March 26, 2025 |

മുണ്ടക്കൈ ദുരിതബാധിതര്‍ക്ക് പുഴുവരിച്ച ഭക്ഷ്യ കിറ്റ്; പരസ്പരം പഴിചാരി റവന്യു വകുപ്പും പഞ്ചായത്തും

മുണ്ടക്കൈ ദുരന്തത്തില്‍പ്പെട്ട ആളുകള്‍ക്ക് വ്യാഴാഴ്ചയാണ് കിറ്റ് വിതരണം നടത്തിയത്

രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് വയനാട് മുണ്ടക്കൈയില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍. ഒരു രാത്രി ഇരുണ്ടു വെളുത്തപ്പോഴേക്കും ഒരു നാട് മുഴുവന്‍ നാമാവശേഷമായിപ്പോയ വാര്‍ത്ത കേട്ടുകൊണ്ടാണ് ജൂണ്‍ 30ന് രാജ്യം ഉണര്‍ന്നത്. ഉള്ളില്‍ ഒരാന്തലോടെയാണ് ഇന്നും കേരളം ആ ദിവസത്തെക്കുറിച്ചോര്‍ക്കുന്നത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 250 ഓളം ആളുകള്‍ മരിച്ചതായാണ് സ്ഥിരീകരിച്ചിട്ടുള്ളതെങ്കിലും, 400ലധികം ആളുകളുടെ മരണം പ്രദേശവാസികള്‍ കണക്ക് കൂട്ടുന്നു. ദുരന്തം നടന്ന സമയത്ത് കൈമെയ് മറന്ന് ആളുകള്‍ മുണ്ടക്കൈയിലേക്ക് സഹായങ്ങളെത്തിച്ചു. പോലീസിനും, ആര്‍മിക്കും, ഫയര്‍ഫോഴ്‌സിനും, സന്നദ്ധ സംഘടനകള്‍ക്കുമൊപ്പം സാധാരണക്കാരും രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. കേരളത്തിന്റെ നാനാ ഭാഗത്ത് നിന്നും ആളുകള്‍ ഭക്ഷണ സാധനങ്ങളും, വസ്ത്രങ്ങളും സംഭാവന നല്‍കി. മുണ്ടക്കൈ എന്ന ഗ്രാമത്തില്‍ ബാക്കിയായവരെ സഹായിക്കാന്‍ കേരള ജനത സന്തോഷത്തോടെ കൈകോര്‍ത്തു. അത്തരത്തില്‍ വലിയൊരു ദുരന്തത്തില്‍ നിന്ന് കരകയറി വന്നവര്‍ക്കുള്ള കിറ്റില്‍ പുഴുവരിച്ച് ഭക്ഷ്യയോഗ്യമല്ലാത്ത സാധനങ്ങള്‍ നല്‍കിയിട്ട്, ജനപ്രതിനിധികള്‍ പരസ്പരം വിരല്‍ ചൂണ്ടുന്ന കാഴ്ച്ച കണ്ടുകൊണ്ടിരിക്കുകയാണ് നാം. ഭക്ഷ്യയോഗ്യമല്ലാത്ത സാധനങ്ങള്‍ പ്രദേശവാസികള്‍ക്ക് നല്‍കിയ സംഭവത്തെ രാഷ്ട്രീയക്കാര്‍ പ്രചരണ ആയുധമാക്കി ഉപയോഗിക്കുന്നതും കാണാന്‍ കഴിയും. worm infested food kits

മുണ്ടക്കൈ ദുരന്തത്തില്‍പ്പെട്ട ആളുകള്‍ക്ക് വ്യാഴാഴ്ചയാണ് കിറ്റ് വിതരണം നടത്തിയത്. എന്നാല്‍ കിറ്റില്‍ ലഭിച്ച ഭക്ഷ്യവസ്തുക്കള്‍ പുഴുവരിച്ച് ഉപയോഗശൂന്യമായ നിലയിലായിരുന്നുവെന്നാണ് പ്രദേശവാസികള്‍ പരാതിപ്പെടുന്നത്. പഞ്ചായത്ത് നല്‍കിയ കിറ്റില്‍ 5 എണ്ണത്തില്‍ നിന്നാണ് പുഴുവരിച്ച സാധനങ്ങള്‍ കണ്ടെത്തിയത്. അരി, റവ, ആട്ട,മൈദ തുടങ്ങിയ സാധനങ്ങളാണ് പുഴുവരിച്ച നിലയില്‍ കാണപ്പെട്ടത്. സംഭവത്തില്‍ പ്രദേശവാസികള്‍ പഞ്ചായത്ത് ഓഫീസിനു മുന്‍പില്‍ പ്രതിഷേധം നടത്തി. പുഴുവരിച്ച ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെ പഞ്ചായത്ത് ഓഫീസിനു മുന്‍പില്‍ ഇട്ടുകൊണ്ടായിരുന്നു പ്രതിഷേധം. സര്‍വ്വതും നഷ്ടപ്പെട്ട് ദുരിതത്തില്‍ നിന്ന് കരകയറി വരുന്ന ആളുകളോടാണ് പഞ്ചായത്തിന്റെ ഈ ക്രൂരത.

rice

എന്നാല്‍ റവന്യു വകുപ്പ് പഞ്ചായത്തിലെ ഉദ്യോഗസ്ഥരോട് നേരിട്ട് നല്‍കാന്‍ പറഞ്ഞ കിറ്റാണ് ഇതെന്നും, ഉദ്യോഗസ്ഥര്‍ പരിശോധിച്ച ശേഷം നല്‍കിയ കിറ്റില്‍ വീഴ്ചയുണ്ടാകാന്‍ സാധ്യതയില്ലെന്നും 240 വീടുകളില്‍ നല്‍കിയ കിറ്റില്‍ നിന്നും വിരലിലെണ്ണാവുന്നതില്‍ മാത്രമെ പ്രശ്‌നമുണ്ടായുള്ളു എന്നുമാണ് പഞ്ചായത്ത് പ്രസിഡന്റ് കെ കെ സഹലിന്റെ പ്രതികരണം.

പഞ്ചായത്തില്‍ നിന്ന് ദുരിതബാധിതര്‍ക്ക് കേടായ ഭക്ഷ്യധാന്യങ്ങള്‍ വിതരണംചെയ്തത് ഞെട്ടിക്കുന്നതാണെന്ന് റവന്യുമന്ത്രി കെ രാജന്‍ സംഭവത്തില്‍ പ്രതികരിച്ചു. ഇതുമായി ബന്ധപ്പെട്ട് റവന്യുവകുപ്പിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒക്ടോബര്‍ 30, നവംബര്‍ ഒന്ന് തീയതികളിലാണ് റവന്യുവകുപ്പ് അവസാനമായി മേപ്പാടി ഉള്‍പ്പെടെ ഏഴ് പഞ്ചായത്തുകള്‍ക്ക് അരി നല്‍കിയത്. 26 കിലോയുടെയും 30 കിലോയുടെയും ചാക്കുകളിലായാണ് മേപ്പാടി പഞ്ചായത്തിന് വിതരണം ചെയ്തത്. 835 ചാക്കുകളിലായി 23,530 കിലോ അരി നല്‍കി. റവയോ മൈദയോ നല്‍കിയിട്ടില്ല. അരി മറ്റ് തദ്ദേശ സ്ഥാപനങ്ങളില്‍ വിതരണം ചെയ്തപ്പോള്‍ പരാതി ഒന്നും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

466 കുടുംബങ്ങള്‍ക്ക് നല്‍കാനായി സെപ്തംബര്‍ ഒമ്പതിനാണ് അരി, മൈദ, റവ ഉള്‍പ്പെടെ 18 ഇനങ്ങളുടെ കിറ്റ് റവന്യുവകുപ്പ് മേപ്പാടി പഞ്ചായത്തിന് നല്‍കിയത്. ഈ കിറ്റാണ് നല്‍കിയതെങ്കില്‍, എന്തുകൊണ്ടിത് രണ്ടുമാസം പൂഴ്ത്തിവച്ചെന്ന് പഞ്ചായത്ത് വ്യക്തമാക്കണം. ഗുരുതരമായ കുറ്റമാണിത്. ഒക്ടോബര്‍ 30, നവംബര്‍ ഒന്ന് തീയതികളില്‍ നല്‍കിയ അരി ദിവസങ്ങളിത്ര പിന്നിട്ടിട്ടും എന്തുകൊണ്ട് വിതരണം ചെയ്തില്ലെന്നും വ്യക്തമാക്കണമെന്നും മന്ത്രി പറഞ്ഞു.

ആരോപണ പ്രത്യാരോപണങ്ങള്‍ നടക്കുമ്പോഴും എല്ലാം നഷ്ടപ്പെട്ട് ഇപ്പോഴും ആ ദുരന്തത്തിന്റെ തീഷ്ണതയില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന ഒരു ജനതയോടാണ് ഈ ക്രൂരതയെന്നത് ആരും മറക്കരുത്. സഹായിക്കാന്‍ കഴിഞ്ഞില്ലെങ്കിലും അവരും മനുഷ്യരാണെന്ന് മാത്രം ഓര്‍ത്താല്‍ മതിയാകും. worm infested food kits

content summary; worm infested food kits provided to victims of chooralmala landslide

×