March 27, 2025 |
സുമ സണ്ണി
സുമ സണ്ണി
Share on

യുഎസ്എയ്ഡ് നിര്‍ത്തലാക്കുന്നത് അമേരിക്കയ്ക്ക് തിരിച്ചടി ആകുമോ?

ചൈനയെ വീണ്ടും വളര്‍ത്തുമോ

സമാധാനം, സുരക്ഷ, സാമ്പത്തിക വികസനം എന്നീ കാര്യങ്ങള്‍ക്കായി വര്‍ഷങ്ങളായി അമേരിക്ക രാജ്യങ്ങള്‍ക്ക് സഹായം നല്‍കുന്നുണ്ട്. ദാരിദ്ര്യത്തില്‍ നിന്ന് കരകയറുന്നതിനും, പ്രകൃതി ദുരന്തങ്ങളില്‍ സഹായിക്കുന്നതിനും, എയ്ഡ്‌സ്, മലേറിയ, പോഷകാഹാര കുറവ് തുടങ്ങിയ ആഗോള ആരോഗ്യ സംരംഭങ്ങളില്‍ സഹായിക്കുന്നതിനും, വികസ്വര രാജ്യങ്ങളിലെ വിദ്യാഭ്യാസ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താനും, സ്വതന്ത്ര വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനും, മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും, ഭക്ഷ്യസുരക്ഷയും കൃഷിയും മെച്ചപ്പെടുത്തുന്നതിനും സഹായം നല്‍കുന്ന പ്രധാന യുഎസ് ഏജന്‍സിയാണ് യുഎസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് (യുഎസ്എഐഡി).

അമേരിക്കയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും അധികാരത്തിലെത്തിയതിന് തൊട്ടുപിന്നാലെ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് (യുഎസ്എഐഡി) മറ്റു രാജ്യങ്ങള്‍ക്ക് നല്‍കുന്ന സഹായങ്ങള്‍ നിര്‍ത്തലാക്കുമെന്ന് അറിയിച്ചു. ‘അമേരിക്ക ഫസ്റ്റ്’ എന്ന ആശയത്തിന് പ്രാധാന്യം കൊടുക്കാന്‍ വിദേശ ചെലവുകള്‍ വെട്ടി കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.

us aid

1961-ല്‍ കോണ്‍ഗ്രസ് പാസാക്കി അന്നത്തെ പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡി ഒപ്പിട്ട വിദേശ സഹായ നിയമത്തിലൂടെയാണ് യുഎസ് എയ്ഡ് എന്ന സ്വതന്ത്ര ഏജന്‍സി സൃഷ്ടിക്കപ്പെട്ടത്. ശീതയുദ്ധകാലത്ത് സോവിയറ്റ് സ്വാധീനത്തെ ചെറുക്കുകയും വിദേശ സഹായം തന്ത്രപരമായി നല്‍കിക്കൊണ്ട് അമേരിക്കയുടെ താല്‍പ്പര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുക എന്നതായിരുന്നു ഇതിന്റെ പ്രധാന ലക്ഷ്യം.

ചൈനയ്ക്ക് അവസരം

അമേരിക്ക യുഎസ് എയ്ഡ് ‘സഹായം’ നിര്‍ത്തിയാല്‍ ആ അവസരം മുതലെടുത്ത് ചൈന രാജ്യങ്ങള്‍ക്ക് സഹായം നല്‍കാന്‍ തുടങ്ങും എന്ന് അമേരിക്കന്‍ എഴുത്തുകാരും, ചിന്തകരും ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. ആഗോളതലത്തില്‍ മാനുഷിക സഹായത്തിനായി ചെലവഴിക്കുന്ന ഓരോ 10 ഡോളറിലും 4 ഡോളര്‍ അമേരിക്കയുടെ പക്കലുള്ളതിനാല്‍, ആഗോള വികസന മേഖലയെ ഇത് ആഴത്തില്‍ ബാധിക്കുമെന്നും രോഗം, ക്ഷാമം, സംഘര്‍ഷം എന്നിവ വര്‍ദ്ധിക്കാനുള്ള സാധ്യതയുണ്ടെന്നും സഹായ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ നീക്കം ചൈനയ്ക്ക് മുതലെടുക്കാന്‍ കഴിയുമെന്ന് അതുകൊണ്ടാണ് സുരക്ഷാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. രാജ്യാന്തര മാധ്യമങ്ങളിലെല്ലാം അമേരിക്കന്‍ എഴുത്തുകാരും, ചിന്തകരും, രാഷ്ട്രീയ നിരീക്ഷകരും അമേരിക്കന്‍ പ്രസിഡന്റിനോട് ഈ തീരുമാനം പുനഃപരിശോധിക്കാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. അമേരിക്കയെ പരോക്ഷമായി തിരിച്ചടിക്കുമെന്ന ചിന്തയില്ലാതെ ഇത് നടപ്പിലാക്കരുതെന്ന് അമേരിക്കന്‍ പത്ര മാധ്യമങ്ങളിലും, സോഷ്യല്‍ മീഡിയയിലും ചര്‍ച്ചകള്‍ ഉണ്ട്.

‘പെനി വൈസ് പൗണ്ട് ഫൂളിഷ്’ തീരുമാനം

‘യുഎസിന്റെ അന്താരാഷ്ട്ര സഹായ ബജറ്റില്‍ നാടകീയമായ വെട്ടിക്കുറവുകള്‍ വരുത്താനുള്ള ഡൊണാള്‍ഡ് ട്രംപിന്റെ പദ്ധതികള്‍ ഒരു ‘വലിയ തന്ത്രപരമായ തെറ്റ്’ ആയിരിക്കാം, ഇത് ചൈനയ്ക്ക് ആഗോള സ്വാധീനം വര്‍ദ്ധിപ്പിക്കാനും അതില്‍ ഇടപെടാനും അനുവദിക്കുമെന്ന്’ യുകെ വിദേശകാര്യ സെക്രട്ടറി പറഞ്ഞു. ഈ നീക്കം ചൈനയ്ക്ക് ആഗോളതലത്തില്‍ കൂടുതല്‍ സ്വാധീനം ചെലുത്താന്‍ അനുവദിക്കുമെന്ന് യുക്രെയ്ന്‍ സന്ദര്‍ശനത്തിനിടയ്ക്ക് ആണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

2018-ല്‍, ചൈനീസ് സര്‍ക്കാര്‍, വിദേശ നിക്ഷേപ പരിപാടിയായ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവ് (BRI) ഉള്‍പ്പെടെയുള്ള ചൈനയുടെ പദ്ധതികള്‍ കാര്യക്ഷമമായി നടപ്പിലാക്കാന്‍, ചൈന ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് കോ-ഓപ്പറേഷന്‍ ഏജന്‍സി അഥവാ ‘ചൈന എയ്ഡ്’ തുടങ്ങി. എത്രത്തോളം തുക ഇതിലൂടെ ചെലവാക്കുന്നുണ്ട് എന്ന് ചൈനീസ് സര്‍ക്കാര്‍ വെളിപ്പെടുത്തുന്നില്ലെങ്കിലും, വില്യം ആന്‍ഡ് മേരിയുടെ ഗ്ലോബല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തില്‍, 2000 നും 2021 നും ഇടയില്‍ ചൈന വികസ്വര രാജ്യങ്ങള്‍ക്ക് 1.34 ട്രില്യണ്‍ ഡോളര്‍ വായ്പ നല്‍കിയതായി കണ്ടെത്തി.’സഹായം’ ഒരു പ്രധാന വിദേശനയ ഉപകരണമെന്ന നിലയില്‍ വികസിപ്പിക്കും എന്ന് ആ സമയത്തെ ചൈനീസ് സര്‍ക്കാര്‍ പത്രക്കുറിപ്പില്‍ പറഞ്ഞിരുന്നു.

രീതികള്‍ വ്യത്യാസം, അജണ്ട ഒന്ന് തന്നെ

അമേരിക്കയുടെ നയപരിപാടികളില്‍ നിന്ന് വ്യത്യസ്തമായാണ് ചൈന എയ്ഡ് പ്രവര്‍ത്തിക്കുന്നത്. പ്രാദേശിക സംഘടനകളുമായി പങ്കാളിത്തം സ്ഥാപിക്കുന്നതിനുപകരം വായ്പകളിലും, അടിസ്ഥാന സൗകര്യ പദ്ധതികളിലും കൂടുതല്‍ ശ്രദ്ധ കൊടുക്കാനാണ് ചൈന എയ്ഡ് നോക്കുന്നത്. എന്നാല്‍ രണ്ട് ഏജന്‍സികള്‍ക്കും സമാനമായ ലക്ഷ്യങ്ങളുണ്ട്. സര്‍ക്കാരിന്റെ ശക്തിയും, സ്വാധീനവും വ്യാപിപ്പിക്കുക എന്ന രഹസ്യ അജണ്ട, രാജ്യാന്തര സഹായം നല്‍കുന്ന സര്‍ക്കാരുകള്‍ നടപ്പിലാക്കാന്‍ പരോക്ഷമായി ശ്രമിക്കാറുണ്ട്.

വികസ്വര രാജ്യങ്ങളെ സഹായിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തിനപ്പുറം, ദാതാക്കളായ രാജ്യങ്ങള്‍ ചിലപ്പോള്‍ സ്വന്തം രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക താല്‍പ്പര്യങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ ‘സഹായ പദ്ധതികള്‍’ ഉപയോഗിക്കാറുണ്ട്. ദാതാക്കളായ രാജ്യങ്ങള്‍ക്ക് താല്പര്യമുള്ള നിര്‍ദ്ദിഷ്ട പ്രത്യയശാസ്ത്രങ്ങള്‍ പ്രോത്സാഹിപ്പിക്കുക, പ്രകൃതി വിഭവങ്ങളിലേക്ക് എത്തുക, ഫണ്ട് സ്വീകരിക്കുന്ന രാജ്യങ്ങളിലെ സര്‍ക്കാര്‍ നയങ്ങളെ സ്വാധീനിക്കുക എന്നിവയെല്ലാം നേരിട്ടും, അല്ലാതെയും ഉള്‍പ്പെടുത്താറുണ്ട്. അതുപോലെ സഹായ പദ്ധതികളിലൂടെ പാശ്ചാത്യ മൂല്യങ്ങളും സാമൂഹിക മാനദണ്ഡങ്ങളും പ്രോത്സാഹിപ്പിക്കുക, പ്രാദേശിക പാരമ്പര്യങ്ങളെയും ആചാരങ്ങളെയും ദുര്‍ബലപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളും നടക്കാറുണ്ട് എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പല കാലങ്ങളില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്.

അമേരിക്കന്‍ ബിസിനസുകള്‍ക്ക് വിപണികള്‍ സൃഷ്ടിക്കുന്നത്

അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി സൃഷ്ടിക്കാന്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് (USAID) സഹായിക്കുന്നു എന്ന ആരോപണവും പലപ്പോഴും ഉയര്‍ന്നു വന്നിട്ടുണ്ട്.

വികസ്വര രാജ്യങ്ങളിലെ സാമ്പത്തിക വളര്‍ച്ചയെ പിന്തുണയ്ക്കുന്ന USAID, അമേരിക്കന്‍ കമ്പനികള്‍ക്ക് കയറ്റുമതി നടത്തുന്നതിനായി പുതിയ വിപണികളും കണ്ടെത്താന്‍ സഹായിക്കാറുണ്ട്. എങ്ങനെയാണ് യുഎസ്എഐഡി അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി സൃഷ്ടിക്കുന്നത്?

us aid

വികസ്വര രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥ വളര്‍ത്താന്‍ യുഎസ്എഐഡി സഹായിക്കുന്നതോടൊപ്പം ഇത് പ്രാദേശിക സാമ്പത്തിക കൈകോര്‍ക്കലുകളെ പ്രോത്സാഹിപ്പിക്കാറുണ്ട് എന്ന് എക്കണോമിസ്റ്റുകള്‍ പറയുന്നു. അതുപോലെ വികസ്വര രാജ്യങ്ങളില്‍ നിന്ന് സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്ന യുഎസ് വ്യവസായങ്ങള്‍ക്കുള്ള വിതരണ ശൃംഖലകള്‍ക്ക് USAID പ്രോഗ്രാമുകള്‍ ഗുണം ചെയ്യുന്നു എന്ന ആരോപണവും ശക്തമാണ്.

വിദേശ ഗവണ്‍മെന്റ് ടെന്‍ഡറുകളില്‍ ലേലം വിളിക്കുന്ന യുഎസ് കമ്പനികള്‍ക്ക് വേണ്ടി യുഎസ്എഐഡി വാദിക്കാറുണ്ട് എന്നുള്ളതും പരസ്യമായ രഹസ്യമാണ്.

രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥ വികസിപ്പിക്കാന്‍ സഹായിക്കുന്നതിന് ഇടയ്ക്ക് അവരുടെ നയങ്ങളില്‍ പോസിറ്റീവായ സ്വാധീനം ചെലുത്താന്‍ USAID പ്രവര്‍ത്തിക്കുന്നു എന്നുള്ളതുകൊണ്ടാണ് ഇപ്പോഴത്തെ ഇന്ത്യന്‍ സര്‍ക്കാര്‍ പല എന്‍ ജി ഒകള്‍ക്കുള്ള വിദേശ സഹായം നിര്‍ത്തലാക്കുന്നത്.

‘എങ്ങനെയാണ് വിദേശ സഹായം ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്നത്’ എന്ന ആശയങ്ങളുള്ള പ്രസിദ്ധമായ സോഫാല്‍ ഇയറിന്റെ പുസ്തകത്തില്‍ കംബോഡിയയിലെ വിദേശ സഹായത്തിന്റെ ഇരുണ്ട വശങ്ങളെക്കുറിച്ചു വിശദമായി പ്രതിപാദിക്കുന്നുണ്ട്. ”സഹായം വികസനത്തെ പ്രോത്സാഹിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണെങ്കിലും, ‘സഹായ ആശ്രിതത്വം’, മോശം ഭരണത്തിനും വികസന മുരടിപ്പിനും കാരണമാകുന്നു” എന്ന് അദ്ദേഹം സമര്‍ത്ഥിക്കുന്നുണ്ട് .

USAID ചെലവാക്കുന്ന തുകയില്‍ പകുതിയില്‍ കൂടുതല്‍ ഭരണപരമായ കാര്യങ്ങള്‍ക്കും, ഇടനിലക്കാര്‍ക്കും, വിദഗ്‌ധോപദേശം നല്കുന്നവര്‍ക്കും പോകുന്നു എന്ന ആരോപണങ്ങള്‍ ഉണ്ടെങ്കില്‍ കൂടി പട്ടിണി മാറ്റാനും, വിദ്യാഭ്യാസത്തിനും, പാവപ്പെട്ടവരുടെ ജനക്ഷേമത്തിനും എത്തിയിരുന്ന പണമാണ് പെട്ടെന്ന് ഒരു സുപ്രഭാതത്തില്‍ നിര്‍ത്തലാക്കുന്നത്.

ഒരു വശത്ത് ലോകം, ചൈനയെ വലിയ രീതിയില്‍ തുണിത്തരങ്ങള്‍ മുതല്‍ ഇലക്ട്രോണിക്‌സ് വരെയുള്ള മേഖലകളില്‍ ആശ്രയിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ കയറ്റുമതിക്കാരായി മാറുകയും ആഗോള വ്യാപാരത്തിന്റെ ഒരു പ്രധാന പങ്ക് സംഭാവന ചെയ്യുകയും ചെയ്യുന്ന ചൈനയ്ക്ക്; USAID നിര്‍ത്തലാക്കുന്ന സമയത്ത് ഇടപെടുന്നത് പല തന്ത്രപരമായ സാധ്യതകളും തുറന്നിടാന്‍ സഹായിക്കും എന്ന് ചര്‍ച്ചകള്‍ ഉയര്‍ന്നു വരുന്നത് ഈ പശ്ചാത്തലത്തിലാണ് വില കുറവുള്ള ഉത്പന്നങ്ങള്‍ കൊണ്ട് രാജ്യങ്ങളെ കീഴടക്കിയ ചൈന ഇനി മുതല്‍ മറ്റു നയതന്ത്ര രീതികളിലും ‘സഹായം’ വഴി ഇടപ്പെടുമെന്ന ആശങ്ക അതുകൊണ്ടാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉയര്‍ത്തുന്നത്.

Content Summary:Will cutting off USAID will affect america
USAID america white house 

സുമ സണ്ണി

സുമ സണ്ണി

സാമ്പത്തിക വിദഗ്ധ

More Posts

×