സിനിമ ലോകം മാറുമെന്ന പ്രതീക്ഷയില്‍ യുവതലമുറ
മലയാള ചലച്ചിത്ര മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികളും പ്രശ്നനങ്ങളും പൊതുജന ശ്രദ്ധയില്‍ കൊണ്ടുവന്നു എന്നത് മാത്രമല്ല, ചൂഷണത്തിനിരയായവര്‍ സധൈര്യം തങ്ങളുടെ പരാതിയുമായി മുന്നോട്ടു വരുന്നതിനും കൂടിയാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് കാരണമായിരിക്കുന്നത്. മലയാള സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന ചൂഷണങ്ങളും അവഗണനകളും മുന്‍നിര്‍ത്തി, ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തില്‍ ഒരു സമിതിയെ രൂപീകരിച്ചപ്പോള്‍ അത് മലയാള സിനിമയുടെ അടിത്തറ ഇളക്കുമെന്ന് അധികമാരും വിചാരിച്ചിട്ടുണ്ടാകില്ല. ലൈംഗിക അതിക്രമങ്ങളും തൊഴില്‍ വിലക്കുകളും വിവേചനങ്ങളും നേരിടുന്ന ഇടമാണ് മലയാള സിനിമയെന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് തെളിയിച്ചു. ഈ മാറ്റത്തിനു പിന്നില്‍ ‘ഫെമിനിച്ചികള്‍’ എന്ന് പരിഹാസം കേട്ട ഒരു കൂട്ടം സ്ത്രീകളാണ്. ഡബ്യുസിസി ഇല്ലാതിരുന്നെങ്കില്‍ ഇതൊന്നും സാധ്യമാകില്ലായിരുന്നു.
അറിയപ്പെടുന്ന നടിമാര്‍ മുതല്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ വരെയുള്ള 80 സ്ത്രീകളുടെ അജ്ഞാത സാക്ഷ്യങ്ങള്‍ രേഖപ്പെടുത്തിയ ശേഷം 296 പേജുള്ള പഠനം 2019 ല്‍ പൂര്‍ത്തിയായി. സ്ത്രീകളില്‍ നിന്ന് ലൈംഗിക ആനുകൂല്യങ്ങള്‍ക്കായി തുറന്ന ആവശ്യങ്ങള്‍ ഉന്നയിക്കുന്ന, വലിയ സ്വാധീനം ചെലുത്തുന്ന, പുരുഷ അഭിനേതാക്കളുടെയും നിര്‍മാതാക്കളുടെയും സംവിധായകരുടെയും ശക്തരായ ഒരു കൂട്ടമാണ് കേരളത്തിലെ ചലച്ചിത്ര വ്യവസായത്തില്‍ ആധിപത്യം പുലര്‍ത്തുന്നതെന്ന് റിപ്പോര്‍ട്ട് എടുത്തു കാണിക്കുന്നു. നിരസിക്കുന്നവര്‍ പലപ്പോഴും കഠിനമായ പ്രൊഫഷണല്‍ പ്രത്യാഘാതങ്ങള്‍ അഭിമുഖീകരിക്കുന്നു, ആരംഭിക്കുന്നതിന് മുമ്പ് തന്നെ അവരുടെ കരിയര്‍ അവസാനിക്കുന്നു. സിനിമാ വ്യവസായത്തിന്റെ അന്തസ്സ് സംരക്ഷിക്കാന്‍ സ്ത്രീകള്‍ പലപ്പോഴും നിശബ്ദരാക്കപ്പെടുന്നു.
കോട്ടയം ശാന്തയുടെ ആത്മകഥയും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും
കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടേണ്ടി വന്നതിനു പിന്നാലെയുള്ള ദിവസങ്ങള്‍ പരാതികളുടെ കൊടുങ്കാറ്റ് മലയാള സിനിമയില്‍ ആഞ്ഞടിക്കുകയാണ്. പല ബിംബങ്ങളും തകര്‍ന്നു വീഴുന്നു. ഒരു നവീകരണം സിനിമ ലോകത്ത് വേണമെന്നാണ് പൊതുവിലുള്ള ആവശ്യം. അതന്ത്യാപേക്ഷികവുമാണ്. പക്ഷേ, ഇതിനൊരു മറുവശമുള്ളത്, സിനിമ മേഖലയെ കുറിച്ച് പൊതുവിലുണ്ടാകുന്ന സംശയങ്ങളും ആക്ഷേപങ്ങളുമാണ്. ഇതേറ്റവും കൂടുതല്‍ ബാധിക്കുക, സിനിമയിലേക്ക് വരാന്‍ തയ്യാറെടുക്കുന്നവരെയായിരിക്കും.
വെറുംവാക്കു കൊണ്ടുപോലും സ്ത്രീപക്ഷമല്ലാത്ത മലയാള സിനിമയെ, ഭാവിയെ പുതുതലമുറ എങ്ങനെയാവും നോക്കി കാണുന്നത്? വരുംകാല സിനിമയെ മുന്നോട്ട് നയിക്കേണ്ട അവരുടെ ചിന്തകളും ആശങ്കകളും എന്തൊക്കെയാണ്?
‘സ്ത്രീകള്‍ സിനിമയിലേക്ക് വരുന്നത് പ്രശസ്തി ആഗ്രഹിച്ചാണെന്നും അതിനാല്‍ അവളുടെ സിനിമാഭിനയത്തിന് അവളുടെ ശരീരത്തിന്റെ വിലയെ ഉള്ളൂ എന്ന തോന്നലില്‍ നിന്നാണ് ഇത്തരം ചെയ്തികള്‍ ഉണ്ടാകുന്നത്’ എന്ന അഭിപ്രായമാണ് തൃശൂര്‍ ചേതന കോളേജിലെ മൂന്നാം വര്‍ഷ മള്‍ട്ടിമീഡിയ വിദ്യാര്‍ത്ഥി ജിയ ജോയിക്കുള്ളത്. ‘സിനിമയിലെ പെണ്ണുങ്ങള്‍ അഡ്ജസ്‌റ്‌മെന്റിനു തയ്യാറാകണം എന്ന പൊതുബോധത്തില്‍ നിന്നാണ് ഇതുവരുന്നത്. അതവളുടെ തൊഴിലിടമാണെന്നോ ജീവിതോപാധി ആണെന്നോ ആരുമങ്ങനെ അംഗീകരിച്ചു കൊടുക്കുന്നില്ല. കല്യാണം കഴിയുന്നതു വരെയുള്ള നേരംപോക്ക് മാത്രമാണ് നടിമാര്‍ക്ക് സിനിമയെന്ന മിഥ്യാധാരണ നിലനില്‍ക്കുന്നു. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ നേരിടുന്ന ക്രൂരത അതിലും വലുതാണ്. പ്രിവിലേജുകള്‍ ഇല്ലാത്ത ഇവര്‍ നിരന്തരം ചൂഷണങ്ങള്‍ക്ക് വിധേയരാകുന്നു എന്ന നിഗമനവും അവര്‍ക്കുണ്ട്’.
മലയാള താര സംഘടനയുടെ കഥ: ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ഫ്‌ളാഷ് ബാക്ക്
സിനിമയില്‍ സ്ത്രീ വിവേചനം നേരിടുന്നുണ്ടോ എന്ന ചോദ്യം തന്നെ തമാശയാണെന്നും അഭിനയം മാറ്റിവെച്ചാല്‍ സ്ത്രീകള്‍ കടന്നു വരുന്ന മറ്റുജോലികള്‍ വളരെ വിരളമാണെന്നുമാണ് ചേതനയിലെ മള്‍ട്ടി മീഡിയ വിദ്യാര്‍ത്ഥിയായ അതുല്‍ ചൂണ്ടിക്കാണിക്കുന്നത്. ‘മലയാള സിനിമയില്‍ അഞ്ജലി മേനോനെയോ വിധു വിന്‍സെന്റിനെയോ ഗീതു മോഹന്‍ദാസിനെയോ മാറ്റിവെച്ചാല്‍ എത്ര സംവിധായകരെ കാണാന്‍ കഴിയും? ക്യാമറ കൈകാര്യം ചെയ്യുന്ന, എഡിറ്റിംഗ് ചെയ്യുന്ന, തിരക്കഥ എഴുതുന്ന എത്ര പേരുണ്ട്? പുരുഷന്റെ കുത്തകയാണ് സിനിമയെന്ന് എന്നേ ആലേഖനം ചെയ്തു വെച്ചിരിക്കുകയാണ്. പെണ്ണല്ലേ ഇത്രയൊക്കെയേ ചെയ്യാന്‍ കഴിയൂ എന്ന ഒഴുക്കന്‍ മട്ടാണ് പലര്‍ക്കുമുള്ളത്’.
‘അഭിനയം പോലെ എളുപ്പമല്ല സിനിമയിലെ മറ്റു ജോലികളെന്നും സമയക്രമങ്ങളോ പ്രിവിലേജുകളോ ഉണ്ടാകില്ലെന്നുമുള്ള ഒരു ഭയം സ്ത്രീകളെ പിന്തിരിപ്പിക്കുന്നു’ എന്ന വസ്തുതയും ഈ വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
നന്നായി കവിത എഴുതുന്ന എത്രയോ പെണ്‍കുട്ടികളുണ്ട്. എന്നാല്‍ അവരാരും തന്നെ സിനിമയിലെ പാട്ട് എഴുത്തുകാരാകുന്നില്ല. സിനിമാ മേഖല സ്ത്രീകള്‍ക്ക് പറ്റിയ ഇടമല്ലെന്നും സുരക്ഷിതരല്ലെന്നും കാലാകാലങ്ങളായി ആളുകള്‍ വിശ്വസിക്കുന്നുണ്ട്. അതു തെളിയിക്കുന്നതാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്. ആണധികാരത്തിന്റെ കുത്തകയാണ് സിനിമയെന്നത് പകല്‍ പോലെ സത്യമാണെന്നും പുതുതലമുറ അഭിപ്രായപ്പെടുന്നു.
എന്നാല്‍ ഇനിയുള്ള നാളുകളില്‍ ധൈര്യമായി മലയാള സിനിമയിലേക്ക് സ്ത്രീകള്‍ക്ക് കടന്നു വരാമെന്നാണ് സിനിമ വിദ്യാര്‍ത്ഥികള്‍ ആത്മവിശ്വാസത്തോടെ പറയുന്നത്. മലയാള സിനിമയില്‍ ശുദ്ധികലാശം നടക്കുകയാണെന്നാണ് അതിനുള്ള കാരണമായി മലയാള സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സുദര്‍ശന്‍ പറയുന്നത്. മാറ്റത്തിന്റെ പാതയിലാണ് മലയാള സിനിമയെന്നും സ്ത്രീകള്‍ക്ക് സുരക്ഷിതമായ തൊഴിലിടം ഒരുങ്ങുമെന്ന പ്രതീക്ഷയാണ് സുദര്‍ശനെ പോലുള്ളവര്‍ പങ്കുവയ്ക്കുന്നത്. നോ പറഞ്ഞാല്‍ തീരാവുന്ന പ്രശ്‌നമല്ല ഇവിടെയുള്ളത് എന്ന സാമാന്യ ബോധമെങ്കിലും എല്ലാവര്‍ക്കും വരേണ്ടതുണ്ട്. പത്തു വീട്ടില്‍ ജോലി ചെയ്തിട്ടാണെങ്കിലും ജീവിക്കും എന്നല്ലാതെ നിങ്ങള്‍ക്കിഷ്ടമുള്ള ജോലി ചെയ്ത് സന്തോഷത്തോടെ ജീവിക്കാന്‍ ഇവിടുത്തെ സ്ത്രീകള്‍ക്ക് സാധിക്കണമെന്നാണ് അവരുടെ പക്ഷം. നിരവധി പേരുകളും കേസുകളും ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ ഇനിയുമേറെ വിഗ്രഹങ്ങള്‍ ഉടയാനുണ്ടെന്നും അതിനായി കാത്തിരിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. young generation expecting chanages in malayalam cinema industry, hema committee report
Content Summary; young generation expecting chanages in malayalam cinema industry, hema committee report