‘യാത്രയിലുടനീളം എന്റെ തുടയിൽ സ്പർശിക്കുകയായിരുന്നു’ ;ബൈക്ക് ടാക്സി യാത്രയിലെ ദുരനുഭവം പങ്കുവച്ച് യുവതി

തനിക്കുണ്ടായ ദുരനുഭവം യുവതി വീഡിയോയിൽ പകർത്തി

ബെംഗളൂരുവിൽ ഒരു റാപ്പിഡോ ബൈക്ക് യാത്രയ്ക്കിടെ വനിതാ യാത്രക്കാരിയുടെ തുടയിൽ സ്പർശിച്ച ഡ്രൈവർക്കെതിരെ കേസ്. കനത്ത ട്രാഫിക് ബ്ലോക്ക് നേരിടുന്ന ബെംഗളൂരുവില്‍ ഓഫീസിലെത്താന്‍ സ്ത്രീകള്‍ ഉപയോഗിക്കുന്ന യാത്രാ മാര്‍ഗമാണ് റാപ്പിഡോ ബൈക്ക് ടാക്സി. സമയം ലാഭിക്കാനും ചെറിയ വഴികളിലൂടെ പോകുന്നതിനാൽ ബുദ്ധിമുട്ടുകളില്ലാതെ എളുപ്പത്തിലെത്താനും സഹായിക്കുന്നവയാണ് ഈ ബൈക്ക് ടാക്സികൾ.

യാത്രക്കിടയിൽ തനിക്കുണ്ടായ ദുരനുഭവം യുവതി വീഡിയോയിൽ പകർത്തി പിന്നീട് പോലീസിനെ സമീപിക്കുകയായിരുന്നു. പോലീസിന് ലഭിച്ച പരാതി പ്രകാരം, സംഭവം നടന്നത് വ്യാഴാഴ്ച വൈകുന്നേരം ഏകദേശം 4 മണിയോടെയാണ്. വിൽസൺ ഗാർഡൻ പോലീസ് സംഭവത്തിൽ രജിസ്റ്റർ ചെയ്യുകയും വിഷയത്തിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തു.

ഇൻസ്റ്റാഗ്രാമിലെ ഒരു പോസ്റ്റിലൂടെയാണ് യുവതി തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ചത്. ചർച്ച് സ്ട്രീറ്റിൽ നിന്ന് എന്റെ പി.ജിയിലേക്ക് (പെയ്യിംഗ് ഗസ്റ്റ്) റാപ്പിഡോ യാത്രയിൽ മടങ്ങുമ്പോൾ, യാത്രക്കിടയിൽ ഡ്രൈവർ എന്റെ കാലിൽ കടന്നു പിടിക്കാൻ ശ്രമിച്ചു.

വളരെ പെട്ടെന്നായിരുന്നു ഇത് സംഭവിച്ചത്, സംഭവം പെട്ടെന്ന് ഉൾക്കൊള്ളാനോ റെക്കോർഡ് ചെയ്യാനോ എനിക്ക് കഴിഞ്ഞില്ല. അയാൾ വീണ്ടും ഇത് ചെയ്തപ്പോൾ ഞാൻ അയാളോട്, ഭയ്യാ, എന്താണ് ചെയ്യുന്നത്? ഇങ്ങനെ ചെയ്യരുത് പറഞ്ഞു, പക്ഷേ അയാൾ നിർത്തിയില്ല. സ്ഥലം പരിചയമില്ലാത്തതുകൊണ്ടും വാഹനം എങ്ങോട്ടാണ് പോകുന്നതെന്ന് അറിയാത്തതുകൊണ്ടും റൈഡറോട് ബൈക്ക് നിർത്താൻ ആവശ്യപ്പെടാൻ കഴിഞ്ഞില്ലെന്നും യുവതി പറഞ്ഞു.

താമസസ്ഥലത്ത് എത്തിയപ്പോഴേക്കും അടുത്ത് നിന്ന ഒരു വ്യക്തി സംഭവം ശ്രദ്ധിക്കുകയും എന്തുപറ്റിയെന്ന് ചോദിക്കുകയും ചെയ്തതായി യുവതി കൂട്ടിച്ചേർത്തു. ഞാൻ അദ്ദേഹത്തോട് കാര്യം പറഞ്ഞപ്പോൾ, അദ്ദേഹം ഡ്രൈവറെ ചോദ്യം ചെയ്തു. ഡ്രൈവർ മാപ്പ് പറയുകയും ഇനി ആവർത്തിക്കില്ല എന്ന് പറയുകയും ചെയ്തു. എന്നാൽ, അയാൾ പോകുമ്പോൾ ഭീഷണിപ്പെടുത്തുന്ന തരത്തിൽ എന്നെ നോക്കി കൈ ചൂണ്ടി, അത് എന്നെ കൂടുതൽ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിട്ടതായും യുവതി പറഞ്ഞു. ഒരു സ്ത്രീക്കും ഇനി ഇങ്ങനൊരു അനുഭവം ഉണ്ടാവാൻ ഇടയാവാതിരിക്കാനാണ് ഞാൻ ഇത് പങ്കുവെക്കുന്നത്. റാപ്പിഡോ ഉപയോഗിക്കുന്നത് സുരക്ഷിതമല്ലെന്ന് തനിക്ക് തോന്നിയെന്നും, ഇത്തരം സംഭവങ്ങൾ ബൈക്ക് ടാക്സികൾ ഉപയോഗിക്കുന്ന വനിതാ യാത്രക്കാരുടെ സുരക്ഷയെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നതായും യുവതി പറയുന്നു.

content summary: Young woman recounts distressing bike taxi ride, saying the driver kept touching her thigh throughout the journey

This post was last modified on November 8, 2025 2:27 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment