June 05, 2026 |
Share on

കാമറൂണിൽ‌ എൺപതോളം സ്കൂൾ കുട്ടികളെ തട്ടിക്കൊണ്ടു പോയത് ‘ഇംഗ്ലീഷ് വിമതർ’; സ്കൂളുകൾ പൂട്ടണമെന്ന് ആവശ്യം

തട്ടിക്കൊണ്ടുപോയ ആളുകളുമായി സംസാരിച്ചെന്ന് അവകാശപ്പെടുന്ന ഒരു ക്രിസ്ത്യൻ സഭാനേതാവ് അവർക്ക് മോചനദ്രവ്യമല്ല വേണ്ടതെന്ന് വെളിപ്പെടുത്തി.

കാമറൂണിൽ 79 സ്കൂൾ കുട്ടികളെയും മൂന്ന് അധ്യാപകരെയും തട്ടിക്കൊണ്ടു പോയത് രാജ്യത്തിന്റെ ഇംഗ്ലീഷ് സംസാരിക്കുന്ന മേഖലയിൽ നിന്നുള്ള വിമതരാണെന്ന് റിപ്പോർട്ടുകൾ. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ മേഖലയിലെ ബമെൻഡയിൽ നിന്നാണ് തിങ്കളാഴ്ച രാവിലെ കുട്ടികളെ തട്ടിക്കൊണ്ടു പോയത്. പ്രിൻസിപ്പാൾ അടക്കമുള്ളവരാണ് തട്ടിക്കൊണ്ടുപോകപ്പെട്ട മുതിർന്നവർ. സർക്കാരിന്റെ വിമതരാണ് ഈ തട്ടിക്കൊണ്ടു പോകലിനു പിന്നിലെന്ന് പ്രദേശത്തെ ഗവർണർ അഡോൾഫ് ലെലെ എൽആഫ്രിക്ക് ആരോപിച്ചു.

കാമറൂണിന്റെ വടക്കുപടിഞ്ഞാറൻ മേഖലയിലും തെക്കുപടിഞ്ഞാറൻ മേഖലയിലും വിഭാഗീയ പ്രവർത്തനങ്ങൾ ശക്തമാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളാണ് ഇത് രാജ്യത്ത് പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. കാമറൂണിന്റെ ഇംഗ്ലീഷ് സംസാരിക്കുന്ന രണ്ട് മേഖലകൾ സ്വതന്ത്രമാക്കണമെന്നാണ് ഈ വിമതരുടെ ആവശ്യം.

നിരവധി സായുധ ഗ്രൂപ്പുകളാണ് ഈ മേഖലകളിൽ സ്വാതന്ത്ര്യത്തിനായി തീവ്രവാദ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്. റെഡ് ഡ്രാഗൺസ്, ടൈഗേഴ്സ്. ആംബസോണിയ ഡിഫൻസ് ഫോഴ്സ് തുടങ്ങിയ സംഘടനകൾ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട്. ഏതാണ്ടൊരു ഏകാധിപതി തന്നെയായ പോൾ ബിയയുടെ ഭരണകൂടം കഴിഞ്ഞ നാലു പതിറ്റാണ്ടോളമായി ഈ രാജ്യത്തെ ഭരിക്കുന്നു. വൻ ഭൂരിപക്ഷത്തോടെയാണ് പോൾ തെരഞ്ഞെടുക്കപ്പെടാറുള്ളതെങ്കിലും ഇതിനു പിന്നിൽ വൻ വോട്ടിങ് തിരിമറികളാണെന്ന് രാജ്യാന്തരതലത്തിൽ തന്നെ ആരോപണമുണ്ട്.

പത്തിനും പതിന്നാലിനും ഇടയ്ക്ക് പ്രായമുള്ള കുട്ടികളെയാണ് സ്കൂളിൽ നിന്നും പിടികൂടി കൊണ്ടുപോയിരിക്കുന്നത്. തട്ടിക്കൊണ്ടു പോയവർ എടുത്ത കുട്ടികളുടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അതെസമയം ഇതിന്റെ ഉത്തരവാദിത്വം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. ‘ആംബയിലെ ആളുകൾ ഞങ്ങളെ തട്ടിക്കൊണ്ടുവന്നു, എവിടെയാണ് ഇപ്പോൾ ഉള്ളതെന്ന് അറിയില്ല’ എന്ന് കുട്ടികൾ വീഡിയോയിൽ പറയുന്നുണ്ട്. ആംബ എന്നത് ആംബസോണിയ എന്നതിന്റെ ചുരുക്കമാണ്. വിമതർ ആവശ്യപ്പെടുന്ന പുതിയ രാജ്യത്തിന്റെ പേരാണ് ആംബസോണിയ.

തട്ടിക്കൊണ്ടുപോയ ആളുകളുമായി സംസാരിച്ചെന്ന് അവകാശപ്പെടുന്ന ഒരു ക്രിസ്ത്യൻ സഭാനേതാവ് അവർക്ക് മോചനദ്രവ്യമല്ല വേണ്ടതെന്ന് വെളിപ്പെടുത്തി. എല്ലാ സ്കൂളുകളും പൂട്ടണമെന്നാണ് അവരുടെ ആവശ്യം. ഇംഗ്ലീഷ് സംസാരിക്കുന്ന വിഭാഗത്തെ അവഗണിക്കുന്ന വ്യവസ്ഥയാണ് രാജ്യത്തുള്ളതെന്നാണ് വിമതര്‍ ദീർഘകാലമായി ആരോപിക്കുന്നത്.

(വിമതർ പുറത്തുവിട്ട വീഡിയോ ഷൂട്ട് ചെയ്തയാൾ ഒടുവിൽ സ്വന്തം മുഖത്തേക്ക് കാമറ തിരിക്കുന്നുണ്ട്. അതിന്റെ സ്ക്രീൻഗ്രാബാണ് മുകളിലെ ചിത്രം.)

Leave a Reply

Your email address will not be published. Required fields are marked *

×