UPDATES

ട്രെന്‍ഡിങ്ങ്

ഏത് നിമിഷവും ആക്രമിക്കപ്പെടാം എന്ന ഭീതിയില്‍ ഒരു വനിതാ ദിനം കൂടി

സ്ത്രീകളെ അപമാനിക്കുന്നവര്‍ തങ്ങളുടെ പാര്‍ട്ടിയില്‍ ഉണ്ടാവില്ലെന്ന് രാഷ്ട്രീയക്കാര്‍ തീരുമാനിക്കണം; സ്ത്രീകളോട് മാന്യമായി പെരുമാറണം എന്ന് ഓരോ അമ്മമാരും തങ്ങളുടെ ആണ്‍മക്കള്‍ക്ക് പറഞ്ഞുകൊടുക്കണം

                       

ഒരു ലോക വനിതാ ദിനം കൂടി കടന്നുപോവുകയാണ്. ഏത് നിമിഷവും ആരാലും ആക്രമിക്കപ്പെടാം എന്ന ഭീതിയില്‍ കഴിയേണ്ടി വരുന്ന സ്ത്രീകളും തങ്ങളുടെ പെണ്‍മക്കളുടെ സുരക്ഷയെ കുറിച്ച് ഓരോ നിമിഷവും വേവലാതിപ്പെടേണ്ടി വരുന്ന അമ്മമാരും അതിജീവനത്തിനായി നിരന്തരം പോരാടേണ്ടി വരുന്ന സ്ത്രീകളും അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട് ചൂഷണങ്ങള്‍ക്കിരയായി അവിവാഹിതരായ അമ്മമാരായി കഴിയേണ്ടി വരുന്ന ആദിവാസി സ്ത്രീകളും കുട്ടികളും ഒക്കെ അടങ്ങുന്ന ഒരു സാമൂഹ്യാന്തരീക്ഷത്തില്‍ നിന്നുകൊണ്ടാണ് നമ്മള്‍ വനിതാദിനത്തില്‍ സ്ത്രീ ശാക്തീകരണത്തെ കുറിച്ച് പറയുന്നതും വനിതാദിന സന്ദേശങ്ങള്‍ കൈമാറുന്നതും. വിദ്യാഭ്യാസരംഗത്ത് സ്ത്രീകള്‍  ഒട്ടേറെ മുന്നേറികഴിഞ്ഞു. ശാസ്ത്ര രംഗത്തും ആരോഗ്യ മേഖലയിലും ഭരണ രംഗത്തുമൊക്കെ സ്ത്രീകള്‍ തങ്ങളുടെ കഴിവുകള്‍ തെളിയിച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇന്ന് സ്ത്രീകള്‍ കൈവെക്കാത്ത മേഖലകള്‍ ചുരുക്കം. അതേസമയം സ്ത്രീകള്‍ക്കെതിരായുള്ള അതിക്രമങ്ങള്‍ ഭീതിതമായ രീതിയില്‍ വര്‍ദ്ധിച്ചു വരുന്ന ഒരവസ്ഥയാണ് ഇന്നുള്ളത്. ഓരോ ദിവസവും പുറത്തു വരുന്ന വാര്‍ത്തകള്‍ അത്തരത്തിലുള്ളതാണ്. ജ്യോതി സിംഗും സൌമ്യയും ജിഷയും ഒക്കെ അതിക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊല്ലപ്പെട്ടിട്ട്  ഏറെ കാലമായിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിലായി വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകളും ഓരോ പെണ്‍കുട്ടിയെയും സ്ത്രീകളെയും ഭീതിപ്പെടുത്തുന്ന വാര്‍ത്തകളാണ്. പീഡനത്തിനിരയായി കൊല്ലപ്പെട്ട വാളയാറിലെ രണ്ടു കൊച്ചു പെണ്‍കുട്ടികള്‍, വയനാട്ടിലെ അനാഥാലയത്തിലെ പീഡിപ്പിക്കപ്പെട്ട കുട്ടികള്‍, ദൈവത്തിന്‍റെ പ്രതിരൂപമായിക്കണ്ട പള്ളി വികാരി പീഡിപ്പിച്ച കൊട്ടിയൂരിലെ പെണ്‍കുട്ടി, മദ്രസാധ്യാപകന്‍ പീഡിപ്പിച്ച പെണ്‍കുട്ടി, കുറച്ചു ദിവസം മുമ്പ് ഓടുന്ന കാറില്‍ നഗരമദ്ധ്യത്തില്‍ പീഡിപ്പിക്കപ്പെട്ട അഭിനേത്രി, പൂജാരിയാല്‍ പീഡിപ്പിക്കപ്പെട്ട കൊച്ചു പെണ്‍കുട്ടി… ഇവര്‍ മാത്രമല്ല പുറത്തു വന്നതിനെക്കാള്‍ കൂടുതല്‍ പീഡന വാര്‍ത്തകള്‍ ഇനിയുമെത്രയോ കാണും.  ഇവരുടെയൊക്കെ ശരീരത്തിനും മനസ്സിനും ഏറ്റ  മുറിവുകളില്‍ ചവിട്ടി നിന്നുകൊണ്ടു നാം എങ്ങിനെയാണ് ഒരു വനിതാദിനം ആഘോഷിക്കുക.

ഇന്ന് സമൂഹം നേരിടുന്ന ഗുരുതരമായൊരു പ്രശ്‌നമാണ് സ്ത്രീസുരക്ഷ. വീടിനുള്ളിലും സമൂഹത്തിലും തൊഴിലിടങ്ങളിലും സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നു. നൂറു ശതമാനം സാക്ഷരരാകുമ്പോഴും ആധുനിക വത്ക്കരണത്തിലും ജീവിത നിലവാരത്തിലും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മുന്നില്‍ നില്‍ക്കുമ്പോഴും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങളുടെ കാര്യത്തിലും മുന്നിലെത്താനുള്ള ശ്രമമാണ് കേരളീയര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. നമ്മുടെ നീതി നീതിപീഠങ്ങളും നിയമ പാലകരും എല്ലാം തന്നെ പലപ്പോഴും സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളുടെ കാര്യത്തില്‍ നിസ്സംഗ സമീപനമാണ് സ്വീകരിക്കുന്നത്. പുരുഷാധിപത്യ സമൂഹത്തിന്‍റെ പാരമ്പര്യ മൂല്യങ്ങളില്‍ ഇപ്പൊഴും കുടുങ്ങിക്കിടക്കുകയാണ് ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും നമ്മുടെ സമൂഹം. ഒരു ഭോഗവസ്തു എന്നതിനപ്പുറം സ്ത്രീയുടെ വ്യക്തിത്വത്തെ അംഗീകരിക്കാനും അവളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കാനും സമൂഹം തയ്യാറാകുന്നില്ല. സ്ത്രീകള്‍ക്ക് നേരെ അതിക്രമണം നടന്നാല്‍ കുറ്റവാളികളെ ശിക്ഷിക്കുന്നതിന് പകരം സ്ത്രീകള്‍ക്കുള്ള കല്‍പ്പനകള്‍ പുറപ്പെടുവിക്കാനാണ് സമൂഹത്തിനു താത്പര്യം. അവള്‍ എന്തു ധരിക്കണം എങ്ങനെ നടക്കണം എവിടെ പോകണം എന്നൊക്കെ അവരങ്ങു തീരുമാനിച്ച് കളയും. വീട്ടിനകത്ത് കിടന്നുറങ്ങുന്ന വൃദ്ധ സ്ത്രീകള്‍ പോലും ആക്രമിക്കപ്പെടുന്ന ഒരു കാലത്ത് നിന്നുകൊണ്ടാണ് നമ്മള്‍ ഇത്തരം തീട്ടൂരങ്ങള്‍ പുറപ്പെടുവിക്കുന്നതെന്ന് പലപ്പോഴും മറന്നുപോകുന്നു. പൊതു ഇടങ്ങള്‍ മാത്രമല്ല നമ്മുടെ വിദ്യാലയങ്ങളും മതസ്ഥാപനങ്ങളും അനാഥാലയങ്ങളും സ്വന്തം വീട്ടില്‍ പോലും പെണ്‍കുട്ടികളും സ്ത്രീകളും സുരക്ഷിതരല്ല എന്നുള്ളതാണ് യാഥാര്‍ത്ഥ്യം.

സ്ത്രീകള്‍ക്ക് നേരെയുള്ള കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ ആശ്വാസം നല്‍കുന്ന വിവരമല്ല വനിതാ ദിനത്തില്‍ പുറത്തുവരുന്നത്. സ്ത്രീകള്‍ക്ക് നേരെയുള്ള കുറ്റകൃത്യങ്ങള്‍ സംസ്ഥാനത്ത് കൂടിവരികയാണെന്ന് സംസ്ഥാന ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ തന്നെ സൂചിപ്പിക്കുന്നു. സംസ്ഥാനത്ത് 2015-ല്‍ 12,383 കേസുകളാണ് സ്ത്രീകള്‍ക്ക് നേരെയുള്ള കുറ്റങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തത്.  2016-ല്‍ ഇത് 14,061 ആയി ഉയര്‍ന്നു. 2017-ല്‍ ജനുവരിയില്‍ മാത്രം 149 കേസുകളെടുത്തിട്ടുണ്ട്. ഓരോ നിമിഷവും ഏതെങ്കിലും ഒരു സ്ത്രീ എങ്കിലും പീഡിപ്പിക്കപ്പെടുന്ന ഒരവസ്ഥയില്‍ നിന്നുകൊണ്ടു വനിതാദിനം ആഘോഷിക്കുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്.

പെണ്ണ് എപ്പോഴും പുരുഷന് ഒരു പടി താഴെ നില്‍ക്കേണ്ടവളാണ് എന്ന ബോധമാണ് നമ്മുടെ സമൂഹം എപ്പോഴും വെച്ചു പുലര്‍ത്തിയിരുന്നത്. വീട്ടകങ്ങള്‍ എപ്പോഴും നീ ഒരു പെണ്ണാണ് നിനക്കു ഇത്രയൊക്കെയെ ചെയ്യാന്‍ കഴിയൂ എന്ന കല്‍പ്പനകളിലൂടെ ഈ ബോധം കുട്ടിക്കാലത്ത് തന്നെ ഓരോ പെണ്‍കുട്ടിയുടെയും മനസ്സില്‍ ആവര്‍ത്തിച്ച് ഉറപ്പിച്ച് കൊണ്ടിരിക്കും. ഇത് കേള്‍ക്കുന്ന ഓരോ ആണ്‍കുട്ടിയുടെ മനസ്സിലും പെണ്ണ് തനിക്ക് കീഴടക്കാനുള്ള ഇര മാത്രമാണെന്ന ബോധം ഉണ്ടാകുന്നു.  ഇത്തരം മൂല്യ ബോധങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെയാണ് സമൂഹം പെണ്ണിനുള്ള അതിരുകള്‍ നിശ്ചയിക്കുന്നതും. പ്രൈമറി ക്ലാസ്സുകളില്‍ പോലും ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും മാറ്റിയിരുത്തി ലിംഗ വിവേചനത്തിന്‍റെ അതിരുകള്‍ സൃഷ്ടിക്കുന്ന ഒരു നാടാണ് നമ്മുടെത്. നമ്മുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോലും പെണ്‍കുട്ടികള്‍ക്ക് പലതരത്തിലുള്ള നിയന്ത്രണങ്ങള്‍ കൊണ്ട് വന്നു കൊണ്ടിരിക്കുന്നു.

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം ചെറുക്കാന്‍ സ്ത്രീകള്‍ക്ക് പൊതു ഇടങ്ങള്‍ നിഷേധിക്കുന്നതിന് പകരം മാറേണ്ടത് ഓരോ പുരുഷനും സ്ത്രീയോടുള്ള മനോഭാവമാണ്. കൌമാരക്കാരായ പെണ്‍കുട്ടികള്‍ പ്രണയത്തില്‍ പെട്ടുപോകുന്നതിന് അവര്‍ക്ക് കൌണ്‍സിലിംഗ് കൊടുക്കണം എന്നു പറയുന്നതിന് പകരം പെണ്ണ് കീഴടക്കാനുള്ള വസ്തുവല്ല എന്ന ചിന്ത ഓരോ ആണ്‍കുട്ടിയിലും വളര്‍ത്തിയെടുക്കുകയാണ് ചെയ്യേണ്ടത്. ആണിനും പെണ്ണിനും തുല്യനീതി കിട്ടുന്ന ഒരു സമൂഹത്തില്‍ മാത്രമെ ആരോഗ്യകരമായ സ്ത്രീ പുരുഷ ബന്ധങ്ങള്‍ ഉണ്ടാകൂ. ആക്രമിക്കപ്പെട്ടേക്കാം എന്ന ഭയത്തില്‍ നിന്നു കൊണ്ട് ഓരോ നിമിഷവും ജീവിക്കേണ്ടി വരിക എന്നതല്ല ഓരോ സ്ത്രീയും ആഗ്രഹിക്കുന്നത്. ആത്മവിശ്വാസത്തോടെ അവളാഗ്രഹിക്കുന്ന മേഖലയില്‍ ജോലി ചെയ്യാനും അന്തസ്സോടെ തലയുയര്‍ത്തിപ്പിടിച്ച് നടക്കാനുമാണ് അവള്‍ ആഗ്രഹിക്കുന്നത്. അതിനുള്ള അവസരമാണ് സമൂഹവും ഭരണകൂടവും അവള്‍ക്ക് നല്കേണ്ടത്.

സ്ത്രീകൾക്ക് സമൂഹത്തിൽ തുല്യാവസരം നേടിയെടുക്കുക, സ്ത്രീകളുടെ രാഷ്ട്രീയവും സാമ്പത്തികവുമായ തുല്യത, അവരുടെ സാമൂഹ്യ അവകാശങ്ങൾ തുടങ്ങിയവ സ്ഥാപിച്ചെടുക്കുക, സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങളോടെ പ്രവർത്തിക്കുന്ന സ്ത്രീ സംഘടനകളുടെയും സ്ത്രീ വിമോചക പ്രവര്‍ത്തകരുടെയും ശ്രമങ്ങള്‍ കേരളത്തില്‍ ഒരു പരിധി വരെ വിജയം കണ്ടിട്ടുണ്ടെങ്കിലും സമൂഹത്തില്‍ സ്ത്രീകളോടുള്ള മനോഭാവത്തിന് വലിയ മാറ്റവും ഉണ്ടായിട്ടുണ്ടെന്ന് പറയാന്‍ കഴിയില്ല. വാക്ക് കൊണ്ടോ നോട്ടം കൊണ്ടോ സ്ത്രീകളെ അപമാനിച്ചാല്‍ പോലും ശിക്ഷിക്കാനുള്ള നിയമ വ്യവസ്ഥ ഉള്ള ഒരു രാജ്യത്താണ് പെണ്ണായിപ്പോയത് കൊണ്ട് മാത്രം ക്രൂരമായി പീഡനം ഏറ്റുവാങ്ങേണ്ടി വന്ന സ്ത്രീകള്‍ക്ക് നീതി നിഷേധിക്കപ്പെടുന്നത്. കുറ്റവാളികള്‍ സമൂഹത്തില്‍ എല്ലാ സുഖ സൌകര്യത്തോടെയും ജീവിച്ചിരിക്കുമ്പോള്‍ പീഡനം ഏറ്റുവാങ്ങേണ്ടി വന്ന സ്ത്രീകള്‍ ആത്മവിശ്വാസം നഷ്ടപ്പെട്ട് ഒതുങ്ങിക്കൂടേണ്ടി വരുന്നത്. ഒട്ടേറെ ചര്‍ച്ച ചെയ്യപ്പെട്ട സ്ത്രീ പീഡന കേസുകള്‍ എടുത്ത് പരിശോധിച്ചു നോക്കിയാല്‍ തന്നെ മനസ്സിലാകും എത്ര സ്ത്രീകള്‍ക്ക് നീതി കിട്ടിയിട്ടുണ്ടെന്നുള്ളത്. ഐസ്ക്രീം കേസും അഭയ കേസും സൂര്യനെല്ലിയും കവിയൂര്‍ കിളിരൂര്‍ കേസുകളും പൂവരണി കേസും വിതുര കേസും എല്ലാം തന്നെ ഇപ്പൊഴും അനിശ്ചിതത്വത്തിലാണ്. എന്നാല്‍ പ്രതി സ്ഥാനത്ത് വരേണ്ടവര്‍ പലരും സമൂഹത്തില്‍ ഉന്നതസ്ഥാനങ്ങളില്‍ ഇരിക്കുന്ന കാഴ്ചയാണ് നമ്മള്‍ കാണുന്നത്. ഇവിടെ പ്രതികളെന്ന് സംശയിക്കുന്നവര്‍ പലരും പല രാഷ്ട്രീയ പാര്‍ട്ടികളുമായി അടുത്ത ബന്ധമുള്ളവരാണ് എന്നതാണു ഒരു യാഥാര്‍ഥ്യം. ഈ വനിതാ ദിനത്തിലെങ്കിലും ഓരോ രാഷ്ട്രീയ പാര്‍ട്ടികളും സ്ത്രീ ശാക്തീകരണത്തെ കുറിച്ച് സംസാരിക്കുന്നതിന് പകരം സ്ത്രീകളെ അപമാനിക്കുന്നവര്‍ തങ്ങളുടെ പാര്‍ട്ടിയില്‍ ഉണ്ടാവില്ലെന്നും അത്തരക്കാര്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാന്‍ തങ്ങള്‍ മുന്നില്‍ നില്‍ക്കുമെന്നും ഒരു പ്രതിജ്ഞയെടുക്കണം.

ഓരോ പെണ്‍കുട്ടിക്കും തങ്ങളെപോലെ തന്നെ തുല്യമായ അവകാശങ്ങളുണ്ടെന്നും സ്ത്രീകളോട് മാന്യമായി പെരുമാറണം എന്നും ഈ വനിതാ ദിനത്തില്‍ ഓരോ അമ്മമാരും തങ്ങളുടെ ആണ്‍മക്കളോട് പറയുക. അതാകട്ടെ ഈ വനിതാ ദിനത്തിലെ സന്ദേശം. പെണ്ണിനാവശ്യം സംരക്ഷകരെയല്ല. തുല്യ നീതിയാണ്. ഭയരഹിതയായി ജീവിക്കാനും യാത്ര ചെയ്യാനും ജോലി ചെയ്യാനുമുള്ള സ്വാതന്ത്ര്യമാണ്. ഈ വനിതാ ദിനത്തിലെങ്കിലും നമ്മുടെ ഭരണകൂടം അതാണ് അവള്‍ക്ക് ഉറപ്പ് വരുത്തേണ്ടത്.

 

സഫിയ ഫാത്തിമ

സഫിയ ഫാത്തിമ

എഡിറ്റോറിയല്‍ അസിസ്റ്റന്‍റ്, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്

More Posts

Follow Author:
Facebook

Share on

മറ്റുവാര്‍ത്തകള്‍