July 04, 2026 |
എ സജീവന്‍
എ സജീവന്‍
Share on

യൂത്ത് കോണ്‍ഗ്രസ്സിനെ വെളുപ്പിക്കാന്‍ തേച്ചത് പാണ്ടായി

വര്‍ക്കിങ് പ്രസിഡന്റ്, പ്രസിഡന്റിന് തുല്യം

രാഹുല്‍ മാങ്കൂട്ടത്തില്‍ ലൈംഗികപീഡന ആരോപണവിധേയനായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനാധ്യക്ഷ സ്ഥാനത്ത് നിന്നു താഴെയിറങ്ങിയപ്പോള്‍ ആ കസേരയിലിരിക്കാന്‍ സര്‍വയോഗ്യന്‍ അബിന്‍ വര്‍ക്കിയായിരുന്നു. കാരണം, രാഹുല്‍ മാങ്കൂട്ടത്തിലുമായി ഒപ്പത്തിനൊപ്പം മത്സരിച്ച് നേരിയ വ്യത്യാസത്തില്‍ തോറ്റുപോയ ആളാണ് അബിന്‍ വര്‍ക്കി. തീര്‍ച്ചയായും ആ കസേര തനിക്കു തന്നെയെന്ന് അബിന്‍ വര്‍ക്കിയും അദ്ദേഹത്തെ പ്രമോട്ട് ചെയ്ത ചെന്നിത്തലയുടെ ഐ ഗ്രൂപ്പും ഉറപ്പിച്ചു.

പ്രസിഡന്റ് രാജിവച്ചാല്‍ വീണ്ടുമൊരു തെരഞ്ഞെടുപ്പു വരും വരെ വൈസ് പ്രസിഡന്റിന് ആ കസേര കൊടുക്കലാണല്ലോ സാമാന്യ മര്യാദ. കൂടുതല്‍ വൈസ് പ്രസിഡന്റുമാരുണ്ടെങ്കില്‍ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ വോട്ടുനേടിയ ആള്‍ക്ക് പ്രഥമ പരിഗണന നല്‍കണമെന്നതാണല്ലോ ജനാധിപത്യ രീതി.

പക്ഷേ, യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വം അബിന്‍ വര്‍ക്കിയുടെ പേരു വെട്ടി. പരസ്യമായി പറഞ്ഞില്ലെങ്കിലും അബിന്റെ തലവെട്ടാന്‍ കാരണമായത് അദ്ദേഹം ക്രിസ്ത്യാനിയാണ് എന്നതാണ്. കെ.പി.സി.സി അധ്യക്ഷനും കെ. എസ്.യു അധ്യക്ഷനും ക്രിസ്ത്യാനികളാണല്ലോ. മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ മുസ്ലിമും. പ്രതിപക്ഷ നേതാവ് മാത്രമാണ് ഹിന്ദു. അതും സവര്‍ണന്‍. കാര്യം ഇങ്ങനെയായിരിക്കെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷക്കസേര കൂടി ക്രിസ്ത്യാനിക്ക് കൊടുത്താല്‍ കേരളത്തിലെ പ്രബലസമുദായമായ ഈഴവരും പ്രത്യേകിച്ച് അവരുടെ തലതൊട്ടപ്പനായ വെള്ളാപ്പള്ളിയും അടങ്ങിയിരിക്കില്ലല്ലോ.

സ്ഥാനമാന വിഭജനത്തില്‍ സാമുദായിക സന്തുലിതാവസ്ഥ ഉറപ്പാക്കല്‍ കോണ്‍ഗ്രസ്സിന്റെ പതിറ്റാണ്ടുകളായുള്ള കീഴ്‌വഴക്കമാണ്. എന്നാല്‍, അതിലേറെ തൂക്കമൊപ്പിക്കല്‍ നടത്താറുള്ളത്, ആ പാര്‍ട്ടിയുടെ അവിഭാജ്യ നിത്യത്തലവേദനയായ ഗ്രൂപ്പ് സന്തുലിതാവസ്ഥ നിലനിര്‍ത്താനാണ്. അബിന്‍ വര്‍ക്കിയെ തഴഞ്ഞ് ജനീഷിനെ വാഴിച്ചപ്പോള്‍ തകര്‍ന്നു വീണത് ഗ്രൂപ്പ് സന്തുലിതാവസ്ഥയാണ്.

രാഹുല്‍ മാങ്കൂട്ടത്തില്‍ എ ഗ്രൂപ്പിന്റെയും അബിന്‍ വര്‍ക്കി ഐ ഗ്രൂപ്പിന്റെയും പ്രതിനിധികളായാണ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ചത്. വോട്ട് വ്യത്യാസ പരിഗണനയില്‍ ഒരാള്‍ പ്രസിഡന്റും മറ്റേയാള്‍ വൈസ് പ്രസിഡന്റുമായി. അപ്പോഴും എ യ്ക്കും ഐയ്ക്കും പദവികളുണ്ട്. ജനീഷിനെ പ്രസിഡന്റായും ബിനു ചുള്ളിയിലിനെ വര്‍ക്കിങ് പ്രസിഡന്റാക്കുകയും ചെയ്തതോടെ സമുദായ സന്തുലിതാവസ്ഥ സംരക്ഷിച്ചെങ്കിലും ഗ്രൂപ്പ് സന്തുലനം തീര്‍ത്തും അടിച്ചുതകര്‍ക്കപ്പെട്ടു. ജനീഷോ ബിനുവോ എ വിഭാഗക്കാരോ ചെന്നിത്തല നയിക്കുന്ന ഐ വിഭാഗക്കാരോ അല്ല. ഇരുഗ്രൂപ്പും ക്ലീന്‍ ഔട്ട്.

അന്നു പ്രസിഡണ്ട് സ്ഥാനത്തേയ്ക്കു മത്സരിച്ച ഒ.ജെ ജനീഷ് വോട്ടുകണക്കില്‍ ഏറെ പിറകിലായിരുന്നു. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പു രീതിയനുസരിച്ചാണ് അദ്ദേഹം വൈസ് പ്രസിഡന്റായത്. കോണ്‍ഗ്രസ് ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെ പിന്തുണയ്ക്കുന്നയാളാണ് ജനീഷ്. അതിനൊപ്പം ഈഴവ പരിഗണന കൂടി ചേര്‍ത്തപ്പോള്‍ നറുക്ക് ജനീഷിനായി.

എ, ഐ ഗ്രൂപ്പുകള്‍ ഇടയുന്നത് തടയാനാണ് എ ഗ്രൂപ്പുകാരനായ അഭിജിത്തിനെയും ഐ ഗ്രൂപ്പുകാരനായ അബിന്‍ വര്‍ക്കിയെയും യൂത്ത് കോണ്‍ഗ്രസ്സിന്റെ ദേശീയ സെക്രട്ടറി സ്ഥാനത്തിരുത്തിയത്. അതുപക്ഷേ വെളുപ്പിക്കാന്‍ തേച്ച് പാണ്ടാക്കലായി മാറി. അത് അപമാനിക്കലാണെന്നാണ് എ, ഐ വിഭാഗക്കാര്‍ കരുതുന്നത്.
അതിനു കാരണം യൂത്ത് കോണ്‍ഗ്രസ്സിന്റെ ചരിത്രത്തിലാദ്യമായാണ് സംസ്ഥാനത്ത് ഒരു വര്‍ക്കിങ് പ്രസിഡന്റ് തസ്തിക സൃഷ്ടിച്ചത്.

വര്‍ക്കിങ് പ്രസിഡന്റ് എന്നാല്‍ വൈസ് പ്രസിഡന്റ് പോലെയല്ല. പ്രസിഡന്റിന് തുല്യമായ പദവിയാണ്. അത്തരം രണ്ടു പദവികള്‍ സൃഷ്ടിച്ച് എ, ഐ ഗ്രൂപ്പുകാര്‍ക്ക് കൊടുത്തിരുന്നെങ്കില്‍ രമ്യമായ പരിഹാരമാകുമായിരുന്നു. അതുണ്ടായില്ല. പകരം ആ കസേരയിലിരുത്തിയത് ബിനുവിനെ. അദ്ദേഹവും കെ.സി ഗ്രൂപ്പുകാരന്‍. ചെന്നിത്തലയുടെ ഗ്രൂപ്പിനെ തഴഞ്ഞ് മര്‍മപ്രധാനമായ വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്തിരുത്തിയത് ചെന്നിത്തലയുടെ തട്ടകത്തിലുള്ളയാളാണെന്നു കൂടി പറയുമ്പോഴേ സംഗതിയുടെ കിടപ്പു മനസ്സിലാവൂ.

ഇവിടെ തഴഞ്ഞെങ്കിലും അബിന്‍ വര്‍ക്കിയ്ക്കും അഭിജിത്തിനും ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനം നല്‍കിയിരുന്നെങ്കിലും എ, ഐ ഗ്രൂപ്പുകാര്‍ അടങ്ങുമായിരുന്നു. അതുമുണ്ടായില്ല. പുതിയ സ്ഥാനങ്ങള്‍ അവര്‍ സ്വീകരിക്കുമോ എന്ന ചോദ്യമുണ്ട്. സൗമ്യമായാണെങ്കിലും അബിന്‍ വര്‍ക്കി പ്രതികരിച്ചു കഴിഞ്ഞു. ഒളിഞ്ഞും തെളിഞ്ഞും പ്രതികരണങ്ങളും പ്രതികാരങ്ങളും ഇനി പ്രതീക്ഷിക്കാം.

Content Summary: Youth congress president post: A and I groups are split

എ സജീവന്‍

എ സജീവന്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×