UPDATES

വിദേശം

‘ഇതാണ് ബ്രിട്ടീഷ് സംസ്‌കാരം’; ഫ്രഞ്ച് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ച്ചക്കിടെ മേശപ്പുറത്ത് കാല്‍ കയറ്റിവച്ച് ബോറിസ് ജോണ്‍സണ്‍ / വീഡിയോ

‘ഇതാണ് ബ്രിട്ടീഷ് ക്ലാസ്, ബോജോ-സ്‌റ്റൈല്‍’ എന്നാണ് ഫ്രഞ്ച് ഭാഷയില്‍ ഒരാള്‍ സംഭവത്തെ പരിഹസിച്ചത്.

                       

ഫ്രഞ്ച് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ച്ചക്കിടെ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ മേശപ്പുറത്ത് കാല്‍ കയറ്റി വെച്ചുവെന്ന തരത്തില്‍ വ്യാപക വിമര്‍ശമാണ് ഉയരുന്നത്. എന്നാല്‍ മാക്രോണിന്റെ ഒരു തമാശയോട് പ്രതികരിക്കവേ അദ്ദേഹം ഒരു നിമിഷം കാലുയര്‍ത്തുക മാത്രമാണ് ചെയ്തതെന്നാണ് വിവരം. അതുമായി ബന്ധപ്പെട്ട വീഡിയോയും പുറത്തു വന്നിട്ടുണ്ട്. പക്ഷെ, അപ്പോഴേക്കും സംഗതി വിവാദമായിരുന്നു.

ജോണ്‍സന്റെ മോശം പെരുമാറ്റത്തെ രൂക്ഷമായി വിമര്‍ശിച്ച ഒരു ബ്രിട്ടീഷുകാരന്‍ ചോദിച്ചത് ‘ബക്കിംഗ്ഹാം കൊട്ടാരത്തില്‍ വരുന്ന ഒരു വിദേശിയാണ് ഇങ്ങനെ ചെയ്തതെങ്കില്‍ ബ്രിട്ടീഷ് മാധ്യമങ്ങള്‍ അതിനെ എങ്ങിനെയാകും കൈകാര്യം ചെയ്യുക എന്ന് സങ്കല്‍പ്പിക്കാന്‍ കഴിയുമോ’ എന്നാണ്. ‘എങ്ങിനെ മറ്റുള്ളവരോട് പെരുമാറണമെന്ന് ഒരുപക്ഷെ അദ്ദേഹത്തെ സ്‌കൂളില്‍നിന്നും പഠിപ്പിച്ചു കാണില്ല’ എന്നാണ് മറ്റൊരാളുടെ കമന്റ്.

ഫ്രഞ്ചുകാരും അദ്ദേഹത്തെ വെറുതെ വിട്ടില്ല. ‘ഇതാണ് ബ്രിട്ടീഷ് സംസ്‌കാരം, ബോജോ-സ്‌റ്റൈല്‍’ എന്നാണ് ഫ്രഞ്ച് ഭാഷയില്‍ ഒരാള്‍ പരിഹസിച്ചത്. ഈ പ്രവൃത്തിയെ കുറിച്ച് ബ്രിട്ടിഷ് രാജ്ഞിക്ക് എന്താണ് പറയാനുള്ളതെന്ന് മറ്റൊരാള്‍ ചോദിക്കുന്നു.

എന്നാല്‍ സംഭവത്തെക്കുറിച്ച് സ്‌കൈ ന്യൂസ് പൊളിറ്റിക്കല്‍ ലേഖകന്‍ ടോം റെയ്നര്‍ വ്യത്യസ്തമായ രീതിയിലാണ് സംഭവത്തെ കണ്ടത്. ഇത് നല്ല രീതിയിലുള്ള നര്‍മ്മ കൈമാറ്റത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം പറയുന്നു. ഒപ്പം യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത് എന്ന് വ്യക്തമാക്കുന്ന വീഡിയോയും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഫ്രഞ്ച് മാധ്യമങ്ങളും സംഭവത്തെ അത്ര ഗൗരവത്തില്‍ എടുത്തിട്ടില്ല. ‘ഇല്ല, ബോറിസ് ജോണ്‍സണ്‍ ഇമ്മാനുവല്‍ മാക്രോണിന് മുന്നില്‍ കാല്‍കയറ്റി വച്ചുകൊണ്ട് ഫ്രാന്‍സിനെ അപമാനിച്ചിട്ടില്ല’ എന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട് ‘ലെ പാരീസിയന്‍’ ദിനപത്രത്തില്‍ വന്ന വാര്‍ത്തയുടെ തലക്കെട്ട്.

Read: ലൈംഗിക തൊഴിലാളികളെ സന്ദര്‍ശിച്ചുവെന്ന് ആരോപിച്ച് ഹോങ്കോങ്ങിലെ ബ്രിട്ടീഷ് കോൺസുലേറ്റ് ജീവനക്കാരനെ ചൈന തടവിലാക്കി

 

Related news


Share on

മറ്റുവാര്‍ത്തകള്‍