June 06, 2026 |
Share on

സിറിയയില്‍ ഉപയോഗിച്ചത് രാസായുധം തന്നെയെന്ന്‍ തുര്‍ക്കി

അതേസമയം രാസായുധ പ്രയോഗം സംബന്ധിച്ച ആരോപണം സിറിയ തള്ളി.

സിറിയയില്‍ ജനങ്ങള്‍ക്ക് നേരെ ഉപയോഗിച്ചത് രാസായുധം തന്നെയെന്ന് മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേര്‍ തുര്‍ക്കിയില്‍ വച്ചാണ് മരിച്ചത്. ഇവരുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇഡ്‌ലിബ് പ്രവിശ്യയിലുണ്ടായ ആക്രമണത്തില്‍ 72 പേര്‍ കൊല്ലപ്പെട്ടിരുന്നു. ബാഷര്‍ അല്‍ അസദിന്റെ സൈന്യമാണ് രാസായുധ പ്രയോഗം നടത്തിയതെന്നാണ് അമേരിക്കയുടേയും യൂറോപ്യന്‍ യൂണിയന്റേയും ആരോപണം. യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് അടക്കമുള്ളവര്‍ സിറിയക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്.

തുര്‍ക്കിയിലെ ദക്ഷിണ പ്രവിശ്യയായ അഡാനയിലേയ്ക്കാണ് ഇവരെ കൊണ്ടുവന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് രാസായുധ പ്രയോഗം തെളിയിക്കുന്നതാണെന്ന് തുര്‍ക്കി നീതിന്യായ മന്ത്രി ബെകിര്‍ ബോസ്ദാഗ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ലോകാരോഗ്യ സംഘടനയുമായും രാസായുധ വിരുദ്ധ സംഘടനയുമായും (ഒപിസിഡബ്ല്യ) ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ് പോസ്റ്റ്്‌മോര്‍ട്ടം നടത്തിയ്ത്. അതേസമയം രാസായുധ പ്രയോഗം സംബന്ധിച്ച ആരോപണം സിറിയ തള്ളി. സിറിയന്‍ സൈന്യം ഒരിക്കലും രാസായുധം ഉപയോഗിച്ചിട്ടില്ലെന്നും സിറിയക്കാര്‍ക്ക് എതിരെ മാത്രമല്ല, ഭീകരര്‍ക്കെതിരെ പോലും ഇത്തരം ആയുധങ്ങള്‍ ഉപയോഗിക്കില്ലെന്നും വിദേശകാര്യ മന്ത്രി വാലിദ് മോലം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

×