മനുഷ്യനും വന്യജീവിയും തമ്മിലുള്ള സംഘര്‍ഷം ഗുരുതരമായ ഒരു പ്രശ്നമായി ഇന്ന് മാറിയിരിക്കുകയാണ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെല്ലാം വന്യജീവികളുടെ ഭീഷണി വലിയ തോതില്‍ ഉണ്ട്. മറ്റു സംസ്ഥാനങ്ങള്‍ ഇത്തരം പ്രശ്നങ്ങള്‍ക്ക് ഫലപ്രദമായ പരിഹാരം കാണുന്നുണ്ടെന്നാണ് പലരും പറയുന്നതെങ്കിലും ഗുരുതരമായ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. മലയോര മേഖലയിലെ വന്യമൃഗങ്ങള്‍ക്ക് വാസയോഗ്യമായ എല്ലാ പ്രദേശങ്ങളിലും മനുഷ്യരുമായുള്ള സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്നുമുണ്ട്.
ഏഷ്യന്‍ ആനകള്‍ ലോകത്ത് എണ്ണത്തില്‍ കുറവാണ്. ഇന്ത്യയില്‍ ഉള്ള ആനകളുടെ ഏകദേശം 20 ശതമാനത്തോളം ഇന്ത്യയുടെ 1.2 ശതമാനം ഭൂപ്രദേശത്ത് സംരക്ഷിക്കുന്നു എന്ന് വേണമെങ്കില്‍ പറയാം. ലോകത്തില്‍ കേരളത്തോളം ഇക്കോ ഫ്രണ്ട്ലിയായ ജനത വേറെയില്ല. 38,863 ചതുരശ്രകിലോമീറ്റര്‍ ഭൂവിസ്തൃതിയുടെ 62 ശതമാനമാണ് നമ്മുടെ വനാവരണം. ഭൂവിസ്തൃതിയുടെ തന്നെ 29.6 ശതമാനം മനുഷ്യര്‍ക്ക് പ്രവേശനമില്ലാത്ത വനഭൂമിയുമാണ്. വനാവരണത്തെയാണ് ഇന്ത്യയില്‍ വനമായി കണക്കാക്കുന്നത്.
ഇതുപ്രകാരം മൂന്നരക്കോടി മനുഷ്യരും 62 ശതമാനം വനാവരണവും മണ്ണൊലിപ്പ്, കാട്ടുതീ ഇവയുടെ നിയന്ത്രണവും ജല സംരക്ഷണവും ശക്തമായ പരിസ്ഥിതിബോധവും പരിഗണിച്ചാല്‍ ലോകത്തിലെ തന്നെ ഏറ്റവും നല്ല ഇക്കോ ഫ്രണ്ട്ലി സംസ്ഥാനമാകാന്‍ കേരളത്തിന് സാധിക്കും. വന്യജീവികള്‍ക്ക് വംശനാശം വരാതെ കാത്തുസൂക്ഷിക്കുന്ന ഒരു സംസ്ഥാനം കൂടിയാണ് കേരളം. ആനയെയും കടുവയെയും സംരക്ഷിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഇവയെ ഷെഡ്യൂള്‍ വണ്ണില്‍ ഒക്കെ ഉള്‍പ്പെടുത്തി അതീവ പരിഗണന ആവശ്യമുള്ള ജീവികളായാണ് സംരക്ഷിച്ച് വരുന്നത്.
എന്നാല്‍ ജനങ്ങളെ സംബന്ധിച്ച് വന്യജീവി ഭീതിയുള്ള സ്ഥലങ്ങളില്‍ ജീവിക്കുക അതീവ ദുഷ്‌കരമാണ്. ഒരാഴ്ചയ്ക്കിടെ കാട്ടാന ആക്രമണത്തില്‍ ഇപ്പോള്‍ നാല് പേരാണ് മരിച്ചിരിക്കുന്നത്. ഇതിനപ്പുറം നാല് ലക്ഷത്തോളം ആളുകള്‍ വന്യജീവി ഭീതിയില്‍ കഴിയുന്നുണ്ട്. എപ്പോള്‍ വേണമെങ്കിലും ഇവയുടെ ആക്രമണമുണ്ടാകുകയും സഞ്ചാരസ്വാതന്ത്ര്യം ഹനിക്കപ്പെടുകയും ചെയ്യാം. മനുഷ്യന്റെ അവസ്ഥ മനസ്സിലാക്കാതെ ഒരു വിഭാഗം ചോദിക്കുന്നത്, നിങ്ങള്‍ വന്യമൃഗങ്ങള്‍ ജീവിക്കുന്ന പ്രദേശത്തേക്ക് കയറി താമസിച്ചിട്ടല്ലേ എന്നാണ്. ചരിത്രപരമായി നോക്കിയാല്‍ ഈ ചോദ്യം പോലും തെറ്റാണ്. മുമ്പും വനമേഖലയോട് തന്നെ ചേര്‍ന്ന് ആളുകള്‍ താമസിച്ചിരുന്നു. അന്നൊന്നും ഇല്ലാതിരുന്ന ഭീതിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. വന്യമൃഗങ്ങളെ സംരക്ഷിക്കണമെന്നത് ആഗോള ആവശ്യമാണ്. പക്ഷേ, മനുഷ്യരെ സംബന്ധിച്ച് സ്വന്തം ജീവന്‍ നിലനിന്ന് പോകുകയെന്നത് അത്യാവശ്യമാണ്.
കഴിഞ്ഞ അമ്പതോ അറുപതോ വര്‍ഷങ്ങളായി ഉണ്ടാകാത്ത രൂക്ഷമായ ആക്രമണങ്ങളാണ് വന്യമൃഗങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. ഇതിന്റെ കാരണമായി ചിലര്‍ പറയുന്നത് വന്യജീവികളുടെ എണ്ണം പെരുകിയിട്ടുണ്ടെന്നതാണ്. ഇതിന് മറുവാദമായി പറയുന്നത് ആന ഉള്‍പ്പെടെയുള്ളവയ്ക്ക് കാട്ടില്‍ തീറ്റ കിട്ടാത്തതുകൊണ്ടാണെന്ന്. എന്നാല്‍ ആനയുടെ കാര്യത്തില്‍ കാടാണെങ്കിലും നാടാണെങ്കിലും ഏത് പ്രദേശത്ത് നിന്നാലും ആ പ്രദേശം അത് നശിപ്പിക്കുകയാണ് പതിവ്.
പൊതുവെ ആനകള്‍ അക്രമകാരികള്‍ ആകുന്നത് വെള്ളം വറ്റിത്തുടങ്ങുന്ന വേനല്‍ക്കാലത്താണ്. മനുഷ്യരെപ്പോലെ ആനകളും വെള്ളത്തിനായും മറ്റും പാഞ്ഞുനടക്കുകയാണ്. പൊതുവെ മനുഷ്യന്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ പച്ചപ്പ് കൂടുതലായിരിക്കും. നമ്മള്‍ താമസിക്കുന്ന പശ്ചിമഘട്ടത്തിന്റെ ഭൂരിഭാഗം മലയോര മേഖലയുടെയും ആദ്യം വരണ്ട് ഉണങ്ങുന്നത് നാടല്ല പകരം കാടാണ് എന്നതാണ് വാസ്തവം. നാട്ടിലെ അരുവികള്‍ സംരക്ഷിക്കാന്‍ നമ്മള്‍ കൃത്രിമമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നുണ്ട് ഒപ്പം നമ്മള്‍ വച്ചുപിടിപ്പിക്കുന്ന പച്ചപ്പുകളുമുണ്ട്. എന്നാല്‍ കാടിനകത്ത് സ്വാഭാവികമായ പ്രതിഭാസമാണ് നടക്കുക. വേനലാകുമ്പോള്‍ ഇലപൊഴിയുകയും പുല്ലുകള്‍ ഉണങ്ങിപ്പോകുയും പാറകള്‍ ചൂടാകുകയും അരുവികള്‍ പെട്ടെന്ന് വറ്റുകയും ചെയ്യുന്നു.
ആനകളെയും കടുവകളെയുമൊക്കെ സംബന്ധിച്ച് ഒരു സ്ഥലത്ത് ചൂട് കൂടുമ്പോള്‍ അവ മറ്റ് സ്ഥലങ്ങളിലേക്ക് പോകുന്നു. ഒരേ ആവാസ വ്യവസ്ഥയില്‍ തന്നെ നില്‍ക്കുന്ന ജീവിയാണ് കുരങ്ങ്. പക്ഷേ കുരങ്ങിന്റെ ശല്യം കാരണം മനുഷ്യന് പല സ്ഥലങ്ങളിലും ജീവിക്കാന്‍ തന്നെ പ്രയാസമാണ്. വെടിപൊട്ടിച്ചോ, വേലി കെട്ടിയോ തടയാന്‍ പറ്റാത്ത ജീവിയായതിനാല്‍ പല കൃഷി സാധനങ്ങളും ആക്രമണോത്സുകമായാണ് കുരങ്ങ് നശിപ്പിക്കുന്നത്. ഇവ ജീവനെ അപഹരിക്കില്ലെന്ന് മാത്രമേയുള്ളൂ ജീവിതത്തെ പൂര്‍ണമായും പ്രതിസന്ധിയിലാക്കും. പന്നിയും ഇതുപോലെ തന്നെയാണ്. കടുവയുടെ ഭക്ഷണമാണ് പന്നി എന്ന ഒറ്റ കാരണത്താലാണ് കേന്ദ്രം ആ ജീവിയെ ക്ഷുദ്രജീവി പട്ടികയില്‍ പെടുത്താത്തത് എന്നാണ് പറയുന്നതെങ്കിലും കേരളത്തിലെ സാധാരണമനുഷ്യരോടുള്ള ശത്രുതയാണ് പ്രകടമാകുന്നത് – പലരും പന്നിയുടെ ശല്യം സഹിച്ച് ജീവിക്കുന്നു. കൃഷി ഇറക്കുന്നവര്‍ മൂന്നിരട്ടി തുക മുടക്കി പന്നിയുടെ ശല്യം ഒഴിവാക്കാന്‍ ഫെന്‍സിംഗും മറ്റു മാര്‍ഗങ്ങളും തേടുന്നതിലൂടെ കര്‍ഷകര്‍ വലിയ പ്രതിസന്ധിയിലുമാകുന്നു.
മറ്റൊരു വലിയ വാദമാണ് മനുഷ്യന്റെ സഹിഷ്ണുത കുറയുന്നതാണ് വന്യജീവി ആക്രമണം കൂടാന്‍ കാരണമെന്നാണ്. അക്ഷരാര്‍ത്ഥത്തില്‍ തെറ്റാണത്. മനുഷ്യന്റെ സഹിഷ്ണുത കൂടുകയാണ് ഉണ്ടായിട്ടുള്ളത്. കൂടുതല്‍ മനുഷ്യരും പ്രകൃതിയും വന്യമൃഗങ്ങള്‍ നിലനില്‍ക്കേണ്ട ആവശ്യങ്ങള്‍ മനസ്സിലാക്കുന്നതോടൊപ്പം കര്‍ക്കശമായ വനനിയമങ്ങളും നിലനില്‍ക്കുന്നുണ്ട്. കര്‍ഷകരുടെ പല കൃഷികളും കാട്ടുമൃഗങ്ങള്‍ നശിപ്പിക്കുന്നുണ്ട്. എന്നിട്ടും അവയെ ഇല്ലാതാക്കാന്‍ കര്‍ഷകര്‍ ശ്രമിക്കുന്നില്ല എന്നത് മനുഷ്യന്റെ സഹിഷ്ണുത കൂടി എന്നതാണ് വ്യക്തമാക്കുന്നത്.
സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മുന്‍കൈ എടുത്താല്‍ മാത്രമേ വന്യജീവികളുടെ ആക്രമണത്തിന് ശാശ്വത പരിഹാരമുണ്ടാകുകയുള്ളൂ. പക്ഷേ അതത്ര എളുപ്പമുള്ള കാര്യമല്ല. കാരണം കേന്ദ്ര വന്യജീവിനിയമത്തില്‍ മാറ്റം വരുത്താന്‍ പോയിട്ട് ചെറിയൊരിളവിന് പോലും തയ്യാറാകാത്ത സാഹചര്യത്തില്‍ ഈ വിഷയത്തില്‍ കേന്ദ്രത്തെ പൂര്‍ണമായും മാറ്റിനിര്‍ത്തി വേണം പരിഗണിക്കാന്‍, അതുകൊണ്ട് തന്നെ ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനും ജനങ്ങള്‍ക്കും എന്ത് ചെയ്യാന്‍ കഴിയുമെന്ന് ചിന്തിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് മാത്രമേ കഴിയൂ. ഒപ്പം വന്യജീവി ആക്രമണത്തില്‍ നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കുക എന്നതാണ്. കേരളം പരിസ്ഥിതി സൗഹൃദ സംസ്ഥാനമാണെന്ന തരത്തില്‍ മാത്രമേ ഇതിനെ പരിഗണിക്കാനും കഴിയൂ. മനുഷ്യവാസ മേഖലയിലേക്ക് കടക്കുന്ന വന്യമൃഗങ്ങളെ നമ്മള്‍ എല്ലാത്തരം സംവിധാനങ്ങളും ഉപയോഗിച്ച് നിയന്ത്രിക്കുക തന്നെവേണം…
content summary; Worst wildlife attack in fifty years, The state should ignore the center and take the lead