UPDATES

കോട്ടയം ശാന്തയുടെ ആത്മകഥയും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും

കാലത്തിനേ മാറ്റമുള്ളൂ, കാര്യങ്ങള്‍ക്കില്ല

                       

കാല്‍ നൂറ്റാണ്ടു മുന്‍പ് ഇംഗ്ലീഷ് സിനിമ വാരികയായ സ്റ്റാര്‍ ഡസ്റ്റില്‍ ഒരു മലയാള സിനിമാ പ്രവര്‍ത്തകയുടെ അഭിമുഖം അച്ചടിച്ചു വന്നിരുന്നു. അവര്‍ പ്രമുഖ നടിയോ താരമോ ആയിരുന്നില്ല. പക്ഷേ, മലയാള സിനിമാ രംഗത്തെ അഭിനയ രംഗത്ത് നടക്കുന്ന ചൂഷണത്തെക്കുറിച്ച് പറയാന്‍ തഥാ യോഗ്യതയായിരുന്നു. അഭിനേത്രിയാകാന്‍ മോഹിച്ച് മദ്രാസിലെത്തി, ഒടുവില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായി മാറിയ കോട്ടയം ശാന്തയായിരുന്നു ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍ സ്റ്റാര്‍ ഡസ്റ്റ് അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. അവരുടെ മദ്രാസിലെ ചലച്ചിത്ര ജീവിതത്തില്‍ മലയാള ചലച്ചിത്ര രംഗത്ത് അന്ന് അവിടെയുണ്ടായിരുന്ന സംവിധായകരും നടന്മാരും അവരെ പല വിധത്തില്‍ പീഡിപ്പിച്ച കാര്യങ്ങള്‍ അവര്‍ തുറന്നു പറഞ്ഞു. നിലനില്‍പ്പ് ഗൗനിക്കാതെ അവര്‍ ഇതെല്ലാം തുറന്ന് പറയാന്‍ ഒരു കാരണം അവര്‍ വിദ്യാ സമ്പന്നയായിരുന്നു എന്നതാണ്. അതിനാല്‍ ധൈര്യവതിയായി തുറന്നു പറഞ്ഞു. സാധാരണ ഗതിയില്‍ സ്റ്റാര്‍ ഡസ്റ്റ് പോലെ ഒരു ഇംഗ്ലീഷ് പ്രസിദ്ധീകരണം കോട്ടയം ശാന്തയെപ്പോലെ താരമൂല്യമില്ലാത്ത ഒരു നടിയുടെ അഭിമുഖത്തിന് പ്രാധാന്യം കല്‍പ്പിക്കുകയില്ല. പക്ഷേ, ഇന്ത്യയിലെ ഏറ്റവും മികച്ച കലാമൂല്യമുള്ള സിനിമകള്‍ വരുന്നത് മലയാളത്തില്‍ നിന്നായതിനാലും, ശാന്ത വെളിപ്പെടുത്തിയ കാര്യങ്ങള്‍ മലയാള ചലചിത്ര ലോകത്തിന്റെ മറ്റൊരു മുഖം അനാവരണം ചെയ്യുന്നതുമായതിനാലാണ് സ്റ്റാര്‍ ഡസ്റ്റ് ഈ അഭിമുഖം പ്രസിദ്ധീകരിച്ചത്. ആ അഭിമുഖത്തില്‍ കോട്ടയം ശാന്ത താന്‍ ആത്മകഥ എഴുതാന്‍ പോകുകയാണെന്ന് സൂചിപ്പിച്ചിരുന്നു.

kottayam santha
കോട്ടയം ശാന്ത

സ്റ്റാര്‍ ഡസ്റ്റ് ഇംഗ്ലീഷ് വാരികയായതിനാലും കേരളത്തില്‍ വലിയ പ്രചാരമില്ലാത്തതിനാലും സ്വാഭാവികമായും ഇത് കേരളത്തിലെ സിനിമാ രംഗത്ത് ചലനമൊന്നും ഉണ്ടാക്കാതെ കടന്നു പോയി. 25 വര്‍ഷം മുന്‍പ് കോട്ടയം ശാന്ത ഉന്നയിച്ച ആരോപണങ്ങളും സ്റ്റാര്‍ഡസ്റ്റിലെ ശാന്തയുടെ അഭിമുഖം മലയാള സിനിമയില്‍ ചലനങ്ങളുണ്ടാക്കിയില്ലെങ്കിലും ഇത് ശ്രദ്ധിച്ച ഒരാളായിരുന്നു മലയാളത്തിലെ അക്കാലത്തെ ഏറ്റവും പ്രചാരമുള്ള ചലചിത്ര വാരികയായ സിനിമാ മംഗളത്തിന്റെ എഡിറ്റര്‍ മധു വൈപ്പന.

‘സിനിമാ മംഗളം’ വാരിക ഒരു ലക്ഷത്തിലധികം കോപ്പികള്‍ പ്രചാരത്തിലെത്തിച്ച എഡിറ്ററായ മധു വൈപ്പന 70 കളുടെ ആദ്യം മദ്രാസിലെ കൃഷ്ണസ്വാമി റെഡ്യാരുടെ കുങ്കുമം ഗ്രൂപ്പിന്റെ ‘നാന’ സിനിമാ വാരികയുടെ ലേഖകനായിരുന്നു. പിന്നിട് നാനയുടെ എഡിറ്ററുമായി. അക്കാലത്തെ മദ്രാസിലെ സിനിമാ പത്രപവര്‍ത്തനം എന്നാല്‍ സിനിമാ താരങ്ങളുടെ വിശേഷം എഴുതി അവരെ താരങ്ങളാക്കുക എന്നതായിരുന്നു. എന്നാല്‍ മധു വൈപ്പന അതില്‍ നിന്ന് വ്യത്യസ്തനായിരുന്ന പത്രക്കാരനായിരുന്നു. 70 കളില്‍ മദ്രാസിലെ സിനിമാ ലോകത്തെ കളികളെല്ലാം അറിയാവുന്ന വൈപ്പന താരാധിപത്യത്തിനെതിരേ നാന വാരികയിലൂടെ അന്നത്തെ മലയാള സിനിമയിലെ വമ്പന്‍മാരുമായി എറ്റുമുട്ടിയ പത്രപവര്‍ത്തകനായിരുന്നു. വിജയശ്രീ, ശോഭ എന്നീ നടികളുടെ മരണവുമായി ബന്ധപ്പെട്ട എല്ലാ സത്യവും അറിയാവുന്ന ഒരാളായിരുന്നു മധു വൈപ്പന.

ഒഴുക്കിനെതിരേ നീന്തുന്ന എഡിറ്ററായ മധു വൈപ്പന, 1997 ല്‍ താന്‍ എഡിറ്ററായ സിനിമാ മംഗളത്തില്‍ കോട്ടയം ശാന്തയുടെ ആത്മകഥ അടുത്ത ലക്കം മുതല്‍ ആരംഭിക്കുകയാണ് എന്നൊരു ഒരു പരസ്യം വാരികയില്‍ പ്രസിദ്ധീകരിച്ചു.

madhu vypana
മധു വൈപ്പന

കോട്ടയം ശാന്തയുടെ ‘അഗ്‌നിപഥങ്ങളിലൂടെ’ എന്ന ആത്മകഥ സിനിമാ മംഗളത്തില്‍ ആരംഭിച്ചതോടെ മലയാള സിനിമാ രംഗം ഞെട്ടി വിറച്ചു. മദ്രാസിലെ സിനിമാ രംഗത്തെ കറുത്ത പുള്ളിക്കുത്തുകള്‍ വ്യക്തമായി പേര് സഹിതം ശാന്ത വ്യക്തമാക്കിയപ്പോള്‍ മരിച്ചതും ജീവിച്ചിരിക്കുന്നതുമായ മലയാള സിനിമയിലെ പല താര വിഗ്രഹങ്ങളും ഉടയാന്‍ തുടങ്ങി.

ആത്മകഥ നിര്‍ത്തണമാവശ്യപ്പെട്ട് പലരുടെയും ഫോണ്‍ വിളി എഡിറ്റര്‍ക്ക് വന്നു. കോട്ടയം ശാന്തക്കും ഭീഷണി വന്നു.

മദ്രാസിലെ സിനിമാ ലോകത്ത് നിന്ന് തനിക്ക് നേരിട്ട തിക്താനുഭവങ്ങള്‍ തുറന്നെഴുതിയപ്പോള്‍ കൊള്ളേണ്ടവര്‍ക്ക് അത് കൊണ്ടു എന്ന് ശരിവെയ്ക്കുന്ന സംഭവങ്ങളാണ് പിന്നെ നടന്നത്. പരമ്പര നിര്‍ത്തിയില്ലെങ്കില്‍ അംഗത്വം റദ്ദാക്കുമെന്നും, പെന്‍ഷന്‍ കൊടുക്കുന്നത് നിര്‍ത്തും എന്ന് ഭീഷണിപ്പെടുത്തിയ ‘അമ്മ’ സംഘടനയുടെ പ്രസിഡന്റ് നടന്‍ മധു ഒപ്പിട്ട നോട്ടീസ് കോട്ടയം ശാന്തക്ക് കിട്ടി. രണ്ടാം നിര നടിയും, ഡബിംങ്ങ് ആര്‍ട്ടിസ്റ്റുമായ ഒരു സ്ത്രീ എഴുതിയ ആത്മകഥയിലെ പരാമര്‍ശങ്ങള്‍ സഹിക്കാനുള്ള സഹിഷ്ണുത പോലും ഇല്ലാത്ത സിനിമാ സംഘടനയാണ് എഎംഎംഎ എന്ന് ഇതില്‍ നിന്ന് വ്യക്തമായി. സംഭവങ്ങള്‍ സത്യമായതിനാലാണല്ലോ അവര്‍ ഭീഷണി മുഴക്കിയത്. സംഘടന വെറും കടലാസ് പുലികളാണെന്ന് തെളിയിച്ചു.

മലയാള താര സംഘടനയുടെ കഥ: ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ഫ്‌ളാഷ് ബാക്ക് 

സ്വന്തം സംഘടനയുടെ അംഗങ്ങളെ കുറിച്ച് സാമാന്യ വിവരം പോലുമില്ല താരസംഘടനക്ക് എന്ന് കോട്ടയം ശാന്ത അയച്ച മറുപടിയില്‍ വ്യക്തമായിരുന്നു. കോട്ടയം ശാന്ത മറുപടി ഇങ്ങനെയായിരുന്നു: ‘ഞാന്‍ അമ്മയിലെ മെമ്പറല്ല. പിന്നെ എങ്ങനെ മെമ്പര്‍ഷിപ്പ് റദ്ദാക്കും? ‘ അമ്മയുടെ പെന്‍ഷനും കിട്ടുന്നില്ല. എന്റെ അനുഭവങ്ങള്‍ എഴുതാന്‍ എനിക്ക് അവകാശമുണ്ട്. വേണെമെങ്കില്‍ അമ്മയുടെ ഭാരവാഹികളെ അതില്‍ നിന്ന് ഒഴിവാക്കാം’.

അതോടെ സിനിമാ മംഗളത്തില്‍ സിനിമാക്കാരുടെ ഇരട്ടത്താപ്പ് വെളിപ്പെടുത്തി മധു വൈപ്പന ഒരു എഡിറ്റോറിയലിലൂടെ ശക്തമായി വിമര്‍ശിച്ചു. ‘രാഷ്ട്രീയക്കാരടക്കമുള്ള സമൂഹത്തിലെ ‘എല്ലാവരെയും സിനിമാക്കാര്‍ക്ക് നീചന്മാരായി ചിത്രീകരിക്കാം, വിമര്‍ശിക്കാം, പരിഹസിക്കാം. എന്നാല്‍ സിനിമാക്കാര്‍ക്കും ഈ വിമര്‍ശനം ബാധകമാണ്. അവരെ കുറിച്ച് ഒരു ആത്മകഥയില്‍ എഴുതാന്‍ പറ്റില്ലെന്ന് പറയാന്‍ ആര്‍ക്കാണ് അധികാരം?’ എഡിറ്റോറിയല്‍ ചോദിച്ചു.

എഴുത്തുകാര്‍ക്ക് ഊരുവിലക്ക് കല്‍പ്പിക്കുകയല്ല വേണ്ടത്. അംഗങ്ങളെ മാന്യരാക്കാന്‍ കഴിയാത്ത സംഘടനകള്‍ക്ക് അതിലെ അംഗങ്ങള്‍ നടത്തുന്ന അതിക്രമങ്ങള്‍ക്ക് വിധേയരാകുന്നവരെ സ്മാര്‍ത്ത വിചാരം ചെയ്യാന്‍ ധാര്‍മികമായ അവകാശം പോലുമില്ല ‘

ഇത്രയുമായപ്പോള്‍ എഎംഎംഎയുടെ അന്നത്തെ വൈസ് പ്രസിഡന്റ് രാജന്‍.പി. ദേവ് നേരിട്ട്, എഡിറ്ററെക്കണ്ട് ഇത് തുടര്‍ന്നാല്‍ സംഘടന ഇടപ്പെടും എന്ന് മുന്നറിയിപ്പ് നല്‍കി. പക്ഷേ, എഡിറ്റര്‍ വഴങ്ങിയില്ല. മാനഹാനിയുള്ളവര്‍ക്ക് കോടതിയില്‍ പോകാം. പക്ഷേ, സംഘടനക്ക് മാനഹാനിയില്ല അതിനാല്‍ കോടതിയില്‍ പോകാനാവില്ല. അതുകൊണ്ട് വിരട്ട് വേണ്ടായെന്ന് എഡിറ്റര്‍ മറുപടി നല്‍കി.

അതില്‍ പരാമര്‍ശിച്ച താരങ്ങളൊക്കെ പരാതിയുമായി എത്തിയെങ്കിലും ആത്മകഥ തുടര്‍ന്നു. ഇതിനിടെ കോട്ടയം ശാന്തക്ക് ഇതിന്റെ പേരില്‍ സ്വന്തം വീട്ടില്‍ നിന്ന് കനത്ത എതിര്‍പ്പുകള്‍ വന്നു. ബന്ധുക്കള്‍ ദേഹോപദ്രവമേല്‍പ്പിക്കുമെന്ന നിലവന്നപ്പോഴാണ് എഡിറ്ററുടെ നിര്‍ദ്ദേശപ്രകാരം കോട്ടയം ശാന്ത ആത്മകഥ നിര്‍ത്തിയത്. പിന്നീട് അത് പുസ്തകമാക്കാന്‍ തീരുമാനിച്ചെങ്കിലും അതിന് മുന്‍പ് അവര്‍ അകാലത്തില്‍ മരിച്ചു.

മൂന്ന് പതിറ്റാണ്ട് മുന്‍പാണ് എഎംഎംഎ അഥവ അസോസിയേഷന്‍ ഓഫ് മലയാളം മൂവീസ് ആര്‍ട്ടിസ്റ്റ്‌സ് സ്ഥാപിതമാകുന്നത്. അപ്പോഴേക്കും മദ്രാസില്‍ നിന്ന് പൂര്‍ണമായും കേരളത്തിലേക്ക് മലയാള സിനിമ പറിച്ച് നട്ടു കഴിഞ്ഞിരുന്നു. നടന്‍ എം.ജി. സോമനാണ് സംഘടനയുടെ ആദ്യത്തെ പ്രസിഡന്റ്. മഹത്തായ കാര്യങ്ങള്‍ തുടങ്ങുന്നത് ലളിതമായാണ്. ചരിത്രത്തിലെ ഏറ്റവും വര്‍ണോജ്വലമായ നേട്ടങ്ങള്‍ക്ക് വിനീതമായ തുടക്കമാണുണ്ടാകുക എന്നൊരു വചനമുണ്ട്. നേട്ടമാണോ കോട്ടമാണോ, എന്നറിയില്ല എഎംഎംഎ പിറവിയെടുത്തതും ലളിതമായ ഒരു കാരണം കൊണ്ടായിരുന്നു.

suresh gopi

ഒരു സിനിമയുടെ ഷൂട്ടിങ്ങ് സെറ്റില്‍ നടന്‍ സുരേഷ് ഗോപി ഒരു കുപ്പി മിനറല്‍ വാട്ടര്‍ ചോദിച്ചത് നിര്‍മാതാവ് നിഷേധിച്ചു. പിന്നീട് ഇതേ കുറിച്ച് മറ്റൊരു സെറ്റില്‍ നടന്ന ചര്‍ച്ചയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടന്മാര്‍ക്ക് ഒരു കൂട്ടായ്മ വേണമെന്നും സുരേഷ് ഗോപി നിര്‍ദേശം വെച്ചു. ഉടനെ അംഗീകരിച്ച ആ ആശയം ഇന്ത്യയിലെ, സിനിമാ നടന്മാരുടെ ആദ്യത്തെ കൂട്ടായ്മയായ ‘എഎംഎംഎ’ എന്ന താരസംഘടനക്ക് രൂപം നല്‍കി.

പതിനായിരം രൂപ മൂലധനമായി ആദ്യം നല്‍കി സുരേഷ് ഗോപി ആദ്യത്തെ അംഗമായി. മണിയന്‍ പിള്ള രാജു, ഗണേഷ്‌കുമാര്‍ എന്നിവരും ഇതേ തുക നല്‍കി അംഗങ്ങളായി. ഈ മൂന്ന് പേരാണ് സംഘടനയിലെ യിലെ ആദ്യത്തെ അംഗങ്ങള്‍. ആദ്യ അംഗവും സംഘടന എന്ന ആശയം കൊണ്ടുവന്ന സരേഷ് ഗോപിക്ക് ഇന്ന് ആ സംഘടനയുമായി ബന്ധമില്ല എന്നതും ശ്രദ്ധേയമാണ്.

30 വര്‍ഷം മുന്‍പ് 1994 മെയ് 31 ന് തിരുവനന്തപുരത്ത് ആദ്യ യോഗം നടന്നു. എം.ജി. സോമന്‍ ആദ്യത്തെ പ്രസിഡന്റും ടി.പി. മാധവന്‍ ജനറല്‍ സെക്രട്ടറിയുമായി സംഘടന നിലവില്‍ വന്നു. മമ്മൂട്ടിയും മോഹന്‍ലാലും വൈസ് പ്രസിഡന്റുമാരുമായി. മദ്രാസില്‍ നിന്നും മലയാള സിനിമ കേരളത്തിലേക്ക് കൂടുമാറിക്കഴിഞ്ഞതിനാല്‍ താരതമ്യേന നിര്‍ജീവമായ ചലച്ചിത്ര പരിഷത്ത് എന്ന പഴയ സംഘടനക്ക് പ്രസക്തി നഷ്ടപ്പെട്ടിരുന്നതിനാല്‍ മലയാള സിനിമക്ക് സംഘടന പുതിയൊരു ഉണര്‍വ് നല്‍കി.

t p madhavan m g soman

സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന സിനിമയിലെ കലാകാരന്മാര്‍ക്ക് പെന്‍ഷനും മറ്റ് സഹായങ്ങളും സംഘടന തുടങ്ങിയത് 1995 ലെ ആദ്യത്തെ സ്റ്റേജ് ഷോയില്‍ നിന്ന് സ്വരൂപിച്ച കാശുകൊണ്ടാണ്. കൈനീട്ടം എന്ന പേരിട്ട് 10 പേര്‍ക്ക് പെന്‍ഷന്‍ നല്‍കി. കൂടാതെ അപകട ഇന്‍ഷ്വറന്‍സും ആരോഗ്യ ഇന്‍ഷ്വറന്‍സും അംഗങ്ങള്‍ക്ക് ഏര്‍പ്പെടുത്തി.
കാര്‍ഗില്‍ യുദ്ധം, സുനാമി, പ്രളയ ദുരന്തം എന്നവക്കൊക്കെ പരിപാടി സംഘടിപ്പിച്ച് അമ്മ സര്‍ക്കാരിന് ഫണ്ട് നല്‍കി. ഒരു സംഘടനയുടെ ലക്ഷ്യം എന്താണോ അതില്‍ ഏതാണ്ട് വിജയിച്ച ഒന്നായിരുന്നു അക്കാലത്ത് എഎംഎംഎ എന്ന താരസംഘടന.

മലയാള സിനിമ വളര്‍ന്നു. താരങ്ങള്‍ സൂപ്പര്‍ താരങ്ങളായി, പ്രതിഫലം ലക്ഷങ്ങളില്‍ നിന്ന് കോടികളായി. താര സംഘടനയും അതോടെ വളര്‍ന്നു. തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തനവുമാരംഭിച്ചു.

സംഘടന ആദ്യം അച്ചടക്ക നടപടി എടുക്കാന്‍ ശ്രമിച്ചത് നടന്‍ സുകുമാരന്റെ നേരെയായിരുന്നു. ഏതോ കാള്‍ ഷീറ്റ് തെറ്റിച്ച പരാതിയോ മറ്റോ ആയിരുന്നു സംഭവം. നിയമം പഠിച്ച് വക്കീലായ ആളാണ് സുകുമാരന്‍. പണ്ടേ നിഷേധിയെന്ന പേരുമുണ്ട്. മദ്രാസിലെ ചലച്ചിത്ര പരിഷത്തിന്റെ ‘കലാപരിപാടി’കളെല്ലാം നന്നായി അറിയാവുന്ന നടനായിരുന്ന സുകുമാരന്‍ കുലുങ്ങിയില്ല. മറിച്ച് തനിക്കെതിരെ നടപടിയെടുത്താല്‍ സംഘടന നേതാക്കന്മാരെ കോടതി കേറ്റുമെന്ന് പറഞ്ഞ് അയാള്‍ തിരിച്ച് വിരട്ടിയതോടെ അച്ചടക്ക നടപടിയെന്ന പരിപാടി സംഘടന അത് ഉപക്ഷിച്ചു. അക്കാലത്തെ സംഘടന പ്രസിഡന്റ് എം.ജി. സോമനും സുകുമാരനും ഒരേ കാലത്ത് താരങ്ങളായിരുന്നു. വളരെ അടുപ്പുള്ളവരുമായിരുന്നു. അതിനാല്‍ പ്രശ്‌നം രൂക്ഷമായില്ല. സംഘടനക്കെതിരെ കേസ് ഫയല്‍ ചെയ്‌തെങ്കിലും അധികം കഴിയും മുന്‍പ് സുകുമാരന്റെ അകാല വിയോഗം ഉണ്ടായതിനാല്‍ എല്ലാം അവിടെ അവസാനിച്ചു.

sukumaran-thilakan

ഹിസ്സ് ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തില്‍ നിന്ന് തന്നെ ചിലര്‍ മാറ്റിയെന്ന് തിലകന്‍ ആരോപിച്ചതോടെയാണ് എഎംഎംഎ എന്ന സംഘടനയുടെ വിലക്കും അച്ചടക്കനടപടികളും തുടങ്ങുന്നത്. അരോപണ വിധേയര്‍ക്കൊപ്പം നിന്ന സംഘടന ഭാരവാഹികളെ തിലകന്‍ പരസ്യമായി വിമര്‍ശിച്ചു. സംഘടനയുടെ യോഗത്തില്‍ മാപ്പ് പറയണമെന്ന് നേതൃത്വം ആവശ്യപ്പെട്ടെങ്കിലും തിലകന്‍ തന്റെ വാദങ്ങളില്‍ ഉറച്ച് നിന്നു. 2010 ഏപ്രിലില്‍ തിലകനെ സംഘടനയില്‍ നിന്ന് പുറത്താക്കി. പല ചിത്രങ്ങളില്‍ നിന്നും ആ മഹാനടനെ സമ്മര്‍ദം കാരണം ഒഴിവാക്കിയതായി പിന്നിട് പുറത്ത് വന്നു. ആളും തരവും നോക്കിയാണ് വിലക്ക് എന്ന് വ്യക്തമായിരുന്നു. 2011 ല്‍ രഞ്ജിത്തിന്റെ ‘ഇന്ത്യന്‍ റുപ്പിയില്‍’ തിലകന്‍ അഭിനയിച്ചു. രഞ്ജിത്തിനെതിരെ ഒരക്ഷരം സംഘടന മിണ്ടുകയോ പടത്തിന് വിലക്ക് ഏര്‍പ്പെടുത്തുകയോ ഉണ്ടായില്ല. താടിയുള്ള അപ്പനെ പേടിയുണ്ട് എന്നര്‍ത്ഥം. എന്നാല്‍ അതേ സമയത്ത് വന്ന ഡാം 999 എന്ന ചിത്രത്തില്‍ തിലകനെ അഭിനയിപ്പിച്ചാല്‍ പടത്തിന് വിലക്ക് വരുമെന്ന് സംഘടന സൂചിപ്പിച്ചതിനാല്‍ അവര്‍ തിലകനെ ഒഴിവാക്കി.

നടന്‍ ദിലീപിന്റെ കേസ് വന്നപ്പോള്‍ ആദ്യം തന്നെ വ്യക്തമായ നിലപാട് എടുക്കാതെ അടിക്കളിച്ചപ്പോള്‍ ചിലരുടെ വ്യക്തിതാല്‍പ്പര്യങ്ങളാണ് എഎംഎംഎയെ നിയന്ത്രിക്കുന്നതെന്ന് വ്യാപകമായ വിമര്‍ശനം ഉയര്‍ന്നു. അതോടെ ഒരു സാധാരണ സംഘടനയായി മാറി താരസംഘടന.

കോട്ടയം ശാന്ത അന്ന് പറഞ്ഞ വസ്തുതകളുടെ പുതിയ പതിപ്പ് മാത്രമാണ് ഇപ്പോഴത്തെ ജസ്റ്റീസ് ഹേമ റിപ്പോര്‍ട്ട്. തിലകനെ വിലക്കിയതും മറ്റ് സംഭവങ്ങളും ചേര്‍ത്ത്, അക്കമിട്ട് അച്ചടിച്ച ഒരു ചാര്‍ട്ട് ആണ് ഇപ്പോള്‍ പുറത്ത് വന്ന ജസ്റ്റീസ് ഹേമ റിപ്പോര്‍ട്ട്. സ്ഥലവും കാലവുമേ മാറിയിട്ടുള്ളൂ. സംഭവം പഴയതു തന്നെ! പീഡനങ്ങളും ഒതുക്കലുകളും അന്ന് മദ്രാസിലെ കോടമ്പാക്കത്തായിരുന്നെങ്കില്‍ ഇപ്പോള്‍ കേരളത്തിലായി എന്ന് മാത്രം.

hema committee report

സിനിമ മേഖലയിലെ ഞെട്ടിക്കുന്ന അനുഭവമത്രെ ജസ്റ്റീസ് ഹേമ കമ്മറ്റി നാലര വര്‍ഷം മുന്‍പ് തയ്യാറാക്കിയ ,ഇപ്പോള്‍ പ്രകാശനം ചെയ്ത റിപ്പോര്‍ട്ട്. നായകന്‍മാരൊക്കെ വില്ലന്മാരാണെന്നാണ് റിപ്പോര്‍ട്ടിന്റെ പരസ്യപ്പെടുത്താത്ത രഹസ്യം എന്ന് പറയപ്പെടുന്നു. സിനിമാ മേഖലയിലെ ഞെട്ടിപ്പിക്കുന്ന സ്ത്രീയനുഭവങ്ങള്‍ പുറത്ത് എന്നാണ് പ്രമുഖ പത്രങ്ങള്‍ ആദ്യം എഴുതിയത്. റിപ്പോര്‍ട്ട് പുറത്ത് വന്ന പശ്ചാത്തലത്തില്‍ പലരും മുന്നോട്ട് വന്ന് വാ തുറക്കാന്‍ തുടങ്ങി. ആദ്യഘട്ടത്തില്‍ മൗനം പാലിച്ച സംഘടന വിശദീകരണമായി രംഗത്തെത്തിയെങ്കിലും ഭാരവാഹിയെ തന്നെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ ആരോപണം വന്നപ്പോള്‍ സംഘടന വെട്ടിലായി.

ഭാരവാഹിയായ ഉന്നതന്‍ രാജിവെച്ചെങ്കിലും പ്രശ്‌നം രൂക്ഷമായി. തുടര്‍ന്ന് പല വേട്ടക്കാരും മാളത്തില്‍ നിന്ന് പുറത്ത് വരാന്‍ തുടങ്ങി. പീഡിപ്പിക്കുകയോ മറ്റ് വിധത്തില്‍ ഉപദ്രവിക്കുകയോ ചെയ്ത പല വന്‍മരങ്ങളും ഒരോന്നായി നിലംപൊത്തിത്തുടങ്ങി. വേട്ടയാടപ്പെട്ടവര്‍ മുന്‍ കാലങ്ങളിലെപ്പോലെ പേരോ മുഖമോ മറച്ചല്ല ആരോപണം ഉന്നയിച്ചത്. പകരം ചാനലില്‍ പ്രത്യക്ഷപ്പെട്ട് ഉറച്ച സ്വരത്തിലും ഭാവത്തിലുമാണ് പരാതികള്‍ തെളിവ് സഹിതം പറയുന്നത്. പണ്ട് സംഘടനയുമായി കലഹിച്ചപ്പോള്‍ നടന്‍ തിലകന്‍ പറഞ്ഞു; ‘മലയാള സിനിമയെ ചട്ടമ്പിനാടാക്കുന്നതിനെതിനെയാണ് ഞാന്‍ ശബ്ദമുയര്‍ത്തുന്നത്’.
ഇപ്പോള്‍ അത് അക്ഷരാര്‍ത്ഥത്തില്‍ ശരിയായി മാറി. ഒരു ശബ്ദമല്ല, ഒന്നിലേറെ ശബ്ദങ്ങള്‍ സിനിമയിലെ ചട്ടമ്പിത്തരത്തിനും ചൂഷണങ്ങള്‍ക്കുമെതിരെ ഉയര്‍ന്നതോടെ സംഘടന നിലയില്ലാക്കയത്തിലായി. സംഘടനയുടെ തലപ്പത്ത് ഉള്ളവര്‍ കൂട്ടരാജി സമര്‍പ്പിച്ചതോടെ ഒരു പ്രതിസന്ധിയില്‍ ഉറച്ച് നില്‍ക്കാന്‍ സൂപ്പര്‍ താരങ്ങള്‍ വിചാരിച്ചാല്‍ പോലും കഴിയില്ലെന്ന അവസ്ഥയില്‍ താര സംഘടന എത്തിക്കഴിഞ്ഞു. ഇനിയെന്ത് എന്ന ചോദ്യവുമായി അന്തിച്ച് നില്‍ക്കുന്ന, ആകാശത്ത് നിന്ന് ഭൂമിയില്‍ എത്തിയ താരപരിവേഷമില്ലാത്ത ഒരു കൂട്ടം മാത്രമാണ് അവരിപ്പോള്‍.

കോട്ടയം ശാന്തയും തിലകനുമൊക്കെ അന്ന് പറഞ്ഞത് ഇപ്പോള്‍ സത്യമാണ് എന്നത് പുറത്ത് വന്നു കൊണ്ടിരിക്കുന്നു.

പെന്‍ഷനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും കൊടുക്കുന്ന ഒരു സംഘടന എന്ന് മാത്രമാണ് ‘എഎംഎംഎ’ സംഘടനയുടെ ഇപ്പോഴുള്ള പ്രസക്തി. ഒരു ശുദ്ധികലശം സിനിമാ രംഗത്ത് ആവശ്യമാണെന്ന് സിനിമാ പ്രവര്‍ത്തകര്‍ ഒന്നടങ്കം പറഞ്ഞു തുടങ്ങിക്കഴിഞ്ഞു. ഇപ്പോഴത്തെ ഈ ആരോപണ സുനാമിയില്‍ പെട്ട അരഡസന്‍ താരങ്ങളെങ്കിലും തങ്ങള്‍ ഒരിക്കലെങ്കിലും സിനിമയില്‍ അഭിനയിച്ച, കോടതിയിലെ കൂട്ടില്‍ ഇനി കേറേണ്ടിവരും. ഷൂട്ടിംഗ് സെറ്റില്‍ നിന്ന് സെറ്റുകളിലേക്ക് തിരക്കിട്ട് അഭിനയിക്കാന്‍ പോയവരൊക്കെ ഇപ്പോള്‍ പ്രസിദ്ധ അഭിഭാഷകരെത്തേടി പായുകയാണെന്നാണ് സിനിമാ ലോകത്തെ പുതിയ ട്രന്‍ഡിംഗ് വാര്‍ത്ത.

കേസില്‍ നിന്ന് രക്ഷപ്പെട്ടാലും സിനിമയില്‍ ഇനി സ്വീകാര്യരാവുമോ ഈ താരങ്ങളെന്ന് സംശയമാണ്. സുമന്‍ എന്ന സൂപ്പര്‍ താരത്തിന്റെ കഥ ചരിത്രത്തില്‍ അതാണ് പറയുന്നത്.

1985 ല്‍ തെലുങ്ക്-തമിഴ് സൂപ്പര്‍താരം സുമന്‍ ഒരു സ്ത്രീ പീഡന കേസില്‍ അകത്തായി. കുറെ നാള്‍ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ കരിയര്‍ തന്നെ അവസാനിച്ചിരുന്നു. പിന്നെയും കുറെ നാള്‍ കഴിഞ്ഞാണ് സഹനടനൊക്കെയായി അയാള്‍ വീണ്ടും രംഗത്തെത്തിയത്. അപ്പോഴും അയാള്‍ പച്ചതൊട്ടില്ല. എന്തിന് അത് ശരിയാണോ എന്നറിയാന്‍ ഏറെയൊന്നും ദൂരെ പോകേണ്ട. അതിജീവിതയുടെ കേസ് ഉള്‍പ്പെട്ട നടന്റെ ഇപ്പോഴത്തെ അവസ്ഥ നമ്മുടെ മുന്‍പിലുണ്ട്. കേസില്‍ പെട്ട് ഇപ്പോഴും ഉഴലുന്ന നടന്‍ അരഡസന്‍ പടത്തിലഭിനയിച്ചെങ്കിലും ഒന്നും രക്ഷപ്പെട്ടില്ല. ആര്‍ക്കും വേണ്ടാത്ത താരമായി മാറിക്കഴിഞ്ഞു ആ നടന്‍.

മലയാള ചലചിത്ര മേഖലയില്‍ താരമേധാവിത്വത്തിന്റെ കാലം അവസാനിച്ച മട്ടാണ്. പുതിയ പ്രതിഭകള്‍, പുതിയ സംവിധായകര്‍, നടീ നടന്മാര്‍, ഒ.ടി.ടി. പ്ലാറ്റ് ഫോമുകള്‍ തുടങ്ങിയ സജീവമായ കാലഘട്ടത്തിലേക്ക് എത്തി മലയാള സിനിമ. ആരും അനിവാര്യരല്ലാത്ത ഒരു കാലം.

ഈ വര്‍ഷം ദേശീയ പുരസ്‌ക്കാരം നേടിയ ‘ആട്ടം’ എന്ന ചിത്രം അതിലേക്കല്ലേ വിരല്‍ ചൂണ്ടുന്നത്? അതിലഭിനയിച്ചവര്‍ ഭൂരിഭാഗം പേരും അറിയപ്പെടുന്ന സിനിമാതാരങ്ങളല്ല. എന്നിട്ടും മനോഹരമായ ഒരു കലാസൃഷ്ടിയായി. ഇനിയും ഇത് പോലെ ആട്ടങ്ങള്‍ സംഭവിച്ചാല്‍ മലയാള സിനിമ കറുത്ത പുള്ളിക്കുത്തുകളില്‍ നിന്ന് ഒരളവു വരെ മോചനം നേടും.

അഭിനയിക്കാന്‍ ഒരു നടന്‍ ഇല്ലെങ്കില്‍ മറ്റൊരു നടന്‍: ആരും അനിവാര്യ ലല്ല. ഒതുക്കല്‍ പ്രസ്ഥാനങ്ങളുടെ കാലം അവസാനിക്കുകയാണ്.

ചാനലുകളും, സോഷ്യല്‍ മീഡിയയും കണ്ണു തുറന്നിരിക്കുന്ന ഈ ഡിജിറ്റല്‍ യുഗത്തില്‍ ഇനി സ്വകാര്യമായി ഇത്തരം ചൂഷണങ്ങളോ പീഡനങ്ങളോ മൂടി വെയ്ക്കാന്‍ കഴിയില്ല. അതിനെ പ്രതിരോധിക്കാന്‍ ഒരു താരസംഘടനക്കും കഴിയില്ല.

ആരോപണത്തില്‍പ്പെട്ട് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍, പ്രശസ്ത സംവിധായകന്‍ രാജിവെച്ച ശേഷം, മാധ്യമ പ്രവര്‍ത്തകര്‍ വാര്‍ത്ത തേടി വീട്ടിലേക്ക് വരേണ്ട എന്ന അദ്ദേഹത്തിന്റെ ശബ്ദ സന്ദേശം ചാനലുകള്‍ക്ക് നല്‍കിയത് ടി വി യില്‍ കേട്ടു. അപ്പോള്‍ ഓര്‍മ വന്നത് അദ്ദേഹം പതിറ്റാണ്ട് മുന്‍പ് ഒരു പ്രമുഖ ദിനപത്രത്തില്‍ എഴുതിയ തന്റെ പംങ്തിയില്‍ കുറിച്ച വരികളാണ്;

‘എല്ലാം സംപ്രേഷണത്തിനുള്ളതല്ല. ചിലപ്പോള്‍ മാത്രം മനുഷ്യ ജീവിതം സ്വകാര്യതയില്‍ മറയാനും കൂടിയാണ്. അത് തിരിച്ചറിയുക… അതിലേക്ക് കണ്ണു നീട്ടാതിരിക്കുക’. ഇത് എഴുതിയത് 2011 ലാണ്.

എന്തൊരു ദീര്‍ഘ വീക്ഷണം! kottayam santha’ controversial autobiography, hema committee report,amma, malayalam cinema

Content Summary; kottayam santha controversial autobiography, hema committee report,amma, malayalam cinema

Share on

മറ്റുവാര്‍ത്തകള്‍