായിരുന്നു ഇടുക്കി പെരുവന്താനത്ത് സോഫിയയും കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വീടിന് സമീപമുള്ള അരുവിയില്‍ കുളിക്കാന്‍ പോയപ്പോഴാണ് ആനയുടെ ആക്രമണം ഉണ്ടായത്.
മലപ്പുറത്തും രണ്ടുപേരാണ് ഇതുവരെ മരിച്ചത്. നിലമ്പൂര്‍ സ്വദേശികളായ സരോജിനിയും മണിയും ആണ് മരിച്ചത്. ഇരുവരും ആദിവാസി വിഭാഗത്തില്‍ പെട്ടവരാണ്. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോകുന്നതിനിടെയായിരുന്നു സരോജിനിക്ക് നേരെ കാട്ടാന ആക്രമണം ഉണ്ടായത്. ചോലനായ്ക്കര്‍ വിഭാഗത്തില്‍ പെട്ട വ്യക്തിയായിരുന്നു മണി. മകളെ ഹോസ്റ്റലില്‍ ആക്കി വന്ന വഴിയാണ് ആനയുടെ ആക്രമണം ഉണ്ടായത്.
കണ്ണൂര്‍ ആറളത്ത് ഫെബ്രുവരി 23 ന് കാട്ടാന ആക്രമണത്തില്‍ ആദിവാസി ദമ്പതികളായ വെള്ളി, ഭാര്യ ലീല എന്നിവര്‍ കൊല്ലപ്പെട്ടിരുന്നു. ഇരുവരും കശുവണ്ടി ശേഖരിക്കാന്‍ പോയപ്പോഴാണ് കാട്ടാന ചവിട്ടിക്കൊന്നത്. ഇതിന് പിന്നാലെ മാര്‍ച്ച് ഒന്നിന് ആറളം ഫാമില്‍ വീണ്ടും ദമ്പതികള്‍ക്ക് നേരെ കാട്ടാന ആക്രമണം നടന്നിരുന്നു. ഇരുചക്ര വാഹനത്തില്‍ പണിക്ക് പോകുന്നതിനിടെയായിരുന്നു ആനയുടെ ആക്രമണം. എന്നാല്‍ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു.
തിരുവനന്തപുരത്ത് പാലോട് സ്വദേശിയായ ബാബുവിനും കാട്ടാന ആക്രമണത്തിലാണ് ജീവന്‍ നഷ്ടമായത്. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ ബാബുവിന് നേരെ കാട്ടാന പാഞ്ഞടുക്കുകയായിരുന്നു.
തൃശൂരില്‍ ഇതുവരെ നാല് മരണമാണ് കാട്ടാന ആക്രമണത്തില്‍ ഉണ്ടായത്. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കാട്ടിലേക്ക് പോയ താമരവെള്ളച്ചാല്‍ സ്വദേശിയായ പ്രഭാകരന്‍ ഫെബ്രുവരി 18 നായിരുന്നു കാട്ടാന ആക്രമണത്തില്‍ മരിച്ചത്.
സംസ്ഥാനത്ത് വന്യജീവി ആക്രമണത്തില്‍ ഏറ്റവും അധികം മരണങ്ങള്‍ നടക്കുന്നതും കാട്ടാന ആക്രമണത്തില്‍ ആണ്. കേരളത്തില്‍ ആനയുടെ ആക്രമണത്തില്‍ ശരാശരി 25 ആളുകള്‍ ഒരു വര്‍ഷം കൊല്ലപ്പെടുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പരുക്കേല്‍ക്കുന്നവരുടെ എണ്ണം മരണപ്പെട്ടരെക്കാള്‍ ഏറെ കൂടുതലാണ്. 2016 ല്‍ സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റവര്‍ 16 ആയിരുന്നു. മരണം 18 ഉം. എന്നാല്‍ 2024 ല്‍ 32 പേര്‍ക്ക് പരുക്കേറ്റപ്പോള്‍ 19 പേര്‍ കൊല്ലപ്പെട്ടു. ഏറ്റവും അധികം ജീവനുകള്‍ നഷ്ടമായത് ഇടുക്കി ജില്ലയിലാണ്. കഴിഞ്ഞ വര്‍ഷം ഏഴ് പേരാണ് ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
കണക്കുകള്‍ ആക്രമണത്തിന്റെ തീവ്രത വ്യക്തമാക്കുമ്പോഴും പ്രതിപ്രവര്‍ത്തനങ്ങള്‍ ഇനിയും അകലെയാണ്. വനം-വന്യജീവി ആക്രമണം തടയാന്‍ അഞ്ചുവര്‍ഷത്തേക്കുള്ള പദ്ധതി തയ്യാറാക്കി കേരളം കേന്ദ്രത്തിന് സമര്‍പ്പിച്ചു. എന്നാല്‍ ആ പദ്ധതിക്കായി പ്രത്യേക ധനസഹായം അനുവദിക്കാന്‍ കഴിയില്ല എന്നാണ് കേന്ദ്രം മറുപടി നല്‍കിയത്. നിലവില്‍ പ്രൊജക്ട് എലഫന്റ് ഉള്‍പ്പെടെ രണ്ടു പദ്ധതികളിലാണ് കേന്ദ്രസര്‍ക്കാര്‍ പണം അനുവദിക്കുന്നത്. അവ മനുഷ്യ-വന്യജീവി സംഘര്‍ഷം തടയാന്‍ മാത്രമായി വിനിയോഗിക്കാന്‍ സംസ്ഥാനത്തിന് അനുവാദമില്ല. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ മനുഷ്യ-വന്യജീവി സംഘര്‍ഷം തടയാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് അനുവദിച്ചത് അഞ്ചുകോടി 85 ലക്ഷം രൂപ മാത്രമാണ്. സൗരോര്‍ജ വേലി കെട്ടാനും കിടങ്ങുകള്‍ സ്ഥാപിക്കാനുമൊക്കെ 100 കോടിയിലേറെ രൂപയാണ് സംസ്ഥാനത്ത് വേണ്ടത്. കിഫ്ബി വഴി ഈ പദ്ധതി ആരംഭിച്ചെങ്കിലും മുന്നോട്ട് നീങ്ങിയില്ല. കിഫ്ബി വായ്പ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയില്‍ ഉള്‍പ്പെടുത്തിയതോടെയാണ് അതുവഴിയുള്ള ചെലവഴിക്കല്‍ നിര്‍ത്തിയത്.wild elephant killing; 15 people killed in 105 days
Content Summary: wild elephant killing; 15 people killed in 105 days