July 09, 2025 |
Share on

ഗുജറാത്ത് വംശഹത്യ അതിജീവിത സാക്കിയ ജഫ്രി അന്തരിച്ചു

വംശഹത്യയില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എം.പി ഇസ്ഹാന്‍ ജാഫ്രിയുടെ ഭാര്യയാണ് സാക്കിയ

ഗുജറാത്ത് വംശഹത്യാ അതിജീവിതയും വംശഹത്യയില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എം.പി ഇസ്ഹാന്‍ ജാഫ്രിയുടെ ഭാര്യയുമായ സാക്കിയ ജാഫ്രി അന്തരിച്ചു. മനുഷ്യവകാശപ്രവര്‍ത്തകയായ ടീസ്ത സെത്ല്‍വാദാണ് എക്സിലൂടെ മരണവാര്‍ത്ത അറിയിച്ചത്.

2002 ഫെബ്രുവരി 28-നാണ് അഹമ്മദാബാദ് നഗരത്തിലെ ഗുല്‍ബര്‍ഗ് ഹൗസിങ് കോളനിയില്‍ ആക്രമിച്ച് കയറിയ ജനക്കൂട്ടം ഇസ്ഹാന്‍ ജാഫ്രിയെ വധിച്ചത്. അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോഡിയോട് അദ്ദേഹം നേരിട്ട് ഫോണില്‍ വിളിച്ച് സഹായം അഭ്യര്‍ത്ഥിച്ചിട്ടും സഹായിച്ചില്ല എന്നായിരുന്നു സാക്കിയ ജാഫ്രിയുടെയും കുടുംബത്തിന്റേയും ആരോപണം. 2006- മുതല്‍ ഇസ്ഹാനും ഗുജറാത്തില്‍ കൊല്ലപ്പെട്ട മനുഷ്യര്‍ക്കും നീതിക്ക് വേണ്ടി പോരാട്ടം നടത്തുകയായിരുന്നു സാക്കിയ ജാഫ്രി.

ഗുജറാത്ത് വംശഹത്യയുടെ സാക്ഷിയായിരുന്നു സാക്കിയ ജഫ്രി. ഹിന്ദുത്വ ഭീകരത എന്താണെന്ന് ലോകത്തെ സ്വന്തം അനുഭവങ്ങളിലൂടെ അറിയിച്ച ധീരയായ ഒരു വനിത. ഇന്ത്യയിലെ മനുഷ്യാവകാശ പോരാട്ടത്തിന്റെ പ്രതീകം.

2002 ഫെബ്രുവരി 28. അഹമ്മദാബാദ് നഗരത്തിലെ ഗുല്‍ബര്‍ഗ് ഹൗസിങ് കോളനിയില്‍ ആക്രമിച്ച് കയറിയ ഹിന്ദുത്വ ഭീകരര്‍ അന്നവിടെ നടത്തിയത് നരനായാട്ടായിരുന്നു. കോണ്‍ഗ്രസിന്റെ എംപിയായിരുന്ന ഇസ്ഹാന്‍ ജാഫ്രി, സാക്കിയയുടെ ഭര്‍ത്താവ്-അടക്കം 62 പേരെയാണ് ഗുല്‍ബര്‍ഗ് കോളനിയിലിട്ട് കൊന്നുകളഞ്ഞത്. ഗോധ്ര കലാപത്തിന്റെ പിറ്റേദിവസമാണ്, അഹമ്മദാബാദിലെ ചമ്പന്‍പുരയിലുള്ള മധ്യവര്‍ഗ മുസ്ലിം കുടുംബങ്ങള്‍ താമസിച്ചിരുന്ന ഗുല്‍ബര്‍ഗ് കോളനി ലക്ഷ്യമായി മതൗലിക വാദികള്‍ ഇരച്ചെത്തിയത്. അഹമ്മദാബാദിനെ പ്രതിനിധീകരിക്കുന്ന പാര്‍ലമെന്റ് അംഗമായിരുന്നു എഹ്‌സാന്‍. ഒരു എംപിയായ ഇസ്ഹാന്‍ ജഫ്രി, അന്ന് ഗുജറാത്ത് ഭരിച്ചിരുന്ന നരേന്ദ്ര മോദിയെ നേരിട്ട് വിളിച്ച് അപേക്ഷിച്ചു. പക്ഷേ, മുഖ്യമന്ത്രി ചെവിക്കൊണ്ടില്ല എന്നായിരുന്നു സാക്കിയ ജഫ്രിയും കുടുംബവും ആരോപിച്ചത്. 2006- മുതല്‍ തന്റെ ഭര്‍ത്താവിനും ഒപ്പം ഗുജറാത്ത് വംശഹത്യയില്‍ കൊല്ലപ്പെട്ട മനുഷ്യര്‍ക്കും നീതി കിട്ടാന്‍ വേണ്ടി പോരാട്ടം നടത്തുകയായിരുന്നു സാക്കിയ ജാഫ്രി. അക്രമങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള രാഷ്ട്രീയക്കാര്‍ക്കെതിരേ നിയമ നടപടികളൊന്നും സ്വീകരിച്ചില്ലെന്ന പരാതി ഉയര്‍ത്തി അവര്‍ അന്നു മുതല്‍ നിയമപോരാട്ടത്തിനിറങ്ങി.

സാക്കിയയുടെ നിയമപോരാട്ടത്തിന് ശക്തി പകരുന്ന ഉത്തരവായിരുന്നു സുപ്രിം കോടതിയില്‍ നിന്നുണ്ടായത്. ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊല ഉള്‍പ്പെടെ വംശഹത്യയുമായി ബന്ധപ്പെട്ട് ഒമ്പത് കേസുകള്‍ പുനരന്വേഷിക്കാന്‍ സുപ്രിം കോടതി ഉത്തരവിട്ടു. സാക്കിയയുടെ പരാതിയില്‍ അന്വേഷണം നടത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ(എസ് ഐ ടി) നിയോഗിച്ചു. എന്നാല്‍ എസ് ഐ ടി 2012 ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞത്, പരാതിക്കാരി ആരോപണം ഉന്നയിച്ചവര്‍ക്കെതിരേ തെളിവുകളൊന്നും ഇല്ലെന്നായിരുന്നു. അന്വേഷണ റിപ്പോര്‍ട്ടിന്റെ ഒരു കോപ്പി സാക്കിയ ജഫ്രിക്ക് ലഭ്യമാക്കണമെന്നു കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഈ സമയത്ത് സാക്കിയയില്‍ നിന്നുണ്ടായ വാക്കുകള്‍ ഏറെ ശ്രദ്ധേയമായിരുന്നു; യഥാര്‍ത്ഥം യുദ്ധം ആരംഭിക്കുന്നു’. അന്തിമ തീരുമാനം എടുക്കും മുമ്പ് കോടതി തങ്ങളെ കേള്‍ക്കണമെന്ന് സാക്കിയ ആവശ്യപ്പെട്ടു. അക്രമികളെയും അവരെ നിയന്ത്രിച്ചവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന കാര്യത്തില്‍ അവര്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. കലാപത്തില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദിക്കും മറ്റു പലര്‍ക്കും പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ക്ലീന്‍ ചിറ്റ് നല്‍കിയത് ചോദ്യം ചെയ്തുള്ള സാക്കിയയുടെ ഹര്‍ജി 2022-ല്‍ സുപ്രിം കോടതി തള്ളിയിരുന്നു. 2002 ലെ ഗോധ്ര ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലയില്‍ ഒരു വിഎച്ച്പി നേതാവ് ഉള്‍പ്പെടെ 24 പേര്‍ കുറ്റക്കാരാണെന്ന് അഹമ്മദാബാദിലെ പ്രത്യേക എസ്‌ഐടി കോടതി 2016ല്‍ വിധി പറഞ്ഞിരുന്നു. ഈ വിധി പ്രസ്താവം കേട്ടശേഷം സാക്കിയ പറഞ്ഞത്, ”ഈ വിധി എനിക്ക് പകുതി നീതിയാണ്” എന്നായിരുന്നു.

ഗുല്‍ബര്‍ഗ് കോളനി കൂട്ടക്കൊലയുടെ വാര്‍ഷികത്തിന്, 2023 വരെ എല്ലാത്തവണയും മുടങ്ങാതെ അവിടം സന്ദര്‍ശിച്ചിരുന്നു സാക്കിയ. 2006 മുതല്‍ ഗുജറാത്ത് സര്‍ക്കാരിനെതിരെ നീണ്ട നിയമപോരാട്ടം നടത്തിയ സാക്കിയയെ, ലോകം അടയാളപ്പെടുത്തിയത് ഗോധ്രാനന്തര കലാപത്തിലെ ഇരകളുടെ നീതിക്കായുള്ള പോരാട്ടത്തിന്റെ മുഖം ആയിട്ടായിരുന്നു.  Zakia Jafri, Gujarat genocide survivor passes away

Content Summary; Zakia Jafri, Gujarat genocide survivor passes away

 

 

Leave a Reply

Your email address will not be published. Required fields are marked *

×