ഗതാഗതക്കുരുക്ക് എന്നത് വലിയ സംഭവമൊന്നുമല്ല. എന്നാല്‍ ഒരടിപോലും അനങ്ങാതെ വണ്ടികള്‍ കിടക്കുക എന്ന് പറയുമ്പോള്‍ വലിയ ബുദ്ധിമുട്ട് തന്നെയാണ്. എന്നാല്‍ യാതൊരു ചലനവുമില്ലാതെ വണ്ടികള്‍ നിരനിരയായി കിടന്നു എന്ന് കേട്ടാലോ. അതിശയം തന്നെയല്ലേ. പറഞ്ഞുവരുന്നത് ഭാവനയൊന്നുമല്ല, യഥാര്‍ത്ഥമായി സംഭവിച്ച കാര്യം തന്നെയാണ്. മണിക്കൂറുകളല്ല, 12 ദിവസമാണ് ഗതാഗതക്കുരുക്കില്‍ പെട്ട് ആളുകള്‍ പെരുവഴിയിലായത്.worlds longest traffic jam
ലോകം കണ്ട ഏറ്റവും ദൈര്‍ഘ്യമേറിയ ഗതാഗതക്കുരുക്ക് എവിടെയാണെന്ന് അറിയണ്ടേ? ബീജിംഗ്-ടിബറ്റ് എക്‌സ്പ്രസ് വേയില്‍ 2010 ല്‍ ആയിരുന്നു ആളുകള്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങിക്കിടന്നത്. ആയിരക്കണക്കിന് വാഹനങ്ങളായിരുന്നു അന്ന് അകപ്പെട്ട് കിടന്നത്. 2010 ആഗസ്റ്റ് 14 ന് എക്‌സ്പ്രസ് വേയില്‍ റോഡ് പണി നടക്കുന്നതിനെ തുടര്‍ന്നായിരുന്നു ഈ അസാധാരണമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത്.
മംഗോളിയയില്‍ നിന്ന് ബെയ്ജിംഗിലേക്ക് കല്‍ക്കരിയും നിര്‍മാണസാമഗ്രികളും കൊണ്ടുപോകുന്ന ട്രക്കുകള്‍ ഉള്‍പ്പെടെ ഗതാഗതക്കുരുക്കില്‍ പെട്ടതോടെ പെരുവഴിയിലായ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു രൂപപ്പെട്ടത്. ഈ ട്രക്കുകളില്‍ പലതും തകരാറിലായതോടെ സ്ഥിതി കൂടുതല്‍ ഗുരുതരമായി. കൂടാതെ ഇടറോഡുകളിലും ഗതാഗത തടസ്സം രൂക്ഷമായി അനുഭവപ്പെട്ടു. പെരുവഴിയിലായ യാത്രക്കാര്‍ ഈ ദിവസങ്ങളില്‍ ഭക്ഷണം പോലും ലഭിക്കാതെ സ്വന്തം വാഹനങ്ങളില്‍ തന്നെയാണ് ചെലവഴിച്ചത്. ചില വാഹനങ്ങള്‍ ദിവസത്തില്‍ ഒരു കിലോമീറ്റര്‍ മാത്രമായിരുന്നു സഞ്ചരിച്ചത്. ഗതാഗതക്കുരുക്കില്‍ അന്തരീക്ഷം ഹോണടികള്‍ കൊണ്ട് നിറഞ്ഞിരുന്നു. 100 കിലോമീറ്ററിലധികം വ്യാപിച്ചുകിടന്ന ഗതാഗതക്കുരുക്കില്‍ ഒരാഴ്ചയോളമാണ് ജനജീവിതം പൂര്‍ണമായും സ്തംഭിച്ചത്.
ഇതിനിടെ പ്രാദേശിക കച്ചവടക്കാര്‍ പാതയോരങ്ങളില്‍ താല്‍കാലിക ഭക്ഷണ സ്റ്റാളുകളും ക്രമീകരിച്ചിരുന്നു. ലഘുഭക്ഷണങ്ങള്‍, ശീതളപാനീയങ്ങള്‍, ഫാസ്റ്റ് ഫുഡ് ഇവയെല്ലാം അമിത വിലയ്ക്കായിരുന്നു വിറ്റത്. കുപ്പിവെള്ളത്തിന് പതിവിലും പത്തിരട്ടി വിലയിലാണ് വിറ്റഴിച്ചത്.
തുടര്‍ന്ന് അധികൃതര്‍ ബദല്‍ റൂട്ടുകള്‍ അടച്ചുകൊണ്ട് എക്‌സ്പ്രസ് വേയിലെ ഗതാഗതക്കുരുക്കില്‍ നടപടികള്‍ സ്വീകരിക്കുകയായിരുന്നു. തകരാറിലായി കിടന്ന ട്രക്കുകള്‍ നീക്കം ചെയ്തതിലൂടെ ഗതാഗതക്കുരുക്കിനും ക്രമേണ പരിഹാരമുണ്ടാക്കാന്‍ കഴിഞ്ഞു. 12 ദിവസത്തെ കാത്തിരിപ്പിന് ശേഷമായിരുന്നു 2010 ആഗസ്റ്റ് 26 ന് ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഗതാഗതക്കുരുക്ക് പരിഹരിക്കപ്പെട്ടത്.worlds longest traffic jam
Content Summary: worlds longest traffic jam