February 19, 2025 |
Share on

‘വേദിയില്‍ വച്ച് കേട്ട പിതാവിന്റെ ശാസനയും, രവിശങ്കറിന്റെ ക്ഷണവും’

സാക്കിര്‍ ഹുസൈന്റെ ജീവിതം മാറ്റിയ രണ്ട് സംഭവങ്ങള്‍

പിതാവിനെ വേദികളില്‍ അനുഗമിക്കാന്‍ തുടങ്ങുമ്പോള്‍ വെറും എട്ട് വയസായിരുന്നു ആ മകന്റെ പ്രായം. പേരെടുത്ത തബല വാദ്യകലാകാരനായ പിതാവാകട്ടെ തന്റെ കച്ചേരികള്‍ക്കെല്ലാം മകനെ കൂട്ടുന്നത് പതിവാക്കി. ലോകത്തെ തങ്ങളുടെ മാന്ത്രിക വിരലുകളാല്‍ മയക്കി കളഞ്ഞ ആ പിതാവിന്റെയും പുത്രന്റെയും പേര്, ഉസ്താദ് അല്ല രാഖയെന്നും, സാക്കിര്‍ ഹുസൈന്‍ എന്നുമായിരുന്നു.

ഒരിക്കല്‍ തന്റെ കച്ചേരിക്കിടയില്‍ പയ്യനായ സാക്കിറിനോട് പിതാവ് തബല വായിക്കാന്‍ ആവശ്യപ്പെട്ടു. പിതാവിന്റെ ആവശ്യം സാക്കിറിനെ പരിഭ്രാന്തനാക്കി, അതേസമയം തന്നെ ആവേശഭരിതനും. എന്നാല്‍, ആ ചെറിയ വിരലുകള്‍ക്ക് പിഴവുകള്‍ സംഭവിച്ചു. ഉസ്താദ് അല്ല രാഖ പെട്ടെന്ന് തന്നെ കച്ചേരി നിര്‍ത്തി. ഉസ്താദ് മകന് ശാസന രൂപത്തില്‍ ഒരു ഉപദേശം നല്‍കി; ” നിനക്ക് എന്റെയൊപ്പം കച്ചേരികളില്‍ പങ്കെടുക്കണമെന്നുണ്ടെങ്കില്‍, ദിവസം 10 മണിക്കൂറോളം പരിശീലനം ചെയ്യണം’.

പിതാവിന്റെ വാക്കുകള്‍ ഹൃദയം കൊണ്ടായിരുന്നു സാക്കിര്‍ ഹുസൈന്‍ സ്വീകരിച്ചത്. ആ നിമിഷം മുതല്‍ തന്റെ ജീവിതം തബലയ്ക്കായി അദ്ദേഹം സമര്‍പ്പിച്ചു. കഠിനമായ പരിശീലനം ആരംഭിച്ചു. പിതാവ് പറഞ്ഞതിലും കൂടുതല്‍ നേരം ദിവസവും അദ്ദേഹം തബല വായനയ്ക്കായി ചെലവഴിച്ചു. ദിവസവും 12 മുതല്‍ 14 മണിക്കൂറോളം പരിശീലനം. അല്ല രാഖ എന്താണോ മകനില്‍ നിന്ന് ആഗ്രഹിച്ചത്, അതില്‍ കൂടുതല്‍ മികവോടെ പിതാവിന് തിരിച്ചു നല്‍കാന്‍ പരിശീലനത്തിലൂടെയും ആത്മാര്‍പ്പണത്തിലൂടെയും സാക്കിര്‍ ഹുസൈന് സാധിച്ചു. പിന്നീട്, പിതാവിന്റെ കച്ചേരികളില്‍ ആത്മവിശ്വാസത്തോടെയായിരുന്നു അദ്ദേഹത്തിന്റെ വിരലുകള്‍ താളമുണര്‍ത്തിയത്. ബാക്കിയുള്ളത് ചരിത്രമാണ്, ലോകം മുഴുവന്‍ ആ വിരലുകളുടെ ആരാധാകരായി, ഏതൊരു പിതാവും കൊതിക്കുന്ന ഉയരത്തിലേക്ക് അല്ല രാഖയുടെ മകന്‍ എത്തി. എത്രയെത്ര അന്താരാഷ്ട്ര വേദികള്‍ ആ മഹാന്റെ സംഗീതവിസ്മയത്തിന് സാക്ഷ്യം വഹിച്ചു. ലോകപ്രശസ്തരായ എത്രയോ സംഗീതജ്ഞര്‍ ഉസ്താദ് സാക്കീര്‍ ഹുസൈനൊപ്പം പങ്കു ചേര്‍ന്നു. ദി ബീറ്റില്‍സ് വരെ ഉസ്താദിന്റെ മാന്ത്രികതയുടെ പങ്കാളികളായി മാറി. ചാള്‍സ് ലോയ്ഡ്, ബേല ഫ്‌ളെക്ക്, എഡ്ഗര്‍ മേയെര്‍, മിക്കി ഹാര്‍ട്ട്, യോ-യോ മാ, ജോര്‍ജ് ഹാരിസണ്‍, ജോണ്‍ മക് ലോഹിന്‍ തുടങ്ങിയ മഹാരഥര്‍ക്കൊപ്പവും ഉസ്താദിനെ ലോക വേദികള്‍ ആസ്വദിച്ചു.

Alla Rakha with zakir hussain

പിതാവ് ഉസ്താദ് അല്ല രാഖയ്‌ക്കൊപ്പം സാക്കിര്‍ ഹുസൈന്‍

ഇന്ത്യന്‍ പ്രതിഭകളായ രവിശങ്കര്‍, അലി അക്ബര്‍, ശിവകുമാര്‍ ശര്‍മ എന്നിവര്‍ക്കൊപ്പവും ഉസ്താദ് വിസ്മയം സൃഷ്ടിച്ചു.

തന്റെ 20മത്തെ വയസിലാണ് സിത്താര്‍ മാന്ത്രികനായ രവിശങ്കറിന്റെ ക്ഷണം സാക്കിര്‍ ഹുസൈന് ലഭിക്കുന്നത്. ന്യൂയോര്‍ക്ക് നഗരത്തില്‍ സംഘടിപ്പിക്കുന്ന ചരിത്ര പ്രസിദ്ധമായ ഫില്‍മോര്‍ ഈസ്റ്റില്‍ നടന്ന കച്ചേരിയിലേക്കായിരുന്നു രവിശങ്കറിനൊപ്പം വേദി കിട്ടിയത്.

അങ്ങനെയൊരു ക്ഷണം, സാക്കിര്‍ ഹുസൈന് സംബന്ധിച്ച് രോമാഞ്ചം നല്‍കുന്നതും അതോടൊപ്പം ഭയമേകുന്നതുമായിരുന്നു. രവിശങ്കര്‍ എന്ന ഇതിഹാസത്തെ ആരാധിച്ചു വളര്‍ന്നു വന്നവനാണ് താന്‍, അങ്ങനെയൊരാള്‍ക്കൊപ്പം വേദി പങ്കിടാന്‍ കഴിയുക., സാക്കിറിന്റെ വ്യത്യസ്ത മനോവികാരങ്ങളുടെ കാരണമതായിരുന്നു.

സിത്താര്‍ മാന്ത്രികന്‍ ഒരുക്കുന്ന മോഹന സംഗീത പ്രപഞ്ചത്തില്‍, തന്റെ സംഭാവനകള്‍ ചെറുതാകരുതെന്ന വാശിയില്‍ വിശ്രമമില്ലാത്ത പരിശീലനത്തില്‍ മുഴുകി സാക്കിര്‍. ഒടുവില്‍ ആ രാത്രി വന്നെത്തി. സാക്ഷാല്‍ രവിശങ്കറിനെ അനുഗമിച്ച് സാക്കിറും വേദിയിലേക്കു കയറി. പിന്നീട് നടന്നത് അനിര്‍വചനീയമായ കാര്യങ്ങളായിരുന്നു. മഹാമാന്ത്രികരെ പോലെ, രവിശങ്കറും സാക്കിര്‍ ഹുസൈനും സിത്താറിലും തബലയിലും അത്ഭുതങ്ങള്‍ വിരിയിച്ചു. സദസ് സര്‍വവും മറന്ന് ലയിച്ചിരുന്നു.

Zakir Hussain with Pandit Ravishankar

2006 ല്‍ മുംബൈയില്‍ നടന്ന കച്ചേരിയില്‍ പണ്ഡിറ്റ് രവിശങ്കറും സാക്കിര്‍ ഹുസൈനും

തബലയില്‍ കൈവച്ച മാത്രയില്‍ സാക്കിര്‍ മറ്റേതോ ലോകത്തിലേക്ക് പ്രവേശിച്ചു. അദ്ദേഹത്തിന്റെ ഞരമ്പുകള്‍ വലിഞ്ഞു മുറുകിയിരുന്നു, സ്വയം മറന്നെന്നപോലെയായിരുന്നു ആ പ്രകടനം. പാശ്ചാത്യ മാധുര്യം കലര്‍ത്തിയുള്ള ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതം കൊണ്ടുള്ള മഹത്തായ ഡ്യൂയറ്റ്. യാതൊരു അതിശയോക്തിയുമില്ല, അത് ശ്രവിച്ചിരുന്നവരെല്ലാം ആത്മഹര്‍ഷത്തിന്റെ ഔന്നിത്യത്തിലായിരുന്നു. ഈ കച്ചേരി പിന്നീട് ‘ദ കണ്‍സേര്‍ട്ട് ഫോര്‍ ബംഗ്ലാദേശ്’ എന്ന ലൈവ് ആല്‍ബമായി പുറത്തിറങ്ങിയിരുന്നു. വലിയ സ്വീകാര്യതയാണതുണ്ടാക്കിയത്. ഇന്ത്യന്‍ ശാസ്ത്രീയ സംഗീതത്തെ ആഗോള പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്താന്‍ സഹായിച്ച സംഗീത വിസ്മയമായത് മാറി.

രവിശങ്കറുമൊത്തുള്ള കച്ചേരി, സാക്കിര്‍ ഹുസൈന്റെ സംഗീത ജീവിതത്തിലെ വഴിത്തിരിവായിരുന്നു. അന്താരാഷ്ട്ര ശ്രദ്ധയിലേക്ക് ഉയരാന്‍ ആ ഒരൊറ്റ പരിപാടി മതിയായിരുന്നു. അവിടെ നിന്നങ്ങോട്ട് അദ്ദേഹവുമായി സഹകരിക്കാന്‍ ലോകപ്രശസ്ത സംഗീതജ്ഞരും ബാന്‍ഡുകളും ഡാന്‍സ് ഗ്രൂപ്പുകളുമെല്ലാം മുന്നോട്ടു വരാന്‍ തുടങ്ങി. ഇന്ത്യയുടെ സ്വന്തം ഉസ്താദ് അങ്ങനെ ലോകത്തിന്റെ കൂടിയായി.  Zakir Hussain’s Journey to Becoming a Tabla Maestro and historic duet with Pandit Ravishankar    

Content Summary; Zakir Hussain’s Journey to Becoming a Tabla Maestro and historic duet with Pandit Ravishankar

×