ഹാരി പോട്ടര്‍ സിനിമകളിലെ അവസാനത്തേതായ ഡെത്ത്‌ലി ഹാലോസ് രണ്ടാം ഭാഗം ഇറങ്ങിയിട്ട് ഏതാണ്ട് 14 വര്‍ഷമായി. ഏകദേശം മൂന്ന് പതിറ്റാണ്ട് മുമ്പ് ഹാരിപോട്ടര്‍ പുസ്തക പരമ്പരയിലെ ആദ്യപുസ്തകമായ ഹാരിപോട്ടര്‍ ആന്‍ഡ് ദ ഫിലോസഫേഴ്സ് സ്റ്റോണ്‍ ഇറങ്ങിയ കാലം മുതല്‍ ലോകത്തിന്റെ ജനപ്രിയ സാഹിത്യ-സിനിമ ചര്‍ച്ചകളുടെ ഭാഗമാണ് ആ പുസ്തകങ്ങളിലെ കഥാപരിസരങ്ങള്‍. ഹാരി പോട്ടര്‍ സിനിമ പരമ്പര അവസാനിച്ചുവെങ്കിലും ആ മാന്ത്രിക ലോകത്തെ അടിസ്ഥാനമാക്കിയുള്ള ഫന്റാസ്റ്റിക് ബീസ്റ്റ്സ് എന്ന സ്പിന്‍ ഓഫുകള്‍ വരികയും ഹാരിപോട്ടര്‍ ചര്‍ച്ചകള്‍ തുടരുകയും ചെയ്തു. ഹോളിവുഡ് സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും വിജയിച്ച സിനിമ പരമ്പരകളിലൊന്നാണ് ഹാരിപോട്ടര്‍ എങ്കിലും പുസ്തകത്തിന്റെ വായനക്കാര്‍ക്ക് സിനിമകളില്‍ പല വിശദാംശങ്ങളും നഷ്ടപ്പെട്ടുവെന്ന പരാതിയുണ്ടായിരുന്നു. എന്തായാലും വീണ്ടും ഹാരി പോട്ടര്‍ ചര്‍ച്ചകള്‍ സജീവമാക്കികൊണ്ടാണ് മാസങ്ങള്‍ക്ക് മുമ്പ് എച്ച്.ബി.ഒ ഹാരിപോട്ടര്‍ കൃതികളെ അടിസ്ഥാനമാക്കി വെബ് പരമ്പര പ്രഖ്യാപിച്ചത്. പോട്ടര്‍ ഹെഡ്സ് എന്ന് സ്വയം വിളിക്കുന്ന ആരാധക സമൂഹത്തിനെ സംബന്ധിച്ച് ആനന്ദവും ആവേശവും നല്‍കിയ വാര്‍ത്തയായിരുന്നു അത്.
എച്ച് ബി ഒ വെബ് പരമ്പര പ്രഖ്യാപിച്ചത് മുതല്‍ കാസ്റ്റിങ്ങിനെ കുറിച്ചുള്ള ഊഹാപോഹങ്ങള്‍ ആരംഭിച്ചു. ഹാരി പോട്ടര്‍ സിനിമയിലെ താരങ്ങളില്‍ ഒട്ടുമിക്കവും ആ സിനിമയുടെ പേരിലാണ് പിന്നീട് അറിയപ്പെട്ടത്. ഹാരിപോട്ടറായ ഡാനിയേല്‍ റാഡ്ക്ലിഫും ഹെര്‍മിയോണി ഗ്രേയ്ഞ്ചറായ എമ്മ വാട്സണും റോണ്‍ വീസ്ലിയായ റൂപെര്‍ട്ട് ഗ്രിന്റും മാത്രമല്ല, ഹോഗ്വാട്സ് സ്‌കൂളിലെ വിഖ്യാത ഹെഡ്മാസ്റ്ററും മാന്ത്രികലോകത്തെ ഗുരുതുല്യനുമായ ആല്‍ബസ് ഡബ്ള്‍ഡോറിനെ അനശ്വരനാക്കിയ മൈക്കേല്‍ ഗാമ്പോണ്‍, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് മിനര്‍വ് മക്ഗോണാഗലിനെ അവതരിപ്പിച്ച മാഗിസ്മിത്ത്, ഹാഗ്രിഡായി മാറിയ റോബി കോള്‍ട്രേന്‍, വോള്‍ഡര്‍മോര്‍ട്ട് എന്ന അതിക്രൂര ഫാഷിസ്റ്റ് അധിപനെ അവതരിപ്പിച്ച റാള്‍ഫ് ഫീനിസ്, സെര്‍വസ് സ്നേപിനെ അനശ്വരനായിക്കിയ അലന്‍ റിക്മാന്‍ എന്നിങ്ങനെ ഒട്ടേറെ പേര്‍ ഹാരിപോട്ടര്‍ താരങ്ങളായി മാറി.
പാപ എസ്യൂദു, സെര്‍വസ് സ്നേപ് ആയി അലന്‍ റിക്മാന്‍
അങ്ങനെ ഹാരിപോട്ടര്‍ ആരാധകര്‍ കാത്തിരിക്കുമ്പോഴാണ് പാപ എസ്യൂദുവെന്ന വിഖ്യാത ബ്രിട്ടീഷ് താരം പ്രൊഫസര്‍ സെര്‍വെസ് സ്നേപ ഹോഗ്വാര്‍ട്സ് അധ്യാപകന്റെ റോള്‍ ചെയ്യുമെന്ന് എച്ച്.ബി.ഒ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഇത് ആരാധകരില്‍ വലിയ പ്രതിഷേധവും ചര്‍ച്ചയ്ക്കും ഇടയാക്കി. കറുത്ത വര്‍ഗ്ഗക്കാരനായ പാപ എസ്യൂദുവിന്റെ കാസ്റ്റിങ് വരുന്നതോടെ ജെ.കെ.റൗളിങ്ങിന്റെ നോവലില്‍ കഥാപാത്രത്തെ കുറിച്ചുള്ള സകല ആഖ്യാനങ്ങളും മാറുമെന്നതാണ് ആരാധകരുടെ പ്രശ്നം. കഥയിലുടനീളം ഹാരിപോട്ടറോട് ശത്രുതാ ഭാവത്തോടെ പെരുമാറുന്ന സ്നേപിനെ കുറിച്ചുള്ള പരാമര്‍ശങ്ങളും ഹാരിയുടെ അച്ഛന്‍ ജെയിംസുമായുള്ള സ്നേപിന്റെ കലഹവുമെല്ലാം വംശീയതയുടെ രാഷ്ട്രീയം കൂടി കലര്‍ന്നതാകുമ്പോള്‍ തികച്ചും സങ്കീര്‍ണമായി മാറുമെന്നും അവര്‍ കരുതുന്നു. പാപ എസ്യൂദു ഈ റോള്‍ ചെയ്യുകയാണെങ്കില്‍ സീരിസ് കാണില്ല എന്ന് വരെ ആരാധകര്‍ പ്രചരണം ആരംഭിച്ചിട്ടുണ്ട്. അതേസമയം സിനിമ-റ്റെലിവിഷന്‍ രംഗത്ത് വലിയ താരമായി മാറിക്കൊണ്ടിരിക്കുന്ന പാപ എസ്യൂദു പത്ത് വര്‍ഷം നീണ്ട് നില്‍ക്കുന്ന ഈ വലിയ പരമ്പരയുടെ ഭാഗമാവുകയാണെങ്കില്‍ വന്‍ വിജയമായിരിക്കുമെന്നാണ് എച്ച്.ബി.ഒ വൃത്തങ്ങള്‍ കരുതുന്നത്. ജെ.കെ.റൗളിങ്ങിനും ഈ കാസ്റ്റിങ്ങിനോട് എതിരഭിപ്രായമില്ല എന്നും പറയുന്നു.
മിനര്‍വ മക്ഗൊണാഗലി ആയി മാഗി സ്മിത്ത്, ജാനറ്റ് മക്ടീര്‍
ഓസ്‌കര്‍-എമ്മി പുരസ്‌കാരങ്ങള്‍ക്ക് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള വിഖ്യാത താരം ജാനറ്റ് മക്ടീര്‍ ആയിരിക്കും മറ്റൊരു മുഴുനീള കഥാപാത്രമായ മിനര്‍വ മക്ഗൊണാഗലിനെ അവതരിപ്പിക്കുക എന്നത് ഏതാണ്ട് ഉറപ്പായി. ട്രബ്ള്‍വീഡ്സ്, ഇന്‍ റ്റു ദ സ്റ്റോം, സോങ്കാച്ചര്‍, ആല്‍ബര്‍ട്ട് നോബ്സ് തുടങ്ങിയ സിനിമകളിലൂടെ പ്രശസ്തമാണ് ജാനക് മക്ടീര്‍. അതേസമയം കില്ലേഴ്സ് ഓഫ് ദ ഫ്ളവര്‍ മൂണ്‍, കോണ്‍ക്ലേവ്, ഇന്റര്‍സ്റ്റെല്ലര്‍ തുടങ്ങി ഒട്ടേറെ സിനിമകളിലൂടെ ഹോളിവുഡ് പ്രേക്ഷകര്‍ക്ക് സുപരിചിതമായ ജോണ്‍ലിത്ഗോ പ്രൊഫസര്‍ ആല്‍ബസ് ഡംബ്ള്‍ഡോര്‍ ആകുമെന്ന് സൂചനകളുണ്ട്. തനിക്ക് ക്ഷണം ലഭിച്ചിട്ടുണ്ട് എന്ന് സ്ഥിരീകരിച്ച ജോണ്‍ലിത് ഗോ പത്ത് വര്‍ഷം കഴിഞ്ഞ് സീരീസ് അവസാനിക്കുമ്പോഴേയ്ക്കും തനിക്ക് തൊണ്ണുറ് വയസിനടുത്ത് പ്രായമാകുമെന്ന ആശങ്കയും പ്രകടിപ്പിച്ചു. എഴുത്തുകാരിയും ഷോ റണ്ണറുമായ ഫ്രാന്‍സിസ്‌ക ഗാര്‍ഡിനര്‍ക്കും സംവിധായകന്‍ മാര്‍ക് മൈലോഡിനുമാണ് എച്ച്ബിഒ ഈ പരമ്പരയുടെ ചുമതല നല്‍കിയിരിക്കുന്നത്. Will Paapa Essiedu play Severus Snape in the new Harry Potter HBO series?
Content Summary; Will Paapa Essiedu play Severus Snape in the new Harry Potter HBO series?