ഏഴ് മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും വിസ നിഷേധിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ലോക നേതാക്കളുടെ ശക്തമായ പ്രതിഷേധം. ഭരണനേതൃത്വത്തിലുള്ളവരും വിവിധ രാജ്യങ്ങളിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളുമെല്ലാം ട്രംപിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. ബെര്‍ലിന്‍ മതില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തകര്‍ത്ത കാര്യം അമേരിക്ക മറന്നിരിക്കുന്നതായി ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി അഭിപ്രായപ്പെട്ടു. ട്രംപ് ഗവണ്‍മെന്റ് വിസ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്ന ഏഴ് മുസ്ലീം രാജ്യങ്ങളിലൊന്ന് ഇറാനാണ്.
ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ തുടക്കത്തില്‍ അഭിപ്രായം പറയാന്‍ മടിച്ച് നിന്നെങ്കിലും പിന്നീട് അമേരിക്ക നടപ്പാക്കുന്നത് അവരുടെ നയമാണ് ബ്രിട്ടന്റെ നയം ഇതല്ല എന്ന തണുപ്പന്‍ പ്രതികരണവുമായി രംഗത്തെത്തി. ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍, കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ മത്സരാര്‍ത്ഥികളില്‍ ഹിലരി ക്ലിന്റ്‌ന് വെല്ലുവിളി ഉയര്‍ത്തിയ ബേണി സാന്‍ഡേഴ്‌സ്, ബ്രി്ട്ടീഷ് ലേബര്‍ പാര്‍ട്ടി നേതാവ് ജെര്‍മി കോര്‍ബിന്‍, ലണ്ടന്റെ ആദ്യ മുസ്ലീം മേയര്‍ സാദിഖ് ഖാന്‍ തുടങ്ങിയവരൊക്കെ അമേരിക്കയുടെ നടപടിയെ വിമര്‍ശിച്ചും ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചും രംഗത്തെത്തി.
ലോക നേതാക്കളുടെ പ്രതികരണം:
ആംഗല മെര്‍ക്കല്‍ (ജര്‍മ്മന്‍ ചാന്‍സലര്‍)
ഒരു പ്രത്യേക മതത്തില്‍ വിശ്വസിക്കുന്നതിന്റെ പേരില്‍ മനുഷ്യരെ ഇത്തരത്തില്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നത് അംഗീകരിക്കാനാവില്ല. ജര്‍മ്മനി അതിന്റെ കുടിയേറ്റ നയത്തില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ല.
ജസ്റ്റിന്‍ ട്രൂഡോ (കനേഡിയന്‍ പ്രധാനമന്ത്രി)
യുദ്ധത്തിനും ഭീകരതയ്ക്കും പീഡനങ്ങള്‍ക്കുമെല്ലാം ഇരയാകുന്നവര്‍ക്ക് കാനഡയിലേയ്ക്ക് സ്വാഗതം. നിങ്ങളെ എല്ലാ വിശ്വാസങ്ങള്‍ക്കും അതീതമായി കാനഡ സ്വാഗതം ചെയ്യുന്നു.
തെരേസ മേ (ബ്രിട്ടീഷ് പ്രധാനമന്ത്രി)
ഇത്തരം നടപടികളോട് യോജിപ്പില്ല. ബ്രിട്ടന്റെ നയം ഇതല്ല.
ഹസന്‍ റൂഹാനി (ഇറാന്‍ പ്രസിഡന്റ്)
ഇത് രാജ്യങ്ങള്‍ക്കിടയില്‍ മതിലുണ്ടാക്കാനുള്ള സമയമല്ല. ബെര്‍ലിന്‍ മതില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തകര്‍ത്ത കാര്യം അവര്‍ മറന്നിരിക്കുന്നു.
മിലോസ് സീമാന്‍ (ചെക് റിപ്പബ്ലിക് പ്രധാനമന്ത്രി)
ട്രംപ് അദ്ദേഹത്തിന്റെ രാജ്യത്തെ സംരക്ഷിക്കുകയാണ്. യൂറോപ്യന്‍ യൂണിയനും ഇതുപോലുള്ള നിയന്ത്രണങ്ങള്‍ കൊണ്ടുവരണം.
ബേണി സാന്‍ഡേഴ്‌സ് (യുഎസ് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ്)
ട്രംപ് വെറുപ്പ് വളര്‍ത്തുകയാണ്. ട്രംപിന്റെ അസഹിഷ്ണുതയും വെറുപ്പും അമേരിക്കയെ നശിപ്പിക്കാന്‍ നടക്കുന്ന മതഭ്രാന്തന്മാര്‍ക്കാണ് സഹായം ചെയ്യുക. മതം, രാജ്യം, വംശം, നിറം ഇതിന്റെയൊന്നും പേരില്‍ രാജ്യത്തെ വിഭജിക്കാന്‍ അനുവദിക്കില്ല.
ജെര്‍മി കോര്‍ബിന്‍ (ബ്രിട്ടീഷ് ലേബര്‍ പാര്‍ട്ടി നേതാവ്)
മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഈ വിലക്ക് പിന്‍വലിക്കുന്നത് വരെ യുകെ വിസ നിഷേധിക്കണം. തെരേസ മേ ഗവണ്‍മെന്റ് ട്രംപിന് പിന്തുണ നല്‍കരുത്. ട്രംപിനെ ഇപ്പോഴത്തെ സാഹചര്യത്തില്‍ ബ്രിട്ടന്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി തെരേസ മേ ക്ഷണിച്ചത് ശരിയായില്ല. അഭയാര്‍ത്ഥികള്‍, മുസ്ലീങ്ങള്‍, സ്ത്രീകള്‍ എന്നിവരുമായി ബന്ധപ്പെട്ട് ട്രംപ് സ്വീകരിക്കുന്ന സമീപനം ബ്രിട്ടീഷ് മൂല്യങ്ങള്‍ക്ക് വിരുദ്ധമാണ്. ട്രംപിന്റെ നടപടി ലജ്ജാകരമാണ്. ട്രംപിന്റെ സന്ദര്‍ശനം മാറ്റി വച്ചില്ലെങ്കില്‍ അത് തെരേസ മേ ബ്രിട്ടീഷ് ജനതയെ അപമാനിക്കുന്നതിന് തുല്യമായിരിക്കും.
സാദിഖ് ഖാന്‍ (ലണ്ടന്‍ മേയര്‍)
ലജ്ജാകരവും ക്രൂരവുമാണ് ഈ നടപടി. അമേരിക്കന്‍ ഭരണഘടന വാഗ്ദാനം ചെയ്യുന്ന സ്വാതന്ത്ര്യവും സഹിഷ്ണുതാപരമായ സമീപനവും അടക്കമുള്ള മൂല്യങ്ങള്‍ക്ക് വിരുദ്ധമാണിത്.