March 27, 2025 |
Avatar
അമർനാഥ്‌
Share on

കഥയെഴുതി, കഥാപാത്രമായി വിട പറഞ്ഞ്… വിക്ടര്‍ ലീനസ്

താനെഴുതിയ ഈ ദുരന്ത കഥ സ്വന്തം അന്ത്യത്തിലേക്ക് ആവാഹിക്കുകയായിരുന്നു വിക്ടര്‍ ലീനസ് എന്ന കഥാകാരന്‍

ബൗദ്ധികവ്യാപാരത്തിന്റെ ഏത് മേഖലയും സ്വന്തം വരുതിയില്‍ നിറുത്തി അതില്‍ അനായാസം ആധിപത്യം ഉറപ്പിക്കാന്‍ കഴിയുന്ന ചില പ്രതിഭകളുണ്ട്. വളരെ അപൂര്‍വ്വമായി മാത്രം പിറവി കൊള്ളുന്ന അത്തരം പ്രതിഭകളിലൊരാളായിരുന്നു വിക്ടര്‍ ലീനസ്. writer Victor Linus;  passed three decades ago on a february second week like this

മുപ്പത്തിമൂന്ന് വര്‍ഷം മുന്‍പ് ചെറുകഥാകൃത്തും പത്രപ്രവര്‍ത്തകനുമായ വിക്ടര്‍ ലീനസ് മരിച്ചു. ആ മരണത്തിന്റെ വരവില്‍ ഒരു അറംപറ്റലിന്റെ അകമ്പടിയുണ്ടായിരുന്നു. മൂന്ന് പതിറ്റാണ്ട് മുന്‍പ് ഒരു ഫെബ്രുവരിയിലെ രണ്ടാമത്തെ ആഴ്ചയില്‍ ഒരു ദിവസം ആരുമറിയാതെ മരണപ്പെട്ട് എറണാകുളം ജനറലാശുപത്രിയുടെ മോര്‍ച്ചറിയില്‍ വിക്ടര്‍ ലീസസ് അജ്ഞാത ജഡമായി കിടന്നു. അതിന് രണ്ടുമാസം മുന്‍പ് വിക്ടര്‍ ലീനസ് എഴുതി മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ അച്ചടിച്ച് വന്ന കഥ ‘വിട’ യിലെ മുഖ്യകഥാപാത്രമായ യുവതി എറണാകുളം ചിറ്റൂര്‍ റോഡില്‍ അപകടത്തില്‍ വീണു മരിച്ച് അജ്ഞാത ജഡമായി എറണാകുളം ജനറലാശുപത്രിയുടെ മോര്‍ച്ചറിയില്‍ കിടക്കുകയാണ്. അപ്പോള്‍ യാദൃശ്ചികമായി അവിടെയെത്തിയ ഒരു പത്ര പ്രവര്‍ത്തകന്‍ ആ മൃതശരീരം തിരിച്ചറിയുകയും (വിക്ടര്‍ തന്നെ) മൃതശരീരം കോട്ടയത്തെ അവരുടെ വീട്ടിലെത്തിക്കുകയും ചെയ്യുന്നതാണ് വിടയെന്ന കഥ. താനെഴുതിയ ഈ ദുരന്ത കഥ സ്വന്തം അന്ത്യത്തിലേക്ക് ആവാഹിക്കുകയായിരുന്നു വിക്ടര്‍ ലീനസ് എന്ന കഥാകാരന്‍. അറം പറ്റിയ പോലെ!

എഴുപതുകളുടെ ആദ്യ പകുതിയില്‍ ജീവിതവും മരണവും ഇടകലര്‍ന്ന ഒരുപിടി കഥകള്‍ എഴുതി മലയാള ചെറുകഥാ ലോകത്ത് ഒരു ക്ഷണിക തേജസ്സായി ജ്വലിക്കുകയും മിന്നി മറയുകയും ചെയ്തയാളാണ് വിക്ടര്‍ ലീനസ്. ആകെ എഴുതിയത് ഒരു ഡസന്‍ ചെറുകഥകളാണെങ്കിലും മലയാള ചെറുകഥകളെ ഗൗരവമായി സമീപിക്കുന്ന ഏതൊരാള്‍ക്കും, പിന്‍വാങ്ങലും വിട പറയലും അപകടവും മരണവുമൊക്കെ പ്രമേയമായ വിക്ടറിന്റെ കഥകള്‍ അവഗണിക്കാനാവില്ല. കഥാകൃത്തും പത്രപ്രവര്‍ത്തകനുമായിരുന്ന വിക്ടര്‍ ലീനസ് എന്ന കഥാകാരന്‍ ഓര്‍മയായത് മൂന്ന് പതിറ്റാണ്ട് മുന്‍പ് ഇതുപോലെ ഒരു ഫെബ്രുവരി രണ്ടാംവാരത്തിലായിരുന്നു.

victor

വിക്ടറിൻ്റെ രേഖാചിത്രം

എറണാകുളത്ത് പെരുമാനൂരില്‍ ജനിച്ച ഒരാള്‍ക്ക് ഇങ്ങനെ അസാധാരണമായ ഒരു പേര് വരാന്‍ എന്തായിരിക്കും കാരണം? മാതാപിതാക്കള്‍ പേരിടുന്നതിനെ കുറിച്ച് തര്‍ക്കിച്ചത്രേ. അപ്പന് വിക്ടര്‍ എന്ന പേരിടണം. അമ്മക്ക് ലീനസെന്നും ! അങ്ങനെയാണ് രണ്ടും ചേര്‍ത്ത് താളബദ്ധമായ പേര് കിട്ടിയത് – വിക്ടര്‍ ലീനസ്. കൊച്ചി ഷിപ്പ് യാര്‍ഡിന് വേണ്ടി പെരുമാനൂരിലെ വീടിരിക്കുന്ന സ്ഥലം അക്വയര്‍ ചെയ്യപ്പെട്ടപ്പോള്‍ അവിടം വിട്ട് വൈറ്റിലയ്ക്കടുത്ത തൈക്കൂടത്തേക്ക് വന്ന് താമസമാരംഭിച്ചതാണയാളുടെ കുടുംബം.

ഇംഗ്ലീഷും മലയാളവും വിക്ടറിന് എഴുത്തില്‍ അസാമാന്യമായി വഴങ്ങിയിരുന്നു. സമുദ്രശാസ്ത്രത്തില്‍ മാസ്റ്റര്‍ ഡിഗ്രിയെടുത്ത വിക്ടര്‍ പിഎച്ച്ഡി എടുക്കാന്‍ പോയപ്പോള്‍ ഗൈഡ് ഒരു പുസ്തകം നിര്‍ദേശിച്ചു. അത് നോക്കി പ്രബന്ധമെഴുതിയാല്‍ മതിയെന്നും പറഞ്ഞു. ആ പുസ്തകം എം എസ് സി ക്ക് പഠിക്കുമ്പോള്‍ വിക്ടര്‍ എഴുതിയതായിരുന്നു. അതോടെ ഡോക്ടറേറ്റ് ശ്രമം ഉപക്ഷിച്ചു. പിന്നീട്, വിക്ടര്‍ എഴുതി കൊടുത്ത പ്രബന്ധങ്ങള്‍ ഉപയോഗിച്ച് മറ്റ് പലരും ഡോക്ടറേറ്റ് നേടിയിട്ടുണ്ടെന്നുള്ളത് മറ്റൊരു കാര്യം.

പരന്ന വായനയും അസാമാന്യ ഓര്‍മ്മശക്തിയുള്ള അയാള്‍ സാഹിത്യത്തിലും കലയിലും എന്നും അപ്ഡേറ്റഡായിരുന്നു. എറണാകുളം പബ്ലിക് ലൈബ്രറിയില്‍ അയാള്‍ വായിക്കാത്ത ഒരു പുസ്തകവും ഇല്ലെന്ന് ഒരിക്കല്‍ വിക്ടറിന്റെ ഒരു സുഹൃത്ത് പറഞ്ഞതോര്‍ക്കുന്നു. ”ഈ മനുഷ്യന്‍ കാരണമാണ് മദ്രാസ് പബ്ലിക് ലൈബ്രറിയിലെ പുസ്തകങ്ങള്‍ ചിതലരിക്കാതെയിരിക്കുന്നത്” എന്ന് ചിന്തകനായ എം ഗോവിന്ദനെ കുറിച്ച് പറഞ്ഞത് എറണാകുളം പബ്ലിക് ലൈബ്രറിയുടെയും വിക്ടറിന്റെയും കാര്യത്തില്‍ ശരിയായിരുന്നു.

കഴിഞ്ഞ വര്‍ഷം കൊച്ചിയില്‍ വെച്ച് അന്തരിച്ച ചെറുകഥാകൃത്ത് ജോസഫ് വൈറ്റിലയായിരുന്നു വിക്ടറിന്റെ ആത്മസുഹൃത്ത്. 70 കളിലെ കൊച്ചിയിലെ എഴുത്തുപാടങ്ങളിലേക്ക് ആദ്യം കൈപിടിച്ചു കയറിയത് ജോസഫ് വൈറ്റിലയും വിക്ടര്‍ ലീനസുമായിരുന്നു. എറണാകുളത്തെ രണ്ട് നെടുങ്കന്‍ ഗോപുരങ്ങളായി അവര്‍ രണ്ടു ശരീരവും ഒരാത്മാവും കൂടിച്ചേര്‍ന്ന് എഴുത്തിലും സൗഹൃദത്തിലും ഒന്നിച്ചു ജീവിച്ചു.

Joseph Vyttila

ജോസഫ് വൈറ്റില

ആദ്യമായി വിക്ടറിനെ വൈറ്റിലയില്‍ വീട്ടില്‍ കാണാന്‍ പോയ കാര്യം ജോസഫ് വൈറ്റില എഴുതിയിട്ടുണ്ട്. കുളവും കാവും, ഇടവഴികളും വേലിക്കെട്ടുകളുമൊക്കെ നിറഞ്ഞ അന്നത്തെ ഗ്രാമമായ വൈറ്റിലയില്‍ കാട് പിടിച്ച ഒരു പറമ്പിന്റെ അറ്റത്തായിരുന്നു വിക്ടറിന്റെ വീട്. വീട്ടിലേക്കുള്ള വഴിയില്‍ എത്തിയ ജോസഫ് വൈറ്റില കാല് വെച്ചത് ഒരു കുളത്തിലായിരുന്നു. ഷര്‍ട്ടും മുണ്ടുമൊക്കെ നനഞ്ഞ വെപ്രാളത്തില്‍ ജോസഫ് വിളിച്ചുപോയി
‘വിക്ടറെ വിക്ടറെ’ ആരാ? മറുപടി ശബ്ദം.
ഇത് ഞാനാ ജോസഫ്.
‘അയ്യോ ജോസഫേ, സൂക്ഷിക്കണേ അവിടെ ഒരു കുളമുണ്ട് ഞാനങ്ങോട്ട് വരാം’- വിക്ടര്‍
‘ഞാനാ കുളത്തില്‍ നിന്നാണ് സംസാരിക്കുന്നത്’ – ജോസഫ്

ശക്തമായി ആരംഭിച്ച ആത്മബന്ധമായിരുന്നു അത്. വിക്ടറിന്റെ ആദ്യത്തെ കഥ ‘മഴ മേഘങ്ങളുടെ നിഴല്‍’ പകര്‍ത്തി എഴുതി മാതൃഭൂമി ആഴ്ചപ്പതിപ്പിന് അയച്ചത് ജോസഫ് വൈറ്റിലയായിരുന്നു.

1985 ല്‍ തന്റെ 9 കഥകള്‍ ഉള്‍പ്പെടുത്തി ഒരു സമാഹാരം ‘വിക്ടര്‍ ലീനസിന്റെ കഥകള്‍’ എന്ന ശീര്‍ഷകത്തില്‍ പ്രസിദ്ധപ്പെടുത്തി. കോളജ് പഠനശേഷം ജോസഫ് വൈറ്റിലയോടൊത്ത് ‘ദളം’ എന്നൊരു മാസിക പുറത്തിറക്കിയിരുന്നു. ട്രൂമാന്‍ കപ്പോട്ടിയുടെ രചനയായ ‘പുല്‍മേടുകളുടെ സംഗീതം’ മൊഴിമാറ്റം ചെയ്ത് വിക്ടര്‍ ദളം മാസികയില്‍ കൊടുത്തു. ട്രൂമാന്‍ കപ്പോട്ടിയെ മലയാളത്തില്‍ ആദ്യം അവതരിപ്പിച്ചത് ഈ പ്രസിദ്ധീകരണമായിരുന്നു. എന്നാല്‍ അഞ്ച് ലക്കത്തോടെ, ദളം നിന്നു പോയി. 1985 ല്‍ തന്റെ 9 കഥകള്‍ ഉള്‍പ്പെടുത്തി ഒരു സമാഹാരം ‘വിക്ടര്‍ ലീനസിന്റെ കഥകള്‍’ എന്ന ശീര്‍ഷകത്തില്‍ പ്രസിദ്ധപ്പെടുത്തി. അതിന്റെ കവര്‍ ചിത്രം വരച്ചതും വിക്ടര്‍ തന്നെ. മുള്ളുവേലിയില്‍ കുടുങ്ങിക്കിടക്കുന്ന ഒരു യുവാവിന്റെ ചിത്രമായിരുന്നു കവര്‍.

‘ വിക്ടര്‍ ലീനസിന്റെ വ്യക്തിത്വം അസാധാരണമായ ഒന്നായിരുന്നു എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. സാധാരണക്കാര്‍ ചിന്തിക്കുന്ന പോലെയായിരുന്നില്ല. വിക്ടര്‍ ലീനസ് ചിന്തിച്ചിരുന്നത്. ഇത്രയേറെ ഓര്‍മ്മശക്തിയുള്ളവരെ ഞാന്‍ അധികം കണ്ടിട്ടില്ല. ഏത് എഴുത്തുകാരന്‍ ഏത് പുസ്തകത്തില്‍ എവിടെ പറഞ്ഞു എന്ന് വിക്ടറിനറിയാമായിരുന്നു.

victor leenas

വിക്ടർ ലീനസ്

”ഒരു കാലത്ത് വിക്ടര്‍ മദ്യപാനത്തിന് എതിരായിരുന്നു. മദ്യപാനം മനുഷ്യന്റെ ദൗര്‍ബല്യമാണെന്നും, ആ ദൗര്‍ബല്യത്തെ അംഗീകരിക്കാവില്ലെന്നുമായിരുന്നു അയാള്‍ വാദിച്ചിരുന്നത്. ഒടുവില്‍ അയാള്‍ അത് ഉപയോഗിച്ച് തുടങ്ങുകയും ജീവിതം തന്നെ അതില്‍ മുക്കിത്താഴ്ത്തി ജീവിക്കാന്‍ തുടങ്ങുകയും ചെയ്തപ്പോള്‍ എനിക്കനുഭവപ്പെട്ട നടുക്കം ഇന്ന് ഒഴിയാബാധയായി എന്റെ മനസ്സില്‍ അവശേഷിച്ചു.’ അവസാനം വരെ വിക്ടറിനോടൊപ്പം നടന്ന ജോസഫ് വൈറ്റില പിന്നീട് എഴുതി.

ഒരു ജോലി ആവശ്യമായതിനാല്‍ അതിനായി പിന്നീടുള്ള ശ്രമം. ഏത് ജോലിയും അഭിമുഖം കഴിഞ്ഞാല്‍ അയാള്‍ക്ക് കിട്ടുമെന്ന് ഉറപ്പായിരുന്നു. കിട്ടിയ ജോലി അതേ വേഗതയില്‍ ഉപേക്ഷിക്കാനും മടിയില്ല. കരഞ്ജിയയുടെ ബ്ലിറ്റ്സിന്റെ കൊച്ചി കറസ്പോണ്ടന്റായിരുന്നു കുറച്ചു നാള്‍. ഒടുവില്‍, സി എം സ്റ്റീഫന്റെ ‘സോഷ്യലിസ്റ്റ് ലേബര്‍’ എന്ന പ്രസിദ്ധീകരണത്തിന്റെ എഡിറ്ററായി. പ്രശസ്ത സാഹിത്യകാരന്‍ പോഞ്ഞിക്കര റാഫിയായിരുന്നു മുഖ്യ പത്രാധിപര്‍. അതിനിടയില്‍ വിക്ടറിന്റെ കഴിവ് കണ്ടറിഞ്ഞ സി എം സ്റ്റീഫന്‍ ഇന്ദിരാ ഗാന്ധിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ നിയമിക്കാനായി ശ്രമിച്ചെങ്കിലും ”പദവിയിലും ഉയര്‍ന്ന ശമ്പളത്തിലും താല്‍പ്പര്യമില്ല സാറേ, ഒരു പാവം വൈറ്റിലക്കാരനായി കഴിയാനാണിഷ്ടം” എന്ന് പറഞ്ഞ് വിക്ടര്‍ ഒഴിഞ്ഞു.

കൊച്ചിയെന്ന നഗരം അയാളുടെ ആത്മാവിലും, ശരീരത്തിലും അലിഞ്ഞുചേര്‍ന്നിരുന്നു. തനിക്ക് പ്രിയപ്പെട്ട കൊച്ചി നഗരത്തെ പശ്ചാത്തലമാക്കി കഥകളെഴുതിയതും അതുകൊണ്ട് തന്നെ. അക്കാലത്താണ് രാമു കാര്യാട്ട് സംവിധാനം ചെയ്ത അവസാന ചിത്രമായ ‘അമ്മുവിന്റെ ആട്ടിന്‍കുട്ടി’ യുടെ സഹ സംവിധായകനായി കാര്യാട്ടിന്റെ ഗ്രൂപ്പില്‍ എത്തുന്നത്. ആ ചിത്രം കുട്ടികള്‍ക്കുള്ള മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടി. വിക്ടറിനെപ്പോലൊരു പ്രതിഭ രാമു കാര്യാട്ടിന്റെ വലയത്തില്‍ നിന്നാല്‍ ഉയരങ്ങളിലേക്ക് എത്തുമെന്നുറപ്പായിരുന്നു. പക്ഷേ, അവിടെയും തടസങ്ങള്‍ കടന്നുവന്നു. പൊടുന്നനെ രാമു കാര്യാട്ട് അന്തരിച്ചു. അകാലത്തിലുള്ള കാര്യാട്ടിന്റെ അന്ത്യം ചലച്ചിത്ര മേഖലയില്‍ തുടരാനുള്ള വിക്ടറിന്റെ താല്‍പ്പര്യം ഇല്ലാതാക്കി.

സിനിമ ഉപേക്ഷിച്ചതിനു ശേഷം റബര്‍ ഏഷ്യ, ഓണ്‍ ലുക്കര്‍ തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ കൊച്ചി ലേഖകനായി ജോലി ചെയ്യാനാരംഭിച്ചു. അക്കാലത്ത് തന്നെ കുട്ടികളുടെ പ്രിയപ്പെട്ട പ്രസിദ്ധീകരണമായ പൂമ്പാറ്റയില്‍ വിക്ടര്‍ എഴുതാന്‍ തുടങ്ങി. സ്‌ക്കോട്ടിഷ് എഴുത്തുകാരിയായ, ഷൈല ബംഫോഡിന്റെ വിഖ്യാത കൃതിയായ ‘ഇന്‍ക്രിഡിബിള്‍ ജേര്‍ണി’ എന്ന ക്ലാസിക്ക് ‘ഒന്നാണ് നമ്മള്‍’ എന്ന ശീര്‍ഷകത്തില്‍ വിക്റ്റര്‍ മൊഴിമാറ്റം നടത്തി പൂമ്പാറ്റയില്‍ പ്രസിദ്ധീകരിച്ചു. വായനക്കാര്‍ ആഘോഷമായി സ്വീകരിച്ച ഒന്നായിരുന്നു അത്. കബീര്‍ എന്ന പേരിലാണ് വിക്ടര്‍ എഴുതിയത്. ബി. മോഹനചന്ദ്രന്റെ പ്രശസ്തമായ മാന്ത്രിക നോവല്‍ ‘കലിക’ പ്രസിദ്ധീകരിക്കാന്‍ ഇംഗ്ലീഷിലേക്ക് വിക്ടര്‍ മൊഴിമാറ്റിയിരുന്നു. പക്ഷേ, പുറത്തുവന്നത് മറ്റൊരാളുടെ പരിഭാഷയായിരുന്നു.

Radhakrishnan

കെ. രാധാകൃഷ്ണൻ

ഇതിനിടെ വിക്ടര്‍ വിവാഹിതനായി. പ്രണയിച്ച പെണ്‍കുട്ടി ബേര്‍ഡി ആഗ്‌നസിനെ തന്നെ ജീവിതസഖിയാക്കി. ഒരു മകള്‍ ഉണ്ടായി. കുടുംബ ജീവിതമാരംഭിച്ച വിക്ടര്‍ കോട്ടയത്തെ ഒരു പത്ര സ്ഥാപനത്തിന്റെ മറ്റൊരു പ്രസിദ്ധീകരണശാലയില്‍ ജോലി ചെയ്യാന്‍ തുടങ്ങി. എന്നും രാവിലെ ചോറ്റുപാത്രവും കുടയുമായി ആര്‍ കെ ലക്ഷമണന്റെ ‘കോമണ്‍മാനെ’പ്പോലെ എറണാകുളം പാസ്ഞ്ചറില്‍ കോട്ടയത്തേക്ക് പോകുന്ന വിക്ടറിനെ വിസ്മയത്തോടെ ഇപ്പോഴും ഓര്‍ക്കാറുള്ളതായി ഒരു സുഹൃത്ത് ഒരിക്കല്‍ പറഞ്ഞു. സ്വാഭാവികമായും വിക്ടറിനെപ്പോലെ ഒരാള്‍ക്ക് അവിടെ പ്രധാന റോള്‍ ഉണ്ടായിരുന്നു. പത്രസ്ഥാപനത്തിന്റെ കോര്‍പ്പറേറ്റ് പരസ്യ എഴുത്ത് ഉള്‍പ്പടെ പല പ്രൊജക്റ്റുകളും വിക്ടര്‍ ഏറ്റെടുത്തു. അത് വളരെ പ്രശംസ നേടുകയും ചെയ്തു. പക്ഷേ, അതിന്റെ നേട്ടം ലഭിച്ചത് വിക്ടറിനായിരുന്നില്ല. കിട്ടിയ പ്രശംസയോ നേട്ടമോ പങ്കുവയ്ക്കാന്‍ വിക്ടറിനെ ആവശ്യത്തിന് ഉപയോഗിച്ചയാള്‍ തയ്യാറായില്ല. ഒരിക്കല്‍ അത് നേരിട്ട് മനസിലാക്കിയ വിക്ടര്‍ രോഷത്തോടെ, സേവനം മതിയാക്കി സ്ഥലം വിട്ടു.

എറണാകുളത്ത് ഒരു പത്രസ്ഥാപനത്തില്‍ ജോലി ചെയ്യുന്ന വിക്ടറിന്റെ ഉറ്റ സുഹൃത്തായ പ്രശസ്തനായ ബാലസാഹിത്യകാരന്‍ കെ രാധാകൃഷ്ണനെ കാണാന്‍ ഒരു ദിവസം താമസിക്കുന്ന മുറിയില്‍ വന്നപ്പോള്‍ വിക്ടര്‍ പോക്കറ്റില്‍ നിന്ന് ഒരു കെട്ട് കടലാസ് എടുത്ത് മേശയില്‍ ഇട്ടു. ‘ഒരു കഥയാണിത് ഇത്രയും കാലത്തിന് ശേഷം എഴുതിയിട്ട് ശരിയാകുന്നില്ല.’ വിക്ടര്‍ പറഞ്ഞു. പിന്നീട് വിക്ടര്‍ പോയതിന് ശേഷം രാധാകൃഷ്ണന്‍ ആ കഥ വായിച്ചു. ഇത്രയും ഇംപാക്ട് ഉള്ള കഥ അടുത്ത കാലത്തൊന്നും വായിച്ചിട്ടില്ല. അതാണ് ശരിയായില്ല എന്ന് പറഞ്ഞ് വിക്ടര്‍ കളഞ്ഞിട്ട് പോയത് എന്ന് രാധാകൃഷ്ണന്‍ ഓര്‍ത്തു. രാധാകൃഷ്ണന്‍ ആ കഥയുടെ കോപ്പിയെടുത്ത് വെച്ച്. ഒറിജിനല്‍ വൃത്തിയായി പിന്‍ ചെയ്ത് കവറില്‍ അയക്കാനായി ഒട്ടിച്ച് വെച്ചു. രണ്ട് നാള്‍ കഴിഞ്ഞ് വിക്ടര്‍ മുറിയില്‍ വന്നപ്പോള്‍ അതില്‍ വിലാസമെഴുതിച്ച് കലാകൗമുദി വാരികക്ക് അയച്ചു.

book cover

ഒരു നീണ്ട കാലയളവിന് ശേഷം, പതിനാല് കൊല്ലം കഴിഞ്ഞാണ് വിക്ടര്‍ ലീനസ് തന്റെ അവസാനത്തെ കഥകളിലൊന്ന് എഴുതിയത്. 1989 ല്‍, കലാകൗമുദി പ്രസിദ്ധീകരിച്ച’ നീണ്ട നിശബ്ദയ്ക്ക് ശേഷം’ എന്ന കഥ. തന്റെ അയല്‍ക്കാരിയായ ഒരു കൗമാരപ്രായക്കാരിയുമായുള്ള അടുപ്പം ആ കഥയിലേക്ക് ആവാഹിക്കുകയായിരുന്നു വിക്ടര്‍. സിനിമാ നടിയാകാന്‍ എന്തും നഷ്ടപ്പെടുത്താന്‍ തയ്യാറായ ഒരു യുവതി പിന്നീട് പ്രശസ്ത ചലച്ചിത്ര താരമായി. നടിയാവുന്നതിനു മുന്‍പും ശേഷവുമുള്ള ആ യുവതിയുടെ ജീവിതമാണ് കഥയില്‍. ആദ്യം മലയാളത്തിലും പിന്നീട് തമിഴിലും പ്രശസ്തയായ ഒരു നടിയാണ് കഥയിലെ യഥാര്‍ത്ഥ കഥാപാത്രം. അകാലത്തില്‍ അന്തരിച്ച ഈ നടി തൈക്കൂടത്ത് വിക്ടറിന്റെ അയല്‍വാസിയായിരുന്നു. നീണ്ട നിശബ്ദയ്ക്ക് ശേഷം’ എന്ന ആ കഥ ചെറുകഥാ രംഗത്ത് ചലനങ്ങള്‍ സൃഷ്ടിച്ചു.

പിന്നീട് തുടര്‍ച്ചയായുള്ള മദ്യപാനം അയാളെ കീഴടക്കി… കുടുംബ ജീവിതത്തിന്റെ താളപ്പിഴകളുടെ തുടക്കവും അതായിരുന്നു. ആ സമയത്ത് കോട്ടയത്തെ ഒരു മുതലാളി ‘സിനിമാ വീഡിയോ ടിവി’ എന്നൊരു പ്രസിദ്ധീകരണം എറണാകുളത്ത് നിന്ന് ആരംഭിച്ചു. അതിന്റെ ചുമതലയേറ്റെടുത്ത വിക്ടര്‍ ആ പ്രസിദ്ധീകരണത്തെ പ്രചാരമുള്ളതാക്കി മാറ്റി. പിന്നീട് പൂമ്പാറ്റയുടെ എഡിറ്ററായ ആര്‍ ഗോപാലകൃഷ്ണന്‍, പൂമ്പാറ്റയിലെ പ്രസിദ്ധമായ പല നോവലുകളും എഴുതിയ കെ രാധാകൃഷ്ണന്‍ എന്നീ വിക്ടറിന്റെ സുഹൃത്തുക്കളാണ് ഇതിന്റെ ജോലികളില്‍ വിക്ടറിനോടൊപ്പം പ്രവര്‍ത്തിച്ചത്. പുതിയ വാരിക ഈ തുറയിലെ മറ്റ് പ്രസിദ്ധീകരണങ്ങളെ പ്രചാരത്തില്‍ പിന്നിലാക്കി മുന്നേറി.

‘സിനിമ ടിവി വീഡിയോ’ എന്ന പുതിയ പ്രസിദ്ധീകരണം തങ്ങള്‍ക്ക് വെല്ലുവിളിയായതോടെ കൊല്ലത്ത് നിന്ന് പ്രസിദ്ധീകരിക്കുന്ന ഒരു പ്രധാന സിനിമാ വാരിക തങ്ങളുടെ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് ഒരു കളി കളിച്ചു. അവരുടെ പ്രേരണ മൂലമാണെന്ന് പറയുന്നു. അശ്ലീല ചിത്രങ്ങള്‍ അച്ചടിച്ചു എന്ന കുറ്റം ചുമത്തി സിനിമ ടി വി വീഡിയോക്കെതിരെ പോലീസ് കേസെടുത്തു. തുടര്‍ന്ന് പ്രിന്റര്‍ ആന്റ് പബ്ലിഷര്‍ അകത്താവുമെന്ന സ്ഥിതിയായപ്പോള്‍ ഉടമ തന്നെ സിനിമാ വീഡിയോ ടി വി വാരികയുടെ പ്രസിദ്ധീകരണം അവസാനിപ്പിച്ചു.

”ആ പ്രസിദ്ധീകരണം തുടര്‍ന്നെങ്കില്‍ അതൊരു വന്‍ പ്രസിദ്ധീകരണശാലയായി മാറുകയും വിക്ടര്‍ അതിന്റെ മേധാവിയാവുകയും ചെയ്തേനെ. സാമ്പത്തികമായി അയാള്‍ കര കേറുമായിരുന്നു. കുടുംബജീവിതം സാധാരണ നിലയിലായി, അച്ചടക്കത്തോടെ മുന്നോട്ടുപോയേനേ! പക്ഷേ, വിധി അതിനും ഇടം കോലിട്ടു. അതിനിടയില്‍ കുടുംബ പ്രശ്നങ്ങള്‍ സങ്കീര്‍ണമായതോടെ ഭാര്യ ജീവനൊടുക്കി. തീര്‍ത്തും ഒറ്റപ്പെട്ട വിക്ടര്‍ പരിപൂര്‍ണ മദ്യപാനിയായി മാറുകയായിരുന്നു.” വിക്ടറിന്റെ കൂടെ അതില്‍ പ്രവര്‍ത്തിച്ച ഒരു സഹപ്രവര്‍ത്തകന്‍ ഒരിക്കല്‍ പറഞ്ഞു.

വിക്ടര്‍ അവസാനമെഴുതിയ രണ്ട് കഥകളിലും വിഷയമാക്കിയത് വേര്‍പാടുകള്‍ തന്നെ. സ്വയം വിട പറയാന്‍ കഥാകാരന്‍ തീരുമാനിച്ചത് പോലെ ! അവസാനത്തെ രണ്ട് കഥയുടെ പേരുകളും അതുറപ്പിക്കുന്നുണ്ടായിരുന്നു – ‘വിട’, ‘യാത്രാമൊഴി” വിട അയച്ച സമയത്ത് തന്നെ അച്ചടിച്ച് വന്നിരുന്നെങ്കില്‍ ഭാര്യ അത് വായിച്ച് താന്‍ പഴയ പോലെ കര്‍മ്മനിരതനായി എന്ന് കരുതി ആത്മഹത്യ ഒഴിവാക്കുമായിരുന്നു എന്ന് അയാള്‍ വിശ്വസിച്ചിരുന്നു.

story

ഈ കഥ പ്രസിദ്ധീകരിച്ച ശേഷം നടന്ന സംഭവങ്ങള്‍ ഒരു സിനിമാ കഥ പോലെയാണ്. മനസിന്റെ താളം തെറ്റിയ നാളുകളൊന്നില്‍ പനമ്പിള്ളി നഗറിലെ മലയാള മനോരമയിലെ തന്റെ സുഹൃത്തിനെ കാണാനെത്തിയ വിക്ടര്‍ നല്ല പോലെ മദ്യപിച്ചിരുന്നു. സുഹൃത്ത് ലീവായതിനാല്‍ കാണാനാവാതെ തിരികെ പോകുമ്പോള്‍ ബാലന്‍സ് തെറ്റി റോഡില്‍ തലയടിച്ച് വീണു. അബോധാവസ്ഥയില്‍ അവിടെ കിടന്നു. മദ്യപിച്ച് കിടക്കുന്നയാളിനെ ആര് തിരിഞ്ഞ് നോക്കാന്‍ ?

കുറെ നേരം കഴിഞ്ഞ് അത് വഴി കടന്നുപോകുകയായിരുന്ന സന്നദ്ധ സംഘടനയുടെ ഒരു വാന്‍ നിറുത്തി വീണു കിടക്കുന്നയാളിന് വെള്ളമൊക്കെ കൊടുത്തു. അയാള്‍ മദ്യ ലഹരിയിലാണെന്ന് കരുതി, അവര്‍ സമീപത്തുള്ള രാജമല്ലി മരത്തിന്റെ കീഴില്‍ മാറ്റി കിടത്തി സ്ഥലം വിട്ടു. അപ്പോഴെക്കും വിക്ടര്‍ ചലനമറ്റു കഴിഞ്ഞിരുന്നു. പിന്നിടെപ്പോഴൊ പോലീസ് എത്തി ആബുലന്‍സില്‍ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും മരണം സംഭവിച്ചതിനാല്‍ അവിടെ മോര്‍ച്ചറിയില്‍ തിരിച്ചറിയാത്ത മൃതശരീരമായി കിടക്കുകയും ചെയ്തു. തന്റെ കഥയിലെ നായികയെപ്പോലെ തന്നെ!

പത്രത്തില്‍ വന്ന അജ്ഞാത ജഡത്തിന്റെ വാര്‍ത്ത വായിച്ച് വിക്ടറിന്റെ സുഹൃത്തുക്കള്‍ക്ക് സംശയം തോന്നി. അവരെല്ലാം വിക്ടറിന്റെ വീട്ടില്‍ ചെന്നപ്പോള്‍ രണ്ട് ദിവസമായി അവിടെ നിന്ന് പോയിട്ട് എന്നറിഞ്ഞു. അജ്ഞാത മൃതശരീരത്തിന്റെ ഫോട്ടോ എടുത്ത ഫോട്ടോഗ്രാഫറെ തപ്പിയെടുത്ത് നെഗറ്റീവില്‍ നിന്ന് പ്രിന്റ് എടുപ്പിച്ചു. അവരെല്ലാം നോക്കി നില്‍ക്കെ പ്രിന്റ് എക്പോസ് ചെയ്യുമ്പോള്‍ കട്ടിമീശയുള്ള വിക്ടര്‍ ലീനസിന്റെ മുഖം തെളിഞ്ഞു വന്നു.

അപ്പോള്‍ കലൂരിലെ പൊതുശ്മാശനത്തില്‍ അജ്ഞാത ജഡമായി കണക്കാക്കി വിക്ടറിനെ മറവു ചെയ്യാനായി തയ്യാറെടുക്കുകയായിരുന്നു… ഉടനെ തന്നെ, എറണാകുളത്തെ ജേര്‍ണലിസ്റ്റ് യൂണിയന്‍ ഇടപെട്ട കാരണം അജ്ഞാതനായി മറവു ചെയ്യപ്പെടാതെ വിക്ടര്‍ ലീനസിന്റെ സഹോദരീ ഭര്‍ത്താവും അടുത്ത സുഹുത്തുക്കളും ചേര്‍ന്ന് മൃതശരീരം ഏറ്റുവാങ്ങി തൈക്കൂടം പള്ളിയില്‍ സംസ്‌കരിച്ചു.

അരഡസന്‍ കഥകള്‍ മാത്രമെഴുതിയ വിക്ടര്‍ ലീനസ് എന്ന കഥാകാരന്റെ സ്വയം അജ്ഞാത ജഡമായി തീരുന്ന അവസാനത്തെ കഥകളൊന്നാണ് ‘വിട’യെങ്കില്‍ ആദ്യകഥകളിലൊന്നായ ‘ഒരു സമുദ്ര പരിണാമത്തില്‍’ ഒരു യുവതിയുടെ മൃതശരീരം ബോട്ടില്‍ കൊണ്ടുപോയി കടലില്‍ കളയുന്നതാണ് വിഷയം. മരണസ്പര്‍ശമില്ലാത്ത വിക്ടറിന്റെ കഥകള്‍ കുറവാണ്.

വിക്ടര്‍ ലീനസ് ഈ ലോകത്തില്‍ നിന്ന് വിട വാങ്ങി ഒരു മാസം കഴിഞ്ഞപ്പോള്‍ അവസാനത്തെ കഥ ‘യാത്രാമൊഴി’ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്നു. അതിന്റെ ആദ്യ വരികള്‍ വിക്ടര്‍ ഇങ്ങനെ കുറിച്ചിരുന്നു. ‘എനിക്കൊരു യാത്ര പോകണം; ഞാന്‍ പറഞ്ഞു ഒരു നീണ്ട യാത്ര’. writer Victor Linus;  passed three decades ago on a february second week like this

Content Summary: writer Victor Linus;  passed three decades ago on a february second week like this

×