June 26, 2026 |

ഗാന്ധിയും കോൺഗ്രസും ഹിന്ദുമഹാസഭയും; ഫേസ് ബുക്കിൽ സാഹിത്യ പോരാട്ടം

ഗാന്ധിവധത്തെക്കുറിച്ച് രക്തസാക്ഷി ദിനത്തിൽ കെ ആർ മീര ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ് വിവാദത്തിൽ

​ഗാന്ധിവധത്തെക്കുറിച്ച് രക്തസാക്ഷി ദിനത്തിൽ കെ ആർ മീര ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ് വിവാദത്തിൽ. ​ഹിന്ദുമഹാസഭയെ കോൺഗ്രസുമായി താരതമ്യപ്പെടുത്തിയതാണ് വിവാദമായത്. ഗാന്ധിസം എന്ന ആശയത്തെ ഇല്ലാതാക്കാൻ കഴിഞ്ഞ 75 വർഷമായി കോൺഗ്രസുകാര് തന്നെ ശ്രമിച്ചിട്ടും സാധിച്ചിട്ടില്ല എന്നും അതുകൊണ്ട് ഗാന്ധിസത്തെ തുടച്ച് നീക്കാൻ ഹിന്ദുമഹാസഭ നടത്തുന്ന ശ്രമങ്ങളൊന്നും വിജയിക്കില്ല എന്നുമാണ് രക്തസാക്ഷി ദിനത്തിൽ കെ.ആർ.മീര ഫേസ്ബുക്കിൽ എഴുതിയത്. പോസ്റ്റിനെതിരെ വിമർശനവുമായി ബെന്യാമിൻ രം​ഗത്തെത്തിയിരുന്നു. ബെന്യാമിൻ വ്യക്തിപരമായി ആക്രമിച്ചതിനെ തുടർന്ന് അതേ നാണയത്തിൽ കെ ആർ മീര തിരിച്ചടിച്ചു. ഇതോടുകൂടി പല എഴുത്തുകാരും ചേരി തിരിഞ്ഞ് അഭിപ്രായ പ്രകടനങ്ങളുമായി രം​ഗത്തെത്തിയിരിക്കുകയാണ്.

ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ എന്ന പുസ്തകത്തിലൂടെ ഹിന്ദുത്വ രാഷ്ട്രീയത്തെക്കുറിച്ചും ​ഗാന്ധി വധത്തെക്കുറിച്ചും വളരെയധികം സംസാരിച്ചിട്ടുള്ള കവിയും എഴുത്തുകാരനുമായ പി എൻ ​ഗോപീകൃഷ്ണൻ, കെ ആർ മീര നടത്തിയത് ഒരു ആക്ഷേപഹാസ്യം മാത്രമാണ് എന്ന് ചൂണ്ടിക്കാണിച്ചു. അതേസമയം ഹിന്ദുമഹാസഭയുടെ ​ഗാന്ധിവധത്തിന്റെ രീതിയെ മറ്റൊരു പാർട്ടിയുമായും താരതമ്യപ്പെടുത്താൻ കഴിയില്ലെന്നും ​ഗോപീകൃഷ്ണൻ വ്യക്തമാക്കി.

കെ ആർ മീര ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റിനെ വിമർശിച്ചുകൊണ്ട് ബെന്യാമിൻ എഴുതിയിരുന്നു. ഇതിനു മറുപടിയായി ബെന്യാമിന്റെ വിവരമില്ലായ്മയെക്കുറിച്ച് തനിക്കും ധാരാളം പറയാനുണ്ടെന്ന് മീര പറഞ്ഞു. തന്നെ സംഘപരിവാറായി ചിത്രീകരിക്കാനുള്ള ബെന്യാമിന്റെ ശ്രമം സംഘപരിവാറിനെ സഹായിക്കാനുള്ള പദ്ധതിയാണെന്നും മീര വ്യക്തമാക്കി. ഒരു രാഷ്ട്രീയ പാർട്ടിയുടെയും അപ്പക്കഷണങ്ങൾ മോഹിച്ച് താൻ ഒരു പ്രസ്ഥാവനയും നടത്തിയിട്ടില്ലെന്നും തന്നെ വിമർശിക്കുന്നവർ അതുവഴി കോൺഗ്രസുകാരെയും സംഘപരിവാറുകാരെയും സുഖിപ്പിച്ച് അവരിൽ നിന്ന് കിട്ടാനുള്ള അപ്പക്കഷണങ്ങൾ കൂടി പോരട്ടെ എന്ന നിലപാടാണ് ബെന്യാമിന്റേത് എന്ന് തോന്നിയതായും മീര ഫേസ്ബുക്കില്‍ കുറിച്ചു.

kr meera

ഗാന്ധിവധത്തിൽ ഹിന്ദുമഹാസഭയ്‌ക്കൊപ്പം കോൺഗ്രസിനെയും വിമർശിച്ചുകൊണ്ട് കെആർ മീര ഫേസ്ബുക്കിൽ എഴുതിയ പോസ്റ്റിനെതിരെ ബന്യാമിൻ രംഗത്തെത്തിയിരുന്നു. ഇതിനാണ് മീരയുടെ മറുപടി. കെആർ മീരയുടെ കുറിപ്പ് ശുദ്ധ അസംബന്ധമാണെന്ന് ബെന്യാമിൻ പറഞ്ഞു. ‘ഏത് ഏതിനോട് താരതമ്യം ചെയ്യണമെന്നും ആരെ ഏത് രീതിയിൽ വിമർശിക്കണമെന്നുമുള്ള അറിവില്ലായ്മയാണ് മീരയുടെ പോസ്റ്റ്. അത് ഗുണം ചെയ്യുന്നത് സംഘപരിവാറിനാണെന്ന് അറിയാതെയല്ല, അറിഞ്ഞുകൊണ്ട് എഴുതുന്നതാണ് അപകടം’ എന്നും ബെന്യാമിൻ ഫേസ്ബുക്കിൽ കുറിച്ചു.

benyamin

ഗോഡ്‌സേയെ ആദരിച്ച ഹിന്ദുമഹാസഭയുടെ പത്രവാർത്ത പങ്കുവെച്ചുകൊണ്ടായിരുന്നു കെ ആർ മീര ഫേസ്ബുക്കിൽ എഴുതിയത്. ഈ കുറിപ്പ് വ്യാപക വിമർശനത്തിന് ഇടയാക്കി. ഇതിനെതിരെ എഴുത്തുകാരി സുധാ മേനോനും നിരവധി കോൺഗ്രസ് നേതാക്കളും രംഗത്തെത്തിയിരുന്നു..

പി എൻ ​ഗോപീകൃഷ്ണൻ പങ്കുവെച്ച കുറിപ്പിന്റെ പൂർണരൂപം;

കെ ആർ മീരയുടെ പരാമർശം ചർച്ചാവിഷയമായിരിക്കുകയാണല്ലോ. ആലങ്കാരികമായ ഒരു പ്രസ്താവനയെ സത്യപ്രസ്താവന എന്ന് കണക്കാക്കി ചർച്ചയ്ക്കെടുക്കുന്നത് നിർഭാഗ്യകരമാണ്. കോൺഗ്രസ്സ്, ഗാന്ധിയിൽ നിന്ന് അകന്നെന്നോ ,കമ്യൂണിസ്റ്റ് പാർട്ടികൾ മാർക്സിൽ നിന്നകന്നെന്നോ , സോഷ്യലിസ്റ്റ് പാർട്ടികൾ ലോഹ്യയിൽ നിന്നകന്നെന്നോ ചൂണ്ടിക്കാണിക്കുന്നതിനോ പറയുന്നതിനോ സമർത്ഥിക്കുന്നതിനോ അവകാശമുള്ള ഒരു ലോകത്താണ് നാം ജീവിക്കുന്നത്. അത് ജനാധിപത്യ സംവാദത്തിലേർപ്പെടുന്നവരുടെ മൗലികാവകാശമാണ്.
എന്നാൽ ആലങ്കാരിക പ്രസ്താവനകളിൽ പോലും ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ടെന്ന് ഞാൻ വിചാരിക്കുന്നു. ജനാധിപത്യത്തിനുള്ളിൽ പ്രവർത്തിക്കുന്ന സംഘടനകളേയും പാർട്ടികളേയും ഒരു കാരണവശാലും ഹിന്ദുത്വ ഫാസിസ്റ്റുകളുമായി താരതമ്യപ്പെടുത്തിക്കൂടാ. അതും ഗാന്ധിവധം പോലെ ,സ്വതന്ത്ര ഇന്ത്യയുടെ ഇന്നിംഗ്സ് ആരംഭിക്കുമ്പോൾ അവർ നടത്തിയ ഫാസിസ്റ്റ് ആക്ഷൻ്റെ ,സന്ദർഭത്തിൽ ,പ്രത്യേകിച്ചും.
ഹിന്ദുമഹാസഭ എന്ന സവർക്കറുടെ സംഘടന പല തരത്തിൽ ഹിറ്റ്ലറുടേയും മുസ്സോളിനിയുടേയും മൂശയിൽ വാർത്തെടുത്തതായിരുന്നു. അതിനുള്ളിലെ , ഫാസിസ്റ്റ് രീതിയിലുള്ള ,ഉൾ സംഘടനയായിരുന്നു എച്ച് ആർ ഡി അഥവാ ഹിന്ദു രാഷ്ട്ര ദൾ. സവർക്കർ പറയുന്നത് എന്താണോ ,തിരിച്ചൊന്നും പറയാതെ അത് അക്ഷരാർത്ഥത്തിൽ ,നടപ്പാക്കാനുണ്ടാക്കിയ സംഘടന. സവർക്കറെ ഫ്യൂറർ എന്നാണ് ആ സംഘടനയിലെ ഓരോരുത്തരും അഭിസംബോധന ചെയ്തിരുന്നത്. ആ എച്ച് ആർ ഡി യിലെ ഒന്നും രണ്ടും സ്ഥാനക്കാരായിരുന്നു നാഥുറാം ഗോഡ്സേയും നാരായൺ ആപ്തേയും. ഗാന്ധി വധം നടപ്പിലാക്കാൻ നിയോഗിക്കപ്പെട്ടവർ .

ഗാന്ധിവധത്തിൽ പങ്കാളികളായ ഗോപാൽ ഗോഡ്സേയും മദൻലാൽ പഹ് വയും വിഷ്ണു കർക്കറേയും ജയിൽ വിമുക്തരായപ്പോൾ ,”ദേശഭക്ത് നാഥുറാം ഗോഡ്സേ ” യുടെ പേരിൽ 1964 ൽ പൂനെയിൽ വെച്ച് സ്വീകരണം നൽകാൻ മെനക്കെട്ട സംഘടനയാണ് ഹിന്ദുമഹാസഭ.ആർ എസ് എസ് നേതാവ് അഭയങ്കറും ആ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. അത് വിവാദമായതിനെ തുടർന്ന് അന്ന് ഇന്ത്യ ഭരിച്ചിരുന്ന ജവഹർലാൽ നെഹ്റുവിൻ്റെ ഗവണ്മെൻ്റ്, കമ്യൂണിസ്റ്റ് പാർട്ടി എം പി യായിരുന്ന ഭൂപേഷ് ഗുപ്ത അടക്കമുള്ളവരുടെ ആവശ്യപ്രകാരം ഗാന്ധിവധത്തിലെ ഗൂഢാലോചന പുനരന്വേഷിക്കാൻ ജീവൻ ലാൽ കപൂർ കമ്മീഷനെ നിയോഗിച്ചു. ( ഗോപാൽ സ്വരൂപ് ആയിരുന്നു ആദ്യ കമ്മീഷൻ ചെയർമാനെങ്കിലും കേന്ദ്ര മന്ത്രിയായതിനെ തുടർന്ന് അദ്ദേഹം പിന്മാറി .അപ്പോൾ ജീവൻ ലാൽ കപൂർ അദ്ധ്യക്ഷനായി ) .ആ കമ്മീഷൻ്റെ കണ്ടെത്തൽ ” സവർക്കറും സവർക്കറൈറ്റുകളും അല്ലാതെ മറ്റാരും ഈ കൊലയ്ക്ക് പിന്നിൽ പ്രവർത്തിച്ചിട്ടില്ല” എന്നാണ്.
സവർക്കറും സവർക്കറൈറ്റുകളുമാണ് ഗാന്ധിയുടെ കൊലയാളികൾ എന്ന കപൂർ കമ്മീഷൻ്റെ നിഗമനം അടിവരയിട്ട് ചരിത്രത്തിൽ ഉറപ്പിക്കേണ്ടതാണ്. അവരെ അംഗീകരിക്കുന്ന ഹിന്ദുത്വ രാഷ്ട്രീയ ശക്തികളാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്. ഹിന്ദുത്വ രാഷ്ട്രീയമാണ് ഗാന്ധിയുടെ കൊലയാളി എന്ന് ഉറപ്പിച്ചു പറയേണ്ട സന്ദർഭമാണിത്. ആ സത്യത്തെ ദുർബലപ്പെടുത്തുന്ന പ്രസ്താവനകൾ ഉണ്ടായിക്കൂടാ. പ്രത്യേകിച്ചും വിവേകികളുടെ പക്ഷത്തു നിന്ന്.

content summary; writers war on social media; kr meera and benyamin

Leave a Reply

Your email address will not be published. Required fields are marked *

×