February 14, 2025 |
Share on

‘പ്രിയപ്പെട്ട ക്രിക്കറ്റ്, എനിക്കൊരു അവസരം കൂടി തരൂ…’

ഏറ്റവും യോഗ്യതയുള്ള അപേക്ഷയാണ് കരുണ്‍ നായര്‍ മുന്നില്‍ വച്ചിരിക്കുന്നത്

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇപ്പോളൊരു പ്രതിസന്ധി ദിശയിലാണ്. ഒരു യുഗാന്ത്യത്തിലേക്ക് ടീം എത്തിയിരിക്കുന്നു. പ്രഭ മങ്ങിയ വീരന്മാര്‍ സിംഹാസനങ്ങളൊഴിയാന്‍ നേരമായിരിക്കുന്നു. വരാനിരിക്കുന്നത് വലിയ പോരാട്ടങ്ങളാണ്, എങ്ങനെ നേരിടുമെന്ന ചിന്താക്കുഴപ്പത്തിലാണ് കോച്ചും സിലക്ടര്‍മാരും ക്രിക്കറ്റ് ബോര്‍ഡുമെല്ലാം. ടീമിനെ മുന്നോട്ട് നയിക്കാന്‍ കേമന്മാര്‍ ഇല്ലാത്തതുകൊണ്ടല്ല. അവരെ കാണാന്‍ തയ്യാറാകത്തതുകൊണ്ടാണ്.

ഈ പ്രതിസന്ധിയില്‍ എന്തുകൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് മേലാളന്മാര്‍ കരുണ്‍ നായരെ കാണുന്നില്ല? ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ രണ്ട് തവണ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ ഒരേയൊരു കളിക്കാരനെ? ദേശീയ ടീം മാത്രമല്ല, സ്വന്തം സംസ്ഥാനമായ കര്‍ണാടക ടീം പോലും അയാളെ ഉപേക്ഷിക്കുകയാണ് ചെയ്തത്.

ഫോം മാറി മറിഞ്ഞേക്കാം, പക്ഷേ ക്ലാസ് എന്നും നിലനില്‍ക്കും. കരുണ്‍ അത് തെളിയിച്ചു. 2025 ജനുവരിയില്‍ എത്തി നില്‍ക്കുമ്പോള്‍ ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റില്‍ ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനം അയാളുടെതാണ്. അവഗണിക്കപ്പെട്ടവനില്‍ നിന്ന്, അടയാളപ്പെട്ടവനായുള്ള മാറ്റം. വിജയ് ഹസാരെ ട്രോഫിയില്‍ ഇതുവരെ നേടിയത് അഞ്ച് സെഞ്ച്വറികളാണ്, അതില്‍ നാലെണ്ണം തുടര്‍ച്ചയായി നേടിയതാണ്. കരുണിന്റെ ഈ പ്രകടനം അയാളുടെ ടീമായ വിദര്‍ഭയെ വിജയ് ഹസാരെ ട്രോഫിയുടെ സെമി ഫൈനലിലും എത്തിച്ചും.

karun nair

വഡോദരയിലെ മോട്ടി ബാഗ് സ്‌റ്റേഡിയത്തില്‍ രാജസ്ഥാനെ 9 വിക്കറ്റിന് വിദര്‍ഭ പരാജയപ്പെടുത്തുമ്പോള്‍, സഹതാരം ധ്രുവ് ഷോറേയുമായി ചേര്‍ന്ന് കരുണ്‍ പടുത്തുയര്‍ത്തിയത്, വേര്‍പിരിക്കാനാവാത്ത 200 റണ്‍സിന്റെ കൂട്ടുകെട്ടായിരുന്നു. അന്ന് 122 റണ്‍സുമായി കരുണ്‍ പുറത്താകാതെ നിന്നു(ധ്രുവും 118 റണ്‍സുമായി പുറത്താകാതെ കൂട്ടിനുണ്ടായിരുന്നു). ആ മത്സരം കഴിഞ്ഞ് തന്റെ എക്‌സ് അകൗണ്ടില്‍ കരുണ്‍ ഒരു വരിയെഴുതിയിട്ടുണ്ട; പ്രിയപ്പെട്ട ക്രിക്കറ്റ് എനിക്ക് ഒരു അവസരം കൂടി തരുമോ? എന്നൊരു അപേക്ഷയായിരുന്നു അത്. ഹോം സീരീസില്‍ ന്യൂസിലാന്‍ഡിനെതിരേയും ഓസ്‌ട്രേലിയയില്‍ ബോര്‍ഡര്‍ -ഗവാസ്‌കര്‍ ട്രോഫിയിലും ഇന്ത്യന്‍ ബാറ്റിംഗ് നാണംകെട്ട് തകര്‍ന്നു പോയ അതേ സാഹചര്യത്തിലായിരുന്നു കരുണിന്റെ അപക്ഷേ. രോഹിത് ശര്‍മ, വിരാട് കോഹ്‌ലി എന്നീ മഹാരഥന്മാര്‍ തീര്‍ത്തും നിശബ്ദരായി പോയിരിക്കുന്നു, പുതിയ താരങ്ങളില്‍ ഏറെക്കുറെയാളുകളും പേരിനൊത്ത പ്രകടനം നടത്താത്തെ ദുര്‍ബലരായി നില്‍ക്കുന്നു. അങ്ങനെയൊരു സാഹചര്യത്തില്‍ ഏറെ പ്രാധാന്യമുണ്ട് കരുണിന്റെ അപേക്ഷയ്ക്ക്, ഉത്തരവാദിത്തപ്പെട്ടവര്‍ക്ക് ബോധ്യപ്പെടാന്‍, അപേക്ഷയ്‌ക്കൊപ്പം അയാളുടെ കഴിവ് തെളിയിക്കുന്ന പ്രകടനങ്ങളും കാഴ്ച്ചവച്ചിട്ടുണ്ട്.

വളരെ വൈകാരികമായൊരു മനസോടെയായിരുന്നു ആ പോസ്റ്റ് ഇട്ടതെന്നാണ് കരുണ്‍ പറയുന്നത്. ‘ആറ്-ഏഴ് മാസക്കാലം, ഞാന്‍ ക്രിക്കറ്റൊന്നും കളിക്കാതിരുന്നു. നെറ്റ് സെഷന്‍ പ്രാക്ടീസിനായി ദിവസത്തില്‍ മൂന്ന് മണിക്കൂര്‍ യാത്ര ചെയ്യുക മാത്രമായിരുന്നു ആകെ ചെയ്യാനുണ്ടായിരുന്നത്. എനിക്ക് വേറെ വഴിയില്ലായിരുന്നു. ഒരു ഫോര്‍മാറ്റിലേക്കും എന്നെ പരിഗണിച്ചില്ല, ആ സമയത്ത് ഞാന്‍ ശരിക്കും മാനസികമായി തളര്‍ന്നിരുന്നു. എനിക്ക് കാര്യങ്ങള്‍ മാറ്റുകയും മുന്നോട്ട് പോകുകയും വേണ്ടിയിരുന്നു. പക്ഷേ, മുന്നോട്ട് പോകുന്നത് എളുപ്പമായിരുന്നില്ല, ആ സാഹചര്യം മറികടക്കാന്‍ എനിക്ക് സമയം ആവശ്യമായിരുന്നു. എന്റെ കഴിവുകളും മാനസികാവസ്ഥയും സ്ഥായിയാക്കാന്‍ ഞാന്‍ പരിശീലിച്ചു. ഞാന്‍ സ്വയം തയ്യാറെടുക്കുകയായിരുന്നു. ഇനിയൊരു അവസരം ലഭിച്ചാല്‍, പിന്നീടെന്നെ മാറ്റി നിര്‍ത്താന്‍ ഞാന്‍ ആര്‍ക്കും ഒരു ഒഴികഴിവും നല്‍കാന്‍ പോകുന്നില്ല. അതിന് എനിക്ക് റണ്‍സ് സ്‌കോര്‍ ചെയ്യുകയും സ്ഥിരത പുലര്‍ത്തുകയും ചെയ്യണമായിരുന്നു. അതിനാല്‍ അത് എന്റെ കളി തിരികെ കൊണ്ടുവരാന്‍ ഞാന്‍ കഠിനമായി പരിശ്രമിച്ചു’.-തന്റെ തിരിച്ചു വരവിനെ കുറിച്ച് കരുണിന്റെ വാക്കുകള്‍.

തിരിച്ചു വരവിനായി കരുണ്‍ കഠിനമായി പ്രയത്‌നിച്ചു. ബെംഗളൂരുവിലെ ക്രിക്കറ്റ് അക്കാദമിയിലെ അയാളുടെ പരിശീലനം മനസിനും ശരീരത്തിനും കരുത്ത് നല്‍കി. കോച്ച് വിജയ് മധ്യാല്‍ക്കറിന്റെ സഹായം അയാളെ കൂടുതല്‍ ഉത്തേജിതനാക്കി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്കുള്ള തിരിച്ചു വരവായിരുന്നു അപ്പോഴത്തെ ലക്ഷ്യം. ബാറ്റിംഗില്‍ അദ്ദേഹം ദീര്‍ഘനേരം പരിശീലിച്ചു. കരുണിന്റെ സഹായത്തിനായി എത്തിയ മറ്റൊരാള്‍ മുന്‍ ഇന്ത്യന്‍ താരവും ബിസിസിഐ ജനറല്‍ മാനേജരുമായ അബി കുരുവിളയാണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ പ്രതിനിധീകരിക്കാന്‍ കരുണിന് ഒരു ടീമിനെ കണ്ടെത്തി നല്‍കിയത് കുരുവിളയായിരുന്നു. അദ്ദേഹം അണ്ടര്‍ 19 ല്‍ എന്റെ സിലക്ടര്‍ ആയിരുന്നു. അതിന്റെയൊരു അടുപ്പം ഉണ്ടായിരുന്നു. എനിക്ക് കളിക്കാന്‍ ഒരു ടീം വേണമെന്ന് എനിക്ക് അദ്ദേഹത്തോട് പറയാന്‍ കഴിഞ്ഞു. അദ്ദേഹം എന്നെ ഇക്കാര്യത്തില്‍ ഒരുപാട് സഹായിച്ചു, കരുണ്‍ തന്റെ നന്ദി അറിയിക്കുന്നു. ഒരു അവസരത്തിനു വേണ്ടി കാത്തിരുന്നപ്പോള്‍ അത് തന്നു സഹായിച്ച വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷനോടും കരുണ്‍ നന്ദി പറയുന്നു.

Karun Nair

2023-23 സീസണില്‍, രഞ്ജി ട്രോഫിയില്‍ 690 റണ്‍സാണ് കരുണ്‍ നേടിയത്. അതിനു മുന്നോടിയായി നോര്‍താംപ്ടണ്‍ ഷയറിനു വേണ്ടി കളിച്ച് തന്റെ കന്നി കൗണ്ടി അരേങ്ങറ്റം നടത്തിയിരുന്നു. മൂന്നു മത്സരങ്ങളാണ് അവിടെ കളിച്ചത്. 78, 150, 21 എന്നതായിരുന്നു സ്‌കോറുകള്‍. തിരിച്ചു വന്നശേഷം ഇവിടെ വന്ന് ഒരു ഡബിള്‍ സെഞ്ച്വറി അടിച്ചു. രഞ്ജിയിലെ ഒരു സെഞ്ച്വറിക്ക് പിന്നാലെ പാഡ് അണിഞ്ഞ വിജയ് ഹസാരെ ട്രോഫിയില്‍ കരുണിന്റെ റണ്‍ദാഹം എത്രത്തോളമുണ്ടെന്ന് തെളിഞ്ഞു. പുറത്താകാതെ നേടിയ 112 റണ്‍സ് ഓടെയായിരുന്നു തുടക്കം. പിന്നാലെ പുറത്താകാതെ 44. അതിനു ശേഷം തുടര്‍ച്ചയായി നാല് സെഞ്ച്വറികള്‍. 163 നോട്ട് ഔട്ട്, 111 നോട്ട് ഔട്ട്, 112, 122. ഉത്തര്‍പ്രദേശിനെതിരേ 112 ന് ഔട്ട് ആകുന്നതിനു മുമ്പായി കരുണ്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഒരു റെക്കോര്‍ഡും സ്വന്തമാക്കിയിരുന്നു. പുറത്താകാതെ ഏറ്റവും അധികം റണ്‍സ് നേടുന്ന(542) താരമെന്ന റെക്കോര്‍ഡ്.

തന്റെ മുന്‍ സഹതാരം റോബിന്‍ ഉത്തപ്പയോട് സംസാരിക്കവെ, ദേശീയ ടീമിലേക്കുള്ള തിരിച്ചു വരവിനെ കുറിച്ചുള്ള പ്രതീക്ഷ കരുണ്‍ പങ്കുവച്ചിരുന്നു. ടെസ്റ്റ് ടീമില്‍ മാറ്റങ്ങളുടെ കാലമായിരിക്കേ, സിലക്ടര്‍മാരുടെ റഡാറില്‍ കരുണ്‍ വന്നുപെടുമെന്ന് തന്നെ വിശ്വസിക്കാം. എല്ലാവര്‍ക്കും സ്വന്തം രാജ്യത്തിനു വേണ്ടി കളിക്കണമെന്ന് ആഗ്രഹമുണ്ട്, ഞാനും അതില്‍ നിന്നു വ്യത്യസ്തനല്ല. എനിക്ക് ഇനിയും ഇന്ത്യക്കായി ടെസ്റ്റ് കളിക്കണം.- ഇതാണ് കരുണിന്റെ മോഹം. അതിനയാള്‍ യോഗ്യത തെളിയിച്ചിട്ടുമുണ്ട്. അത് മനസിലാക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന് കഴിയണമെന്നു മാത്രം.  Will Karun Nair come back on the radar of the Indian cricket team selectors?

Content Summary; Will Karun Nair come back on the radar of the Indian cricket team selectors?

×